എറണാകുളം നഗരത്തെ നടുക്കിയ റിപ്പർ മോഡലിൽ ഒൻപത് കൊലപാതകം. കടത്തിണ്ണകളില്‍ രാത്രി ഉറങ്ങിക്കിടക്കുന്നവരെ കല്ലു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തും. ശേഷം കവർച്ച നടത്തും. ഒൻപത് കൊലപാതകങ്ങളും ഇങ്ങനെ തന്നെ. പ്രതിയായ എറണാകുളം തേവര കിണറ്റിങ്കല്‍ വീട്ടില്‍ കുഞ്ഞുമോന്‍ സേവ്യറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഒന്‍പതു കൊലക്കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ട സേവ്യര്‍ ഉടൻ പുറത്തിറങ്ങും.
ആദ്യം എട്ട് കൊലക്കേസുകളില്‍ സേവ്യറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. സേവ്യറിന്റെ സുഹൃത്ത് ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ, സേവ്യറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചെങ്കിലും ഇതിനെതിരേ നല്‍കിയ അപ്പീലില്‍ ശിക്ഷ റദ്ദാക്കി. തുടർന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സേവ്യറിനെ വെറുതേ വിടുകയും ചെയ്തു.
കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇയാൾ ജയിലിൽ കഴിയുകയാണ്. 2016 മാര്‍ച്ച് ഏഴിന് എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന നെഞ്ചുണ്ണിയെന്ന ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് സേവ്യറിനെ പോലീസ് ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. തുടർന്നു നടന്ന അന്വേഷണത്തിൽ 2009 ഓഗസ്റ്റ് 27-ന് ബ്രോഡ് വേയ്ക്ക് സമീപം സന്താനം, 2009 നവംബര്‍ 9-ന് ബേസിന്‍ റോഡില്‍ തകര (60) വയസ്സ്,
2014 ജനുവരി 17-ന് കലൂര്‍ ആസാദ് റോഡില്‍ പരമേശ്വരന്‍ (70) വയസ്സ്, 2015 ഒക്ടോബര്‍ 17-ന് നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ സെല്‍വം (28) വയസ്സ്, 2007ല്‍ തൃക്കാക്കര മുനിസിപ്പല്‍ വ്യാപാര സമുച്ചയത്തിനു മുന്നില്‍ വയോധികന്‍, 2008-ല്‍ കളക്ടറേറ്റിനു സമീപം ചായക്കടയ്ക്കു മുന്നില്‍ ഉറങ്ങിക്കിടന്ന യുവാവ്, 2008-ല്‍ ഇടപ്പള്ളി പഴയ റെയില്‍വേ ഗേറ്റിനു സമീപം അബ്ദുല്‍ ഖാദര്‍ (70) വയസ്സ്,
2008 ല്‍ തന്നെ വരാപ്പുഴ ചെറിയപള്ളിക്കു സമീപം പ്രതാപ ചന്ദ്രന്‍ (72) വയസ്സ്, എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസ് ഒഴികെ മറ്റെല്ലാ കേസുകളിലും വിചാരണക്കോടതികള്‍ സേവ്യറിനെ വെറുതേ വിടുകയാണ് ചെയ്തത്.
ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ ഫലപ്രദമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ഈ കേസുകളിൽ എല്ലാം തന്നെ കോടതികള്‍ വിധി പറഞ്ഞത്. ഇതിനിടയിൽ ഒരു കൊലപാതകക്കേസില്‍ സേവ്യറിനെ കുറ്റവിമുക്തനാക്കിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
ഈ കേസില്‍ റഷീദ് എന്നൊരാളെയാണ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. പിന്നീടാണ് സേവ്യറിനെ പോലീസ് പ്രതിയാക്കിയത്. ഈ നടപടിയെ വിമര്‍ശിച്ച വിചാരണക്കോടതി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി വേണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എറണാകുളം നഗരത്തെ വര്ഷങ്ങളോളം ഭീതിയിലാഴ്ത്തിയ ഒരു കൊടും ക്രിമിനൽ പുറത്തിറങ്ങാൻ ഇനി കുറഞ്ഞ സമയം മാത്രം.