പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍;വെള്ളക്കരവും വര്‍ദ്ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ജനത്തിന് ഇരട്ടപ്രഹരം; വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരവും വര്‍ദ്ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

വൈദ്യുതി വര്‍ധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രില്‍ 1 മുതല്‍ 5 % നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അത് കൊണ്ടാണ് ഏപ്രിലിലെ വര്‍ദ്ധന വേണ്ടെന്ന് വെച്ചത്.

വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. റഗുലേററ്റി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാതെ മറ്റ് മാര്‍ഗമില്ലെന്നും ജനങ്ങള്‍ നിരക്ക് വര്‍ദ്ധനക്കായി തയ്യാറാവണമെന്നും വൈദ്യുത മന്ത്രി കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരി സ്‌ഫോടനക്കേസ്; പ്രതി മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പരിശോധനൊരുങ്ങി പൊലീസ്

 

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടന്റെ വിദേശ ബന്ധങ്ങള്‍ പരിശോധനൊരുങ്ങി പൊലീസ്. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദുബായില്‍ ഉണ്ടായിരുന്ന മാര്‍ട്ടിന്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. തിരിച്ചറിയല്‍ പരേഡില്‍ ഇന്ന് തീരുമാനമായേക്കും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള പരിശോധനയാണ് നടക്കുന്നത്. മാര്‍ട്ടിന്റെ മൊബൈലില്‍ ഫോണില്‍ ഫോറന്‍സിക്ക് പരിശോധന പുരോഗമിക്കുകയാണ്.

ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. കേരളത്തെ നടുക്കി കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ തുടര്‍സ്‌ഫോടനങ്ങളില്‍ മൂന്ന് പേരാണ് മരിച്ചത്. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ചത്. 25ഓളം പേര്‍ ചികിത്സയിലാണ്. കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.

അതി ബുദ്ധിശാലിയാണ് മാര്‍ട്ടിനെന്നും ബോബ് നിര്‍മിച്ചത് മാര്‍ട്ടിന്‍ തന്നെയാണെന്നും പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. യുഎപിഎ ചുമത്തിയതിനാല്‍ പ്രതിയെ കോടതി 30 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഫിക്‌സഡ് ചാര്‍ജ് 10 രൂപ മുതല്‍ 40 രൂപ വരെ വര്‍ധിപ്പിച്ചു. ഇത്തരത്തില്‍ വര്‍ധിപ്പിച്ച ഫിക്‌സഡ്എനര്‍ജി ചാര്‍ജുകളുടെ അടിസ്ഥാനത്തില്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീടുകളില്‍ യൂണിറ്റിന് ശരാശരി 20 പൈസ കൂട്ടാനാണ് കമ്മിഷന്റെ നിര്‍ദേശം. മാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ 48 രൂപയുടെ വര്‍ധനയുണ്ടാകും. 2 മാസത്തെ ആകെ ബില്‍ തുകയില്‍ ഏകദേശം 100 രൂപയുടെ വര്‍ധന. 40 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരക്കും, അനാഥാലയങ്ങള്‍, വ്യദ്ധസദനങ്ങള്‍, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ധന ബാധകമല്ല.

കേരള പൊലീസിൽ 5 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥർ, 12 ആത്മഹത്യാ ശ്രമം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരള പോലീസില്‍ 69 പേരാണ് ആത്മഹത്യ ചെയ്തത്. 12 പേര്‍ ആത്മഹത്യാ ശ്രമവും നടത്തിയിട്ടുള്ളതായി കേരള പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ 2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ 32 പേര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് 16 സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്‌ഐമാരും ആത്മഹത്യ ചെയ്തിട്ടുണ്ട്.

2019 ല്‍ 18 പേരും 2020ല്‍ 10 ഉം, 2021 ല്‍ എട്ടും 2022ല്‍ 20വും 2023 സെപ്റ്റംബര്‍ മാസം വരെ 13 പേരും ആത്മഹത്യ ചെയ്തു. 69 പേരില്‍ 32 പേര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് 16 സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്എച്ച്ഒയും ജീവനൊടുക്കി. സേനയിലെ അംഗങ്ങളില്‍ മാനസിക സമ്മര്‍ദ്ദം ഏറുന്നു എന്ന കണ്ടെത്തലുകള്‍ക്ക് പിറകെയാണ് റിപ്പോര്‍ട്ട് എന്നതും ശ്രദ്ധേയമാണ്.

ഉദ്യോഗസ്ഥരില്‍ 30 പേര്‍ ആത്മഹത്യ ചെയ്തിട്ടുള്ളത് കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണ്. 7 പേരുടെ മരണകാരണം ജോലിയിലെ സമ്മര്‍ദ്ദവും
20 പേര്‍ക്ക് മറ്റ് മാനസിക സമ്മര്‍ദ്ദങ്ങളുമാണ്. സാമ്പത്തികആരോഗ്യപ്രശ്‌നങ്ങള്‍ 10 പേരെ ആത്മഹത്യയിലേക്ക് നയിച്ചു. പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത കൂടിവരുന്നതായാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥരില്‍ കൂടുതല്‍ പേരും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരാണെന്നുള്ളതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലും ‘കേരളീയം’

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് ഇന്നലെ തുടക്കമായപ്പോള്‍ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബില്‍ ബോര്‍ഡിലും ‘കേരളീയത്തി’ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശനം.

ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്‌ക്വയറില്‍ ‘കേരളീയം’ വീഡിയോ തെളിഞ്ഞത്. കേരളീയത്തിന്റെ വീഡിയോയും ലോഗോയും പരിപാടി അവസാനിക്കുന്ന നവംബര്‍ ഏഴുവരെ ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍.

കേരളത്തിന്റെയും കേരളീയം മഹോത്സവത്തിന്റെയും വൈവിധ്യവും സൗന്ദര്യവും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്ത അനിമേഷന്‍ വീഡിയോയും ലോഗോയും ഇന്ത്യന്‍ സമയം പകല്‍ 10:27 മുതല്‍ ഒരുമണിക്കൂര്‍ ഇടവിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും നേട്ടങ്ങളും പുരോഗതിയും ആവിഷ്‌ക്കരിക്കുന്ന കേരളീയത്തിന്റെ സന്ദേശം വിദേശമണ്ണിലും എത്തുമെന്ന് സംഘാടകര്‍.

സിപിഎം നടത്തിയ പലസ്തീന്‍ റാലിയില്‍ മുസ്ലിം ലീഗിന് ക്ഷണം

പലസ്തീന്‍ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള തൊരപ്പന്‍ പണി: കെ മുരളീധരന്‍

കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎം നടത്തുന്ന തൊരപ്പന്‍ പണിയെന്നെ കെ മുരളീധരന്‍. മുസ്ലിം ലീഗ് ഒരിക്കലും സിപിഎം ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കില്ല. എന്ത് നഷ്ടമുണ്ടായാലും സിപിഎമ്മുമായി കോണ്‍ഗ്രസ് സഹകരിക്കില്ല. മലപ്പുറത്ത് വിഭാഗീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രതികരിച്ചു.

പലസ്തീന്‍ വിഷയത്തില്‍ ആദ്യം നിരുപാധിക പിന്തുണ നല്‍കിയത് പ്രമേയം പാസാക്കിക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയാണ്. പലസ്തീനോട് ഇപ്പോഴാണ് സിപിഎമ്മിന് സ്‌നേഹം വന്നത്. യുഡിഎഫില്‍ തര്‍ക്കമുണ്ടാക്കിയിട്ട് രക്ഷപ്പെടാനാണ് സിപിഎമ്മിന്റെ ശ്രമം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തലകുത്തി നിന്നാലും ഒരു സീറ്റ് പോലും കിട്ടില്ല.

