ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു സീറ്റെങ്കിലും നേടണമെന്നുള്ള ഉറച്ച വിശ്വാസത്തോടെയാണ് ബിജെപി കളത്തിലിറങ്ങുന്നത്. പാര്‍ട്ടിയുടെ ഒന്നാം ഘട്ട പട്ടികയായി 10 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം. അതിനുവേണ്ടിയുള്ള ഒരുക്കങ്ങളും പൂര്‍ത്തീയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. ആ ദിവസം പ്രധാനമന്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അവരില്‍ കലാസാംസ്‌കാരിക രംഗത്തുള്ളവരായിട്ടുള്ളവരാണ് പ്രധാനമായിട്ടുള്ളത്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് പുറമേ നടി ശോഭനയുടെയും നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും ഒക്കെ പേരുകള്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച ശോഭനയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
തിരുവനന്തപുരം, ആറ്റിങ്ങല്‍,കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ചാലക്കുടി, പാലക്കാട്, മലപ്പുറം, കോട്ടയം, മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനാവും പാര്‍ട്ടിയുടെ ശ്രമം. പാര്‍ട്ടിയും മുന്നണിയും ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന മണ്ഡലങ്ങളാണ് തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങള്‍. പത്തനംതിട്ടയില്‍ പിസി.ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, പിഎസ് ശ്രീധരന്‍പിള്ള എന്നിവരുടെ പേരാണ് ആദ്യ പരിഗണനയില്‍ ഉള്ളതെങ്കിലും ബിജെപിയില ഭൂരിപക്ഷം പേര്‍ക്കും ഗോവ ഗവര്‍ണറായിരിക്കുന്ന പി എസ് ശ്രീധരന്‍പിള്ളയെയാണ് താല്‍പ്പര്യം. തൃശൂരീല്‍ സ്ഥാനാത്ഥി പ്രഖ്യാപനം നടന്നില്ലെങ്കിലും സുരേഷ് ഗോപീയുടെ തിരഞ്ഞെടുപ്പ് പ്രചരണം തകൃതിയായി നടക്കുകയാണ്.
ശോഭനയെന്ന നടിയുടെ പ്രതിച്ഛായ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണ്ടെത്തല്‍. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തില്‍ പങ്കെടുത്തതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന അഭ്യൂഹമുയര്‍ന്നത്. മോദിയുടെ നേതൃത്വത്തില്‍ വനിതാസംവരണ ബില്‍ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നും അവര്‍ പ്രസംഗിച്ചിരുന്നു. ചടങ്ങിലെ ചിത്രം ‘ഹ്യൂജ് ഫാന്‍ മൊമന്റ്’ എന്ന തലക്കെട്ടോടെയാണ് താരം സമൂഹമാധ്യമത്തില്‍ പങ്കുവെയ്ച്ചിരുന്നു.
വീണ്ടും മോദി കേരളത്തിലെത്തുകയാണ്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുക. 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് പദയാത്ര തിരുവനന്തപുരത്തെത്തുക. ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി പദയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വലിയമാറ്റം സംഭവിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തിരുവനന്തപുരം അടക്കമുള്ള ബി ജെ പി പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ എത്തുമോയെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
മൈക്കിന് മുന്നില്‍ വീണ്ടും കുടുങ്ങി സുധാകരന്‍; പത്രസമ്മേളനത്തില്‍ വൈകിയ സതീശനെതിരേ അശ്ലീല പദപ്രയോഗം
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ തെറിവാക്ക് പ്രയോഗിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ‘സമരാഗ്‌നി’യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.
സമാരഗ്‌നിയുടെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരന്‍. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താന്‍ വൈകി.
തുടര്‍ന്ന് ബാബു പ്രസാദിനോട് സതീശന്‍ എവിടെയെന്ന് സുധാകരന്‍ തിരക്കി, ‘ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാള്‍ എവിടെയെന്ന്. ഇയാള്‍ എന്ത്…(തെറി) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’, സുധാകരന്‍ പറഞ്ഞു.
ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ടു. മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോള്‍ ഉസ്മാനും പ്രസിഡന്റേ, ക്യാമറയും ഓണാണെന്ന് ബാബു പ്രസാദും ഓര്‍മിപ്പിച്ചു. ഇതോടെ സുധാകരന്‍ ഒതുങ്ങി. പിന്നീട് സതീശന്‍ എത്തിയെങ്കിലും അദ്ദേഹത്തോട് സുധാകരന്‍ നീരസം പ്രകടിപ്പിച്ചില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തസമ്മേളനത്തില്‍ മൈക്കിനും കാമറയ്ക്കും മുന്നില്‍വെച്ച് സുധാകരനും സതീശനും തമ്മിലുള്ള അസ്വാരസ്യം പ്രകടമായത് വാര്‍ത്തയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിലുള്ള ഭിന്നത കാമറയ്ക്കു മുന്നില്‍ പ്രകടമായത്. സമാനമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെയും സംഭവം.
കര്‍ഷക സമരം നേരിടാന്‍ ബാരിക്കേഡുകള്‍, ഇന്റര്‍നെറ്റ് വിലക്ക്; പോലീസിന്റെ നിയന്ത്രണത്തില്‍ വലഞ്ഞ് പൊതുജനം
ശംഭു(പഞ്ചാബ്): താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കര്‍ഷകര്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാരും ഹരിയാണ സര്‍ക്കാരും വ്യാപക നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ ദുരിതത്തിലായി ജനജീവിതം. ഡല്‍ഹിയിലേക്ക് നീളുന്ന ദേശീയപാത 44-ല്‍ പഞ്ചാബ് അതിര്‍ത്തികളിലും ഹരിയാണയിലൊട്ടാകെയും ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം നിയന്ത്രിക്കുകയാണ് പോലീസ്.
നേരിട്ട് ദേശീയപാതവഴി യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. സര്‍വീസ് റോഡുകളും ഗ്രാമീണ പാതകളും താണ്ടിവേണം ഹരിയാണയുടെ അതിര്‍ത്തി മേഖലകള്‍ കടക്കാന്‍. ദേശീയപാതയിലാണ് ട്രാക്ടറുകളും ട്രോളികളുമായി കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്നതും. ശംഭു, ഖനോരി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചു. ഡല്‍ഹിയിലേക്ക് കടക്കുന്ന തിക്രി, ശംഭു അതിര്‍ത്തികളും അടച്ചിട്ട് കാവല്‍ തുടരുകയാണ്. ഇടറോഡുകള്‍ കിടങ്ങുകുഴിച്ച് ഗതാഗത യോഗ്യമല്ലാതാക്കിയിരിക്കുന്നതിനാല്‍ അതിര്‍ത്തി കടന്നുള്ള യാത്ര ഏറെ പ്രയാസകരമാണ്. ചരക്കുനീക്കവും സംസ്ഥാനാന്തര ബസ് സര്‍വീസുകളുമടക്കം പൊതുഗതാഗത സംവിധാനങ്ങളും താറുമാറായി.
കര്‍ഷകസമരം തുടങ്ങിയ ഫെബ്രുവരി 13 മുതല്‍ ഹരിയാണയിലെയും പഞ്ചാബിലെയും അതിര്‍ത്തി മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് നിയന്ത്രണമുണ്ട്. ഹരിയാണയില്‍ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തി. സവിശേഷാധികാരം ഉപയോഗിച്ചാണ് പഞ്ചാബില്‍ കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയത്. സമരം നടക്കുന്ന ശംഭു, ഖനോരി അതിര്‍ത്തികളില്‍ സാധാരണ ഫോണ്‍ കോളുകള്‍ക്കും നിയന്ത്രണമുണ്ട്.
മൊബൈല്‍ സേവനനിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. കര്‍ഷകരുടെ തുടര്‍നീക്കം പരിഗണിച്ച് മാത്രമേ നിയന്ത്രണങ്ങള്‍ നീക്കൂവെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 2020-’21 കാലത്തെ കര്‍ഷക സമരം പോലെ ഇത്തവണത്തെ പ്രക്ഷോഭം വളരാതിരിക്കാനാണ് കേന്ദ്രം സര്‍വ്വ സന്നാഹങ്ങളുമെടുത്ത് പ്രതിരോധം തീര്‍ക്കുന്നത്.
നിലവില്‍ ഡല്‍ഹി ചലോ മാര്‍ച്ച് ഫെബ്രുവരി 29 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുവരെ പഞ്ചാബ്, ഹരിയാണ അതിര്‍ത്തികളില്‍ തുടരാനാണ് തീരുമാനം. പോലീസ് നടപടിയില്‍ കഴിഞ്ഞദിവസം മരിച്ച യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിങ്ങിന്റെ (21) മരണത്തില്‍ പഞ്ചാബ് പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അതുവരെ പോസ്റ്റുമോര്‍ട്ടം അനുവദിക്കില്ലെന്നും കര്‍ഷകനേതാക്കള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മൃതദേഹം പട്യാല രജീന്ദ്ര ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തില്‍, ശനിയാഴ്ച രാജ്യവ്യാപകമായി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാനും സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സ്റ്റേജ് ഷോ, മുന്‍കൂട്ടി നിശ്ചയിച്ച് ചോദ്യങ്ങള്‍ നല്‍കി- വി.ഡി. സതീശന്‍
ഡല്‍ഹിയില്‍ ബി.ജെ.പി ചെയ്യുന്നതുപോലെ കേരളത്തില്‍ എല്‍.ഡി.എഫും വര്‍ഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ് സി.പി.എമ്മിന്റെ പ്രചാരണ രീതി. മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്മെന്റ് ഷോയാണ്. ചോദ്യകര്‍ത്താക്കളെ മുന്‍കൂട്ടി നിശ്ചയിച്ച് മുന്‍കൂര്‍ ചോദ്യങ്ങള്‍ നല്‍കി, സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
വിദ്യാര്‍ഥികളേയും ചെറുപ്പക്കാരേയും കാണാന്‍ മുഖ്യമന്ത്രി പോകുമ്പോള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സി.പി.ഒ. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പുല്ലുതിന്നും ശവമഞ്ചത്തില്‍ കിടന്നും മുട്ടിലിഴഞ്ഞും സമരം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടി.പി കൊലക്കേസിന് പിന്നില്‍ നടന്ന ഉന്നതതല ഗൂഡാലോചനയെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ പോലും ശേഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് 57,800 കോടി കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. യഥാര്‍ത്ഥത്തില്‍ 3,100 കോടിയാണ് കിട്ടാനുള്ളത്. പതിനാലാം ധനകാര്യ കമ്മിഷനില്‍ നിന്ന് പതിനഞ്ചിലേക്ക് വന്നപ്പോള്‍ കേരളത്തിനുള്ള വിഹിതം 2.5 ശതമാനത്തില്‍ നിന്ന് 1.92 ആയി കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കണമെന്ന് യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫും ധനകാര്യകമ്മിഷന് നിവേദനം നല്‍കും. ബജറ്റിന് പുറത്ത് കടമെടുത്തപ്പോഴാണ് കടമെടുപ്പിന് പരിധിവന്നത്. ഇല്ലാത്ത കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
കെ. റെയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായിട്ടും നോട്ടിഫൈചെയ്ത ഭൂമി ഡീ നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അതിനാല്‍ ഭൂമി വില്‍ക്കാനോ പണയംവെക്കാനോ സാധിക്കാതെ പദ്ധതിപ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. കെ. റെയില്‍ നടക്കില്ലെന്ന് സര്‍ക്കാരിനും അറിയാം. എന്നിട്ടും കെ റെയില്‍ വരും കേട്ടോയെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാലും കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുമ്പോഴാണ് രണ്ട് ലക്ഷം കോടിയുടെ കെ റെയില്‍ നടപ്പാക്കുന്നത്.
തോട്ടപ്പള്ളിയിലെ മണലെടുപ്പിന് പിന്നിലുള്ള അഴിമതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തോട്ടപ്പള്ളി സമരത്തിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷക്കണക്കിന് രൂപയാണ് കോടതിയില്‍ ഫൈന്‍ അടച്ചത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഗൗരവത്തോടെ പരിഗണിക്കും.
201819 മുതല്‍ 2022-23 വരെ മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയ 30 സ്ഥാപനങ്ങളുണ്ട്. ഇ.ഡി, ആദായ നികുതിവകുപ്പ്, സി.ബി.ഐ എന്നിവയുടെ റെയ്ഡിന് ശേഷം ഈ 30 കമ്പനികള്‍ 335 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവന നല്‍കിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വന്‍ അഴിമതിയാണ് ബി.ജെ.പി നടത്തിയത്. ബി.ജെ.പിക്ക് ഒരു കാലത്തും സംഭാവന നല്‍കിയിട്ടില്ലാത്ത 23 കമ്പനികള്‍ 186 കോടിയാണ് നല്‍കിയത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബി.ജെ.പിയുടെ അക്കൗണ്ടിലെത്തിയ 6,500 കോടി രൂപയുടെ വിശദവിവരങ്ങള്‍ കൂടി വന്നാല്‍ ഇതിനേക്കാള്‍ വലിയ അഴിമതിയാകും പുറത്തുവരിക. അഴിമതി മറച്ചുവെച്ചുകൊണ്ടാണ് മോദിയും സംഘപരിവാറും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. അഴിമതി മറച്ചുവെക്കാനാണ് ബി.ജെ.പി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അസമില്‍ മുസ്ലിം വിവാഹനിയമം റദ്ദാക്കി; ഏകീകൃത സിവില്‍കോഡിലേക്കുള്ള ആദ്യ ചുവടുവെപ്പ്
മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. നേരത്തെ രാജ്യത്താദ്യമായി ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പാസാക്കിയിരുന്നു. അസമിലും നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു.
ഫെബ്രുവരി 28-ന് ആരംഭിക്കുന്ന അസം നിയമസഭാ സമ്മേളനത്തില്‍ മുസ്ലിം വിവാഹ നിയമം റദ്ദാക്കുന്ന ബില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ നിയമം റദ്ദാക്കുന്നതിന് അംഗീകാരം നല്‍കിയത്. 2011-ലെ സെന്‍സസ് പ്രകാരം അസം ജനസംഖ്യയുടെ 34 ശതമാനമാണ് ഇസ്ലാം മതവിശ്വാസികളുള്ളത്.
’23-2-2024ന്, അസം മന്ത്രിസഭ, കാലപഴക്കമുള്ള അസം മുസ്ലീം വിവാഹം & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാനുള്ള സുപ്രധാന തീരുമാനമെടുത്തു. വധൂവരന്മാര്‍ക്ക് 18-ഉം 21-ഉം വയസ്സ് ആയിട്ടില്ലെങ്കില്‍ പോലും നിയമപ്രകാരം വിവാഹ രജിസ്ട്രേഷന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്നു. അസമില്‍ ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം’, മന്ത്രിസഭാ യോഗത്തിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ എക്സില്‍ കുറിച്ചു.
മുസ്ലിം വിവാഹ നിയമപ്രകാരം സംസ്ഥാനത്ത് ഇനി വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സാധിക്കില്ലെന്നും പ്രത്യേക വിവാഹ നിയമപ്രകാരം എല്ലാ വിവാഹങ്ങളും രിജസ്റ്റര്‍ ചെയ്യാമെന്നും അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.