കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് തിരിച്ചടി. ഇ.ഡിയുടെ സമന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ എന്താണ് തടസ്സമെന്നും ഐസക്കിനോട് കോടതി ചോദിച്ചു.
കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ തോമസ് ഐസക്ക് ഹാജരാകേണ്ടിയിരുന്നത് ഇന്നായിരുന്നു. എന്നാല്‍ തോമസ് ഐസക്ക് ഹാജരായിരുന്നില്ല. സമന്‍സ് ചോദ്യം ചെയ്തുകൊണ്ടുള്ള ഐസക്കിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് വന്നു. കോടതി സമന്‍സ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറായില്ല. എന്തുകൊണ്ട് ഇ.ഡിയുടെ മുമ്പില്‍ ഹാജരാകുന്നില്ല എന്ന ചോദ്യമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇഡിയ്ക്ക് മുമ്പില്‍ ഹാജരാകുന്നതില്‍ എന്താണ് തടസ്സം. അതില്‍ നിയമപരമായി എന്ത് തെറ്റാണുള്ളത്. ഇ.ഡിയുടെ മുമ്പില്‍ ഹാജരാകാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യം ഉണ്ടെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിലപാട്.
ഇ.ഡിയ്ക്ക് ഈ കേസ് അന്വേഷിക്കാനുള്ള നിയമപരമായ അവകാശം ഇല്ല എന്നായിരുന്നു തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ഉന്നയിച്ച പ്രധാനവാദം. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. കിഫ്ബിയുടെ ഹര്‍ജിക്കൊപ്പം തോമസ് ഐസക്കിന്റെ ഹര്‍ജിയും കോടതി പരിഗണിക്കും. എന്നാല്‍ ഇ.ഡി. നല്‍കിയ സമന്‍സില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല.
എട്ട് ഇന്ത്യക്കാരെ ഖത്തര്‍ മോചിപ്പിച്ചത് ഷാരൂഖ് ഖാന്റെ ഇടപെടലിലെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: വധശിക്ഷയില്‍നിന്ന് ഇളവുലഭിച്ച ഇന്ത്യയുടെ എട്ട് മുന്‍നാവികരെ ഖത്തര്‍ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹായം തേടിയെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിന് താഴെയായാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാമര്‍ശം. മുന്‍നാവികരെ വിട്ടയക്കാന്‍ ഖത്തര്‍ ഷെയ്ഖുമാരെ സ്വാധീനിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പരോക്ഷമായി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഖത്തറും യു.എ.ഇയും സന്ദര്‍ശിക്കുന്നത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്. ‘ഖത്തര്‍ ഷെയ്ഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ട സിനിമതാരം ഷാറൂഖ് ഖാനേയും മോദി ഖത്തര്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടണം’, എന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്.
എട്ട് മുന്‍ നാവികരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അലത്താനിയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇതോടെ മലയാളി ഉള്‍പ്പെടെ ഏഴുപേരും തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യയിലെത്തി. ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് തിരിച്ചെത്തിയത്. ദോഹയില്‍ തുടരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.
ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അല്‍ ദഹ്‌റയില്‍ ജോലിചെയ്യവേയാണ് ഇവര്‍ അറസ്റ്റിലായത്.
ദുബായില്‍നടന്ന കോപ്-28 ഉച്ചകോടിയില്‍ ഖത്തര്‍ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയില്‍ നാവികരുടെ വിഷയവും ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഖത്തര്‍ അധികൃതരുമായുള്ള ചര്‍ച്ചകളില്‍ വലിയ പങ്കുവഹിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
വിഷയത്തിലെ എല്ലാക്കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മേല്‍നോട്ടമുണ്ടായിരുന്നു എന്നാണ് നാവികര്‍ തിരിച്ചെത്തിയ ശേഷം വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്ര പറഞ്ഞത്. ഇന്ത്യക്കാരെ തിരികെ വീട്ടിലെത്തിക്കുന്നത് ഉറപ്പാക്കാന്‍ എന്തുചെയ്യാനും അദ്ദേഹം മടിച്ചിട്ടില്ല. മോചനമാണോ മാപ്പുനല്‍കിയതാണോ എന്നൊക്കെ വിശേഷപദങ്ങളില്‍ പറയുന്നതിലും നാവികര്‍ തിരിച്ചെത്തിയെന്ന വസ്തുതയെയാണ് കാണേണ്ടതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു.
