പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയ കാര്യം വിസിക്കും രജിസ്ട്രാര്‍ക്കും അറിയില്ലെന്ന് സസ്പന്‍ഷനിലായ മുന്‍ വിസി എംആര്‍ ശശീന്ദ്രനാഥ്. തന്റെ ടേബിളില്‍ അത്തരത്തിലൊരു പരാതി വന്നിട്ടില്ലെന്ന് വിസി പറഞ്ഞു. പെണ്‍കുട്ടി വിസിക്ക് പരാതി നല്‍കിയില്ല. ഡീനിനും മറ്റും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ തന്റെ അടുത്ത് വന്നിട്ടില്ലെന്നും മുന്‍ വിസി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പെണ്‍കുട്ടിയുടെ പരാതി തന്റെ മുന്നില്‍ എത്തിയില്ല. പെണ്‍കുട്ടിയുടെ പരാതിയടക്കം അസ്വാഭാവികമായി പലതും നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ പുറത്തു പോരേണ്ടി വന്നതില്‍ വിഷമമുണ്ട്. കുറ്റകൃത്യം ചെയ്തവര്‍ ക്രിമിനല്‍ മനസ്സുള്ളവരാണ്. ഇവരുടെ പിഎഫ്‌ഐ ബന്ധം അന്വേഷിക്കണം. ജുഡീഷ്യല്‍ അന്വേഷണം അടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. വൈസ് ചാന്‍സിലര്‍ക്ക് സസ്പന്റ് ചെയ്യാനധികാരമുണ്ട്. പക്ഷേ തന്നെ കേട്ടില്ല. ഇന്നലെ കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. അവര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
അസിസ്റ്റന്റ് വാര്‍ഡനേയും ഡീനേയും സസ്പന്റ് ചെയ്യാന്‍ ഉള്ള ഓഡര്‍ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്പന്റ് ചെയ്തത്. അസിസ്റ്റന്റ് വാര്‍ഡനും ഡീനും ഹോസ്റ്റലില്‍ പോകേണ്ടതായിരുന്നു. സര്‍വ്വകലാശാലയ്ക്ക് 7 കോളേജുണ്ട്, അവിടെ വാര്‍ഡന്‍മാരും. ഹോസ്റ്റലില്‍ കൃത്യമായ നിയന്ത്രണം ഉണ്ടായില്ലെന്നും വിസി പറഞ്ഞു. കാലാവധി പൂര്‍ത്തിയാകാന്‍ എനിക്ക് 5 മാസം മാത്രമേയുള്ളൂ. അതുകൊണ്ട് ചാന്‍സിലറുടെ നടപടിയില്‍ തുടര്‍ നിയമ നടപടിക്കില്ല. പിസി ശശീന്ദ്രന് വിസിയുടെ ചുമതല നല്‍കിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ത്ഥന്റെ മരണം ആത്മഹത്യയാണ്. വാതില്‍ തല്ലിത്തുറന്നാണ് അകത്തു കടന്നത്. ഡീനും വിദ്യാര്‍ഥികളും വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തു കയറിയത്. ഹോസ്റ്റലില്‍ കുഴപ്പം ഉണ്ടെന്ന് നേരത്തെ അറിയില്ലായിരുന്നു. ഗവര്‍ണര്‍ ചോദ്യം ചോദിച്ചിട്ടു സസ്പന്റ് ചെയ്യലായിരുന്നു മര്യാദ. ഗവര്‍ണറുമായി നല്ല ബന്ധമാണുള്ളത്. ഗവര്‍ണറുടെ നടപടി പ്രതികാര നടപടി അല്ല. വിദ്യാര്‍ഥി സംഘടനയുടെ ധാര്‍ഷ്ട്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സിദ്ധാര്‍ത്ഥന്റെ വിഷയത്തില്‍ ഭരണപരമായ വീഴ്ച ഉണ്ടായെന്നും വിസി കൂട്ടിച്ചേര്‍ത്തു.
അമ്മയും പുരുഷ സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു
കറുകപ്പിള്ളിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് അമ്മയും പുരുഷ സുഹൃത്തും ചേര്‍ന്ന് ഒന്നേകാല്‍ വയസ്സുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷിച്ച എളമക്കര എസ്.എച്ച്.ഒ. ജെ.എസ്. സജീവ്കുമാറാണ് 130 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍ (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരാണ് പ്രതികള്‍. 62 സാക്ഷികളുണ്ട്.
