<strong>ഈ </strong>വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരുക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 2581 ആയിരുന്നു.
അടുത്ത വര്‍ഷം മുതല്‍ പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തും. ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍ പരീക്ഷ. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫലം വേഗത്തില്‍ അറിയാം പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഒന്‍പതിനു നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
‘അംബാനിയുമായും അദാനിയുമായും രാഹുല്‍ ഒത്തുതീര്‍പ്പുണ്ടാക്കി; നോട്ടുകെട്ടുകള്‍ കിട്ടിയത് കൊണ്ടാണ് രാഹുല്‍ മിണ്ടാത്തത്’
അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകെട്ടുകള്‍ കിട്ടിയതു കൊണ്ടാണോ ഇപ്പോള്‍ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയില്‍ ചോദിച്ചു. മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്താന്‍ ബിജെപി ഉത്തരേന്ത്യയിലെ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി
അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി ആഞ്ഞടിക്കുന്നത്. സാധാരണ ഈ വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി രാഹുല്‍ രണ്ട് വ്യവസായികളുമായും ബന്ധം ഉണ്ടാക്കുന്നു എന്നാണ് ആരോപിക്കുന്നത്. എന്ത് ഇടപാട് നടന്നത് കൊണ്ടാണ് രാഹുല്‍ ഇപ്പോള്‍ രണ്ടു പേരെക്കുറിച്ചും മിണ്ടാത്തത് എന്നും മോദി ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രചാരണം പല സ്ഥലത്തും അനക്കമുണ്ടാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോദി ഈ നിലപാട് കടുപ്പിക്കുന്നത്. ഇന്നലെ നടന്ന മുന്നാം ഘട്ട വോട്ടെടുപ്പില്‍ അവസാനം വന്ന കണക്ക് പ്രകാരം പോളിംഗ് 64.58 ശതമാനമാണ്. കഴിഞ്ഞ തവണത്തെക്കാള്‍ മുന്നു ശതമാനം കുറവ്. ഇത് കുറച്ചു കൂടി ഉയരാമെങ്കിലും പാര്‍ട്ടിക്ക് ഏറെ നിര്‍ണ്ണായകമായിരുന്ന ഘട്ടത്തിലും പോളിംഗ് കുറഞ്ഞത് ബിജെപിക്ക് ആശങ്കയാകുകയാണ്.
വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ഉത്സാഹം യുപിയില്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇത് ഗൗരവത്തോടെ കണ്ട് പരിഹരിക്കാന്‍ ബിജെപി നേതൃത്വം യുപി ബീഹാര്‍ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയെന്നാണ് സൂചന.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വ്യക്തത വരുത്താന്‍ സിബിഐ; എയിംസില്‍ നിന്നും വിദഗ്ധോപദേശം തേടി
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്ധോപദേശം തേടി സിബിഐ. സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോര്‍ട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യമുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗത്തിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ ആറിനാണ് കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത്. എസ്പി എം സുന്ദര്‍വേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
‘ഗള്‍ഫ് യാത്രികരടക്കം പ്രതിസന്ധിയില്‍, ഇടപെടണം’; എയര്‍ ഇന്ത്യ പ്രതിസന്ധിയില്‍ കത്തയച്ച് കോണ്‍ഗ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കെ സി വേണുഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
രാജ്യത്തെ ഭൂരിഭാഗം മധ്യവര്‍ഗ്ഗത്തിന്റെയും യാത്രാ മാര്‍ഗമാണ് എയര്‍ ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളിലെ ഭൂരിഭാഗം ഇന്ത്യക്കാരും ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെയാണ്. ജീവനക്കാരുടെ സമരം യാത്രക്കാരെ ബുദ്ധിമുട്ടിച്ചുവെന്നും കെ സി വേണുഗോപാല്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചു.
70 ലധികം വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇന്ന് റദ്ദാക്കിയത്. കണ്ണൂര്‍, നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുക്കുകയായിരുന്നു. 200ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചു.
ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരം നടത്തുന്നത്. സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. എയര്‍ ഇന്ത്യ ഫ്ലൈറ്റ് റദ്ദാക്കല്‍ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും അറിയിച്ചു.
ചിന്നക്കലാല്‍ ഭൂമി ഇടപാട്: എഫ്ഐആര്‍ താന്‍ അഴിമതിക്കാരനെന്ന് വരുത്താന്‍; മാത്യു കുഴല്‍നാടന്‍
ചിന്നക്കലാല്‍ ഭൂമി ഇടപാടില്‍ വിജിലന്‍സിനോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഇടപാടില്‍ വിജിലന്‍സ് എഫ്ഐആര്‍ ഇട്ടിട്ടുണ്ടെന്ന് അറിയുന്നു. എന്നാല്‍, എഫ്ഐആര്‍ കണ്ടിട്ടില്ല. നരേന്ദ്ര മോദിക്ക് ഇഡി പോലെയാണ് പിണറായി വിജയന് വിജിലന്‍സ്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. തന്നെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് വേട്ടയാടുന്നു. ഇതുകൊണ്ടൊന്നും തളര്‍ത്താമെന്ന് കരുതണ്ട. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പൂര്‍ണ ബോധ്യമുള്ള ഒരു അഴിമതിയാണ് ഞാന്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചത്.
