ദില്ലി: പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേര്‍ന്ന എന്‍ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എന്‍ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കള്‍ അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാര്‍ട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. ശിവസേനയടക്കമുള്ള പാര്‍ട്ടികളും പിന്തുണക്കത്ത് നല്‍കി. എന്തൊക്കെ ഉപാധികളാണ് തങ്ങള്‍ക്കുള്ളതെന്ന കാര്യത്തില്‍ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ എന്‍ ഡി എ വേഗത്തിലാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ നേതാക്കള്‍ ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണും. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാകും ആവശ്യപ്പെടുക.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആലോചനയില്‍ നിന്നും ഇന്ത്യ മുന്നണി പിന്‍വാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എന്‍ ഡി എ സര്‍ക്കാരിനുള്ള കത്ത് നല്‍കിയ സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത മങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രാദേശിക കക്ഷികള്‍ ശ്രമിച്ചാല്‍ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യത്തിലുള്ള ചര്‍ച്ചകളിലേക്കാണ് കടന്നത്. യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോണ്‍ഗ്രസ് നീക്കം. 99 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ അവകാശവാദം മുന്നണി യോഗത്തില്‍ അംഗീകരിക്കപ്പെടാനാണ് സാധ്യത.
ഇടുക്കിയില്‍ രണ്ടുവയസുകാരിയെ ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
ഇടുക്കിയില്‍ പൈനാവില്‍ രണ്ടുവയസുകാരിയെ ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശിക്കും പൊള്ളലേറ്റു. പൊള്ളലേറ്റത് പൈനാവ് സ്വദേശി അന്നക്കുട്ടി(75) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ്. ആക്രമണം നടത്തിയത് അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.
കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നത്തിന്റെ വിവരം ലഭിച്ചിട്ടില്ല. 30 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്‍ ഡി എ കക്ഷികളുടെ യോഗം അവസാനിച്ചു, തീരുമാനങ്ങള്‍ എന്തെല്ലാം?
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ ഡി എ കക്ഷികളുടെ യോഗം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ യോഗത്തില്‍ തീരുമാനമായി. എന്‍ഡിഎയിലെ എല്ലാ കക്ഷികളും പിന്തുണാകത്ത് നല്‍കും എന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തദിവസം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും ചെയ്യുമെന്നാണ് വിവരം.
ബിജെപിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷത്തില്‍ എത്താനായിട്ടില്ലെങ്കിലും എന്‍ഡിഎക്ക് ആകെ 292 സീറ്റ് ലഭിച്ചിട്ടുണ്ട്. 543 അംഗ പാര്‍ലമെന്റില്‍ 272 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍ഡിഎയിലേക്ക് തിരികെയെത്തിയ ബിഹാറിലെ ജെഡിയു, ആന്ധ്രാപ്രദേശിലെ ടിഡിപി എന്നിവരുടെ കരുത്തിലാണ് ബിജെപി വീണ്ടും അധികാരത്തിലേറുന്നത്.
അതിനാല്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന ജെഡിയു, ടിഡിപി, പവന്‍ കല്യാണിന്റെ ജനസേന എന്നിവയിലായിരുന്നു എല്ലാ കണ്ണുകളും. ആഭ്യന്തരമന്ത്രി അമിത് ഷാ, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജെഡിയു നേതാക്കളായ ലല്ലന്‍ സിംഗ്, സഞ്ജയ് ഝാ എന്നിവര്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം എന്‍ഡിഎ യോഗം കഴിഞ്ഞ ശേഷം ആദ്യം പുറത്തിറങ്ങിയത് നിതീഷ് കുമാറാണ്. ജെഡിയുവും നിതീഷ് കുമാറും എന്‍ഡിഎ യോഗത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിസഭയില്‍ നാല് സ്ഥാനങ്ങളാണ് ജെഡിയു ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാറിലെ മറ്റൊരു കക്ഷിയായ എല്‍ജെപിയും ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസ്ഥാനത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയാണ് ടിഡിപിയുടെ ഡിമാന്‍ഡ്. ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റുകളില്‍ 16 ലും ടിഡിപി വിജയിച്ചപ്പോള്‍ ബിഹാറിലെ 40ല്‍ 12ലും ജെഡിയു വിജയിച്ചു. ഈ കക്ഷികള്‍ ഒപ്പമില്ലായിരുന്നെങ്കില്‍ വിധി ചിലപ്പോള്‍ മറിച്ചായേനെ. എന്നാല്‍ നിലവില്‍ എന്‍ഡിഎക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നാണ് ഇരുകക്ഷി നേതാക്കളും പറഞ്ഞിരിക്കുന്നത്.
രാഷ്ട്രപതിയോട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ മുതിര്‍ന്ന എന്‍ഡിഎ നേതാക്കളെല്ലാം എത്തും എന്നാണ് വിവരം. അതേസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കും എന്ന് ജെഡിയു എംപി സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. എല്ലാ എംപിമാരുടെയും യോഗം ഉടന്‍ നടക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ എട്ടിന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് എന്‍ഡിഎയുടെ നീക്കം.
ഇതിന്റെ ഭാഗമായി ബുധനാഴ്ച രാവില രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് കൈമാറിയിരുന്നു. മോദിയുടെ രാജി സ്വീകരിച്ച രാഷ്ട്രപതി അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായിരിക്കാന്‍ അദ്ദേഹത്തോടും മന്ത്രിസഭയോടും ആവശ്യപ്പെട്ടു. അതേസമയം തുടര്‍ഭരണത്തിലേക്കെത്തിയെങ്കിലും പരിതാപകരമാണ് ബിജെപിയുടെ നില.
ഒറ്റക്ക് കേവലഭൂരിക്ഷത്തേക്കാള്‍ 100 സീറ്റ് അധികം ലഭിക്കും എന്നും എന്‍ഡിഎക്ക് 400 സീറ്റും അവകാശപ്പെട്ടാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഇക്കാര്യം പലകുറി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2019 ല്‍ 303 സീറ്റ് നേടിയ ബിജെപി ഇത്തവണ 240 ല്‍ ഒതുങ്ങി. 60 സീറ്റാണ് ബിജെപിക്ക് നഷ്ടമായത്. സ്മൃതി ഇറാനി അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ തോല്‍ക്കുകയും ചെയ്തു.
അതേസമയം മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യ സഖ്യം 238 സീറ്റുകളാണ് നേടിയത്. എന്‍ഡിഎയില്‍ ഏതെങ്കിലും തരത്തില്‍ അതൃപ്തരാകുന്ന കക്ഷികളെ ഒപ്പം നിര്‍ത്താന്‍ ഇന്ത്യ മുന്നണി ശ്രമിച്ചേക്കും. ടിഡിപി, ജെഡിയു എന്നീ കക്ഷികളേയും ഇരുമുന്നണിയിലേയും ഉള്‍പ്പെടാത്ത വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നിവരേയും ഇന്ത്യാ സഖ്യം നോട്ടമിടുന്നുണ്ട്.