മണിപ്പൂരിലെ എന്റെ ധീരരായ സഹോദരിമാരോട്, മനോഹരമായ ഭൂമിയിലെ സമാധാനം കൊണ്ടുവരണം: സോണിയ ഗാന്ധി, ഈ നേരത്തെ പ്രധാന വാര്‍ത്തകള്‍…

മണിപ്പൂരില്‍ സമാധാന നില പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്ത്രീകള്‍ മുന്നിട്ടിറങ്ങി മണിപ്പൂരിലെ സ്ഥിതി സമാധാനപരമാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

50 ദിവസത്തിലേറെയായി തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്രമം രാജ്യത്തിന്റെ മനസ്സാക്ഷിയെ തന്നെ ആഴത്തില്‍ വൃണപ്പെടുത്തി. സാഹോദര്യം മണിപ്പൂരില്‍ പുലരണം. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും തീജ്വാലകള്‍ ആളിക്കത്തിക്കാന്‍ ഒരൊറ്റ തീപ്പൊരി മതിയെന്നും സോണിയ പറഞ്ഞു.

”മണിപ്പൂരിലെ ജനങ്ങളോട്, പ്രത്യേകിച്ച് എന്റെ ധീരരായ സഹോദരിമാരോട്, ഈ മനോഹരമായ ഭൂമിയില്‍ സമാധാനവും ഐക്യവും കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ‘എന്നും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു.

4 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും ആക്രമണം. നാലു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും അക്രമ സംഭവങ്ങള്‍. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ഒരു കലുങ്കിന് സമീപം നടന്ന സ്‌ഫോടനത്തില്‍ എട്ട് വയസ്സുള്ള ആണ്‍കുട്ടിക്കും രണ്ട് കൗമാരക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. അക്രമം നടന്ന അതേസമയം തന്നെ, കാംഗ്പോപി ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ എത്തി അക്രമികള്‍ വെടിവയ്പ്പ് നടത്തിയിരുന്നു.

സംസ്ഥാനത്തെ പ്രധാന റോഡുകള്‍ക്ക് കേടുപാടുകള്‍ വരുത്തി സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനയുടെയും നീക്കത്തെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

സ്ഫോടനത്തിന് ശേഷം റോഡില്‍ വന്‍ കുഴിയുണ്ടായി. പരിക്കേറ്റ കുട്ടികളെ മൊയ്റാംഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടികള്‍ സ്‌ഫോടനത്തിനിടയില്‍ എങ്ങനെയാണ് എത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്.

കുക്കി- മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് മുന്നറിയിപ്പ് നല്‍കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് സ്‌ഫോടനം നടന്നത്.

നിലവില്‍ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള കാങ്വായ്, ഫൗള്‍ജാങ്, ഗോത്തോള്‍, സോംഗ്ഡോ എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു.
കാങ്പോക്പി ജില്ലയിലെ ഹരോഥെല്‍ പ്രദേശത്ത് ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ജില്ലയിലെ ലെയ്മഖോങ്ങിന് സമീപമുള്ള എല്‍ മുന്‍ലായ് ഗ്രാമത്തിലും വെടിവയ്പുണ്ടായി. അസം റൈഫിള്‍സ് പട്രോളിംഗ് സംഘം തോക്കുധാരികളായ അക്രമികളെ തുരത്തിയിരുന്നു.

നിലവില്‍ സംഘര്‍ഷമുണ്ടായ ഗ്രാമങ്ങള്‍ ഇംഫാല്‍ താഴ്വരയ്ക്കും പര്‍വതനിരകള്‍ക്കും ഇടയിലുള്ള സംഘര്‍ഷ സാധ്യതാ പ്രദേശങ്ങള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ജൂണ്‍ 13 ന് മണിപ്പൂരിലെ കാങ്പോപി ജില്ലയിലെ ഐഗെജാങ് ഗ്രാമത്തില്‍ അക്രമികളും ഗ്രാമവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 32 വയസ്സുള്ള സ്ത്രീ അടക്കം ഒന്‍പത് പേരായിരുന്നു. സംഘര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉള്ളപ്പോള്‍ രാഷ്ട്രപതി ഭരണം മണിപ്പൂരിന് നല്ലതല്ല: ബിജെപി മണിപ്പൂര്‍ എംഎല്‍എ

