2024 ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കേരള കോണ്ഗ്രസ്സ്. കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടൻ മത്സരിക്കും. കോട്ടയത്ത് നടന്ന പത്ര സമ്മേളനത്തിൽ ജോസ് കെ മാണി എം പി യാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിലെ കേട്ടയം എം പി കൂടിയായ തോമസ് ചാഴികാടൻ കേരള കോണ്ഗ്രസ്സ് എം വൈസ് ചെയർമാനും മുൻ നിയമസഭ അംഗവുമാണ്.
1991 ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ സഹോദരനായ ബാബു ചാഴികാടന്റെ വിയോഗത്തെ തുടർന്ന് ഏറ്റുമാനൂർ നിയമ സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ചു കൊണ്ടാണ് തോമസ് ചാഴികാടൻ രാഷ്ട്രീയ രംഗത്തേക്കു കടന്നു വരുന്നത്. തുടർന്ന് 1996, 2001, 2006 തിരഞ്ഞെടുപ്പുകളിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചെങ്കിലും 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപെടുകയായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എമ്മിൻ്റെ വി.എൻ. വാസവനെ പരാജയപ്പെടുത്തി ലോക്സഭാ അംഗമായി വിജയിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി വിജയിച്ച കോട്ടയം മണ്ഡലത്തിൽ നിന്നും ഈ വര്ഷം എതിർ പക്ഷമായ എൽ ഡി എഫ് ന്റെ സ്ഥാനാർത്ഥിയായി തോമസ് ചാഴികാടൻ മത്സരിക്കാനിറങ്ങുന്നുവെന്ന പ്രത്യേകത കൂടി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്യത്തിനുണ്ട്.
ലോക്‌സഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സിപിഎം
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും വരാമെന്നിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ ഒരുങ്ങി സിപിഎം. ഓരോ മണ്ഡലത്തിലും വിജയം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുമെന്നാണ് സൂചന. 16നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14ന് എല്ലാ ജില്ലകളിലും ജില്ല എല്‍ഡിഎഫ് യോഗങ്ങള്‍ ചേരും.
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച ജയസാധ്യതയുണ്ടെന്ന് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ സമരവും, നവകേരള സദസും എല്‍ഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിച്ചെന്നും സംസ്ഥാന സമിതി കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രഖ്യാപനമുണ്ട്. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മാനദണ്ഡങ്ങള്‍ പ്രകാരം തീരുമാനമെടുക്കാന്‍ സിപിഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. എത്ര എംഎല്‍എമാര്‍ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ യുവ പ്രാതിനിധ്യം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കും.
എല്‍ഡിഎഫിലെ സീറ്റ് വിഭജനം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ സിപിഎം-15, സിപിഐ-4, കേരള കോണ്‍ഗ്രസ് എം-1 എന്നിങ്ങനെയാണ് മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്ന കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ അവര്‍ യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച കോട്ടയം തന്നെ ലഭിക്കും. സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിലാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. ആര്‍ജെഡിയും ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഘടകകക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം, ആര്‍ജെഡിയെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം, മാവേലിക്കര, കോട്ടയം, തൃശ്ശൂര്‍, വയനാട് മണ്ഡലങ്ങളാണ് ഘടകകക്ഷികള്‍ മത്സരിക്കുന്നത്. ഈ സീറ്റുകളിലൊഴികെയുള്ള പാര്‍ട്ടിസ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അതത് ജില്ലാഘടകങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍കൂടി പരിഗണിച്ചാകും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥിതി തുടരണം എന്ന നിലപാടാണ് സീറ്റ് വിഭജനത്തില്‍ സിപിഎം സ്വീകരിച്ചത്. 2019 വരെ 16 സീറ്റില്‍ സിപിഐഎമ്മും, നാല് സീറ്റില്‍ സിപിഐയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയതോടെയാണ് അവര്‍ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നല്‍കാന്‍ തീരുമാനിച്ചും. 2019ല്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു എല്‍.ഡി.എഫിന് വിജയിക്കാനായത്. ശേഷിക്കുന്ന 19 സീറ്റുകളിലും യു.ഡി.എഫ്. നേടി.
എന്‍ കെ പ്രേമചന്ദ്രനും മോദിയുടെ വിരുന്നും തമ്മില്‍ ബന്ധമുണ്ടോ?