മാസപ്പടി: 2016 മുതല്‍ വീണയ്ക്ക് എല്ലാമാസവും 5 ലക്ഷംവീതം, യാഥാര്‍ഥ പ്രതി മുഖ്യമന്ത്രി – കുഴല്‍നാടന്‍
കൊച്ചി: മാസപ്പടി വിഷയത്തില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എല്‍. 2016 ഡിസംബര്‍ മുതല്‍ തുടര്‍ന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സി.എം.ആര്‍.എല്ലിനെ സഹായിക്കാന്‍ കരിമണല്‍ ഖനന നയത്തില്‍ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വീണയ്ക്ക് മാസത്തില്‍ അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കി. സിഎംആര്‍എല്ലിന്റെ ഏറ്റവും വലിയ ആവശ്യം ലീസ് അനുവദിച്ച് കിട്ടണം എന്നതാണ്. 2017 മുതല്‍ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്‌സാ ലോജിക് എന്ന കമ്പനിയിലേക്ക് സിഎംആര്‍എല്‍ കൊടുത്തുകൊണ്ടിരുന്നു.
സിഎംആര്‍എല്‍എന്ന കമ്പനിയുടെ വരുമാനവും നിക്ഷേപവും കരിമണല്‍ ആണ്. ലോകത്തിലെ ഏറ്റവും മികച്ച ആലപ്പുഴ, തോട്ടപ്പള്ളി, കൊല്ലം മേഖലയിലുള്ള കരിമണലിന് വേണ്ടിയിട്ടാണ് എല്ലാകാലത്തും അവര്‍ പരിശ്രമം നടത്തിയിട്ടുള്ളതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കരിമണല്‍ ഖനനത്തിനുള്ള ലീസ് നഷ്ടപ്പെടുമെന്നായപ്പോള്‍ സിഎംആര്‍എല്‍ മുഖ്യമന്ത്രിയെ സമീപിച്ചുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും കുഴല്‍ നാടന്‍ ആരോപിച്ചു. ഇതിന്റെ ഫലമാണ് വീണാ വിജയന് പ്രതിമാസം ലഭിച്ച മാസപ്പടിയെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
സിഎംആര്‍എല്ലിന് 2004-ന് അനുവദിച്ചിരുന്ന കരാര്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായ അവസരം ലഭിച്ചിട്ടും അത് ഉപയോഗിച്ചില്ല. മാത്രമല്ല കരാര്‍നല്‍കാനാകുമോ എന്നാണ് മുഖ്യമന്ത്രി പരിശോധിച്ചത്. ഖനനം സംബന്ധിച്ച് സിഎംആര്‍എല്‍ ഫയല്‍ മാത്രം വിളിച്ചുവരുത്തി പരിശോധിച്ചതിലെ താത്പര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എടുത്ത ശരിയായ തീരുമാനത്തെ മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത് – മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
2003- 04 കാലത്ത് കരിമണല്‍ ഖനനത്തിനുള്ള 4 കരാര്‍ ആണ് സിഎംആര്‍എല്ലിന് ലഭിച്ചത്. 1000 കോടിക്ക് മുകളിലുള്ള ഇടപാടായിരുന്നു അത്. പിന്നാലെ കരാര്‍ നടപടികള്‍ സര്‍ക്കാര്‍ സ്റ്റേ ചെയ്തു. കരാര്‍ തിരിച്ചുപിടിക്കാന്‍ സിഎംആര്‍എല്‍ ശ്രമിച്ചെങ്കിലും അന്ന് തുടര്‍ന്നു പോന്ന ആന്റണി, വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. കരിമണല്‍ ഖനനത്തിന് പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രം മതി എന്ന നിലപാടായിരുന്നു വിഎസ് സര്‍ക്കാരിന്. കേസ് സുപ്രീം കോടതി വരെ എത്തി. സുപ്രീം കോടതി ഉത്തരവില്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും ഇതിന്റെ നടപടികള്‍ നടക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും ഖനന അനുമതി ലഭിക്കാനുള്ള സിഎംആര്‍എല്‍ അപേക്ഷ നല്‍കുകയുമായിരുന്നുവെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.
