മൂന്നാം മോദി മന്ത്രി സഭയില്‍ സഹമന്ത്രിയായി തൃശ്ശൂര്‍ എംപി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ. സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും സഹമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.
മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച കേരളത്തിനുള്ള പരിഗണനക്കും അപ്പുറത്ത് ദേശീയ തലത്തില്‍ തന്നെ ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോര്‍ജ് കുര്യന്‍ മൂന്നാം മോദി മന്ത്രിസഭയില്‍ അംഗമാകുന്നത്. ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രി പദവി. ബിജെപി ഉണ്ടായകാലം മുതല്‍ കോട്ടയത്തുകാരന്‍ ജോര്‍ജ് കുര്യന്‍ ബിജെപിക്കാരനാണ്. പാര്‍ട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകന്‍.
നാട്ടകം കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി ജനതാ നേതാവില്‍ നിന്നാണ് തുടക്കം. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തില്‍ നിര്‍ണ്ണായക ചുമതലകള്‍ ജോര്‍ജ് കുര്യന്‍ വഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായി ചുമതല ഏറ്റെടുത്ത ജോര്‍ജ് കുര്യന്‍ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാന്‍ രാജ്യത്തുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ സൂപ്പര്‍താരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തില്‍ രാവിലെ മുതല്‍ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂര്‍ ‘എടുത്തത്’ മുതല്‍ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയര്‍ന്നിരുന്നു. ഇതോടെ സിനിമക്കായി തല്‍ക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കല്‍ കൂടി താരം സ്വീകരിച്ചു. ഒടുവില്‍ ദില്ലിയില്‍ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം. കേരളത്തിന്റെ അംബാസിഡറാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിലാണ് മലയാളികളുടെ പ്രതീക്ഷ.