ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെ അടൂര്‍ എ.ആര്‍. ക്യാമ്പിലെത്തിച്ചു. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി ചോദ്യംചെയ്യല്‍ ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന്റെ പിന്നിലെ കാരണമടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദമായി ചോദിച്ചറിയും.
കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍.
തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.
ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കൂടാതെ പദ്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞ് കഴിഞ്ഞതെന്നതടക്കമുള്ള വിവരങ്ങളും പോലീസ് ഇവരില്‍നിന്ന് തേടും.
പട്ടാപ്പകല്‍ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പോലീസും നാട്ടുകാരും ഉടന്‍തന്നെ വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ക്ക് കൊല്ലം നഗരത്തില്‍ എത്താന്‍ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
തട്ടിക്കോണ്ട് പോയ കേസ്; മൂന്ന് പേര്‍ പിടിയില്‍
കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍ നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം. ഇവരില്‍നിന്ന് രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായൊരാള്‍ ചാത്തന്നൂര്‍ സ്വദേശിയാണെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരും കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സാമ്പത്തിക ത്തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
റെവന്യൂ ജില്ല കലോത്സവത്തിന് പഞ്ചസാര അല്ലെങ്കില്‍ 40 രൂപ
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിനായുള്ള വിഭവസമാഹരണം വിവാദത്തില്‍. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളാണ് ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നല്‍കാന്‍ കുട്ടികള്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയത്. വിഭവങ്ങള്‍ സമാഹരിച്ച് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയില്ലെന്നും ജനകീയ സമാഹരണമാണ് ഉദ്ദേശിച്ചതെന്നും എഇഒയുടെ വിശദീകരണം.
ഹൈക്കോടതി ‘വടിയെടുത്തു’; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവകേരള സദസ് വേദി മാറ്റി സര്‍ക്കാര്‍
കൊച്ചി: തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി മാറ്റി സര്‍ക്കാര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ പുതിയ വേദിയിലേക്ക് മാറ്റുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നും വേദി മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹര്‍ജിയിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചു.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നവകേരള സദസിനായി അനുവദിച്ചതെന്തിനെന്ന് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു . പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാര്‍ക്ക് ഡയറക്ടര്‍ മറുപടി നല്‍കി.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 24 പക്ഷികളും 2 കടുവയുമുണ്ട്. അതിനെ സംരക്ഷിത മേഖലയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിപാടി നടക്കുന്നത് പാര്‍ക്കിംഗ് ഏരിയയിലാണെന്നും പാര്‍ക്ക് ഡയറക്ടര്‍ കീര്‍ത്തി ഐഎഫ്എസ് ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളും മാപ്പും കോടതി പരിശോധിച്ചു. തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് അനുവദിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇതോടെ കോടതി അനുവദിക്കില്ലെങ്കില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവ കേരള സദസ് വേദി മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനുശേഷം ഉച്ചയ്ക്ക് 1.45ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് വേദി മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.