കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഫെബ്രുവരി ഒന്നിന് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നാണ് വാദം. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും പോലീസിന്റെ റിപ്പോര്‍ട്ടും നടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം.
‘മസാല ബോണ്ടില്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ്’; മറുപടിയുമായി തോമസ് ഐസക്ക്
മസാല ബോണ്ടില്‍ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ബോര്‍ഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.
കഴിഞ്ഞദിവസമായിരുന്നു ഇ.ഡി.ക്ക് മുമ്പില്‍ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍, അദ്ദേഹം കഴിഞ്ഞദിവസവും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇ.ഡി.യ്ക്ക് മറുപടി നല്‍കിയത്.
‘കിഫ്ബി മസാലബോണ്ടില്‍ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. അതിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നല്‍കിയ ഏഴുപേജുള്ള മറുപടിയില്‍ പറയുന്നു.
‘കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’ എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതില്‍ വ്യക്തത വരുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡ് അംഗം കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമായിരുന്നു തനിക്കെന്നും തോമസ് ഐസക് കത്തില്‍ പറയുന്നത്.
കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളില്‍ മൊഴിനല്‍കാനാണ് തോമസ് ഐസക്കിനോട് ഇ.ഡി. അന്വേഷണസംഘം തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ജനുവരി 12-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നും തോമസ് ഐസക് ഹാജരായിരുന്നില്ല. ഇതുസംബന്ധിച്ച് ഒന്നരവര്‍ഷത്തിനുശേഷമാണ് നോട്ടീസ് അയച്ചത്. ആദ്യം നല്‍കിയ രണ്ടുസമന്‍സുകള്‍ ഹൈക്കോടതിയില്‍ തോമസ് ഐസക് ചോദ്യംചെയ്തിരുന്നു. ഹര്‍ജിയില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി കഴിഞ്ഞമാസം അവസാനിപ്പിച്ചിരുന്നു. ചുറ്റിത്തിരിയുന്ന അന്വേഷണമോ (റോവിങ് എന്‍ക്വയറി) പരാതി സ്ഥാപിച്ചെടുക്കാനായുള്ള അന്വേഷണമോ നടത്തരുതെന്ന് ഇ.ഡി.യോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ഇ.ഡി. നല്‍കിയ സമന്‍സ് കോടതിവിധിയുടെ അന്തസ്സത്തയെ മാനിക്കാത്തതാണെന്നാണ് തോമസ് ഐസക്കിന്റെ വാദം.
കേസില്‍ വിദ്യ മാത്രം പ്രതി; വ്യാജരേഖ ഉണ്ടാക്കാന്‍ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് കുറ്റപത്രം
ഗസ്റ്റ് അധ്യാപക നിയമനത്തിന് കരിന്തളം ഗവ. കോളേജില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. വിദ്യ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.
സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ പിന്നീട് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചുവെന്ന് വിദ്യ മൊഴിനല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോലീസിന്റെ കുറ്റപത്രം. സീനിയറായിരുന്ന കെ. രജിതയും കരിന്തളം കോളേജില്‍ വിദ്യയ്ക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു. നിയമനത്തില്‍ ഇവരെ മറികടക്കുന്നതിനായാണ് വ്യാജരേഖ ചമച്ചത്.
നേരത്തെ ഉദുമ സര്‍ക്കാര്‍ കോളേജില്‍ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ കെ. വിദ്യയെ മറികടന്ന് രജിത നിയമനം നേടിയിരുന്നു. ഇതേത്തടുര്‍ന്നാണ് കരിന്തളം കോളേജില്‍ ജോലിനേടാനായി വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്.
കേസില്‍ അറസ്റ്റ് ചെയ്ത വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് അധ്യാപക നിയമനം നേടിയ വിദ്യ ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. 2,78,250 രൂപ വിദ്യ ജോലിയിലൂടെ സമ്പാദിച്ചുവെന്ന് പോലീസ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അറസ്റ്റിലായ കുഴല്‍പ്പണക്കവര്‍ച്ചാ സംഘത്തലവന്‍ കോടാലി ശ്രീധരനായി ആന്ധ്രാ പോലീസെത്തുന്നു
കൊരട്ടിയില്‍ അറസ്റ്റിലായ കുഴല്‍പ്പണക്കവര്‍ച്ചാ സംഘത്തലവന്‍ കോടാലി ശ്രീധരനായി ആന്ധ്രാ പോലീസെത്തുന്നു. ആന്ധ്രാപ്രദേശിലുള്ള രണ്ടു കേസുകളില്‍ അറസ്റ്റു രേഖപ്പെടുത്താനാണ് സംഘം ചൊവ്വാഴ്ച ചാലക്കുടിയിലെത്തുന്നത്. അനന്തപുര്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ 2023-ല്‍ നടത്തിയ കവര്‍ച്ചക്കേസുകളാണ് ആന്ധ്രാ പോലീസ് അന്വേഷിക്കുന്നത്. ഇതിനിടയില്‍ പ്രതിയുടെ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ച് ശ്രീധരനെ വിയ്യൂര്‍ ജയിലിലേക്കു മാറ്റി.
റിമാന്‍ഡിലുള്ള ശ്രീധരനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച കോടതി ഈ അപേക്ഷ പരിഗണിക്കും. ഇതുകൂടി കണക്കിലെടുത്താണ് ആന്ധ്രാപ്രദേശ് പോലീസ് എത്തുന്നത്. ശനിയാഴ്ച കൊരട്ടിയില്‍ പിടിക്കപ്പെടുമ്പോള്‍ പോലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ആവശ്യമുണ്ട്. ശ്രീധരനില്‍നിന്ന് പിടികൂടിയ തോക്ക് ലൈസന്‍സ് ഇല്ലാത്തതാണ്. ഇതിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും.
ശ്രീധരന്റെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും പോലീസ് അന്വേഷിക്കും. കേരളത്തില്‍ അവസാനമായി ഇയാള്‍ കുറ്റകൃത്യം നടത്തിയിട്ടുള്ളത് 2014-ല്‍ ആണ്. അന്ന് വെള്ളിക്കുളങ്ങര പോലീസ് വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. 2014-നു ശേഷം ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇയാള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. 2008-ല്‍ പോലീസ് കാപ്പ ചുമത്തിയിരുന്നു. ജില്ലയില്‍ ശ്രീധരനും കുടുംബവും ഇപ്പോള്‍ സ്ഥിരതാമസമില്ല.
മാമ്പ്ര, വെള്ളാനിക്കാട്, കല്ലൂര്‍ എന്നിവിടങ്ങളില്‍ ഭൂമിയുണ്ട്. ഇതില്‍ കൊരട്ടിക്കടുത്തുള്ള മാമ്പ്രയില്‍ എല്ലാ സൗകര്യങ്ങളോടുംകൂടിയ വീടു പണിയുന്നുണ്ട്. കാലങ്ങളായി പോലീസിന് പിടികൊടുക്കാതിരുന്ന ശ്രീധരനെ പിടികൂടുന്നതിന് ഡി.ഐ.ജി.യുടെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ നാലംഗസ്‌ക്വാഡ് രൂപവത്കരിച്ചിരുന്നു. വീടുപണി നടക്കുന്ന മാമ്പ്രയില്‍ പലവട്ടം ശ്രീധരന്‍ വന്നുപോയതായി ഈ സ്‌ക്വാഡിന് വിവരം ലഭിച്ചു. ഒരാഴ്ചയോളമായി കൊരട്ടി പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ഈ സ്‌ക്വാഡ് നിലയുറിപ്പിച്ചിരിക്കുകയായിരുന്നു.
ഉപയോഗിക്കുന്നത് മൂന്നു കാറുകള്‍
ശ്രീധരന്‍ മൂന്നു കാറുകളാണ് മാറിമാറി ഉപയോഗിച്ചിരുന്നതെന്ന് പ്രത്യേക സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഈ കാറുകള്‍ പോകുന്ന സ്ഥലങ്ങള്‍ അന്വേഷണസംഘം നീരീക്ഷിച്ചിരുന്നു. നമ്പര്‍ കണ്ടുപിടിക്കാന്‍ കഴിയാത്തതരത്തില്‍ വാട്‌സ് ആപ്പ് കോളിലൂടെയാണ് ശ്രീധരന്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്.
ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം: രാഹുലിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് അസം മുഖ്യമന്ത്രി
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. നഗരത്തിന് പുറത്ത് പോലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പോലീസിനോട് നിര്‍ദേശിച്ചു. അതേസമയം തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമായ ചൊവ്വാഴ്ച അതായത് (അയോധ്യയിലെ രാമക്ഷത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്ന ദിവസം)അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി അസമിലെ ജോരാബാതില്‍ നിന്ന് യാത്ര പുനരാരംഭിച്ചത്. ഗുവാഹത്തി നഗരത്തിലൂടെയുള്ള മുന്‍നിശ്ചയിച്ച റൂട്ടുകളില്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് യാത്ര നീങ്ങിയത്.
ഗുവാഹത്തി നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് അസം പോലീസ് ഏര്‍പ്പെടുത്തിയത്. ഇവിടെ വെച്ചാണ് സംഘര്‍ഷമുണ്ടായത്. യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. അയ്യായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യാത്ര ഗുവാഹത്തിയിലേക്ക് എത്തുമ്പോള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നത്.