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉള്ളപ്പോള്‍ രാഷ്ട്രപതി ഭരണം മണിപ്പൂരിന് നല്ലതല്ലെന്ന് ബിജെപി മണിപ്പൂര്‍ എംഎല്‍എ. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ജനപ്രിയനായി തുടരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

2019ല്‍ മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അഥവാ ആദിവാസികള്‍ താമസിക്കുന്ന മലയോര മേഖലകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന രീതി നടപ്പാക്കിയിരുന്നു. എന്നാല്‍, അതിനുമുമ്പ് മൂന്ന് ബില്ലുകള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമം നടത്തിയപ്പോള്‍ തന്നെ അവിടെയുള്ള ജനത അക്രമാസക്തരായിരുന്നു.

ഐഎല്‍പി നടപ്പാക്കുന്നതിനെതിരെ ചുരാചന്ദ്പൂരില്‍ നടന്ന പ്രതിഷേധത്തില്‍ ആറ് പേര്‍ മരിച്ചു. അക്കാലത്ത് ആറുമാസത്തെ ഉപരോധം ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് (ആദിവാസികള്‍ കൂടുതലുള്ള) ജില്ലയിലെ ജനങ്ങള്‍ ഐഎല്‍പി നടപ്പാക്കാന്‍ ആഗ്രഹിക്കാത്തത്?

ഒപിയം കൃഷി നിര്‍ത്തലാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമവും വിവാദമായിട്ടുണ്ടെന്നും എംഎല്‍എ ആരോപിക്കുന്നു. സംസ്ഥാനത്തുടനീളം ഒപിയം കൃഷി ഉണ്ടെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ അക്രമം നടന്ന ജില്ലകളിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉള്ളതെന്നും എംഎല്‍എ വ്യക്തമാക്കി.

മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പ്രശ്‌നം നിയമ വിരുദ്ധ കുടിയേറ്റമാണ്. രാജ്യത്തെയാകെ ബാധിക്കുന്ന വിഷയമാണിത്. മിസോറാമിലും മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റമുണ്ട്. ഈ കുടിയേറ്റക്കാരില്‍ ഭൂരിഭാഗത്തിനും ഇപ്പോള്‍ ആധാറും വോട്ടര്‍ കാര്‍ഡും ഉണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും എംഎല്‍എ പറഞ്ഞു.

മണിപ്പൂരിലെ സര്‍വകക്ഷിയോഗം: മോദിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം, മുഖ്യമന്ത്രിയെ മാറ്റുന്നതാണ് ആദ്യപടിയെന്ന് സിപിഐഎം

മണിപ്പൂരില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കാത്തതിനെതിരെ കോണ്‍ഗ്രസ്. മണിപ്പൂരില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പരാമര്‍ശം. മുഖ്യമന്ത്രിയെ നീക്കം ചെയ്യുന്നതാണ് ആദ്യപടിയെന്ന് സിപിഎം വ്യക്തമാക്കി. സമാധാനത്തിനുള്ള ഏത് ശ്രമവും നടത്തേണ്ടത് മണിപ്പൂരിലാണ്, ഡല്‍ഹിയിലല്ല.

മെയ് 3 മുതല്‍ 5 വരെ മണിപ്പൂരില്‍ സമതലത്തില്‍ താമസിക്കുന്ന മെയ്‌തേയ് സമുദായവും കുക്കി ഗോത്രവും തമ്മിലുള്ള വലിയ തോതിലുള്ള ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍, 110 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യുകയും ചെയ്തു.

‘സംസ്ഥാന സര്‍ക്കാര്‍ തകര്‍ച്ചയിലായിരിക്കുകയും വ്യക്തമായ അധികാരരേഖ സ്ഥാപിക്കപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍, ആദ്യപടിയെന്നോണം ചെയ്യേണ്ടത് ബിരേന്‍ സിംഗ് സര്‍ക്കാരിനെ നീക്കം ചെയ്യുക എന്നതാണ്. ഇത്തരമൊരു നടപടിയല്ലാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയുടെ വിഭാഗീയത നിറഞ്ഞ രാഷ്ട്രീയം സൃഷ്ടിക്കുന്ന കുഴപ്പത്തില്‍ നിന്ന് കരകയറാന്‍ നമുക്ക് കഴിയില്ല എന്നാണ് സിപിഐഎം ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്.

