രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും ധനമന്ത്രി നടത്തിയിട്ടില്ല. നികുതി അളവുകളില്‍ വര്ധനവുണ്ടാകുമെന്ന് മധ്യവര്‍ഗത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. വോട്ട് ഓണ്‍ അക്കൗണ്ട് ബജറ്റ് ആണെങ്കിലും ബജറ്റ് ജനപ്രിയമായില്ല എന്നുതന്നെ പറയാം. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം അടുത്ത സര്‍ക്കാര്‍ ചുമതലയേറ്റാല്‍ ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍
* ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും.
* രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാലുല്‍പാദനം കൂട്ടും
* സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും.
* 50 വര്‍ഷത്തിന്റെ പരിധി സംസ്ഥാനങ്ങള്‍ക്ക് വായ്പ
* ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും.
* ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കും.
* ആയുഷ്മാന്‍ ഭാരത് പദ്ധതി അങ്കണ്‍വാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.
* കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്താകെ സ്ഥാപിക്കും.
* പുതിയ റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും.
* വിമാനത്താവള വികസനം തുടരും. വ്യോമഗതാഗത മേഖല വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും
* വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും.
* ഇ – വാഹനരംഗ മേഖല വിപുലമാക്കും
* ജനസംഖ്യ വര്‍ദ്ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.
* ഇന്ത്യ ആത്മീയ വിനോദത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യ: ആരോപണ വിധേയര്‍ക്കെതിരെ നടപടി
കൊല്ലം പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ ഒടുവില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ ജലീലിനേയും എ പി പി ശ്യാം കൃഷ്ണ കെ ആറിനെയും ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ 11 ദിവസമായിട്ടും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാതെ ഇഴഞ്ഞ് നീങ്ങുകയാണ് പൊലീസ് അന്വേഷണം.
ജി എസ് ജയലാലിന്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി നടപടി വിശദീകരിച്ചത്. പൊലീസ് ചോദ്യം ചെയ്യലിനും കേസെടുക്കലിനും മുന്നേയാണ് സസ്‌പെന്‍ഷന്‍. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും ഡയറിക്കുറിപ്പുകളും ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മേലുദ്യോഗസ്ഥനായ ഡി ഡി പി അബ്ദുള്‍ ജലീലിന്റേയും സഹപ്രവര്‍ത്തകനും ജൂനിയറുമായ ശ്യാം കൃഷ്ണയുടേയും മാനസിക – തൊഴില്‍ പീഡനത്തിന്റെ മനോവിഷമത്തിലായിരുന്നു അനീഷ്യയെന്ന് ശബ്ദ സന്ദേശങ്ങളിലും ഡയറിക്കുറിപ്പിലും വ്യക്തം.
എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം ഇതൊക്കെയാണെന്നതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്. പരാതി അട്ടിമറിക്കാന്‍ കൊല്ലം കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയെ ഭീഷണിപ്പെടുത്തിയെന്ന അഭിഭാഷകന്‍ കുണ്ടറ ജോസിന്റെ ആരോപണത്തില്‍ അന്വേഷണം തത്കാലമില്ല.
പരവൂര്‍ മജിസ്‌ട്രേറ്ററ്റിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം കൊല്ലം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തൊഴില്‍ പീഡനത്തെക്കുറിച്ച് അനീഷ്യ മജിസ്‌ട്രേറ്റിന് അയച്ച മൊബൈല്‍ സന്ദേശത്തിന്റെ നിജസ്ഥിതി അറിയുകയാണ് ലക്ഷ്യം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശാനുസരണം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിഡിപിയുടെ അന്വേഷണവും തുടരുകയാണ്.
മസാല ബോണ്ട് കേസ്; തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്
മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. അടുത്ത വെള്ളിയാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നില്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ജി അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മസാല ബോണ്ട് കേസില്‍ ഇഡി നടപടിക്കെതിരെ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം എബ്രഹാമുമമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമന്‍സ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിള്‍ ബഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമന്‍സ് എന്നുമാണ് ഇരുവരുടെയും വാദം. എന്നാല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കിഫ്ബി നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.
റോഡ് പണി വിവാദം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തലസ്ഥാന നഗരത്തില്‍ നടക്കുന്ന റോഡ് പണി സംബന്ധിച്ച വിവാദത്തില്‍ വിമര്‍ശിച്ചത് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. കരാരുകാരന്‍ ഉഴപ്പിയപ്പോള്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കില്‍ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ അന്വേഷണത്തില്‍ പുതിയതായി ഒന്നും പറയാനില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തലസ്ഥാനത്തെ റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
തലസ്ഥാന നഗരത്തിലെ റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വര്‍ഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ വികസന സമിതി യോഗത്തില്‍ കടകംപള്ളി പ്രസംഗിച്ചത്.
എന്നാല്‍, ആകാശത്ത് റോഡ് നിര്‍മ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം പിടിവിട്ടു. സംസ്ഥാന സമിതിയിലെ തന്നെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കടകംപള്ളിയെ കരാറുകാരുമായുള്ള കള്ളക്കളി കൂടി ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയ നടപടി ശരിയായില്ലെന്നാണ് മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം.
