തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടര്‍ന്ന് വീട് ഭാഗീകമായി തകര്‍ന്നു. പുതുവല്‍ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തന്‍ ചിറയില്‍ ഉസ്മാന്റെ വീടാണ് തകര്‍ന്നത്. മൂന്നാര്‍ ദേവികുളം കോളനിയില്‍ വീടിനു മുകളിലേക്ക് കരിങ്കല്‍ കെട്ട് ഇടിഞ്ഞു വീണ് അപകടം. വില്‍സന്‍ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകള്‍ പതിച്ചത്. വില്‍സനും ഭാര്യയും രണ്ടു കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. പാംബ്ല ഡാമിന്റെ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി നിയന്ത്രിതമായ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാര്‍ തീരത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമണ്‍ കോസ് വേ വെള്ളത്തില്‍ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താന്‍ 400 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയാണിത്. എറണാകുളം കോതമംഗലത്ത് കിഴക്കന്‍ മേഖലയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി. ബ്ലാവനയില്‍ ജങ്കാര്‍ സര്‍വ്വീസ് നിലക്കുകയും ചെയ്തതോടെ ആറും ഏഴും വാര്‍ഡിലെ ജനങ്ങള്‍ ദുരിതത്തിലായി. അതുപോലെ ഇടുക്കി രാജാക്കാട് – മൈലാടും പാറ റൂട്ടില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കള്‍ കാട് കോളനിക്ക് സമീപമാണ് മരം വീണത്. മരം മുറിച്ചു മാറ്റാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുളള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴാനും കൊമ്പൊടിഞ്ഞ് വീഴാനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂന മര്‍ദ്ദപാത്തി സ്ഥിതിചെയ്യുണ്ട്. ഗുജറാത്തിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഇടിന്നലോടെ മഴയും ശക്തമായ കാറ്റോടെയുള്ള മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ക്രഷര്‍ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; തിരുവനന്തപുരം സ്വദേശി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയില്‍ ക്രഷര്‍ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
കളിയിക്കാവിളയില്‍ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റര്‍ അകലെ കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതേദഹം കണ്ടെത്തിയത്. പൊലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാര്‍ക്ക് ചെയ്തതായി അറിഞ്ഞു. പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റിലുള്ള ദീപു ബെല്‍റ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. പണത്തിന് വേണ്ടി ചിലര്‍ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയും സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ വീണ്ടും മാറ്റം; ഇളവ് അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വീണ്ടും മാറ്റം. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലപരിധി 18 ല്‍ നിന്ന് 22 വര്‍ഷമായി ഉയര്‍ത്തി.
ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ ( 25ന്) നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്‌കൂള്‍ സിഐടിയു യൂണിയന്‍ നടത്തുന്ന സമരം നിര്‍ത്തിയേക്കും.