ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. സുല്‍ത്താന്‍ ബത്തേരി കുപ്പാടി ഓടപ്പള്ളം പ്ലാക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണ(52)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട്-രണ്ട് ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്.
2021 ആഗസ്റ്റ് 24-നായിരുന്നു സംഭവം. ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധത്താല്‍ കുപ്പാടി, ഓടപ്പള്ളത്തുള്ള വീട്ടിലെ അടുക്കളയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ ഭാര്യ ഷിനി(45)യുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിറ്റേ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
പിന്നാലെ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്നത്തെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐമാരായ ഉദയകുമാര്‍, ജമീല എന്നിവരും അന്വേഷണത്തില്‍ അദ്ദേഹത്തെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഹാജരായി. എസ്.സി.പി.ഒ. നൂര്‍ മുഹമ്മദ്, സി.പി.ഒ. അനൂപ് പി. ഗുപ്ത എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.
വിവാഹാലോചനയില്‍ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ചു; ആക്രമണത്തില്‍ 5 പേര്‍ക്ക് വെട്ടേറ്റു
വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയില്‍ ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ 2 പേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.
രാത്രി 10 നു വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സജ്‌നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടില്‍ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.
അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മല സീതാരാമന്‍
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇലക്ടറല്‍ ബോണ്ടിലെ ചില ഭാഗങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞ അവര്‍, മികച്ച കൂടിയാലോചനകളിലൂടെ അവ ഏതെങ്കിലും രൂപത്തില്‍ തിരികെ കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ഞങ്ങള്‍ക്ക് നിക്ഷേപകരുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിര്‍മിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. പ്രാഥമികമായി, സുതാര്യത നിലനിര്‍ത്തി ഇലക്ടറല്‍ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂര്‍ണമായി ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിര്‍മല വ്യക്തമാക്കി. ഇതാദ്യമായല്ല ഇലക്ടറല്‍ ബോണ്ടിനെ അനുകൂലിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തുന്നത്. മുന്‍പ് ഉണ്ടായിരുന്ന സംവിധാനത്തേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഇലക്ടറല്‍ ബോണ്ടെന്ന് അവര്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ധനസഹായം കുറ്റമറ്റതാക്കാനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നതെന്നും തിരഞ്ഞെടുപ്പ് ഫണ്ടിങ് കൂടുതല്‍ സുതാര്യതയിലൂടെ നടക്കേണ്ടതുണ്ടെന്നും നിര്‍മല വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ 2018 ജനുവരി രണ്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌ക്കരിച്ചത്. എന്നാല്‍ 2024 ഫെബ്രുവരി 15-ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അത് റദ്ദാക്കണമെന്ന് വിധിച്ചു.
കോവിഡുമായുള്ള 613 ദിവസം നീണ്ട പോരാട്ടം; ഒടുവില്‍ മരണത്തിന് കീഴടങ്ങി വയോധികന്‍
ഏറ്റവുമധികം കാലം കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരന്‍ വിടവാങ്ങി. ഡച്ചുകാരനായ ഇദ്ദേഹം 613 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരണമടഞ്ഞത്.
ഇദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നത്തേക്കുറിച്ച് ആംസ്റ്റര്‍ഡാം സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയില്‍ വച്ച് നടക്കാനിരിക്കുന്ന മെഡിക്കല്‍ സമ്മിറ്റില്‍ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.
2022 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. ഇതിനുമുമ്പ് രക്തത്തെ ബാധിക്കുന്ന തകരാറും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതിനുപിന്നാലെ അമ്പതു പ്രാവശ്യത്തിലേറെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
ഇരുപതുമാസത്തോളമാണ് ദീര്‍ഘകാല കോവിഡുമായി വയോധികന്‍ ജീവിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും നീളമേറിയ കോവിഡ് കാലയളവും ഇദ്ദേഹത്തിന്റേതാണ്. നേരത്തേ 505 ദിവസത്തെ കോവിഡ് പോരാട്ടത്തിനൊടുവില്‍ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിനേയും മറികടക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പോരാട്ടം.
ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതിനുമുമ്പേ പലവിധ വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നുവെങ്കിലും പ്രതിരോധശക്തി പാടേ നഷ്ടപ്പെടുകയായിരുന്നു. കോവിഡ് ആന്റിബോഡ് ട്രീറ്റ്‌മെന്റായ സോട്രോവിമാബിനെപ്പോലുള്ള ചികിത്സകളേയെല്ലാം പ്രതിരോധിക്കുന്നതായിരുന്നു ഈ വൈറസ്.
വകഭേദം സംഭവിച്ച വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ന്നില്ലെങ്കിലും ഈ മഹാമാരിയുടെ ജനിതകമാറ്റം എത്രത്തോളം തീവ്രമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് ഗവേഷകര്‍ പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവരില്‍ സാര്‍സ്-കോവ് 2 അണുബാധ തുടരെയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച അമേരിക്കയിലെ ഇരുപത്തിനാലു ശതമാനത്തോളം പൗരന്മാരിലും ലക്ഷണങ്ങള്‍ മൂന്നുമാസത്തിലേറെ നീണ്ടുനിന്നിട്ടുണ്ടെന്നും(ലോങ് കോവിഡ്) ഗവേഷകര്‍ പറയുന്നു.
കോവിഡ് വന്നുമാറിയ ചിലരില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല അനുബന്ധപ്രശ്‌നങ്ങളാണ് ലോങ് കോവിഡ്. ഗുരുതരമല്ലെങ്കിലും കേരളത്തിലും ധാരാളമാളുകളില്‍ ഇതുകാണുന്നു.
ലക്ഷണങ്ങളും പ്രശ്‌നങ്ങളും
• വിട്ടുമാറാത്ത ക്ഷീണം
• അമിത കിതപ്പ്, ശ്വാസംമുട്ടല്‍
• ആസ്ത്മ സമാന ലക്ഷണങ്ങള്‍. ആസ്ത്മ വഷളാകല്‍
• രക്തത്തില്‍ ഓക്‌സിജന്‍ അളവ് ചെറുതായി കുറയല്‍
• ശ്വാസകോശസ്തരത്തില്‍ ഓക്‌സിജന്‍ -കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതക കൈമാറ്റത്തിലെ പ്രശ്‌നങ്ങള്‍
• എക്‌സ്-റേ, സി.ടി. സ്‌കാന്‍ എന്നിവയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തുന്ന പാടുകള്‍. ഈ പാടുകള്‍ മിക്കവരിലും ക്രമേണ കുറയുന്നതായാണ് വിലയിരുത്തല്‍.
പോളിങ് ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി; രണ്ടുദിവസത്തിന് 2650 വരെ കിട്ടും
ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കി നിശ്ചയിച്ചു. പ്രിസൈഡിങ് ഓഫീസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, റിഹേഴ്സല്‍ പരിശീലകര്‍, പോളിങ്സാമഗ്രികള്‍ വിതരണം/ സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ക്ക് 600 രൂപയും പുറമേ 250 രൂപ ഭക്ഷണച്ചെലവിനും നല്‍കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
ഇത് ദിവസവേതനം- 350, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ -250, ഡി.എ.- 600 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ ഈ ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ 2650 രൂപ ലഭിക്കും.
റിഹേഴ്സല്‍ പരിശീലകര്‍, പോളിങ് സാമഗ്രികള്‍ വിതരണം / സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്തതിനാല്‍ 250 രൂപ കുറയും. 2400 രൂപ ലഭിക്കും. പ്രിസൈഡിങ് ഓഫീസര്‍ക്ക് ഫോണ്‍ ഉപയോഗത്തിന് 50 രൂപ അധികംനല്‍കും.
പോളിങ് ഓഫീസര്‍, റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലന സഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് 500 രൂപയും 250 രൂപ ഭക്ഷണത്തിനും നല്‍കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് ദിവസവേതനം- 250, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 500 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് രണ്ടുദിവസത്തേക്ക് ആകെ 2250 രൂപ ലഭിക്കും.
റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലനസഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്തതിനാല്‍ 250 രൂപ കുറയും. ആകെ 2000 രൂപ ലഭിക്കും. ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് 400 രൂപയും ഭക്ഷണത്തിന് 250 രൂപയും വീതമാണ് നിശ്ചയിച്ചിരുന്നത്. ഇത് ദിവസവേതനം- 200, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 350 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ മേല്‍ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ 1850 രൂപ ലഭിക്കും.