കർണാടകയിലെ തുംകൂർ ജില്ലയിൽ 20 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി രണ്ട് തവണ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. രണ്ടാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടി കോളേജിലെ മൂന്നാം വർഷത്തിലേക്ക് മാറാൻ പരീക്ഷ എഴുതുകയായിരുന്നു. പെൺകുട്ടി പഠിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റൽ മുറിയിലാണ് സംഭവം. പെൺകുട്ടി പരീക്ഷയിൽ തോറ്റതിനെ തുടർന്ന് രണ്ടാം തവണയും പരീക്ഷയെഴുതാൻ അവസരം ലഭിച്ചതായി തുംകൂർ പോലീസ് സൂപ്രണ്ട് അശോക് കെവി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രണ്ടാം ശ്രമത്തിൽ മൂന്ന് വിഷയങ്ങളിൽ പെൺകുട്ടി തോറ്റു. രണ്ടാം തവണയും പരീക്ഷയിൽ വിജയിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എസ്പി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് പെൺകുട്ടിയുടെ സഹമുറിയൻമാർ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഹോസ്റ്റൽ വാർഡനെ വിവരമറിയിക്കുകയും തുടർന്ന് പോലീസിനെ വിളിക്കുകയും ചെയ്തു.
കേരളീയ’ത്തിനായി കോടികള്‍ പൊടിക്കുന്ന സര്‍ക്കാര്‍
കേരളത്തിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചാരണത്തിന് നാല് കോടി രൂപ. മീഡിയ സെന്ററുകള്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാര്‍ വരെ ഒരുക്കിയാണ് പ്രചാരണം.
രണ്ട് ലക്ഷത്തിന് ഒരു കൗണ്ടര്‍, കൂടാതെ രണ്ട് ലക്ഷത്തിന് കമ്പ്യൂട്ടര്‍, ഇരുപത്തായ്യിരം രൂപക്ക് ഇന്റര്‍നെറ്റ്, മീഡിയ സെന്ററില്‍ ഇരിക്കുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും 11 ലക്ഷം. ദില്ലി ദേശീയ അന്തര്‍ ദേശീയ മീഡിയ ഡെസ്‌കും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി മൂന്ന് ലക്ഷം, ഓട്ട് ഡോര്‍ പബ്ലിസിറ്റിയും ഔട്ട് ഓഫ് ബോക്‌സ് കാമ്പെയിനും ഓണ്‍ലൈന്‍ കോണ്ടസ്റ്റും അടക്കം വിവിധ തലക്കെട്ടുകളിലാണ് കേരളീയത്തിന്റെ പ്രചാരണത്തിന് പണം അനുവദിച്ചിട്ടുള്ളത്. സെലിബ്രിറ്റികള്‍ക്ക് ഒപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാറിന് 3 ലക്ഷം. സോഷ്യല്‍ മീഡിയ പുഷിംഗ് ആന്റ് പ്രമോഷന്‍ എന്ന പേരില്‍ മാത്രം 30 ലക്ഷത്തോളം രൂപ. പ്രചാരണത്തിന്റെ ആകെ ചുമതല പിആര്‍ഡിക്കാണ്. സിഡിറ്റും, ഇനം തിരിച്ചുള്ള ജോലികള്‍ക്ക് പുറത്ത് നിന്നുള്ള ഏജന്‍സികളും നല്‍കിയ ബജറ്റ് കൂടി അംഗീകരിച്ചാണ് പ്രാഥമിക ചെലവ് കണക്കാക്കിയതും തുക അനുവദിച്ചതും.