മണിപ്പൂരിലെ മരണവും നാശനഷ്ടങ്ങളും ഉണ്ടായി 50 ദിവസത്തിന് ശേഷം മാത്രമാണ് ആഭ്യന്തര മന്ത്രിയുടെ സര്‍വകക്ഷിയോഗം വിളിക്കുന്നത്. അതും ഏറെ വൈകി. മണിപ്പൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്ത സോണിയ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉണര്‍ന്നത് എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

തുടക്കത്തില്‍, അത്തരമൊരു ഗൗരവമേറിയ യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറിയത് അദ്ദേഹത്തിന്റെ ഭീരുത്വവും പരാജയങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയത്തെയുമാണ് കാണിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച്ചകള്‍ നടത്താന്‍ ശ്രമിച്ചപ്പോഴും പ്രധാനമന്ത്രിയ്ക്ക് സമയമില്ലായിരുന്നു.

കഴിഞ്ഞ 50 ദിവസമായി മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി മൗനം പാലിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയത്താണ് സര്‍വകക്ഷി യോഗം വിളിക്കുന്നത്. ഇതില്‍ എല്ലാം വ്യക്തമാണ്. ഈ കൂടിക്കാഴ്ച പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പ്രധാനമല്ല, ”രാഹുല്‍ ഗാന്ധി പറഞ്ഞു.

‘സമാധാനത്തിനായുള്ള എല്ലാ ശ്രമവും മണിപ്പൂരില്‍ നടക്കണം. അവിടെ യുദ്ധം ചെയ്യുന്ന സമുദായങ്ങളെ ഒരു മേശയ്ക്കിപ്പുറം കൊണ്ടുവന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം. എന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് പറഞ്ഞാല് പ്രശ്‌നപരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഛത്തീസ്ഗഡ് ബിജെപി എംഎല്‍എ വിദ്യാരഥന്‍ ഭാസിന്‍ അന്തരിച്ചു

ഛത്തീസ്ഗഡ് ബിജെപി എംഎല്‍എ വിദ്യാരഥന്‍ ഭാസിന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഏറെ നാളത്തെ അസുഖങ്ങലെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. റായ്പൂരില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാസിന്റെ വിടവാങ്ങല്‍ ഇന്ന് പുലര്‍ച്ചെ 2.45 ഓടെയായിരുന്നു. സംസ്‌കാരം ഭിലായിലെ രാംനഗര്‍ മുക്തിധാമില്‍ നടക്കുമെന്ന്
അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

സിവില്‍ കോണ്‍ട്രാക്ടറുമായിരുന്ന ഭാസിന്‍ 1984ല്‍ ബിജെപിയുടെ ദുര്‍ഗ് ജില്ലാ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2006ല്‍ ഭിലായ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം രണ്ട് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2013 ലും പിന്നീട് 2018 ലും. ദുര്‍ഗ് ജില്ലയിലെ വൈശാലി നഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായി. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ അരുണ്‍ സാവോ വിദ്യാരഥന്‍ ഭാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകനാണ് ഭാസിന്‍ എന്നും അരുണ്‍ സാവോ പറഞ്ഞു.

”മുതിര്‍ന്ന എംഎല്‍എയും പാര്‍ട്ടി നേതാവുമായ വിദ്യാരഥന്‍ ഭാസിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നമുക്കെല്ലാവര്‍ക്കും പാര്‍ട്ടിക്കും നികത്താനാവാത്ത നഷ്ടമാണ്. പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം, സാവോ”പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ”എപ്പോഴത്തേക്കാളും ശക്തമാണെന്ന്” ചര്‍ച്ചയ്ക്ക് ശേഷം മോദി പറഞ്ഞു. മോദി അമേരിക്കന്‍ കോണ്‍ഗ്രസിനെയും അഭിസംബോധന ചെയ്തു സംസാരിച്ചു.