‘ഇത് അസമിന്റെ സംസ്‌കാരമല്ല. ഞങ്ങളുടേത് സമാധാനം നിറഞ്ഞ ഒരു സംസ്ഥാനമാണ്. ഇത്തരം ‘നക്സല്‍ തന്ത്രങ്ങള്‍’ ഞങ്ങളുടെ സംസ്‌കാരത്തിന് അപരിചിതമാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് ഇളക്കിവിട്ടതിന് നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. തെളിവായി നിങ്ങള്‍ തന്നെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു.’ -അസം മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
നേരത്തേ മേഘാലയയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (യു.എസ്.ടി.എം) വിദ്യാര്‍ഥികളുമായുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യോത്തര പരിപാടിക്കും അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അനുമതി നിഷേധിച്ചത് എന്ന് യു.എസ്.ടി.എം. അസം പി.സി.സിയെ കത്തിലൂടെ അറിയിച്ചു. അസം-മേഘാലയ അതിര്‍ത്തിയിലാണ് സ്വകാര്യ സര്‍വ്വകലാശാലയായ യു.എസ്.ടി.എം. സ്ഥിതി ചെയ്യുന്നത്.
9 മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: ചികിത്സാപിഴവ്, ഡോക്ടര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്
ഒന്‍പത് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അമ്പലപ്പുഴ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.
അമ്പലപ്പുഴ സ്വദേശികളായ ഹരികൃഷ്ണന്‍ – വന്ദന ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 8 മുതല്‍ 12 വരെ വന്ദന പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ വീണ്ടും കുഞ്ഞിന് അനക്കം കുറഞ്ഞപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. എന്നാല്‍ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതില്‍ ഡോക്ടര്‍ അലംഭാവംകാട്ടിയെന്നാണ് പരാതി. വൈകിട്ട് സ്‌കാന്‍ ചെയ്തപ്പോള്‍ കുഞ്ഞ് മരിച്ചെന്ന് വ്യക്തമായി.
തിരുവല്ല പുഷ്പഗിരിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. നിലവില്‍ ഡോക്ടറുടെ പേര് എഫ്‌ഐഐറില്‍ ചേര്‍ത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.
9 മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: ചികിത്സാപിഴവ്, ഡോക്ടര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്
ഒന്‍പത് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അമ്പലപ്പുഴ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.
അമ്പലപ്പുഴ സ്വദേശികളായ ഹരികൃഷ്ണന്‍ – വന്ദന ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 8 മുതല്‍ 12 വരെ വന്ദന പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ വീണ്ടും കുഞ്ഞിന് അനക്കം കുറഞ്ഞപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. എന്നാല്‍ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതില്‍ ഡോക്ടര്‍ അലംഭാവംകാട്ടിയെന്നാണ് പരാതി. വൈകിട്ട് സ്‌കാന്‍ ചെയ്തപ്പോള്‍ കുഞ്ഞ് മരിച്ചെന്ന് വ്യക്തമായി.
തിരുവല്ല പുഷ്പഗിരിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. നിലവില്‍ ഡോക്ടറുടെ പേര് എഫ്‌ഐഐറില്‍ ചേര്‍ത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.
ബജറ്റ് ഫെബ്രുവരി അഞ്ചിന്; 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, മാര്‍ച്ച് 27 വരെ ആകെ 32 ദിവസം ചേരും.
ജനുവരി 29, 30, 31 തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. ഫെബ്രുവരി 5ന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍.
ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും.
ധനാഭ്യാര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യാര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവെച്ചിട്ടുണ്ടെന്നു സ്പീക്കര്‍ പറഞ്ഞു.
നിലവിലുള്ള കലണ്ടര്‍ പ്രകാരം ഗവണ്‍മെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023- 24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2024- 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കേണ്ടതുണ്ട്. ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരിമാനിക്കും.
ഓര്‍ഡിനന്‍സിനു പകരമായി 2024- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബില്‍, 2024- ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024- ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, എന്നിവ ഈ സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകളാണെന്ന് സ്പീക്കര്‍ പറഞ്ഞു.
2023 ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സര്‍വ്വകലാശാല (ഭേദഗതി) ബില്‍, 2023- ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബില്‍, 2023- ലെ ക്രിമിനല്‍ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബില്‍, 2023- ലെ കേരള പൊതുരേഖ ബില്‍, 2024- ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്‌മെന്റുകളും ബില്‍ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റു ബില്ലുകള്‍. നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 27 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.