അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുകള്‍ക്കൊരുങ്ങുന്ന പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകള്‍. കൃഷ്ണശിലയില്‍ നിര്‍മിച്ചിട്ടുള്ള വിഗ്രഹം നില്‍ക്കുന്ന രീതിയിലാണുള്ളത്.
51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവില്‍നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. നിലവില്‍ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തുണികൊണ്ട് മറച്ചനിലയിലാണുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് വിഗ്രഹം ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചത്.
പ്രതിഷ്ഠാകര്‍മത്തിന് തൊട്ടുപിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കുമെന്നാണ് വിവരം. പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി 11,000-ല്‍ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ബുധാഴ്ച ജാമ്യം ലഭിച്ചതിനു പിന്നാലെ പൂജപ്പുര ജയിലിനു മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസില്‍ രാഹുല്‍ രണ്ടാം പ്രതിയാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം സജീറാണ് ഒന്നാം പ്രതി.
ഗതാഗതം തടസ്സപ്പെടുത്തി പൊതുജന സമാധാനം തകര്‍ത്തു, ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കി, ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു, പോലീസ് ആജ്ഞ ലംഘിച്ച് ന്യായ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച് ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിനെ പുഷ്പവൃഷ്ടിയും വെടിക്കെട്ടും ഉള്‍പ്പെടെ നടത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്.
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലില്‍ കന്റോണ്‍മെന്റ് പോലീസ് രണ്ടുകേസുകളിലും മ്യൂസിയം പോലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
മഹാരാജാസില്‍ എസ്എഫ്ഐ നേതാവിന് വെട്ടേറ്റ കേസില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പി.എ. അബ്ദുല്‍ നാസറിന് വെട്ടേറ്റ സംഭവത്തില്‍ എട്ടാംപ്രതി എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ മുഹമ്മദ് ഇജ്‌ലാല്‍ അറസ്റ്റിലായി.
എം.ജി. സര്‍വകലാശാലാ നാടകോത്സവത്തിന്റെ ഭാഗമായി കാമ്പസിനകത്ത് നാടക പരിശീലനമുണ്ടായിരുന്നു. ഇതിന്റെ ചുമതലക്കാരനായ നാസര്‍ പരിശീലനത്തിനുശേഷം ഇറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റിയംഗം ബി.എ. ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഇ.വി. അശ്വതിക്കും കൈക്ക് പരിക്കേറ്റു. പ്രതികള്‍ക്കെതിരേ വധശ്രമം, നിയമവിരുദ്ധ കൂട്ടംകൂടല്‍, കലാപശ്രമം, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ഒന്‍പതു വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതികളെല്ലാം കെ.എസ്.യു.-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.
ബുധനാഴ്ച കോളേജിലെ അറബിക് അധ്യാപകന്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കുനയിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ബുധനാഴ്ച രാത്രി 11.20-ഓടെയാണ് സംഘര്‍ഷമെന്ന് പോലീസ് പറഞ്ഞു. മഹാരാജാസ് കോളേജിലെ സെന്റര്‍ സര്‍ക്കിളില്‍വെച്ച് പ്രതികള്‍ നാസറിനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയില്‍ കരുതിയ കത്തികളുപയോഗിച്ച് വെട്ടുകയുമായിരുന്നു. നാസറിന്റെ കഴുത്തിനുനേരേ ഒന്നാംപ്രതി കത്തിവീശിയത് കൈകൊണ്ട് തടുത്തില്ലായിരുന്നെങ്കില്‍ മരണംവരെ സംഭവിക്കാമായിരുന്നുവെന്ന് പോലീസ് പറയുന്നു. നാസറിന്റെ കൈക്കും പരിക്കേറ്റു.
അഫ്ഹാമും കമലും ഇരുമ്പുവടികൊണ്ട് മര്‍ദിച്ചു. മറ്റുപ്രതികള്‍ കൈകൊണ്ടും ഇരുമ്പുവടികൊണ്ടും പട്ടികക്കഷണങ്ങള്‍കൊണ്ടും മര്‍ദിച്ചു. ഇതിനിടെ കേസിലെ രണ്ടുപ്രതികള്‍ക്ക് രാത്രി ഒരു മണിയോടെ മര്‍ദനമേറ്റതായി പരാതിയുണ്ട്. കേസിലെ രണ്ടാംപ്രതി ബിലാല്‍, ഏഴാം പ്രതി അമല്‍ ടോമി എന്നിവര്‍ക്കുനേരേയാണ് രണ്ടിടത്തായി ആക്രമണമുണ്ടായത്. കോളേജിലെ വിദ്യാര്‍ഥികളായ ഇരുപത് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ജനറല്‍ ആശുപത്രിക്ക് മുന്‍ഭാഗത്തും ആംബുലന്‍സിലുമായിരുന്നു ബിലാലിനുനേരേയുള്ള ആക്രമണം.
