രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കോവിഡ് 19 വന്നപ്പോള്‍ വാക്‌സിനെടുക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. കുറഞ്ഞത് ഒരു വാക്‌സിനെങ്കിലും എടുത്തവരുണ്ട്. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നത്. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന്. ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനകയാണ് ഈ കാര്യം വ്യക്തമാക്കിയത്.

കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് പറഞ്ഞത്. ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ രേഖകളിലാണ് ആസ്ട്രാസെനക കമ്പനി സമ്മതിച്ചത്. കോവിഡ് കാലത്ത് ഒക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാസെനേക്ക വാക്സിന്‍ വികസിപ്പിച്ചത്. ഇത് ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിതരണം ചെയ്തത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

വാക്സിന്‍ നിരവധി മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ആസ്ട്രാസെനേക്ക ബ്രിട്ടനിലെ ഹൈക്കോടതിയില്‍ കേസ് നേരിടുന്നത്. 51 കേസുകളിലെ ഇരകള്‍ 10 കോടി പൗണ്ട് ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

വാക്‌സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് ബാധിച്ചത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിനും ഇടയാക്കുമെന്നും രേഖകളില്‍ ആസ്ട്രാസെനക സമ്മതിച്ചു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ആസ്ട്രാസെനക- ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ കോവിഡ് വാക്സിന്‍ ആയ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന്, നിര്‍മാതാക്കളായ ആസ്ട്രസെനക ബ്രിട്ടിഷ് കോടതിയില്‍ സമ്മതിച്ചെന്ന വാര്‍ത്ത വലിയ ആശങ്കകള്‍ക്കാണ് കാരണമായത്. വാക്സിന്‍ എടുത്തവരില്‍ ഭീതി ജനിപ്പിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയുടെ വാസ്തവം എന്താണെന്ന് വിശദീകരിക്കുകയാണ്, പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ബി ഇഖ്ബാല്‍.

ആസ്ട്രസെനെക്ക മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീല്‍ഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്ട്രാസെനെക്ക ചെയ്തിട്ടുള്ളത്.
ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസര്‍ സാറാ കാതറിന്‍ ഗില്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്സിനായി വൈറല്‍ വെക്റ്റര്‍ വാക്സിന്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തതും. ദശലക്ഷക്കണക്കിന് ആളുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലാതെ വാക്‌സിന്‍ എടുത്തിട്ടുണ്ട്. വാക്സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജന്‍സിയല്ല. മരുന്നിന്റെ പേറ്റന്റ് കൈവശമുള്ളതിനാല്‍ ആസ്ട്രസെനെക്ക കോടതിയില്‍ മൊഴികൊടുത്തതാവാം. വാക്‌സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂര്‍വമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.

എന്നാല്‍ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങള്‍ കോവിഷീല്‍ഡിന്റെ അപകടസാധ്യതകള്‍, നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ വളരെ അപൂര്‍വ്വമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളും അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിന്‍ഡ്രോമിന്റെ ഭാഗമായി രക്തകട്ടകള്‍ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും നേരത്തെ കോവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ട്. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ് ബാധിക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് വാക്‌സിന്‍ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട് . നിര്‍ഭാഗ്യവശാല്‍ , 1796-ല്‍ വസൂരിക്കുള്ള ഫലവത്തായ വാക്‌സിന്‍ അവതരിപ്പിച്ച എഡ്വേര്‍ഡ് ജെന്നറുടെ കാലം മുതല്‍, വാക്‌സിനുകള്‍ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കപ്പെട്ടിട്ടും, ആന്റി വാക്‌സേഴ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്‌സിന്‍ വിരുദ്ധര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സ്രഷ്ടിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കയും ചെയ്ത് വരുന്നുണ്ട്. .

ഇവരെ പിന്തുണക്കുന്നവരാണു പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമര്‍ശം ഇപ്പോള്‍ വിവാദമാക്കിയിട്ടുള്ളത്. ആധുനിക ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധുനിക വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണെന്നും. ചില അര്‍ബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്‌സിനുകള്‍ പ്രയോഗിച്ച് വരുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി (ഗര്‍ഭാഷയ കാന്‍സര്‍), (കരള്‍ കാന്‍സര്‍) തുടങ്ങിയവ.. എച്ച്‌ഐവി/എയ്ഡ്സ് പോലുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിനുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡോ ബി ഇക്ബാല്‍ സോഷ്യല്‍മീഡീയയിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

ന്യൂസ് ഡെസ്‌ക്
ന്യൂസ് നോട്ട് 24

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം. മെയ് 2 മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയില്‍ നിന്നും മാറ്റമുണ്ടായിരിക്കും. വിശദമായ സര്‍ക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തി. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം. മെയ് മാസം 2-ാം തീയതി മുതല്‍ 30 പേര്‍ക്ക് ലൈസന്‍സ് നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആദ്യം പുറപ്പെടുവിച്ച നിര്‍ദേശം. ഇതിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാന്‍ എച്ച് ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഇൗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റില്‍ എച്ച് ടെസ്റ്റിന് പുറമേ ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് – സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കാനായിരുന്നു തീരുമാനം. സംസ്ഥാനത്ത് 86 ഇടങ്ങളിലാണ് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. നിലവില്‍ മാവേലിക്കരയില്‍ മാത്രമാണ് പുതിയ ട്രാക്ക് ഒരുങ്ങിയിരിക്കുന്നത്.

( ഹോള്‍ഡ്)

കഴിഞ്ഞദിവസം പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി പരീക്ഷയുമായി മോട്ടോര്‍വാഹനവകുപ്പ് രംഗത്തെത്തിയിരുന്നു. 15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കുന്ന പതിനഞ്ച് എംവിമാരെയാണ് മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്.
എന്നാല്‍ ഈ ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥര്‍ റോഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാണെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്.

കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. അറുപതോളം ഉദ്യോഗസ്ഥര്‍ പ്രതിദിനം നൂറിലധികം ടെസ്റ്റുകള്‍ നടത്തി എന്നാണു കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്. ഇത്രയും ടെസ്റ്റുകള്‍ എങ്ങനെ നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. പരസ്യപരീക്ഷ നടത്തിയതില്‍ എംവിമാര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു.
ലൈസന്‍സ് ഉണ്ടെങ്കിലും വാഹനം ഓടിക്കാന്‍ അറിയില്ലെന്ന് പറയുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. വാഹനം റോഡില്‍ ഇറക്കി ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാര്‍ക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവര്‍മാരെ കൂടെ പരിഗണിച്ച് വാഹനങ്ങള്‍ ഉപയോഗിക്കാനോ അറിയാത്ത നിരവധി പേരുണ്ടെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് മാസം മുതല്‍ അതിനൊരു മാറ്റം കൂടിയാണ് വരുന്നത്.

 

ടി20 ലോകകപ്പിന് സഞ്ജു സാംസണും! രാഹുല്‍ പുറത്ത്, ശിവം ദുബെയും ടീമില്‍; പതിനഞ്ചംഗ ടീമിനെ അറിയാം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. ചാഹലിനെ കൂടാതെ കുല്‍ദീപ് യാദവും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

രാജ്യാന്തര അവയവക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ്...

Finest Live Roulette Bonus Offer: Maximizing Your Earnings

Are you all set to spin the wheel and...

ജിഷ വധകേസ്: അമീറുൽ ഇസ്ലാമിന് തൂക്കുകയർ

സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ പ്രതി അമീറുൽ...

No Download No Deposit Bonus Round – Free Slots

Play for free without registration, for pure fun The...