ഏതെല്ലാം രീതിയില്‍ തളര്‍ത്താന്‍ ശ്രമിച്ചാലും ഒരടി പിന്നോട്ട് പോകില്ല. ചിന്നക്കലാല്‍ ഭൂമി ക്രമക്കേടുള്ളതാണെങ്കില്‍ വാങ്ങില്ലല്ലോ. വാങ്ങുന്ന സമയത്ത് ആ ഭൂമി സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നില്ല. താന്‍ അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ എടുത്ത എഫ്ഐആര്‍ ആണിത്.
നിയമവിരുദ്ധമായി ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ നിന്നുകൊടുക്കില്ല. സൈബര്‍ അറ്റാക്കിനെ തള്ളിക്കളയുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്. ഇതിലൂടെ മാസപ്പടി കേസ് മായ്ച്ച് കളയാമെന്ന് കരുതണ്ട. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് പോളിങ് കുറഞ്ഞതിന് കാരണം. മാസപ്പടി വിഷയം സിപിഐഎമ്മുകാര്‍ക്ക് നല്ലതുപോലെ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
കൊവിഷീല്‍ഡ് പിന്‍വലിച്ച് ആസ്ട്രസെനെക
കൊവിഡ് വാക്സിനുകള്‍ അപൂര്‍വമായി പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് ആഴ്ചകള്‍ പിന്നാലെ കൊവിഷീല്‍ഡ് വാക്സിന്‍ പിന്‍വലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നല്‍കുന്ന വിശദീകരണം.
ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന വാക്സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്സഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന്‍. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീല്‍ഡ്’ എന്ന പേരില്‍ ഈ വാക്സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്. വാക്സിന്‍ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരില്‍ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്. നിലവില്‍ യു.കെയില്‍ 100 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരകേസ് നേരിടുകയാണ് ആസ്ട്രസെനക.
വിവാദ പരാമര്‍ശം നടത്തി പാര്‍ട്ടിയെ വെട്ടിലാക്കി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ
വിവാദ പരാമര്‍ശം നടത്തി പാര്‍ട്ടിയെ വെട്ടിലാക്കി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലുള്ളവരാണെന്നുമാണ് പിത്രോദ അഭിപ്രായപ്പെട്ടത്. ഒരു ഇംഗ്ലിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പദവിയെ കുറിച്ചും നാനാത്വത്തില്‍ ഏകത്വമുളള രാജ്യമാണ് ഇന്ത്യ എന്നും സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. ”ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരെപ്പോലെയാണ്, പടിഞ്ഞാറുഭാഗത്തുള്ളവര്‍ അറബികളെ പോലെയാണ്, വടക്കുള്ളവര്‍ വെള്ളക്കാരെപ്പോലെയാണ്, ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീസഹോദരന്മാരാണ്.” എന്നായിരുന്നു പിത്രോദയുടെ വാക്കുകള്‍.
പിത്രോദയുടെ പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇന്ത്യയുടെ നാനാത്വത്തെ കുറിച്ച് വിവരിക്കാന്‍ പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമര്‍ശം കോണ്‍ഗ്രസ് തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പിത്രോദയുടെ പരാമര്‍ശത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി. പിത്രോദ ദക്ഷിണേന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ രോഷമുണ്ട്. രാഹുല്‍ ഗാന്ധിയുടെ സുഹൃത്തും മാര്‍ഗദര്‍ശിയുമാണു പിത്രോദയെന്നും മോദി പറഞ്ഞു.
താന്‍ വടക്കുകിഴക്കുനിന്നുള്ള വ്യക്തിയാണെന്നും തന്നെ കാണാന്‍ ഇന്ത്യക്കാരനെപ്പോലെയാണ് ഉള്ളതെന്നും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ എക്‌സില്‍ കുറിച്ചു. കാണാന്‍ വ്യത്യസ്തരാണെങ്കിലും ഇന്ത്യക്കാര്‍ എല്ലാവരും ഒന്നാണെന്നും രാജ്യത്തെ കുറിച്ച് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിത്രോദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വ്യക്തമാക്കി. നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റനൗട്ട്, ബിജെപി എംപി രവിശങ്കര്‍ പ്രസാദ്, ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എന്നിവര്‍ പിത്രോദയെ വിമര്‍ശിച്ച് രംഗത്തെത്തി.
ഉഷ്ണതരംഗം തുടരും; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരും. മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 38 ഡിഗ്ര സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സംഗീത് ശിവന്‍.
പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.
ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന്‍ ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഛായഗ്രാഹകനായി മാറിയ സഹോദരന്‍ സന്തോഷ് ശിവന്റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് സംവിധായകനായി സംഗീത് എത്തുന്നത്.
1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് മോഹന്‍ ലാലിനെ നായകനാക്കി യോദ്ധ ഒരുക്കി സംഗീത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്‌സ് എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.
സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആര്‍ റഹ്‌മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.