ഗ്യാന്‍വാപി പൂജ; സുപ്രീം കോടതിയില്‍ അടിയന്തര വാദത്തിന് മുസ്ലീം വിഭാഗം, തടസ്സ ഹര്‍ജിയുമായി ഹിന്ദു വിഭാഗം
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതിവിധിക്കെതിരെ അടിയന്തര വാദത്തിന് സുപ്രിം കോടതിയെ സമീപിച്ച് മുസ്ലീം വിഭാഗം. എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് രജിസ്ട്രി നിര്‍ദേശം നല്‍കിയത്. അതിനിടെ, ഹിന്ദു വിഭാഗം തടസ്സ ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
ഗ്യാന്‍ വ്യാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താന്‍ ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ മുസ്ലിം വിഭാഗം ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു വിഭാഗത്തിന്റെ തടസ്സഹര്‍ജി കോടതിയിലെത്തിയത്. അതിനിടെ, കോടതി പൂജയ്ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗം ആരാധന നടത്തി. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്.
പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് കോടതി പൂജയ്ക്ക് അനുവാദം നല്‍കിയിരുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്. പൂജക്ക് കോടതി അനുമതി നല്‍കിയതോടെ വാരാണസിയില്‍ സുരക്ഷ കൂട്ടി. ക്രമീകരണങ്ങള്‍ ശക്തമാക്കിയെന്നും കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയത്. കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ഒരുക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവിടുത്തെ പത്ത് നിലവറകളില്‍ പൂജചെയ്യാനാണ് അനുമതി. ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
പൂജ നടത്തുന്ന പ്രദേശത്ത് ഇരുമ്പ് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീംകോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. 1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്നാണ് ഹിന്ദു വിഭാഗം വാദിച്ചത്. ഇവിടുത്തെ പൂജാരിയായിരുന്ന സോംനാഥ് വ്യാസിന്റെ നേതൃത്വത്തിലാണ് പൂജകള്‍ നടന്നത്.
എന്നാല്‍ മുലായം സിങ്ങ് സര്‍ക്കാര്‍ 1993 നവംബറില്‍ ഇവിടെ പൂജകള്‍ വിലക്കിയെന്നാണ് ഹിന്ദുവിഭാഗം വാദിച്ചത്. എന്നാല്‍ അനുമതിക്കതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മസ്ജിജ് കമ്മറ്റി വ്യക്തമാക്കുന്നത്. മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അടുത്തിടെ ഹിന്ദു വിഭാഗം പുറത്തുവിട്ടിരുന്നു.
ബിജെപിയ്ക്ക് കേരളത്തിലെ ക്രൈസ്തവരില്‍ നിന്നും പിന്തുണയോ?
പിസി ജോര്‍ജ്ജ് ബിജെപിയിലേക്കെന്നുള്ള വാര്‍ത്തകളായിരുന്നു മാധ്യമങ്ങളിലെങ്ങും. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി ചര്‍ച്ചകളും നടത്തിയിരുന്നു പിസി. ജോര്‍ജ്ജിനെ പാര്‍ട്ടിയിലെടുക്കുന്നതിനെ സംബന്ധിച്ച് അസ്വാരസ്വങ്ങള്‍ ബിജെപിക്കുള്ളില്‍ തന്നെ പ്രകടമായിരുന്നു.എന്നാല്‍ പിസിയുടെ നിലപാട്, ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാനായിരുന്നു. ജോര്‍ജ്ജിന്റെ രീതി ബിജെപി മുന്‍കൂട്ടി കണ്ടതാണൊയെന്നറിയല്ല ഘടകകക്ഷിയായി മുന്നണിയില്‍ എടുത്താല്‍ ജോര്‍ജ്ജ കൂറുമാറുമോയെന്നുള്ള ആശങ്ക സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ഘടകകക്ഷിയായി ജോര്‍ജിനെ മുന്നണിയിലെടുക്കരുതെന്നും പറഞ്ഞു. ഇതോടെ പാര്‍ട്ടി അംഗത്വം എടുത്താല്‍ സഹകരിപ്പിക്കാം എന്ന നിര്‍ദേശം കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ട് വച്ചു. ഗത്യന്തരമില്ലാതെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ജോര്‍ജ് നിര്‍ബന്ധിതനായി. അങ്ങനെ ദില്ലിയില്‍ ബിജെപി ആസ്ഥാനത്തെത്തി പിസിജോര്‍ജ്ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു.
പിസി ജോര്‍ജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞത്. ബിജെപിക്ക് കേരളത്തിലെ ക്രൈസ്തവരില്‍ നിന്നും പിന്തുണയേറുകയാണ്. പിസി ജോര്‍ജ്ജിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെക്കെത്തുമെന്നുമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പിസി ജോര്‍ജ്ജിന്റെ വരവ് തുടക്കം മാത്രം. ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കറും വ്യക്തമാക്കി.