2023 ഡിസംബര്‍ 5-നായിരുന്നു സംഭവം. അമ്മ അശ്വതിയുടെ സുഹൃത്തായ ഷാനിഫാണ് കൊല നടത്തിയതെന്ന് കുറ്റപത്രം പറയുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണ കാരണം. മരിച്ചുവെന്ന് ഉറപ്പാക്കാന്‍ കുട്ടിയുടെ ശരീരത്തില്‍ കടിച്ചതായും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. ഇക്കാര്യവും കുറ്റപത്രത്തിലുണ്ട്. കടിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു മൊഴി. കടിയേറ്റതിന്റെ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെയാണ് അശ്വതിയും ഷാനിഫും പരിചയപ്പെട്ടത്. ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. തന്നെ പരിചയപ്പെടുമ്പോള്‍ അശ്വതി നാലുമാസം ഗര്‍ഭിണിയായിരുന്നുവെന്നും ആ കുഞ്ഞാണ് ഇതെന്നുമാണ് ഷാനിഫ് പോലീസിനോട് പറഞ്ഞത്. മറ്റൊരാളുടെ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്നു കരുതി കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഷാനിഫ് ശ്രമം തുടങ്ങിയിരുന്നുവെന്നും പോലീസ് കണ്ടെത്തി.
മൃതദേഹം ഏറ്റെടുക്കാന്‍ അശ്വതിയുടെ ആദ്യ പങ്കാളിയായ കണ്ണൂര്‍ സ്വദേശി തയ്യാറായില്ല. അശ്വതിയുടെ ബന്ധുക്കളടക്കം ആരും ഏറ്റെടുക്കാനില്ലാതിരുന്ന കുഞ്ഞിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് സംസ്‌കരിച്ചത്.
‘ബോധപൂര്‍വ്വം അതിജീവിതയ്ക്ക് മാനഹാനി വരുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു’; സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബി.ജെ.പി. നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരേ നടക്കാവ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐ.പി.സി. 354, പോലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 27-ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളില്‍ കൈവെക്കുന്നത് ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് തള്ളിക്കൊണ്ട് മാധ്യമ പ്രവര്‍ത്തക പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.
കേസില്‍ പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാര്‍, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു സുരേഷ് ഗോപിക്കെതിരേ കേസെടുത്തിരുന്നത്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യവും എടുത്തിരുന്നു.
കാമുകനൊപ്പം ഒളിച്ചോട്ടം, കുഞ്ഞിനെ കൊന്ന് ഓടയില്‍ തള്ളി; അമ്മ അടക്കം നാലുപേര്‍ അറസ്റ്റില്‍
തിരൂര്‍(മലപ്പുറം): പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന്‍ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരെയാണ് തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ.രമേശ് അറസ്റ്റ് ചെയ്തത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.
രണ്ടുമാസം മുന്‍പാണ് ശ്രീപ്രിയയും കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതും മൃതദേഹം തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ചതും. കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയില്‍വേസ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനോടുചേര്‍ന്ന ഓടയില്‍നിന്ന് ബാഗില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുത്തിരുന്നു.
ശ്രീപ്രിയയുമായി തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെത്തിയ തിരൂര്‍ പോലീസ് വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളില്‍നിന്നുള്ള ഫുട് ഓവര്‍ബ്രിഡ്ജ് വന്നിറങ്ങുന്നതിനോടു ചേര്‍ന്നുള്ളതാണ് ഈ ഓട. റെയില്‍വേസ്റ്റേഷനും സമീപത്തെ ഹോട്ടലിനുമിടയിലൂടെയുള്ള ഓടയിലാണ് ബാഗ് ഉപേക്ഷിച്ചത്.
മൃതദേഹം ഉപേക്ഷിച്ച സ്ഥലം ശ്രീപ്രീയ കാണിച്ചുകൊടുത്തു. കറുത്ത ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. സ്ഥലം കാണിച്ചുകൊടുത്തപ്പോഴും ഓടയില്‍നിന്ന് പുറത്തെടുത്തപ്പോഴും ശ്രീപ്രിയയ്ക്ക് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല.
മൂന്നുമാസം മുന്‍പ് ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയ ശ്രീപ്രിയയെ സഹോദരീഭര്‍ത്താവ് ചിലമ്പരശന്‍ യാദൃച്ഛികമായി തിരൂരില്‍ കണ്ടതാണ് സംഭവങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. നെയ്വേലി സ്വദേശി മണിബാലന്‍ ശ്രീപ്രിയയെ വിവാഹംചെയ്തത് രണ്ടുവര്‍ഷം മുന്‍പാണ്. അതില്‍ ജനിച്ച കുഞ്ഞാണിപ്പോള്‍ കൊലചെയ്യപ്പെട്ടത്.