കരിമണല്‍ ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തും എന്നായിരുന്നു 2018-ലെ വ്യവസായ നയത്തില്‍ പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെടും എന്ന് നയത്തിന്റെ മലയാളം കോപ്പിയില്‍ പറയുന്നുണ്ട്. ഇത് സിഎംആര്‍എല്ലിന് വേണ്ടിയായിരുന്നു. അപ്പോഴെല്ലാം വീണയുടെ അക്കൗണ്ടിലേക്ക് 8 ലക്ഷം രൂപ പ്രതിമാസം വന്നിരുന്നു. കാര്യങ്ങള്‍ അനുകൂലമാക്കാനായിരുന്നു വീണയ്ക്ക് കമ്പനി പണ നല്‍കിയത്. ഇതിനിടെ എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാന്‍ 2019-ല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ 2004-ല്‍ സിഎംആര്‍എല്ലിനു കൊടുത്ത കരാര്‍ റദ്ദാക്കാന്‍ മൈനിങ് വിഭാഗം നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയല്‍ വിളിച്ചു വരുത്തി പരിശോധിച്ചുവെന്നും അത്തരത്തില്‍ പരിശോധിക്കണമെങ്കില്‍ എന്തെങ്കിലും പ്രത്യേകത വേണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
എക്‌സാ ലോജിക് വിഷയത്തില്‍ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിക്കാനുള്ള നീക്കം സ്പീക്കര്‍ തടഞ്ഞത് അംഗത്തിന്റെ അവകാശം നിഷേധിക്കലാരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാവലിന്‍: പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍, ദുരൂഹം:ഷോണ്‍ ജോര്‍ജ്ജ്
ലാവലിന്‍ കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രമുഖ സ്ഥാനത്തുള്ളത് ദുരൂഹമാണെന്ന് ഷോണ്‍ ജോര്‍ജ്. ആര്‍. മോഹന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ തുടരുന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്നും ഷോണ്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു ഷോണ്‍.
‘2008-ല്‍ ലാവലിന്‍ കേസ് അന്വേഷിച്ച ആദായനികുതി വകുപ്പ് അഡിഷണല്‍ ഡയറക്ടറായിരുന്ന ആര്‍. മോഹന്‍ 2016 മുതല്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ സ്പെഷ്യല്‍ ഓഫീസറായി ഉണ്ട്. പി. ശശി കഴിഞ്ഞാല്‍ അടുത്തയാളാണ് മോഹന്‍ എന്നാണ് രേഖകള്‍ പറയുന്നത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ആണെന്ന് സംശയിച്ചാല്‍ ആര്‍ക്കും തെറ്റ് പറയാനാവില്ല,’ – ഷോണ്‍ പറഞ്ഞു.
‘കമല ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനം സിംഗപ്പൂരില്‍ ഇല്ലെന്ന് അസിസ്റ്റന്റ്സ് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് മോഹനാണ്. ലാവലിന്‍ ഉള്‍പ്പെടെയുള്ള ഇദ്ദേഹത്തിന്റെ മുന്‍കാല കേസുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഉടന്‍ കത്ത് നല്‍കും,’ – ഷോണ്‍ പറഞ്ഞു.
‘ക്രൈം നന്ദകുമാര്‍ നല്‍കിയ കേസിലാണ് ആര്‍. മോഹനന്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. ലാവ്ലിന്‍ കേസില്‍ എങ്ങനെ കുറ്റവിമുക്തനായി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ആര്‍. മോഹനന്‍ മുന്‍പ് നടത്തിയിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിക്കണം,’ – ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പരിപാടിക്കെത്തും.
