വെള്ളിത്തിരയിലെത്തിച്ച ഗുരുവിനെ മറക്കാതെ നയൻസ്….സത്യനിൽനിന്ന് അനുഗ്രഹം തേടിയ നയൻതാര….

വെള്ളിത്തിരയിലെത്തിച്ച ഗുരുവിനെ മറക്കാതെ നയൻസ്. ഇന്ത്യ മുഴുവൻ ആഘോഷമാക്കിയ നയൻതാര വിഘ്നേഷ് വിവാഹത്തിന് പ്രത്യേക അതിഥിയായി ഇന്നലെ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു.

ഡയാന കുര്യൻ എന്ന നയൻതാരയെ ആദ്യമായി സിനിമയിൽ അഭിനയിപ്പിച്ചത് സത്യൻ അന്തിക്കാടാണ്. വിവാഹത്തലേന്നു നയൻതാരയുടെ വീട്ടിലേക്കു പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ അന്തിക്കാട് എത്തുകയുണ്ടായി. സത്യനിൽനിന്ന് അനുഗ്രഹം തേടിയ നയൻതാര അടുത്ത ദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കി.

2003 ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര അഭിനയരംഗത്തെത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ താരറാണി പദവിയിലേക്കുള്ള നയൻതാരയുടെ യാത്ര ആരും കൊതിക്കുന്ന രീതിയിലായിരുന്നു. വർഷങ്ങളുടെ പ്രണയത്തിനു ശേഷം വിഘ്നേഷ് ശിവൻ എന്ന സംവിധായകന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ സിനിമാലോകത്തെ ചുരുക്കം ചില താരങ്ങൾക്കു മാത്രമേ ക്ഷണമുണ്ടായുള്ളൂ.

മലയാളത്തില്‍നിന്നു സത്യൻ അന്തിക്കാടിനു പുറമേ ദിലീപും ചടങ്ങിനെത്തിയിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, രജനികാന്ത്, നടന്മാരായ സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു. മഹാബലിപുരത്ത് വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹ ത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. 

 

Leave a Comment