മൂന്നുമാസംമുന്‍പ് ശ്രീപ്രിയയും കാമുകനായ ജയസൂര്യയും തിരൂരിലെത്തി. ശ്രീപ്രിയ തിരൂരിനടുത്ത് പുല്ലൂരില്‍ ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്നു. പുല്ലൂരില്‍ എസ്.ഐ.ഒ. ബസ്സ്‌റ്റോപ്പിനു സമീപമാണ് ഇവര്‍ വാടകയ്ക്കു താമസിച്ചത്. ശ്രീപ്രിയയുടെ സഹോദരി വിജയയും ഭര്‍ത്താവ് ചിലമ്പരശനും പുത്തനത്താണിയില്‍ താമസിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം ചിലമ്പരശന്‍ പുല്ലൂരില്‍വെച്ച് ശ്രീപ്രിയയെ കണ്ടു. സംശയംതോന്നി വീട്ടിലെത്തി ഭാര്യ വിജയയോട് പറഞ്ഞു. പിറ്റേന്ന് വിജയ പുല്ലൂരിലെത്തി സഹോദരിയെ തിരയുകയും ഹോട്ടലില്‍ കണ്ടെത്തുകയുംചെയ്തു.
തന്റെ കുഞ്ഞിനെ കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് അടിച്ചുകൊന്നതായും തൃശ്ശൂരില്‍ ഉപേക്ഷിച്ചതായും ശ്രീപ്രിയ സഹോദരിയോടു പറഞ്ഞു. തുടര്‍ന്ന് വിജയ പോലീസില്‍ വിവരമറിച്ചു. വിജയയും ഭര്‍ത്താവും പുല്ലൂരില്‍ ശ്രീപ്രിയ താമസിക്കുന്ന വാടകവീട്ടിലെത്തി. വൈകാതെ ശ്രീപ്രിയയെയും കാമുകന്‍ ജയസൂര്യയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പുല്ലൂരിലെ വാടകവീട്ടില്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട്, കാമുകനും പിതാവും ചേര്‍ന്ന് കുട്ടിയെ അടിച്ചുകൊന്നുവെന്നാണ് ശ്രീപ്രിയ പോലീസിനോടു പറഞ്ഞത്. തിരൂര്‍ ഡിവൈ.എസ്.പി. ഷംസ്, ഇന്‍സ്‌പെക്ടര്‍ എം.കെ. രമേശ് എന്നിവര്‍ ഇവരെ ചോദ്യംചെയ്തു. തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. കുഞ്ഞിന്റെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ബെംഗളൂരു സ്ഫോടനം: 4 പേര്‍ കസ്റ്റഡിയില്‍, 11.30-ന് കഫേയിലെത്തിയ പ്രതി ബാഗ് ഉപേക്ഷിച്ച് കടന്നു
കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. പ്രതിയെന്ന് കരുതുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേര്‍ പോലീസ് കസ്റ്റഡിയിലുള്ളതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തത്.
12.56നാണ് കഫേയില്‍ സ്ഫോടനം നടന്നത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആള്‍, കഫേയില്‍നിന്ന് റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇയാള്‍ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാള്‍ 11.38-ഓടെയാണ് റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തത്. 11.44-ഓടെ ഇയാള്‍ വാഷ് ഏരിയയില്‍ എത്തുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിക്കുന്നു.
11.45-ഓടെയാണ് ഇയാള്‍ കഫേ വിട്ടുപോകുന്നത്. ഫൂട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാള്‍ റോഡിലൂടെയാണ് തിരിച്ചുപോവുന്നത്. ഇത് സി.സി.ടി.വി. ക്യാമറയില്‍ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്ഫോടനമുണ്ടാകുന്നു. പ്രതി ബസില്‍ സഞ്ചരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം ശേഖരിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ബാഗ് ഉപേക്ഷിച്ചുപോയ വ്യക്തിയെ തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം ബെംഗളൂരു പോലീസ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാഷ് ബേസിനോട് ചേര്‍ന്നുള്ള സീറ്റിങ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് നട്ടുകളും ബോള്‍ട്ടുകളും കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച ടൈമര്‍ ഡിവൈസും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ബംഗളൂരുകാര്‍ക്ക് സുപരിചതമാണ് രാമേശ്വരം കഫേ. ഏറെ തിരക്കുള്ള, സ്വാദിഷ്ടമായ ഭക്ഷണം നല്‍കുന്ന ഒന്നാണ് ബംഗളൂരുകാര്‍ക്ക് രമേശ്വരം കഫേ. ാ്യഷമൃ.മമു -ല്‍ 2023 -ല്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാമേശ്വരം കഫേയുടെ മാസ വിറ്റുവരവ് 4.5 കോടി രൂപയാണ്.