സബ്‌സിഡി സാധനങ്ങളില്ലാത്ത മാവേലി സ്‌റ്റോറുകള്‍
പതിമൂന്ന് ഇനം സബ്‌സിഡി സാധനങ്ങളില്ലാതെ സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകള്‍. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്‌സിഡി സാധനങ്ങളുമില്ല. മന്ത്രി മിന്നല്‍ പരിശോധന നടത്തിയ നെടുമങ്ങാട് പീപ്പിള്‍സ് ബസാറില്‍ മൂന്ന് സബ്‌സിഡി ഇനങ്ങളും, മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് നേടിയ കണ്ണൂരിലെ പീപ്പിള്‍സ് ബസാറില്‍ 5 ഇനങ്ങള്‍ മാത്രേ ഉള്ളൂ. പ്രതിദിനം 7 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഇവിടെ വില്‍പന മൂന്നിലൊന്നായി ഇടിഞ്ഞു. ഗ്രാമീണമേഖലയിലെ സപ്ലൈകോ സ്റ്റോറുകളിലും സബ്‌സിഡി ഇനങ്ങളില്ല. പഞ്ചസാരയും വന്‍പയറും സ്്‌റ്റോറുകളിലെത്തിയിട്ട് ണ്ട് മാസമായി. വരുന്ന സാധനങ്ങളുടെ അളവ് നാലില്‍ ഒന്നായി കുറഞ്ഞു. എന്നാല്‍ സപ്ലൈകോയുടെ സ്ഥിരം കരാറുകാര്‍ക്ക് 600 കോടി രൂപയാണ് കുടിശിക നല്‍കാനുള്ളത്. വരുമാനത്തിലും വന്‍ ഇടിവ് സംഭവിച്ചു. സാധനങ്ങളുടെ വില കൂട്ടാതെ പിടിച്ച് നില്‍ക്കാനാകില്ലെന്നാണ് സപ്ലൈകോ അറിയിക്കുന്നത്.
ആഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാർക്ക് 1000 ഡോളർ അധിക ഫീസ് ഏർപ്പെടുത്തി
മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ആഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാർക്ക് 1000 ഡോളർ അധിക ഫീസ് ഏർപ്പെടുത്തിയിരിക്കുകയാണ്. യുഎസിലേക്കുള്ള കുടിയേറ്റം നടക്കുന്ന രാജ്യമായാതിനാൽ ഇത് തടയുകയാണ് ലക്‌ഷ്യം. ആഫ്രിക്കൻ രാജ്യങ്ങളുടെ കൂടെ ഇന്ത്യക്കാർക്കും അധിക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നോ 50-ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ ഉള്ള പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്ന ആളുകൾ ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കുമെന്ന് എൽ സാൽവഡോറിന്റെ പോർട്ട് അതോറിറ്റി അറിയിച്ചു. എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ യുഎസ് അസി. സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. പുതിയ ഫീസ് ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വന്നു. ഫീസായി ലഭിക്കുന്ന തുക രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നാണ് എൽ സാൽവഡോറിന്റെ പോർട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്.
പലസ്തീന്‍ ജനതയ്ക്കൊപ്പം വിശദീകരിച്ച് തരൂര്‍
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രയേല്‍ അനുകൂല പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്നും ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണ് താന്‍ നടത്തിയതെന്ന അത് കേട്ടവരാരും വിശ്വസിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി. ലീഗ് സംഘടിപ്പിച്ച റാലിക്കിടെ ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് നടന്നതും ഭീകരാക്രമണമാണെന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായത്. വേദിയില്‍ വെച്ച് തന്നെ പിന്നീട് സംസാരിച്ച അബ്ദുസ്സമദ് സമദാനി എം.പി.യും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ.യും തരൂരിനെ തിരുത്തിയിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികള്‍ നടത്തുന്നതെന്ന് സമദാനിയും പ്രതിരോധം ഭീകരവാദമല്ലെന്ന് മുനീറും വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് വിമാന താവളത്തിൽ നിന്നും 24 മണിക്കൂറും വിമാന സർവീസ്
റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയാക്കിയ കോഴിക്കോട് വിമാന താവളത്തിൽ നിന്നും 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്. ഈ വർഷം ജനുവരിയിലാണ് ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപക്ക് റൺവേ റീ കാർപറ്റിങ് ജോലികൾ ആരംഭിച്ചത്. റീ കാർപറ്റിങ് ജോലികൾ നേരത്തെ പൂർത്തിയായിരുന്നെങ്കിലും വിമാന സർവീസുകൾ പൂർണതോതിലായിരുന്നില്ല. റൺവേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈനിൽ ലൈറ്റ് സ്ഥാപിക്കൽ, റൺവേയുടെ ഇരുവശങ്ങളും ബലപെടുത്തൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചെയ്തത്. നിയന്ത്രണം നീങ്ങിയതോടെ നാളെ മുതൽ കൂടുതൽ വിമാനങ്ങൾ കരിപ്പൂരിൽ നിന്നും സർവീസ് നടത്തും. എന്നാൽ, വലിയ വിമാനങ്ങൾ സർവീസ് പുനരാരംഭിക്കണമെങ്കിൽ റൺവേയുടെ നീളം വർധിപ്പിക്കണം. റൺവേ നവീകരണത്തിനുള്ള പണികളും ഉടൻ ആരംഭിക്കും.
ആത്മാവിന് നീതി കിട്ടണം ഹൈക്കോടതി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ സോളാര്‍ ഗൂഢാലോചന കേസ് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. സോളാര്‍ പീഡനക്കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആരോപണങ്ങള്‍ തെറ്റെന്നു കണ്ടെത്തിയാല്‍ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേരളത്തിന് വീണ്ടും വന്ദേഭാരത്
കേരളത്തിന് വീണ്ടും വന്ദേഭാരത് ട്രെയിന്‍. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ്. 3 സംസ്ഥാനങ്ങളിലുമായി എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേ തീരുമാനം. ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെയാണ് വന്ദേഭാരതിന്റെ സര്‍വീസ് ശൃംഖലകള്‍. വൈകിട്ട് ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തും. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ലക്ഷ്യംവെച്ചാണ് പുതിയ സര്‍വീസുകള്‍.
ഹനുമാന്‍ ഡ്രോണ്‍
ഹനുമാന്റെ രൂപത്തില്‍ ഉയര്‍ന്നു പറക്കുന്ന ഡ്രോണിന്റെ വിഡിയോയാണ് സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചയാകുന്നത്. ഛത്തീസ്ഗഡിലെ അംബികാപൂരില്‍ നിന്നും വിനല്‍ ഗുപ്ത എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത് ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആഘോഷങ്ങളുെട ഭാഗമായി ഒത്തുകൂടിയ ആളുകള്‍ ഹനുമാന്‍ രൂപത്തിലുള്ള ഡ്രോണ്‍ പറത്തി വിടുന്നതും ആരാധനയോടെ നോക്കി നില്‍ക്കുന്നതും വിഡിയോയിലുള്ളത്. ജയ് ശ്രീറാം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
ചായ കിട്ടാൻ വൈകിയതിന്റെ പേരിൽ സ്വയം തീകൊളുത്തി 65കാരൻ
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ചായ കിട്ടാൻ വൈകിയതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 65 കാരൻ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. അവദ് കിഷോർ ആണ് കൊല്ലപ്പെട്ടത്. ചായ കിട്ടാൻ വൈകിയതോടെ അവദ് കിഷോർ തന്റെ മകളും മരുമകളും തമ്മിൽ വഴക്കിട്ടിരുന്നു. ഗാർഹിക തർക്കങ്ങൾ കാരണം അവദ് കിഷോർ കുറച്ചുകാലമായി സമ്മർദ്ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. ഇയാളുടെ ഭാര്യയും മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസമെങ്കിലും വിവാഹിതയായ മകൾ അദ്ദേഹത്തോടൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച അവധ് മകളോടും മരുമകളോടും ചായ ചോദിച്ചു. ഇത് വൈകിയപ്പോൾ അയാൾ അസ്വസ്ഥനായി. അവർ തമ്മിൽ തർക്കമായി. തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
“തരൂർ പറഞ്ഞതിൽ എന്താണ് തെറ്റ്, ഹമാസ് മുസ്ലിമിന്റെ ശത്രു തന്നെ”; പ്രതികരണവുമായി സുരേഷ് ഗോപി
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പരിപാടിയിൽ ശശി തരൂർ നടത്തിയ ഇസ്രായേൽ അനുകൂല പ്രസ്താവന വിവാദമായിരുന്നു. ഒക്ടോബര് ഏഴിന് ഇസ്രായേലിനു നേരെ നടന്നത് തീവ്രവാദ അക്രമണമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ഹമാസിനെ തീവ്രവാദികൾ എന്ന് വിളിച്ച തരൂരിന്റെ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി.
ശശി തരൂർ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് ചോദിച്ച സുരേഷ് ഗോപി മുസ്ലിങ്ങളുടെ ശത്രുവാണ് ഹമാസെന്നതാണ് തന്റെ നിലപാടെന്നും അവരെ തീർക്കേണ്ടത്ത് മുസ്ലിങ്ങളുടെ ബാധ്യതയാണെന്നും ഇതിനു മുൻപേ താൻ ആ നിലപാട് വ്യക്തമാക്കിയിരുന്നെന്നും ആവർത്തിക്കുകയുണ്ടായി. മനുഷ്യനെന്ന നിലക്ക് ഒരു തീവ്രവാദവും ഇവിടെ പാടില്ലെന്നതാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി അറിയിച്ചു.
അതേ സമയം, വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശ്ശൂരിൽ ബി ജെ പി സ്ഥാനാർത്തിയായി മത്സരിക്കുമെന്ന കാര്യത്തിൽ സാധ്യത വർധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ നടനോ ബി ജെ പി നേതൃത്വമോ ഈ കാര്യത്തിൽ തീരുമാനമറിയിച്ചിട്ടില്ലെങ്കിലും പാർട്ടി പ്രവർത്തകരിൽ നിന്നടക്കം തൃശൂരിൽ സുരേഷ് ഗോപിക്കായി മുറ വിളിയുയരുന്നുണ്ട്.
ഘോഷയാത്രയ്ക്കിടെ സംഘർഷം; രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം
വെള്ളിയാഴ്ച ബിഹാറിലെ ഛപ്ര പട്ടണത്തിൽ മതപരമായ ഘോഷയാത്ര നടത്തുന്നതിനിടെ സംഘർഷമുണ്ടായി. ഇത് രൂക്ഷമാകാതിരിക്കാൻ രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. സരൺ ജില്ലയുടെ ആസ്ഥാനമായ ഛപ്രയിലെ ഭഗവാൻ ബസാർ പ്രദേശത്ത് ദുർഗാദേവിയുടെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനുള്ള ഘോഷയാത്ര പുറത്തെടുക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്. ഘോഷയാത്രയ്ക്കിടെ ഡിജെ പ്ലേ ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചില സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞു. പോലീസ് സ്ഥലത്തെത്തി വിഗ്രഹ നിമജ്ജനം ഏറ്റെടുത്തതിന് ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. കനത്ത പോലീസ് സുരക്ഷാ നിലവിലുണ്ട്. തുടർ നടപടികൾക്കായി വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രശ്‌നമുണ്ടാക്കുന്നവരെ കണ്ടെത്തി.
ബാധിത പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധർ, സാമുദായിക സൗഹാർദ്ദം, തകർക്കുകയും ജീവനും സ്വത്തിനും നാശം വരുത്തുകയും ചെയ്യുന്ന ആക്ഷേപകരമായ ഉള്ളടക്കം റിലേ ചെയ്യാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നതായി ഇൻപുട്ടുകൾ ലഭിച്ചതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. അതിനാൽ, ഞായറാഴ്ച വൈകുന്നേരം 6 മണി വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യൻ ടെലിഗ്രാഫ് നിയമപ്രകാരം സംസ്ഥാന സർക്കാരിന്റെ അടിയന്തര അധികാരങ്ങൾ അഭ്യർത്ഥിച്ചതായി വകുപ്പ് അറിയിച്ചു. ഛപ്രയിലെ സദർ സബ് ഡിവിഷനിൽ ഉടനീളം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും, അവിടെ ഓൺലൈൻ സൈറ്റുകളിലൂടെ എല്ലാത്തരം സന്ദേശങ്ങളും ചിത്രപരമായ ഉള്ളടക്കവും പങ്കിടുന്നത് ഈ കാലയളവിലേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്നും വകുപ്പ് അറിയിച്ചു.