അതേസമയം യുഎഇയിലെ പ്രതികൂല കാലാവസ്ഥ മൂലം അഹ്‌ലന്‍ മോദിയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പകുതിയാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥ പരിഗണിച്ച് പരിപാടിയിലെ ജനപങ്കാളിത്തം 80,000 ത്തില്‍ നിന്ന് 35,000 പേരിലേക്ക് ചുരുക്കിയതായി പ്രവാസി കമ്മ്യൂണിറ്റി നേതാവ് സജീവ് പുരുഷോത്തമനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നാളെ അബുദാബി ഹിന്ദു ക്ഷേത്രം സമര്‍പ്പണ ചങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. അക്ഷര്‍ധാം മാതൃകയിലുള്ള, മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിര്‍.
കുഞ്ചമൺ പോറ്റിയല്ല ഇനിമുതൽ കൊടുമൺ പോറ്റി :’ഭ്രമയുഗ’ത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റി നിർമ്മാതാക്കൾ
‘ഭ്രമയുഗം’ തീയേറ്ററുകളിലെത്താൻ രണ്ട് ദിവസം മാത്രം ബാക്കിനൽക്കെ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റി നിർമ്മാതാക്കൾ. കുഞ്ചമൺ പോറ്റി എന്ന പേരിൽ നിന്നും കഥാപാത്രത്തിന്റെ പേര് കൊടുമോൺ പോറ്റി എന്നാക്കി മാറ്റിയിരിക്കുകയാണിപ്പോൾ. സിനിമയുടേതായി മുൻപ് യൂട്യൂബിൽ പുറത്തിറങ്ങിയ വിഡിയോകളില്‍ നിന്നും പേരു നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം പുതിയ പേര് ചേർക്കുകയും ചെയ്തു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാർ ഹെെക്കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് പേര് മാറ്റം.
ഫെബ്രുവരി 15ന് പ്രദർശനത്തിന് എത്തുന്ന സിനിമയിൽ നിന്നും പേരു മാറ്റുന്നതിനായി സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുമുണ്ട് അണിയറ പ്രവർത്തകർ എന്നാണ് വിവരങ്ങൾ. ‘കുഞ്ചമൺ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമോണ്‍ പോറ്റി തീം’ എന്ന് പേര് മാറ്റുകയും ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമന്‍ പോറ്റി തീം എന്ന വരികളിലെ കുഞ്ചമൺ എന്ന പേര് യൂട്യൂബിൽനിന്നും മായ്ച്ചു കളഞ്ഞിട്ടുമുണ്ട് അണിയറക്കാർ. പോറ്റീ തീം എന്ന് മാത്രമാണ് ഇപ്പോൾ വീഡിയോയുടെ തമ്പിൽ കാണാൻ കഴിയുക.
ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരും ആണെന്നും, സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സൽകീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് കോട്ടയം കുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ട്, പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ് തങ്ങൾ. എന്നാൽ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്ന പ്രകാരം ഇത് ഐതിഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാൽ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദങ്ങൾ ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഇല്ലത്തുള്ളവർ സമർപ്പിച്ച ഹർജിയിലെ വാദം.
എന്നാൽ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രാഹുൽ സദാശിവൻ നൽകിയ ഒരഭിമുഖത്തിൽ ഈ കഥാപാത്രം തികച്ചും സാങ്കൽപ്പികമാണെന്നും, ഐതിഹ്യ മാലയിലെ കുഞ്ചമൺ പോറ്റിയുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം ഭ്രമയുഗം തീയേറ്ററുകളിലെത്താൻ രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഭൂതകാലം എന്ന ചിത്രത്തിന്റെ സംവിധായകൻ ചെയ്യുന്ന ചിത്രമായതിനാലും, വേറിട്ട വേഷത്തിൽ മമ്മൂട്ടി എത്തുന്നതിനാലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.