കൊല്ലം എം.പിയായ എന്‍.കെ പ്രേമചന്ദ്രന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും പുതിയൊരു അനുഭവമായിരുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറയുകയും ചെയ്തു. രാഷ്ട്രീയപരമായ കാര്യങ്ങളെക്കുറിച്ച് പരോക്ഷമായി പോലും ചര്‍ച്ചയുണ്ടായില്ല. പുതിയ അനുഭവമായിരുന്നുവെന്നും മോദിയുടെ ജീവിതാനുഭവങ്ങള്‍, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇപ്പോള്‍ പ്രധാനമന്ത്രിയായ സമയത്തുമുള്ള കാര്യങ്ങള്‍ തുറന്ന് സംവദിക്കുകയായിരുന്നു ചെയ്തുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞത്.
ബി.ജെ.പിയ്ക്ക് വോട്ടുകള്‍ ഉള്ള ജില്ലയാണ് കൊല്ലം. ഇക്കുറി മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കുമെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഈ വോട്ട് ബാങ്കില്‍ എന്‍ കെ പ്രേമചന്ദ്രനും ഒരു കണ്ണുണ്ട്. 2019-ല്‍ ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.വി.സാബു, 1,03,339 വോട്ടുകളാണ് നേടിയിരുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കണ്ട്, കഴിഞ്ഞ തവണ കേരളം നല്‍കിയ വോട്ടുകള്‍, ഈ തവണത്തെ തിരഞ്ഞെടുപ്പില്‍ ലഭിക്കില്ലെന്നുള്ള ഉത്തമ ബോധ്യം പ്രേമചന്ദ്രനുണ്ട്. വീണ്ടും വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ യുഡിഎഫിന് കാര്യമായ വോട്ടുകള്‍ ലഭിക്കില്ലെന്നതും പ്രേമചന്ദ്രന് അറിയാം. നേരത്തെ എല്‍ഡിഎഫിലായിരുന്ന ആര്‍ എസ്പി നിലവില്‍ യുഡിഎഫിനൊപ്പമാണ് മത്സരിക്കുന്നത്.
അതു കൊണ്ട് തന്നെ പുതിയ നീക്കവുമായിട്ടാണ് അദ്ദേഹം കളത്തിലിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഡ് ലിസ്റ്റില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞത് കൊല്ലത്തെ ബിജെപി വോട്ടുകള്‍ തനിക്ക് അനുകൂലമാകാന്‍ കാരണമാകുമെന്നതാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍. അതു കൊണ്ട് തന്നെയാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചഭക്ഷണ ക്ഷണം പ്രേമചന്ദ്രന്‍ നിരസിക്കാതിരുന്നതും.
കേരളത്തിലെ മറ്റു എം.പിമാരില്‍ ആരെയും പരിഗണിക്കാതെ പ്രേമചന്ദ്രനെ മാത്രം മോദി സെലക്ട് ചെയ്തതിനു പിന്നിലും, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി, എന്‍.ഡി.എയുടെ ഭാഗമാകണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. മാത്രമല്ല, ഇത്തവണയും പ്രേമചന്ദ്രന്‍ ആര്‍.എസ്.പിയുടെ ഏക എം.പി ആയാല്‍ മുന്നണി മാറ്റത്തിന് മറ്റു തടസ്സങ്ങള്‍ ഉണ്ടാകില്ലന്നും ബിജെപി കരുതുന്നുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തിട്ടുള്ള തീരുമാനമാണ്
പ്രധാനമന്ത്രി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ഉച്ച ഭക്ഷണത്തിന് മോദി ക്ഷണിച്ചവര്‍ എല്ലാം തന്നെ, മോദിയുടെ ഗുഡ് ലിസ്റ്റില്‍ ഇടംപിടിച്ചവരാണ്. പാര്‍ലമെന്റ് കാന്റീനില്‍ നടന്ന വിരുന്നില്‍ ഇന്ത്യമുന്നണിയില്‍ നിന്നും പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് കക്ഷികള്‍ക്ക് ക്ഷീണമുണ്ടാക്കുന്നതാണ് എംപിയുടെ നടപടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്പിയെ അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്.
തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് വിട്ട് എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ പ്രേമചന്ദ്രന് കൊല്ലത്ത് ജയിക്കുക എളുപ്പമല്ല. എന്നാല്‍, യുഡിഎഫിനൊപ്പം നില്‍ക്കുകയാണെങ്കില്‍ ജയസാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ മുന്നണി മാറുകയാകും ആര്‍എസ്പിയുടെ ലക്ഷ്യം. എന്‍ഡിഎ അധികാരത്തിലെത്തുകയും ആര്‍എസ്പി മുന്നണി മാറുകയും ചെയ്താല്‍ പ്രേമചന്ദ്രന് കേന്ദ്രമന്ത്രിയാകാം.