കൂടത്തായി കേസ്: നെറ്റ്ഫ്‌ളിക്‌സിനെതിരേ ഹര്‍ജിയുമായി രണ്ടാംപ്രതി
നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി കൂടത്തായി കേസ് പ്രതി. കേസിലെ രണ്ടാംപ്രതിയായ എം.എസ്. മാത്യുവാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എം.എസ്. മാത്യു നല്‍കിയ ഹര്‍ജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ജോളി സമര്‍പ്പിച്ച ഹര്‍ജിയും കൊലപാതകപരമ്പരയിലെ മറ്റുകേസുകളും അന്ന് കോടതി പരിഗണിക്കും.
ഇക്കഴിഞ്ഞ ഡിസംബര്‍ 22-നാണ് കറി ആന്‍ഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് ഡോക്യു സീരീസ് പുറത്തിറങ്ങിയത്. യഥാര്‍ത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സ്ട്രീമിംഗ് തുടരവേയാണ് കേസിലെ രണ്ടാം പ്രതി ഇതിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്.
അതിനിടെ കേസില്‍ ജോളിയുടെ അയല്‍വാസിയെയും മുന്‍ താമരശ്ശേരി എസ്.ഐ.യെയും വെള്ളിയാഴ്ച വിസ്തരിച്ചു.റോയ് തോമസ് പൊന്നാമറ്റം വീടിന്റെ ബാത്ത് റൂമില്‍ ബോധരഹിതനായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് അവിടെ ചെന്നിരുന്നെന്നും തന്റെ കാറിലാണ് റോയ് തോമസിനെ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും 122 -ാം സാക്ഷി ജോളിയുടെ അയല്‍വാസിയായ മുഹമ്മദ് റൗഫ് മൊഴിനല്‍കി. 2011-ല്‍ സംഭവം നടക്കുമ്പോള്‍ കൂടെ ജോളിയും മഞ്ചാടിയില്‍ മാത്യുവും വന്നിരുന്നെന്നും മുഹമ്മദ് റൗഫ് കോടതിയില്‍ പറഞ്ഞു.
കോച്ചിങ് സെന്ററുകളില്‍ 16 വയസ്സ് തികഞ്ഞവര്‍ മതി; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം
16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വിദ്യാര്‍ഥി ആത്മഹത്യകള്‍, അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെന്ററുകളുടെ അനിയന്ത്രിതമായ വര്‍ദ്ധന നിയന്ത്രിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.
പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ബിരുദത്തില്‍ താഴെ യോഗ്യതയുള്ളവര്‍ കോച്ചിങ് സെന്ററുകളില്‍ അധ്യാപകരാവാന്‍ പാടില്ല. 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. കൂടാതെ ഹയര്‍ സെക്കണ്ടറി പരീക്ഷ പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കെ സ്ഥാപനത്തില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളൂ.
കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം. അധ്യാപകരുടെ യോഗ്യത, കോഴ്സുകള്‍, ഹോസ്റ്റല്‍ സൗകര്യം, ഫീസ് എന്നിവ പ്രതിപാദിച്ചുകൊണ്ടുള്ള വെബ്സൈറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം. മികച്ച റാങ്ക്, ഉയര്‍ന്ന മാര്‍ക്ക് എന്നിവ ഉറപ്പാണ് എന്നിങ്ങനെയുള്ള പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ പ്രലോഭിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്, 22-ന് ഹാജരാകണം
കിഫ്ബി മസാല ബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം. നേരത്തെ ഈ മാസം 12-ന് ഹാജരാകാൻ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 21-വരെ തനിയ്ക്ക് ചില തിരക്കുകളുള്ളതിനാൽ വരാൻ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതോടെയാണ് 22-ന് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.
കേസിന്റെ ആദ്യഘട്ടത്തിൽ തോമസ് ഐസക്കിനും കിഫ്ബിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ഐസക്ക് ഹൈക്കോടതിയിൽ പോയി. ചില പോരായ്മകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് സമൻസ് പിന്നീട് ഇഡി പിൻവലിച്ചു. ഇതോടെ ഇ.ഡിയെ പരിഹസിച്ച് ഐസക്ക് രംഗത്തെത്തി. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസമാണ് സമൻസ് പിൻവലിച്ചുകൊണ്ട് ഇ.ഡി നടത്തിയതെന്നായിരുന്നു പരിഹാസം. കേസിൽ ഇനി എന്തെങ്കിലും തെളിവുമായിട്ടേ തന്നെ ചോദ്യംചെയ്യാൻ വിളിപ്പിക്കാൻ സാധിക്കുവെന്നും അല്ലെങ്കിൽ ഇ.ഡിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എന്നാൽ, അന്വേഷണത്തെ തടയുന്ന ഒന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികളുമായി ഇഡി ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഫണ്ട് വിനിയോഗം ഉൾപ്പെടെ ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നാണ് ഇഡി നൽകുന്ന വിവരം.