പിസി ജോര്‍ജിന് പിന്നാലെ കൂടുതല്‍ പേര്‍ കേരളത്തില്‍നിന്ന് ബിജെപിയിലെത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാളും സൂചിപ്പിച്ചു. പിസി ജോര്‍ജിന്റെ വരവ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയുടെ തെളിവാണെന്നും, കേരളത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസും പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പ്രതിപക്ഷ നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ ദേശീയ നേതൃത്വം നീക്കങ്ങള്‍ സജീവമാക്കിയതിന് പിന്നാലെയാണ് കേരളത്തില്‍നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുന്നത്. ടോം വടക്കനും അനില്‍ ആന്റണിയും ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാദര്‍ ഷൈജു കുര്യനും പിസി ജോര്‍ജും വരെ ബിജെപിയിലെത്തി. രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നും ബിജെപിക്ക് കിട്ടുന്ന പിന്തുണയുടെ കൂടി തെളിവാണിതെന്നാണ് രാധാമോഹന്‍ദാസ് അഗര്‍വാളും അവകാശപ്പെടുന്നു.
ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യം തന്നെയാണ് ബിജെപിയുടെ അജണ്ട. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തിലെ മാതാവിന്റെ രൂപത്തില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് നേരത്തെ നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്ഗോപി അറിയിച്ചത്.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായുള്ള നാടകമാണിതെന്നും സുരേഷ് ഗോപിക്കെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. സുരേഷ് ഗോപിയുടെ ജന്മനാട്ടിലോ വളര്‍ന്ന നാട്ടിലോ പുണ്യാളന്മാര്‍ക്കൊന്നും സ്വര്‍ണ കിരീടം ചേരില്ലേയെന്നും മാതാവിന് സ്വര്‍ണക്കീരിടം നല്‍കിയത് വോട്ടിന് വേണ്ടിയാണെന്നുമെല്ലാം ആരോപണമുയര്‍ന്നു. ഇതെല്ലാ വോട്ട് നേടിയെടുക്കാനുള്ള തന്ത്രങ്ങളാണെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷക്ഷങ്ങളോട് ചേര്‍ത്തുനിര്‍ത്താന്‍ വേണ്ടിയാണോെന്നുമെല്ലാമാണ് എതിര്‍പക്ഷക്കാരുടെ ആരോപണം.
2023ലെ ക്രിസ്മസിന് കേരളം, ന്യൂഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാപ്രതിനിധികള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടേതെന്ന് വിരുന്നില്‍ പങ്കെടുത്ത സഭാപ്രതിനിധികള്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിന് ക്രൈസ്തവ സഭകളുടെ പിന്തുണ വേണമെന്ന് ആ സമയത്ത് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍
ഇതാദ്യമായിട്ടാണ് ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. പ്രധാനമന്ത്രിയും സഭാപ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മണിപ്പൂര്‍ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ചയാക്കാന്‍ ആരും ശ്രമിച്ചതുമില്ല. ചെറിയൊരു കൂടിക്കാഴ്ച മാത്രമാണിതെന്നും പ്രധാനമന്ത്രിയും സഭാ പ്രതിനിധികളും പറയുകയും ചെയ്തു. മോദി കേരളം സന്ദര്‍ശിച്ചപ്പോഴും സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗത്തിലെ സഭാപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനായിട്ടാണ് ഈ സന്ദര്‍ശനങ്ങളെല്ലാമെന്ന് കോണ്‍ഗ്രസും സിപിഎമ്മും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിലും മണിപ്പൂര്‍ വിഷയം ചര്‍ച്ചയാക്കാന്‍ ഇരുവിഭാഗവും ശ്രമിച്ചിട്ടുമില്ല.
ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിനായി കൂടുതല്‍ നീക്കങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. ക്രൈസ്തവ വീടുകളില്‍ ഭവന സന്ദര്‍ശനത്തിന് തുടക്കമിടികയും ചെയ്തു ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഈ സന്ദര്‍ശനങ്ങളെല്ലാം. ക്രൈസ്തവ വിശ്വാസികളുടെ ഭവന സന്ദര്‍ശനം പോലുള്ള പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കും. 2019 ല്‍ കിട്ടാതിരുന്ന സീറ്റുകള്‍ 2014ല്‍ പിടിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനോടുണ്ടായ അതൃപ്തി മാറ്റുകയെന്ന ലക്ഷ്യം തന്നെയാണ് ഈ സന്ദര്‍ശനത്തിലൂടെയെല്ലാം ബിജെപി നടപ്പിലാക്കുന്നത്.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരിക്കുകയുമാണ് രാഷ്ടീയ പാര്‍ട്ടികള്‍. ബിജെപി പാളയത്തില്‍ ക്രൈസ്തവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലുമാണ് ബിജെപിസംസ്ഥാന നേതൃത്വം. പിസി ജോര്‍ജ്ജിന്റെയും അനിലിന്റെയും ഫാദര്‍ ഷൈജുകുര്യനുമെല്ലാം വരവ് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.