താനൊരാള്‍ മാത്രം വിചാരിച്ചാല്‍ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്നില്ല. എംഎല്‍എ എന്ന നിലയില്‍ നല്‍കിയ കത്തുകള്‍ക്ക് പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു..
നിര്‍ണായക കാര്യങ്ങളില്‍ മറുപടി നല്‍കാത്തത് മാസപ്പടി മുഖ്യമന്ത്രിയിലെത്തുമെന്ന ഭയം മൂലമാണ്. വിജിലന്‍സ് വകുപ്പില്‍ നിന്ന് വിചാരണക്ക് അനുമതി ചോദിച്ച് എത്ര കേസുകള്‍ വന്നുവെന്നും അതില്‍ എത്രയെണ്ണത്തിന് അനുമതി നല്‍കിയെന്നും ചോദ്യത്തിന് മറുപടി നല്‍കിയില്ല. സെപ്തംബര്‍ 21 നാണ് അപേക്ഷ നല്‍കിയത്. വിജിലന്‍സ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചത്. എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സിന് നല്‍കിയ പരാതിയിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ നല്‍കുന്നില്ല. മാസപ്പടിയില്‍ ഉള്‍പ്പെട്ട 1.2കോടി രൂപയ്ക്ക് നികുതി അടച്ചോ എന്നായിരുന്നു ചോദ്യം. ധനവകുപ്പ് എക്‌സാലോജിക്കിന്റെ വിവരങ്ങള്‍ മാത്രം നല്‍കി. നാല് കത്തുകള്‍ ഇതുവരെ നല്‍കിയിട്ട് ഒന്നിനും മറുപടിയില്ല. അഴിമതിക്കെതിരായ പോരാട്ടം യുവാക്കള്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ അദ്ദേഹം താനൊരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ അഴിമതി കുറയില്ലെന്നും പറഞ്ഞു.
റബ്‌കോയില്‍ നടന്നത് സിപിഎം നേതൃത്വത്തിന്റെ വലിയ അഴിമതിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 2019 ല്‍ 238 കോടി രൂപയാണ് സര്‍ക്കാര്‍ റബ്‌ക്കോയ്ക്ക് നല്‍കിയത്. 11 തവണയായി പലിശ സഹിതം തിരിച്ച് അടയ്ക്കണം എന്നായിരുന്നു ധാരണ. എന്നാല്‍ പണം തിരിച്ചടച്ചില്ല. റബ്‌ക്കോയ്‌ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. വരും നാളുകളില്‍ ഈ പണം എഴുതിത്തള്ളനാണ് നീക്കം. സിപിഎം നേതാക്കളുടെ അഴിമതിയെ ഫണ്ട് ചെയ്യുന്ന സര്‍ക്കാരായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറി.
കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിയമവശം പരിശോധിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമവശം പരിശോധിച്ച ശേഷം താന്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
അനുനയത്തിന് സുധാകരന്‍; ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ചു; പരാമര്‍ശം ലീഗിനെക്കുറിച്ചല്ലെന്നും വിശദീകരണം
തിരുവനന്തപുരം: സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രസ്താവനയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മറുപടിയില്‍ അമര്‍ഷം രേഖപ്പെടുത്തി ലീഗ്. പരാമര്‍ശം വിവാദമാകുന്ന പശ്ചാത്തലത്തില്‍ ലീഗ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സുധാകരന്‍. നേതാക്കളെ കെ. സുധാകരന്‍ ഫോണില്‍ വിളിക്കുകയും പരാമര്‍ശം ലീഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു.
പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തിയിരുന്നു. സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു സലാമിന്റെ പ്രതികരണം. സിപിഎമ്മുമായി പരിപാടികളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. വരുന്ന ജന്മം പട്ടിയാകുന്നിന് ഇപ്പോഴേ കുരയ്ക്കാന്‍ പറ്റുമോ എന്നും ഇന്നലെ പ്രതികരണത്തിനിടെ സുധാകരന്‍ ഇന്നലെ പരാമര്‍ശം നടത്തിയിരുന്നു. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.
സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നുമാണ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കില്‍ അവിടെ ഒരു ഇസ്ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ. ജാതി സെന്‍സസില്‍ കോണ്‍ഗ്രസിന്റെ നിലപാടിനോടൊപ്പമാണ് ലീഗെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
കെപിസിസി മുന്നറിയിപ്പ്: മലപ്പുറത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് നേതാക്കള്‍ പിന്മാറി
മലപ്പുറം: കെപിസിസി മുന്നറിയിപ്പിനെ തുടര്‍ന്ന് ആര്യാടന്‍ ഷൗക്കത്ത് നടത്തുന്ന മലപ്പുറത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറി. പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്ന കെപിസിസി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്.അതേസമയം, പ്രധാന നേതാക്കള്‍ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന് ആര്യാടന്‍ ഫൗണ്ടേഷന്‍ അറിയിച്ചു. മലപ്പുറത്തെ വിഭാഗീയതകള്‍ സംബന്ധിച്ച് നേരത്തെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് ആര്യാടന്‍ ഫൌണ്ടേഷന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കുന്നത്.
പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് പിന്മാറുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് ഇന്നലെ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. താക്കീത് നല്‍കിക്കൊണ്ടുള്ള കെപിസിസി നിര്‍ദേശം കിട്ടിയിട്ടില്ല. ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനം അല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കെപിസിസി കത്ത് കിട്ടിയാല്‍ മറുപടി നല്‍കുമെന്നും ആര്യാടന്‍ ഫൗണ്ടേഷന്റെ പേരിലിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പറയുന്നു.
പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടന്‍ ഷൗക്കത്തിന് കടുത്ത മുന്നറിയിപ്പുമായി കെസിപിപി നേതൃത്വം രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരും. ആര്യാടന്‍ ഷൗക്കത്ത് നടത്തുന്നത് പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഭൂരിഭാഗം നേതാക്കളും പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.
പട്ടി പരാമര്‍ശം: പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കി, സിപിഎമ്മിനെ രക്ഷിക്കാന്‍ ശ്രമമെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: ജനവിരുദ്ധ നയങ്ങള്‍ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏത് വിധേനയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇടിയുടെ പ്രസ്താവനക്കെതിരായ പട്ടി പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വച്ച് മുസ്ലിം ലീഗിന്റെ എംപിയായ ഇടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പലതവണ പറഞ്ഞിരുന്നു. പിന്നീടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അറിയാത്ത വിഷയത്തില്‍ സാങ്കല്‍പ്പികമായ സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും എന്ന ആശയമാണ് ‘അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരക്കണമോയെന്ന്’ തമാശ രൂപേണ പ്രതികരിച്ചത്. അതിനെ തന്റെ പ്രസ്താവന മുസ്ലീംലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്തനല്‍കി. സിപിഎമ്മിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കാന്‍ വേണ്ടി ചിലര്‍ പണിയെടുക്കുന്നതിന്റെ ഭാഗമാണ് വിവാദമെന്നും അദ്ദേഹം വിമര്‍ശിച്ചു.
അഞ്ച് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ളത്. കേരളത്തിലെ മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താന്‍. വളച്ചൊടിച്ച് വാര്‍ത്ത നല്‍കി കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായി ബോധ്യം മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരുമായി ഈ വിഷയം താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി ഡോ. വി. വേണു നവംബര്‍ 10 -ന് നേരിട്ട് വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി നടപടികളെ ലാഘവത്തോടെ സര്‍ക്കാര്‍ എടുക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജോയന്റ് കൗസിലിന്റെ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പൊതുഖജനാവിലെ പണം ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊതുരേഖയാണെന്ന് ജോയന്റ് കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ വാദിച്ചു.
എന്നാല്‍, 2021 ഏപ്രില്‍ 30-ന് ലഭിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും കോടതിയില്‍ ചൂണ്ടിക്കാട്ടി. 2021 ഏപ്രിലില്‍ ലഭിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനമെടുക്കാത്ത സര്‍ക്കാര്‍, സുപ്രീം കോടതി നടപടികളെ മറികടക്കാനല്ലേ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് കൈമാറുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ സമയം തേടിയശേഷം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതിനെ കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വിമര്‍ശനം അഭിഭാഷകര്‍ക്കെതിരെയല്ലെന്നും മുഖ്യമന്ത്രിക്കെതിരെയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് അടുത്ത വെള്ളിയാഴ്ചയ്ക്കകം കൈമാറിയാല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല. ഹര്‍ജിക്കാര്‍ക്ക് പകര്‍പ്പ് ലഭിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. മന്ത്രിസഭാ രേഖകളുടെ പരിധിയില്‍ വരുന്നതെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് അനന്തമായി രഹസ്യമാക്കി വെക്കാന്‍ കഴില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പഴയ പെന്‍ഷന്‍ പദ്ധതി മറ്റുചില സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാരും റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അഭയ് എസ്. ഓക അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് കൈമാറാത്തതെന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട് പരസ്യമായാല്‍ ജീവനക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാകുമെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
2013 ഏപ്രില്‍ ഒന്ന് മുതലാണ് സംസ്ഥാനത്ത് പുതിയ പെന്‍ഷന്‍ സ്‌കീം അഥവാ പങ്കാളിത്ത പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കിയത്. ഈ പെന്‍ഷന്‍ സ്‌കീമിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെയിടയില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പുനഃപരിശോധനക്ക് മൂന്നംഗ സമിതിക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ രൂപംനല്‍കി. 2021 ഏപ്രില്‍ 30-ന് സമിതി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ജോയന്റ് കൗസിലിന്റെ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ തേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് കൈമാറാന്‍ തയ്യാറായില്ല.
ഇതിനെതിരെ വിവരാവകാശ കമ്മീഷണര്‍ക്ക് ജോയന്റ് കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ രേഖകളുടെ പരിധിയില്‍വരുന്നതാണ് റിപ്പോര്‍ട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് ജയചന്ദ്രന്‍ കല്ലിങ്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്.