മസാലബോണ്ട് വിവാദം……..
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനായി കേരള അടിസ്ഥാനസൗകര്യ നിക്ഷേപഫണ്ട് നിയമപ്രകാരം സ്ഥാപിതമായ ധനകാര്യ ബോർഡ് കോർപറേറ്റാണ് കിഫ്ബി. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ 2019 മേയ് 17-ന് മസാല ബോണ്ടുകൾ വിതരണംചെയ്തു. 7.23 ശതമാനം പലിശയ്ക്കു 2,150 കോടി രൂപയാണു ഇങ്ങനെ സമാഹരിച്ചത്.
ഇതിൽ സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെ മസാലബോണ്ട് വിവാദത്തിലായി. പിന്നാലെയാണ് ഇ.ഡി. കേസെടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷൻ 13-ൽ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കിൽ ചുമത്താവുന്ന പരമാവധി പിഴത്തുക 6,450 കോടിരൂപയാണ്.
വിദേശ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. രാജ്യത്തിനുള്ളിൽ നിന്നു മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നൽകി വായ്പയെടുക്കാനാകു. ഇതിനുവേണ്ടി സംസ്ഥാനം നിയമം നിർമിക്കണം. കിഫ്ബിപോലുള്ള കോർപറേറ്റ് സംവിധാനത്തിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാനാകില്ലെന്ന് സി.എ.ജി. കണ്ടെത്തിരുന്നു. ഇതും ഇ.ഡി.യുടെ കേസിന്റെ അടിസ്ഥാനമാവും. എന്നാൽ വ്യക്തികൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ബോഡി കോർപറേറ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് വിദേശവായ്പ വാങ്ങുന്നതിനായി തടസ്സമില്ല എന്ന ഭരണഘടനയിലെ വാചകങ്ങളാണ് കിഫ്ബിയെ ന്യായീകരിക്കാൻ സംസ്ഥാനം ഉന്നയിക്കുന്നത്.
മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി കെ.ബി. ഗണേഷ്‌കുമാര്‍
മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി കെ.ബി. ഗണേഷ്‌കുമാറിന്റെ കണ്ടെത്തല്‍. പുതിയ ഇ-ബസുകള്‍ വാങ്ങില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തെ സംസ്ഥാനത്തെ ആദ്യ ഹരിതനഗരമാക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായി. 110 ഇ-ബസുകളാണ് ഇപ്പോള്‍ ഓടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം. ഇ-സേവയില്‍ 950 ഇ-ബസുകള്‍കൂടി കിട്ടാനുണ്ട്. ലാഭകരമല്ലെന്ന നിലപാടാണെങ്കില്‍ അതും ഉപേക്ഷിക്കേണ്ടിവരും.
വൈദ്യുതി, വാടക ഉള്‍പ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റര്‍ ചെലവെന്നാണ് മൂന്നുമാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. വരവ് 46 രൂപയെന്നും അവകാശപ്പെടുന്നു. എന്നാല്‍, ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസല്‍ ബസുകള്‍ വാങ്ങാമെന്നാണ് ഗണേഷിന്റെ വാദം. വരുമാനത്തിന്റെ പകുതിയും ചെലവാകുന്നത് ഡീസലിനാണെന്നും ഡീസല്‍ ബസുകളുടെ എണ്ണം കൂട്ടിയാല്‍ ചെലവ് കൂടുമെന്നുമാണ് മറുവാദം.
തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കുമെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. മുന്‍മന്ത്രി ആന്റണിരാജുവും, കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റും ഈ പദ്ധതി ലാഭമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.
സിറ്റി സര്‍ക്കുലര്‍ ഇ-ബസ് പദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്ന പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് വരുന്നത്. ഇപ്പോള്‍ വാങ്ങിയിട്ടുള്ള ഇലക്ട്രിക് ബസുകള്‍ എത്രനാള്‍ ഓടുമെന്ന് ഉണ്ടാക്കിയവര്‍ക്ക് പോലും അറിയില്ലെന്നും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും ഉറപ്പുനല്‍കാന്‍ സാധിക്കുമോയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇ-ബസുകള്‍ 10 രൂപ ടിക്കറ്റില്‍ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.