എന്നാല്‍ പ്രേമചന്ദ്രന്റെ ഈ നടപടിയില്‍ തന്ത്രപരമായ നീക്കമാണിപ്പോള്‍ സി.പി.എം നടത്തുന്നത്. കൊല്ലത്ത് നിന്നും പ്രേമചന്ദ്രന്‍ വിജയിച്ചാല്‍ ബി.ജെ.പി പാളയത്തില്‍ എത്തുമെന്ന പ്രചരണത്തിനാണ് സി.പി.എം ഊന്നല്‍ നല്‍കുന്നത്. തൃശൂരിലും തിരുവനന്തപുരത്തും പരാജയപ്പെട്ടാലും പ്രേമചന്ദ്രനിലൂടെ അത് നികത്താനും വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കാനുമാണ് പ്ലാനെന്നാണ് പ്രചരണം. കൊല്ലത്ത് പ്രേമചന്ദ്രനിലൂടെ ബി.ജെ.പി അക്കൗണ്ട് തുറക്കാതിരിക്കാനുള്ള പോരാട്ടമണ് ഇടതുപക്ഷം നടത്താന്‍ പോകുന്നത്. എന്നാല്‍ യു. ഡി.എഫിന്റെ സകല കണക്കു കൂട്ടലുകളും തെറ്റുന്ന കാഴ്ചയും കാണുന്നുണ്ട്.
കര്‍ഷകരോട് സര്‍ക്കാരുകള്‍ക്ക് മനുഷ്യത്വമില്ലാത്ത നിലപാടാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
കോട്ടയം: കര്‍ഷകരോട് സര്‍ക്കാരുകള്‍ക്ക് മനുഷ്യത്വമില്ലാത്ത നിലപാടാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ കൃത്യവിലോപമുണ്ടായി. വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
ആന വയനാട്ടില്‍ എത്തിയിട്ട് വിവരം അറിഞ്ഞില്ല. യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കൂട്ടുനില്‍ക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
10 ലക്ഷം രൂപ പ്രഖ്യാപിച്ചത് ലജ്ജാകരമാണ്. പണമല്ല വേണ്ടത്, ജീവിക്കാന്‍ അനുവദിക്കണം. കര്‍ഷകന്റെ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാകില്ല. അവര്‍ രോഷത്തിലാണ്. അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യങ്ങളൊന്നും നടന്നിട്ടില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവരുടെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാണ് തിരഞ്ഞെടുപ്പെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
പി.സി ജോര്‍ജ് തന്നെ വിളിച്ച് ബിജെപിയില്‍ ചേരുന്നെന്ന് അറിയിച്ചിരുന്നു. താന്‍ ആരെയും ആശീര്‍വദിച്ചിട്ടില്ലെന്നും ബിജെപിയില്‍ ചേരുന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ ആശീര്‍വാദത്തോടെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് നേരത്തെ പി.സി.ജോര്‍ജ് അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.
മണിപ്പൂര്‍ ക്രൈസ്തവ സമൂഹത്തിന്റെ ദുഃഖമാണ്. വേണ്ടസഹായം ലഭിച്ചില്ലെന്ന് സിബിസിഐ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനെ വര്‍ഗീയ കലാപമായി മാറ്റാന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം ആഗ്രഹിക്കുന്നില്ല. മണിപ്പൂര്‍ പ്രശ്നം ഒരു ക്രമസമാധാന പ്രശ്നമായി കാണണം. അങ്ങനെയാണ് വിഷയത്തില്‍ പരിഹാരം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഷന്‍ മഖ്ന വിജയത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്
മിഷന്‍ മഖ്ന വിജയത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ഷകനെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാനായി പുറപ്പെട്ട ദൗത്യസംഘം ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയതായാണ് വിവരം. ആനയെ വളഞ്ഞ് സംഘം ഉടന്‍ മയക്കുവെടി വയ്ക്കും. നാല് കുങ്കി ആനകളും സജ്ജരാണ്. മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനത്തില്‍ തന്നെയാണ് ആന ഇപ്പോഴുമുള്ളത്.
200 അംഗദൗത്യസംഘം വനത്തില്‍ തുടരുകയാണ്. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്ന് വനംവകുപ്പ് ഉച്ചയോടെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. രണ്ട് സിസിഎഫുമാര്‍ മാത്രമാണ് വനത്തിന് പുറത്തുള്ളത്. വൈകുന്നേരത്തിനുള്ളില്‍ ആനയെ മയക്കുവെടിവയ്ക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.