‘ഇന്ത്യയുടെ വളര്‍ച്ച എല്ലാവരേയും ഏറെ സ്വാധീനിക്കുമെന്ന് അദ്ദേഹം അമേരിക്കന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
മോദിയോടുള്ള ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച വിരുന്ന് സംഘടിപ്പിച്ചു. വിരുന്നില്‍ പ്രമുഖ ഇന്ത്യന്‍, അമേരിക്കന്‍ നേതാക്കള്‍ പങ്കെടുത്തു.

ബൈഡനുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി

പ്രധാനമന്ത്രി മോദി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ എത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ, ഊര്‍ജം, കാലാവസ്ഥാ, വിദ്യാഭ്യാസം, ആരോഗ്യം, ഇരുരാജ്യങ്ങളും ബന്ധം തുടങ്ങി ഉഭയകക്ഷി സഹകരണത്തിന്റെ വിപുലമായ മേഖലകള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മറ്റ് ഉന്നത നയതന്ത്രജ്ഞരും സംഘത്തില്‍ ഉള്‍പ്പെടുന്നു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

‘അമേരിക്കന്‍ പ്രസിഡന്റ്  ഇന്ത്യയും യുഎസും ‘ലോകത്തിലെ ഏറ്റവും അടുത്ത പങ്കാളികള്‍’

ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്നിവര്‍ കൂടിക്കാഴ്ച നടത്തി.
മോദിയും ബൈഡനും അവരുടെ ചര്‍ച്ചകള്‍ക്ക് ശേഷം ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തു.
അവിടെ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം ‘ഇന്നത്തേക്കാളും ശക്തമാണ്’ ണെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.

ജനാധിപത്യ രാജ്യമായതിനാല്‍ ഇന്ത്യയില്‍ ജാതി, മതം, എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ മുസ്ലീം വിവേചനത്തെക്കുറിച്ച് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യമുണ്ട്. ജനാധിപത്യം നമ്മുടെ ആത്മാവിലാണ്. നമ്മുടെ സിരകളിലുണ്ട് അത്. നമ്മുടെ ഭരണഘടനയില്‍ എഴുതിയിട്ടുമുണ്ട്. അതിനാല്‍, ജാതി, മതം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും ഉണ്ടാകില്ല.

വൈറ്റ് ഹൗസില്‍ ആചാരപരമായ സ്വാഗതം

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെത്തിയ മോദിയെ വലിയ ബഹുമതികളോടെയാണ് അമേരിക്ക സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. വൈറ്റ് ഹൗസിലെത്തിയ മോദിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ഇന്ത്യ-അമേരിക്കന്‍ ജനത എത്തി.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത മോദി, ഇന്ത്യയുടെ വളര്‍ച്ച, സ്ത്രീ ശാക്തീകരണം, തീവ്രവാദത്തെ പ്രതിരോധിക്കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു.

‘ഞാന്‍ ആദ്യമായി യുഎസ് സന്ദര്‍ശിച്ചപ്പോള്‍, ആഗോളതലത്തില്‍ ഏറ്റവും വലിയ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇന്ന്, ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നുവെന്ന് അറിയുന്നതില്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. സമീപഭാവിയില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും,” പ്രധാനമന്ത്രി പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരത ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രധാന ആശങ്കയാണെന്നും അദ്ദേഹം പ്രതിനിധി സഭയെ അറിയിച്ചു. ‘ഭീകരത മനുഷ്യരാശിയുടെ ശത്രുവാണ്, അതിനെ കൈകാര്യം ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. ഭീകരതയെ സ്പോണ്‍സര്‍ ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന എല്ലാ ശക്തികളെയും നമ്മള്‍ മറികടക്കണം,’ മോദി പറഞ്ഞു.

ഉക്രെയ്ന്‍ യുദ്ധത്തിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യവും പ്രധാനമന്ത്രി പറഞ്ഞു. ഉക്രൈയ്ന്‍ രഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് കനത്ത മഴ: തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ട്, 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലേർട്ട് സംസ്ഥാനത്ത് ഇന്നും മഴ തുടരും. മൂന്നു...

ആശങ്കയുണർത്തി ഡെങ്കിപ്പനി: റിപ്പോർട്ട് ചെയ്തത് 6,146 കേസുകൾ

6,146 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും...

എറണാകുളം ഉൾപ്പെടെ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ...