ദില്ലി:പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു.
കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക. സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോടേം സ്പീക്കറായടി ഭര്‍തൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു.
പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന് ഒപ്പമാണ് മഹത്താബ് പാര്‍ലമെന്റിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് മഹത്താബിന്റെ സത്യപ്രതിജ്ഞ നടന്നത്. അതേസമയം, സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസ് ഇതര ഇന്ത്യ സഖ്യ നേതാക്കളുടെ പിന്തുണ തേടിയതായുള്ള വിവരങ്ങളും പുറത്തുവന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഡിഎംകെയ്ക്ക് നല്കാന്‍ തയ്യാറെന്ന സന്ദേശം നല്‍കികൊണ്ടാണ് പിന്തുണ തേടിയത്.
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. കേരളത്തിലെ പതിനെട്ട് പേര്‍ ഇന്ന് ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുന്നത്. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം പ്രോടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാല്‍ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ സഖ്യം രാവിലെ തീരുമാനം എടുക്കും. ഡിഎംകെയുടെ കൂടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. രാവിലെ പത്ത് മണിക്ക് പാര്‍ലമന്റെിന്റെ വളപ്പില്‍ എത്താന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംപിമാര്‍ ഒന്നിച്ചാകും സഭയിലേക്ക് നീങ്ങുക.
ഭരണം നേടാന്‍ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാര്‍ലമെന്റില്‍ തിരിച്ചെത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ലോക്‌സഭ സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക.തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ നോട്ടീസ് നല്‍കും.
‘ഗവണ്‍മെന്റ് ഓഫ് കേരള’ മാറ്റി ‘കേരളം’ എന്നാക്കും
സംസ്ഥാനത്തിന്റെ പേര് ഭരണ ഘടനയില്‍ കേരളം എന്നാക്കി മാറ്റാന്‍ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയില്‍ പ്രമേയം കൊണ്ട് വരും. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയില്‍ ഗവണ്‍മെന്റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നത് ദീര്‍ഘനാളത്തെ ആവശ്യമാണ്.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പേര് മാറ്റത്തില്‍ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു. ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പ്രമേയം.
നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും ‘കേരളം’ എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞില്ല. മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സര്‍ക്കാര്‍ രേഖകളില്‍ പോലും ഇംഗ്ലീഷില്‍ ഇപ്പോഴുമുള്ളത് ഗവണ്‍മെന്റ് ഓഫ് കേരള എന്നാണ്.
അതേസമയം, മുതലപ്പൊഴിയില്‍ നിരന്തരം അപകടം ഉണ്ടായി മത്സ്യ തൊഴിലാഴികള്‍ മരിക്കുന്ന സംഭവത്തില്‍ നിയമ സഭയില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ട് വരും. സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ കൂടി രംഗത്തു വന്ന സാഹചര്യത്തില്‍ ആണ് പ്രതിപക്ഷ നീക്കം. സഭ നിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യണം എന്ന് കഴിഞ്ഞ ദിവസം നിയമ സഭ മാര്‍ച്ച് നടത്തിയ ലത്തീന്‍ സഭ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ടിപി കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ അടിയന്തര പ്രമേയം ആയിരുന്നു പൊതുവില്‍ പ്രതീക്ഷിച്ചത്. വിഷയം അടുത്ത ദിവസം ഉന്നയിക്കും എന്നാണ് നേതൃത്വം പറയുന്നത്.
ആരാണ് ഭര്‍തൃഹരി മഹത്താബ്?
18ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് ലോക്സഭാ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും പ്രതിഷേധവും നിലനില്‍ക്കെയാണ് ഭര്‍തൃഹരി ചുമതലയേറ്റത്.
എന്തൊക്കെയാണ് ഒരു പ്രോടം സ്പീക്കറുടെ ചുമതലകള്‍?
പുതിയ ലോക്സഭാ സമ്മേളനത്തിന്റെ പ്രാരംഭ ദിവസങ്ങളില്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മേല്‍നോട്ടം വഹിക്കുകയും സ്പീക്കറുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുകയും ചെയ്യുന്ന പ്രോടെം സ്പീക്കറുടെ പങ്ക് വളരെ വലുതാണ്.
1957ല്‍ ജനിച്ച മഹ്താബ് ഒഡീഷയുടെ ആദ്യമുഖ്യന്ത്രിയായ ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ബിജെഡി നേതാവായിരുന്ന മഹ്താബ് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. സിറ്റിങ് മണ്ഡലമായ കട്ടക്കില്‍ നിന്ന് തന്നെ ജനവിധി തേടിയ മഹ്താബ് ബിജെഡി സ്ഥാനാര്‍ഥിയായ സന്തൃപ്ത് മിശ്രയെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഏഴാം തവണയും ചരിത്രവിജയം നേടിയത്.
66കാരനായ മഹ്താബിന്റെ, കട്ടക്ക് മണ്ഡലത്തില്‍ നിന്നുള്ള ആദ്യവിജയം 1998ലാണ്. ഇത്തവണ ഒഡീഷയില്‍ ബിജെപി നിയമസഭയിലും ലോകസഭയിലും ഉജ്ജ്വലവിജയമാണ് നേടിയത്. 24 വര്‍ഷം നീണ്ട നവീന്‍ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപിക്ക് സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാനും കഴിഞ്ഞു. 21 ലോക്സഭാ സീറ്റുകളില്‍ 20 എണ്ണത്തില്‍ വിജയിക്കാനും ബിജെപിക്ക് കഴിഞ്ഞു.
നാളെ കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‌യു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‌യുവും എഎസ്എഫും.
പ്ലസ് വണ്‍ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ ഉന്തും തളളും. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കോഴിക്കോട് ആര്‍ഡിഡി ഓഫീസ് ഉപരോധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍. ഓഫീസിന് അകത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥയായി.
തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയ ശേഷം ജില്ലാ പ്രസിഡന്റ് വി ടി സൂരജുള്‍പ്പെടെ ഏഴു പേരെയും അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും എം.എസ്.എഫ് പ്രതിഷേധം. ഹയര്‍സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരം ചെയ്തവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.