2021 -ല്‍ രാമേശ്വരം കഫേ സ്ഥാപിക്കുന്നത് സിഎ ദിവ്യ രാഗവേന്ദ്ര റാവും ഭര്‍ത്താവ് രാഗവേന്ദ്ര റാവുമാണ്. ഐഐഎം അഹമ്മദാബാദില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍, ലോക ഭക്ഷ്യശൃഖലയായ കെഫ്‌സി, മകഡോണാള്‍ഡ് എന്നിവയെ പോലെ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്കായി ഒരു ഭക്ഷ്യശൃംഖല തുടങ്ങുക എന്ന ആഗ്രഹത്തില്‍ നിന്നാണ് താന്‍ ഈ കഫേക്ക് തുടക്കം കുറിച്ചതെന്ന് ദിവ്യ രാഗവേന്ദ്ര റാവും പറയുന്നു. ഈയൊരു ആശയവുമായി നടക്കുന്നതിനിടെ ശേഷാദ്രിപുരത്ത് 15 വര്‍ഷമായി ഒരു ഫുഡ് കാര്‍ട്ട് നടത്തിയിരുന്ന രാഘവേന്ദ്രയെ പരിചയപ്പെടുന്നു. പിന്നാലെ ഇരുവരും ചേര്‍ന്ന് 1000 രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച കഫേയാണ് രാമേശ്വരം കഫേ. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് മാസം കോടികളുടെ ആസ്തിയുള്ള ഭക്ഷ്യശൃംഖലയായി രാമേശ്വരം കഫേ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്നതിനായി കഫേ തുടങ്ങുമ്പോള്‍, പേരിന് വേണ്ടി ഇരുവര്‍ക്കും ഏറെ ആലോചിക്കേണ്ടിവന്നില്ല. ഇന്ത്യയുടെ മിസൈല്‍ മാനായ, മുന്‍ ഇന്ത്യന്‍ രാഷ്ട്രപിതാവായ എപിജെ അബ്ദുള്‍ക്കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ പേര്‍ തന്നെ ഭക്ഷ്യശൃംഖലയ്ക്കായി തെരഞ്ഞെടുത്തു, ‘രാമേശ്വരം കഫേ’.
ദക്ഷിണേന്ത്യന്‍ ഭക്ഷണത്തങ്ങളില്‍ തന്നെ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവിടെ പ്രധാനം. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന അടിസ്ഥാന വസ്തുക്കളിലും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്നതാണ് തങ്ങളുടെ ബിസിനസിന്റെ വിജയരഹസ്യമെന്നും ദിവ്യ രാഗവേന്ദ്ര റാവും പറയുന്നു. ഭക്ഷണമുണ്ടാക്കുമ്പോള്‍ യാതൊരു വിധ ആര്‍ട്ടിഫിഷ്യല്‍ കളറുകളോ ഫ്‌ലേവറുകളെ ഉപയോഗിക്കുന്നില്ല. അതേസമയം രുചിയും ഗുണവും ഒട്ടും കുറയാതെ തനത് ഭക്ഷണം വിളമ്പാനും ശ്രദ്ധിക്കുന്നു.
ഭക്ഷണക്കാര്യത്തില്‍ ഇത്രയേറെ കൃത്യനിഷ്ഠപാലിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലെമ്പാടും തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ രാമേശ്വരം കഫേക്കായി. ഇന്നലെ ഉച്ചയ്ക്ക് 12.56 -ന് നടന്ന ഒറ്റ സ്‌ഫോടനത്തോടെ രമേശ്വരം കഫേ വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. ശക്തി കുറഞ്ഞ ഐഇഡി ഉപയോഗിച്ച് ടിഫിന്‍ ക്യാരിയറിലാണ് ബോംബ് സ്ഥാപിച്ചതെന്ന് ഇതിനകം കണ്ടെത്തി. ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകള്‍ക്കും മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കുമടക്കം പത്ത് പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.