പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ഇവർ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന കൽപ്പറ്റ ഡി.വൈ.എസ്.പിയുമായും കൂടിക്കാഴ്ച നടത്തി.
ഒരു എസ്.പിയും ഡി.വൈ.എസ്.പിയും രണ്ട് ഇൻസ്‌പെക്ടർമാരുമടങ്ങുന്നതാണ് അന്വേഷണ സംഘമെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരമാണ് നടത്തിയത്. ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അനേഷണസംഘം ചെയ്തതെന്നാണ് സൂചന. രണ്ട് ഉദ്യോഗസ്ഥർ കൂടി അന്വേഷണസംഘത്തിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
കേന്ദ്രസർക്കാർ ഉടൻ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹൈക്കോടതി ഉത്തരവിനുപിന്നാലെയാണ് സി.ബി.ഐ. അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയത്. അന്വേഷണം വൈകുന്ന ഒരോ നിമിഷവും കുറ്റവാളികൾക്ക് നേട്ടമാകുമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ഹർജി വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ ഒൻപതിനുമുൻപ് വിജ്ഞാപനമിറക്കണമെന്നാണ് നിർദേശിച്ചിരുന്നത്. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ ടി. ജയപ്രകാശ് നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബ്, ലക്ഷ്യം ഭയപ്പെടുത്തി പിന്തിരിപ്പിക്കല്‍: കെ.എം. ഷാജി
തിരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സി.പി.എം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും കെ എം ഷാജി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പച്ച കാണുമ്പോള്‍ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവര്‍ത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്‌നം, ആശയമാണ് പ്രധാനം. നിറംമാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ ആ കൊടി പിടിക്കുമെന്നും കെ.എം ഷാജി പറഞ്ഞു.
റിയാസ് മൗലവി വധക്കേസിലെ പ്രോസിക്യൂട്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ വഞ്ചനാ കേസ് നടക്കുന്നുണ്ടെന്നും കെഎം ഷാജി ആരോപിച്ചു. പോക്‌സോ കേസില്‍ പരാതിക്കാരിക്ക് നല്‍കേണ്ട പണം കൈവശപ്പെടുത്തിയെന്നാണ് കേസ്. മോശം പശ്ചാത്തലമുള്ള ആളെയാണ് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചത്.
കുടുംബം പറയുന്നതനുസരിച്ച് പ്രോസിക്യൂട്ടറെ വെച്ചുവെന്ന സര്‍ക്കാര്‍ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി കേസില്‍ തിടുക്കപ്പെട്ട് അപ്പീലിന് പോകുന്നത് തിരഞ്ഞെടുപ്പ് ആയതിനാലാണെന്നും സമാനമായ സാബിത്ത് വധക്കേസില്‍ ഇതുവരെ അപ്പീല്‍ നല്‍കിയിട്ടില്ലെന്നും ഷാജി വിമര്‍ശിച്ചു.
വീണ്ടും നരേന്ദ്രമോദി കേരളത്തിലേക്ക്
വീണ്ടും നരേന്ദ്രമോദി കേരളത്തിലേക്ക്. മാര്‍ച്ച് 15ന് പാലക്കാട് നടന്ന റോഡ് ഷോയിലാണ് മോദി അവസാനമായി കേരളത്തിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്.
അതു കൊണ്ട് തന്നെയാണ് പ്രചാരണത്തിനായി പാലക്കാട് തിരഞ്ഞെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടായിരുന്നു നരേന്ദ്രമോദി പ്രചരണത്തിനെത്തിയത്. അതിന് ശേഷം ഇനി പ്രചാരണത്തിനായി ആലപ്പുഴയിലേക്കാണ്. മോദിയുടെ വരവ്. എന്തുകൊണ്ടാണ് മോദിയുടെ വരവ് ആലപ്പുഴയില്‍ ഉള്‍പ്പെട്ടതെന്താണെന്ന് ചോദിച്ചാല്‍ സംസ്ഥാന നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലായിരുന്ന ആലപ്പുഴ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണ്. ഇതുവരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളായാരുന്നു എ ക്ലാസ് മണ്ഡലം. അതിനൊടൊപ്പമാണ് ഇപ്പോള്‍ ആലപ്പുഴയെ കേന്ദ്രനേതൃത്വം ആലപ്പുഴയെ എ ക്ലാസ് മണ്ഡലത്തിലുള്‍പ്പെടുത്തിയത്.
സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രനാണ് ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ശോഭാസുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ എന്‍.ഡി.എ.ക്ക് വളരെ വലിയ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആലപ്പുഴയിലേക്ക് വരാനുള്ള സാധ്യതയേറേയാണ്. സംസ്ഥാന നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ആലപ്പുഴ എ ക്ലാസ് പട്ടികയിലായതോടെ നേതൃതലത്തിലും മാറ്റങ്ങളുണ്ടായി. മണ്ഡലത്തിന്റെ ചുമതല ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് ആണ്.
മാവേലിക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ എം.വി. ഗോപകുമാറിനെയും ആലപ്പുഴയില്‍ ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ആര്‍.എസ്.എസ്. പ്രാന്തീയ കാര്യകാര്യ സദസ്യന്‍ എം.ആര്‍. പ്രസാദിനെയും പുതുതായി നിയോഗിച്ചു. ഇനി ബൂത്തുതലം മുതലുള്ള പ്രവര്‍ത്തനം ആര്‍.എസ്.എസ്സാകും ഏകോപിപ്പിക്കുക.
ശോഭാ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വോട്ടുവിഹിതം കുത്തനെ ഉയര്‍ത്തിയ ചരിത്രവുമായാണ് വീണ്ടും മത്സരരംഗത്തിറങ്ങുന്നത്. 2019ല്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച കെ എസ് രാധാകൃഷ്ണന്‍ ഒരുലക്ഷത്തിന് മുകളില്‍ വോട്ട് നേടിയെടുത്തിരുന്നു. ബിജെപി ഉണ്ടാക്കിയ മുന്നേറ്റവും ബിഡിജെഎസിന്റെ സ്വാധീനവും ശോഭാ സുരേന്ദ്രന്റെ സാന്നിധ്യവും ഇത്തവണ കരുത്താകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍, ചേര്‍ത്തല, കായംകുളം മണ്ഡലങ്ങളില്‍ മത്സരിച്ചത് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 2019ല്‍ ആറ്റിങ്ങലില്‍ കാഴ്ചവെച്ചപ്രകടനം ആലപ്പുഴയിലും ശോഭ സുരേന്ദ്രന് കാണിക്കണം. അതുപോലെ തന്നെ ആലപ്പുഴയില്‍ ലഭിക്കുന്ന ഓരോ വോട്ടുകളും ശോഭ സുരേന്ദ്രന് പാര്‍ട്ടിയില്‍ പിടിവളളിയാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തില്‍ വിജയിക്കേണ്ടത് ശോഭയുടെ ഉത്തരവാദിത്തം കൂടെയാണ്. തിളച്ചു മറിയുന്ന ചൂടിലും തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാവുകയാണ്. മോദിയുടെ വരവോടെ കൂടുതല്‍ വോട്ടുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ശോഭയും പ്രവര്‍ത്തകരും.
മോദിക്ക് ചരിത്രമറിയില്ല; ബി.ജെ.പി പയറ്റുന്നത് ഭിന്നിപ്പിന്റെ രാഷ്ട്രീയം:ജയറാം രമേശ്
കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മോദിക്ക് ചരിത്രമറിയില്ലെന്നും ബി.ജെ.പി പയറ്റുന്നത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും ജയറാം രമേശ് പറഞ്ഞു. ലീഗിന്റെ മുദ്രപേറുന്നതെന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്ക് ചരിത്രമറിയില്ല. അന്ന് ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് മുഖര്‍ജി ബംഗാളില്‍ മുസ്ലിം ലീഗിനൊപ്പം സഖ്യസര്‍ക്കാരിന്റെ ഭാഗമായിരുന്നു, ജയറാം രമേശ് പറഞ്ഞു. സിന്ധിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും ഹിന്ദു മഹാസഭ മുസ്ലീം ലീഗുമായി സഖ്യത്തിലായിരുന്നു. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുന്നത് ബിജെപിയാണ്, കോണ്‍ഗ്രസല്ലെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളില്‍നിന്നും അഭിലാഷങ്ങളില്‍നിന്നും പൂര്‍ണമായി വേര്‍പെട്ടു നില്‍ക്കുന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രകടന പത്രികയെന്നായിരുന്നു മോദിയുടെ വിമര്‍ശനം. സ്വാതന്ത്ര്യസമരകാലത്ത് മുസ്ലിം ലീഗിലുണ്ടായിരുന്ന അതേ ചിന്താധാരയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലും പ്രതിഫലിക്കുന്നത്. മുസ്ലിം ലീഗിന്റെ മുദ്രപേറിക്കൊണ്ടുള്ളതാണ് കോണ്‍ഗ്രസ് പ്രകടനപത്രിക. ബാക്കിയുള്ളിടത്ത് ഇടതുപക്ഷത്തിന്റെ ആധിപത്യവും, മോദി പറഞ്ഞു.
അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍, എന്‍.ഡി.എ. മുന്നണി ഒരു ‘മിഷനി’ലാണ് (ദൗത്യം) ഉള്ളതെന്നും മോദി ആരോപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 370-ല്‍ അധികം സീറ്റുകളില്‍ വിജയിക്കാതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ പോരാട്ടം. ഭരണത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധ കമ്മിഷന്‍ കൈപ്പറ്റുന്നതിലായിരുന്നു. ഇന്ത്യ മുന്നണിയും അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റാനാണ് ലക്ഷ്യംവെക്കുന്നത്. എന്നാല്‍ എന്‍.ഡി.എയും മോദിസര്‍ക്കാരും ഒരു മിഷനിലാണെന്നും ഉത്തര്‍ പ്രദേശിലെ സഹരാണ്‍പുരില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ജനാധിപത്യത്തെ ബിജെപി തകർത്തു, രാജ്യം കടുത്ത നിരാശയിൽ; മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാൻ പോരാട്ടമെന്നും സോണിയ
നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. മോദി ഭരണത്തിൽ രാജ്യം കടുത്ത നിരാശയിലെന്ന് പറഞ്ഞ സോണിയ ഗാന്ധി, ജനാധിപത്യത്തെ ബി ജെ പി തകർത്തെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനായി പോരാടുമെന്നും എല്ലാവരും അതിനൊപ്പം നിൽക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ജയ്പൂരിൽ കോൺഗ്രസ് നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ സോണിയ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടത്.
രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് പറഞ്ഞ സോണിയ, ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും ആരോപിച്ചു. രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ് മോദിയും ബി ജെ പിയും ചെയ്തുകൊണ്ടിരിക്കുന്നത്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. ബി ജെ പിയുടെ ഭരണം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ഇത്തവണത്തെ പോരാട്ടത്തിൽ എല്ലാവരും അതിനായി പ്രയത്‌നിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
‘മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല, വിശദീകരണം ആവശ്യപ്പെട്ടില്ല’; അക്കൗണ്ട് മരവിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഎം
തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎം വരവ് – ചെലവ് കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മീഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ട്. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുകളെല്ലാം ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
‘തൃശൂരിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ തെറ്റുകള്‍ക്കെതിരെ ഉറച്ച് നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പക തീര്‍ക്കുകയെന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടിയുണ്ടായിട്ടുള്ളത്.
എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ് ഹാജരായത്. ആ ഘട്ടത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരും അവിടെ എത്തിച്ചേരുകയാണുണ്ടായത്. മുന്‍കൂട്ടി യാതൊരു നോട്ടീസും നല്‍കാതെയും, വിശദീകരണം ആവശ്യപ്പെടാതെയും ഇന്‍കം ടാക്‌സ് അധികൃതര്‍ അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്.’ അങ്ങേയറ്റം തെറ്റായ നടപടിയാണ് ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും സിപിഎം അറിയിച്ചു.
‘പ്രതിപക്ഷ പാര്‍ട്ടികളേയും, അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളേയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇതുണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.’ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇത്തരം നയങ്ങള്‍ തിരുത്താനുള്ള പോരാട്ടത്തില്‍ അണിചേരണമെന്നും സിപിഎം ആവശ്യപ്പെട്ടു.
‘യുഡിഎഫിനെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ പറ്റില്ല, സ്വയം വരുത്തിവച്ച വിന’; ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞെന്നും വാസവന്‍
കോട്ടയം: വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് പാളയം വിട്ട് പുറത്തേക്ക് വരുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമായതിനാലാണ് യുഡിഎഫില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ, യുഡിഎഫിനോ സാധിക്കുകയില്ലന്ന് അവരുടെ പ്രവര്‍ത്തകര്‍ മനസിലാക്കി കഴിഞ്ഞു. കോണ്‍ഗ്രസ് കൂടാരത്തില്‍ നിന്ന് ഒരോ ദിവസവും നേതാക്കളെ ബിജെപിക്ക് സംഭാവന നല്‍കികൊണ്ടിരിക്കുകയാണെന്നും വാസവന്‍ പറഞ്ഞു.
യുഡിഎഫിനെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അവര്‍ സ്വയം വരുത്തിവച്ച വിനയാണിത്. ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞു കഴിഞ്ഞെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.
വിഎന്‍ വാസവന്റെ കുറിപ്പ്: ‘ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമായതിനാല്‍ യു.ഡി.എഫ് ക്യാമ്പില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് കോട്ടയത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെല്ലാം കണ്ടത്. ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്ക് അവിടെ തുടരാന്‍ ആവില്ല. ഇനിയും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യു.ഡി.എഫ് പാളയം വിട്ട് പുറത്തേക്ക് വരിക തന്നെ ചെയ്യും. വരും ദിവസങ്ങളില്‍ ജനാധിപത്യകേരളം അതിന് സാക്ഷിയാവും.’
‘ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ, യു.ഡി.എഫിനോ സാധിക്കുകയില്ലന്ന് അവരുടെ പ്രവര്‍ത്തകര്‍ മനസിലാക്കി കഴിഞ്ഞു. കോണ്‍ഗ്രസ് ആവട്ടെ തീര്‍ത്തും ദര്‍ബലമാണ്. അവരുടെ കൂടാരത്തില്‍ നിന്ന് ഒരോദിവസവും നേതാക്കളെ ബിജെപിക്ക് സംഭാവന നല്‍കികൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ പോലും കഴിവില്ലാത്തവരായിക്കഴിഞ്ഞിരിക്കുകയാണ്. ‘
‘കോട്ടയത്ത് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് ഒരു അസ്ഥിത്വവും ഇല്ലാത്ത പാര്‍ട്ടിയാണ്. അവര്‍ക്ക് ഒരു ചിഹ്നമോ, പാര്‍ട്ടി പതാകയോ ഇല്ല. പി സി തോമസിന്റെ രജിസ്‌ട്രേഷന്‍ കടം വാങ്ങിയാണ് ഇപ്പോള്‍ പാര്‍ട്ടിയെന്ന പേരില്‍ മുന്നോട്ടു പോകുന്നത്. നിലവില്‍ ആ പാര്‍ട്ടിയില്‍ ജനാധിപത്യപരമായ ഒരു പരിഗണനയും കിട്ടാത്തതു കൊണ്ടാണ് അക്കാര്യം പരസ്യമായി പറഞ്ഞുകൊണ്ട് ജില്ലാ പ്രസിഡന്റ് ആയിരുന്ന സജി മഞ്ഞകടമ്പന്‍ തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അവര്‍ സ്വയം വരുത്തിവച്ച വിനയാണിത്. ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞു കഴിഞ്ഞു.’