മറ്റ് ജില്ലകളില്‍ നിന്നുള്ള വനംവകുപ്പ് ജീവനക്കാരെയും മിഷന്‍ മഖ്നയ്ക്ക് വേണ്ടി എത്തിച്ചിരുന്നു. റവന്യു, പോലീസ് സന്നാഹങ്ങള്‍ വനത്തിന് പുറത്ത് സജ്ജരായി നില്‍ക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരംവരെ മണ്ണുണ്ടി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. കാട്ടില്‍വെച്ച് ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇതോടെ ആന ഓടി മറ്റൊരു പ്രദേശത്തേക്ക് പോയി. പിന്നീട് റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചെങ്കിലും ആനയെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ ദൗത്യം തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു. വനംവകുപ്പ് സംഘം ദൗത്യം അവസാനിപ്പിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദൗത്യസംഘത്തിന്റെ മൂന്ന് വാഹനങ്ങളും കോളനിക്ക് സമീപത്തെ റോഡില്‍ സ്ത്രീകളടക്കമുള്ളവര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.
ആനയെ പിടിക്കാതെപോയാല്‍ ആരാണ് തങ്ങളുടെ ജീവന് സുരക്ഷനല്‍കുകയെന്ന് പറഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോളനിക്ക് സമീപമുണ്ടായിരുന്ന വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ദിനേഷിനെ ഏറെനേരം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. രാത്രിയില്‍ ആനയെ നിരീക്ഷിക്കാന്‍ വനപാലകരെ നിയോഗിക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.
കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശ സര്‍വകലാശാലയെ സിപിഎം അനുകൂലിക്കുന്നില്ല, സര്‍ക്കാരും പാര്‍ട്ടിയും ഒന്നല്ല- എംവി ഗോവിന്ദന്‍
പാര്‍ട്ടിയും സര്‍ക്കാരും ഒന്നല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാരിന് പാര്‍ട്ടി നിലപാടുകള്‍ മുഴുവന്‍ നടപ്പിലാക്കാനാകില്ലെന്നും എം.വി ഗോവിന്ദന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ സര്‍വകലാശാല വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് ധനമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൂലധന നിക്ഷേപം നേരത്തെ ആരംഭിച്ചതാണ്. ഇക്കാര്യം കേരളം ചര്‍ച്ച ചെയ്യണം. വിദേശ സര്‍വകലാശാല ഉള്‍പ്പെടെയുള്ളവയെ സി.പി.എം അംഗീകരിക്കില്ല. സി.പി.എം നിലപാട് അതേപടി നടപ്പാക്കാന്‍ ഇടതുമുന്നണിക്ക് കഴിയില്ല. എല്ലാവരുമായി ചര്‍ച്ച വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പൊതുവിദ്യാഭാസത്തോടുള്ള പ്രതിബദ്ധതയും സുതാര്യതയും തുല്യതയും നിലനിര്‍ത്തിക്കൊണ്ടാവും ചര്‍ച്ച.
സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ സമരം രാഷട്രീയ വിജയമാണ്. കേരളത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധത്തെ രാജ്യമാകെ അറിയിക്കാന്‍ സാധിച്ചു. ഇടതുപക്ഷം ശബ്ദമുയര്‍ത്തുന്നത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് വേണ്ടി. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ യു.ഡി.എഫുകാര്‍ സ്വീകരിച്ചത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ നടത്തിയ സമരം അവരുടേത് മാത്രമായി ചുരുങ്ങി.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചില മാധ്യമങ്ങള്‍ പിണറായി വിജയന്റേയും മകളുടെ കമ്പനിയുടേയും പേര് വലിച്ചിഴയ്ക്കുന്നു. രാഷട്രീയ പ്രേരിതമായി ബി.ജെ.പി മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം അതിന്റെ ഭാഗമാണ്. ഇതിനെല്ലാം പുറകില്‍ കൃത്യമായ അജണ്ടയുണ്ട്.
എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത് ഷോണ്‍ ജോര്‍ജാണ്. പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പിന്നിലെയുള്ള രാഷ്ട്രീയ അജണ്ട പകല്‍ പോലെ വ്യക്തമാണ്. പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. അപവാദ കള്ള പ്രചാരണങ്ങളെ സിപിഎം എതിര്‍ക്കും.
കോണ്‍ഗ്രസിനെ ക്ഷണിക്കാതെ പ്രേമചന്ദ്രനെ വിരുന്നു പങ്കാളിയാക്കാന്‍ ബിജെപിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് യു.ഡി.എഫ് ബഹിഷ്‌കരിച്ചത് ഏത് സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇപ്പോള്‍ യു.ഡി.എഫ് നേതാവായ പ്രേമചന്ദ്രന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.