ചിലരൊക്കെ ഇപ്പൊ ദില്ലിയില്‍ മാര്‍ച്ച് നടത്താന്‍ പോകുന്നു. ഇവിടുത്തെ കാര്യങ്ങള്‍ എല്ലാം ശരിയാക്കിയിട്ട് ദില്ലിക്ക് പോയാല്‍ എല്ലാവര്‍ക്കും കൂടെ ഒരുമിച്ച് പറയാം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎം. സെക്രട്ടേറിയേറ്റ് ഓഫീസേഴ്‌സ് നടത്തുന്ന അനന്തപുരി മാര്‍ച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് പലസ്തീന്‍ വിഷയത്തില്‍ നിലപാടില്ലെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ പലസ്തീന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. പാര്‍ട്ടി പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി പിന്തുണ അറിയിച്ചു. ആ നിലപാടില്‍ ഒരു ശതമാനം പോലും ഒരിടത്തും വെള്ളം ചേര്‍ത്തിട്ടില്ല. പലസ്തീന്‍ വിഷയത്തില്‍ കേരളത്തിലെ സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. തന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല. വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞതെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. പലസ്തീന്‍ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. സിപിഎമ്മിനൊപ്പം നില്‍ക്കുക, കോണ്‍ഗ്രസില്‍ നിന്ന് മാറുക എന്നൊന്നും ഉദ്ദേശിച്ചില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പാര്‍ട്ടി ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനൊപ്പം നില്‍ക്കും. ഈ വിഷയത്തിലാണ് അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സുധാകരന്റെ പട്ടിപ്രയോഗത്തിനൊന്നും മറുപടി പറയാനില്ല. നിലപാടിലെ നന്മയെ കുറിച്ചാണ് സംസാരിച്ചത്. അതിനെ പൊളിറ്റിക്കല്‍ ആക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. തന്റെ പ്രാഥമിക കാഴ്ചപ്പാടാണ് പറഞ്ഞത്. പാര്‍ട്ടി ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനൊപ്പം നില്‍ക്കുക തന്നെ ചെയ്യുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും. ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് പലസ്തീന്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീര്‍ പ്രതികരിച്ചു. വിഷയത്തില്‍ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ കെ ബാലനും രംഗത്ത് വന്നു.

വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീര്‍, പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ മുസ്ലിം ലീഗ് ഇടപെടേണ്ട കാര്യമില്ല. സിപിഎമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീര്‍ വ്യക്തമാക്കി. പാര്‍ട്ടി ആലോചനാ യോഗം നടത്തിയില്ല. പാര്‍ട്ടിയില്‍ ആലോചിക്കാതെ തീരുമാനം എടുക്കാനാകില്ല. കെ സുധാകരന് മറുപടിയില്ലെന്ന് പറഞ്ഞ അദ്ദേഹം ലീഗെന്നും യുഡിഎഫിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും എംകെ മുനീര്‍ പറഞ്ഞു. പൊതുപരിപാടി കോണ്‍ഗ്രസ് തീരുമാനിക്കേണ്ടതാണ്. വ്യക്തിപരമായ തീരുമാനം അല്ല ഇവിടെ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം: വിമര്‍ശനവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം

 

കോഴിക്കോട്: പലസ്തീന്‍ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം ഇന്ന് പ്രതികരിച്ചു. സിപിഎമ്മുമായി പരിപാടികളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.

സിപിഎം ഇന്നലെ അവരുടെ പലസ്തീന്‍ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചുവെന്ന് പിഎംഎ സലാം പറഞ്ഞു. ഔദ്യോഗികമായ ക്ഷണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് നാളെ പാര്‍ട്ടി നേതാക്കന്മാര്‍ കൂടിച്ചേര്‍ന്ന് തീരുമാനിക്കും. നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസില്‍ ഇതിനായി നേതാക്കള്‍ യോഗം ചേരും. ഇടി ബഹുമാന്യനായ നേതാവാണ്, അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അത് നാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയാണ് ഇടി മുഹമ്മദ് ബഷീര്‍ എംപി. പലസ്തീന്‍ വിഷയത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയായിരുന്നു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കില്‍ അവിടെ ഒരു മുസ്ലിം വിരുദ്ധ സാഹചര്യം ഉണ്ടായേനെ. ജാതി സെന്‍സസില്‍ കോണ്‍ഗ്രസിന്റെ നിലപാടിനോടൊപ്പമാണ് മുസ്ലിം ലീഗെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചിരുന്നു.

കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ ഈ മാസം 11 നാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. സമസ്ത അടക്കം ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയ സിപിഎം നേതാക്കള്‍ മുസ്ലിം ലീഗിനെ റാലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഉയര്‍ത്തിയാണ് സിപിഎം കോണ്‍ഗ്രസിനെ റാലിയില്‍ പങ്കെടുപ്പിക്കാത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

“1xbet Maroc Apk Télécharger L’application Mobile En Déambulant Androi

"1xbet Maroc Apk Télécharger L'application Mobile En Déambulant AndroidBookmaker...

How many Lung Capillaries Are There?

When it pertains to understanding the human makeup, the...

What is the BRAT Diet plan?

The BRAT diet plan is a well-known dietary method...

Recognizing Kind 1 Diabetes Mellitus: Causes and Threat Factors

Kind 1 diabetes mellitus is a persistent problem characterized...