60 കുപ്പി മദ്യമെവിടേ’യെന്ന് കോടതി. അത് രണ്ട് എലികള്‍ കുടിച്ച് തീര്‍ത്തെ’ന്ന് പോലീസ്. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പിടികൂടിയ 60 കുപ്പി അനധികൃത മദ്യം ദുരൂഹമായി കാണാതായ സാഹചര്യത്തിലാണ് ഈ വിചിത്രമായ പ്രസ്താവന. പിടിച്ചെടുത്ത മദ്യം മുഴുവന്‍ കട്ടു കുടിച്ചത് എലികളാണന്നാണ് പൊലീസിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എലികളെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇവയില്‍ ഒരു എലിയെ പിടികൂടിയതായും രണ്ടാമനെ കാണാനില്ലെന്നുമാണ് പൊലീസ് പറയുന്നത്.
മദ്യത്തില്‍ പകുതിയോളം എലികള്‍ കുടിച്ചതായും ബാക്കിയുണ്ടായിരുന്നവ എലികള്‍ നശിപ്പിച്ചതായുമാണ് കോടതിയില്‍ നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ട്. ചെറിയ പ്ലാസ്റ്റിക് കുപ്പികളില്‍ ആയിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്നും എലികള്‍ കുപ്പികള്‍ ചവച്ചരച്ച് മദ്യത്തിന് കേടുവരുത്തിയെന്നുമാണ് സംഭവത്തെക്കുറിച്ചുള്ള വിശദീകരണം. തെളിവായി കേടുവരുത്തിയ കുപ്പികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ മദ്യം കുടിച്ചു തീര്‍ത്തത് എലികളാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നാണ് സൂചന. ഏതായാലും അനധികൃത മദ്യ കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതോടെ ഇവ തെളിയിക്കുന്നത് അധികൃതര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. നിര്‍ണായക രേഖകളും മൃതദേഹങ്ങളും വരെ എലികള്‍ കടിച്ചതായി പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ആദ്യമായാണ് രണ്ട് എലികള്‍ ചേര്‍ന്ന് ഇത്രയേറെ മദ്യം തീര്‍ക്കുന്നത്.
ഭിക്ഷാടനം നടത്തിയതിന് സിപിഎമ്മിന്റെ ഭീഷണി
മാസങ്ങളായി ക്ഷേമ നിധി പെൻഷൻ മുടങ്ങിയ ഇടുക്കി അടിമാലിയിലെ 85 വയസുകാരായ അന്നയും മറിയക്കുട്ടിയും മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിച്ചത് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയായി മാറിയിരുന്നു. ക്ഷേമ നിധി പെന്‍ഷന്‍ കൊണ്ടു മാത്രമായിരുന്നു അന്നയും മറിയക്കുട്ടിയും ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വന്നപ്പോൾ ആയിരുന്നു ഇരുവരും തെരുവിലേക്ക് ഇറങ്ങിയത്. എന്നാൽ അന്നയും മറിയക്കുട്ടിയും ഭിക്ഷാടനം നടത്തിയതിന് എതിരെ തങ്ങളുടെ വീടിനു നേരെ സിപിഎം കല്ലെറിഞ്ഞെന്നും തങ്ങളെ ഉപദ്രവിക്കുന്നുവെന്നുമാണ് ഇവർ പറയുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് വീടിന് നേരെ കല്ലെറിഞ്ഞത്. അയ്യപ്പനും റോയിയുമൊക്കെയാണ് തങ്ങളെ ഭീക്ഷണിപ്പെടുത്തുന്നത് എന്നാണ് അന്നയും മറിയക്കുട്ടിയും പറയുന്നത്. പോലീസിൽ പരാതി കൊടുക്കണമെന്നുണ്ടെന്നും തങ്ങളെ കൊല്ലുന്നതിന് തുല്യം ആണല്ലോ കല്ലെറിയുന്നതെന്നും ഇരുവരും പറഞ്ഞു. ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം തെളിയിക്കാനും മറിയക്കുട്ടി വെല്ലുവിളിച്ചു. എന്നാൽ ഈ ആരോപണം സിപിഎം നിഷേധിക്കുകയും ചെയ്തു.
ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം ലഭിച്ചു
മെഡിക്കൽ രംഗത്ത് നിരവധി രോഗങ്ങൾക്കുള്ള വാക്സിനുകളാണ് ഇപ്പോൾ കണ്ടു പിടിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിക്കുൻ ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. യു.എസ്. ആരോഗ്യമന്ത്രാലയമാണ് ഈ വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിലാണ് വിപണിയിലെത്തുന്നത്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. ആഗോള തലത്തിൽ തന്നെ ആരോഗ്യ ഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചു ദശലക്ഷത്തോളം ആളുകളിൽ ബാധിച്ചിരുന്നു.
പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണ് ‘ഇക്സ്ചിക്’. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് പ്രസ്തുത വാക്സിന്റെ സുരക്ഷിതത്വം വ്യക്തമായിരിക്കുന്നത്. പതിനെട്ടു വയസ്സും അതിനു മുകളിലും പ്രായമുള്ള 3,500 പേരിലാണ് ‘ഇക്സ്ചിക്’ വാക്സിൻ ട്രയൽ നടത്തിയിരുന്നത്. ശക്തമായ പനി, സന്ധിവേദനകള്‍, ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് ചിക്കൻ ഗുനിയയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ആണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക.
ഒരു രാത്രി കൊണ്ട് മീൻ വിറ്റു കോടീശ്വരന്മാരായി
കോടീശ്വരന്മാരാകാൻ അധിക സമയമൊന്നും വേണ്ട. വേണമെങ്കിൽ ഒറ്റ രാത്രി കൊണ്ടും ആകാം. പാകിസ്ഥാനിലെ കറാച്ചിയിൽ മത്സ്യബന്ധനത്തിന് പോയവരാണ് ഇപ്പോൾ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായത്. ഇവരുടെ വലയിൽ കുടുങ്ങിയ അപൂർവ മത്സ്യം ആണ് ഇവരെ കോടീശ്വരന്മാരാക്കിയത്. ഈ മത്സ്യത്തിനെ ലേലത്തിൽ വെച്ചപ്പോൾ ഏകദേശം ഏഴ് കോടിയോളം പാക് രൂപയാണ് ലഭിച്ചത്. ഇബ്രാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തിലെ ഹാജി ബലോച്ചും തൊഴിലാളികൾക്കുമാണ് തിങ്കളാഴ്ച അറബിക്കടലിൽ നിന്ന് സോവ എന്നറിയപ്പെടുന്ന ഗോൾഡൻ ഫിഷ് ലഭിച്ചത്.
വളരെ അപൂർവമായി ലഭിക്കുന്ന ഈ മീൻ ഏഴ് കോടി രൂപക്കാണ് വിറ്റുപോയത്. ഒരു മത്സ്യത്തിന് മാത്രം 70 ലക്ഷം രൂപ ലഭിച്ചുവെന്നാണ് പാകിസ്ഥാൻ ഫിഷർമെൻ ഫോക്ക് ഫോറത്തിലെ മുബാറക് ഖാൻ പറഞ്ഞത്. ഈ മീനിന്റെ വയറ്റിൽ നിന്നുള്ള പദാർത്ഥങ്ങൾക്ക് രോഗശാന്തിക്കുള്ള ഔഷധ ഗുണങ്ങളുമുണ്ടെന്നാണ് പറയുന്നത്. മത്സ്യത്തിൽ നിന്ന് ലഭിക്കുന്ന നൂൽ പോലെയുള്ള പദാർത്ഥം ശസ്ത്രക്രിയയിലും ഉപയോഗിക്കുന്നതാണ്. 20 മുതൽ 40 കിലോ വരെ ഭാരവും 1.5 മീറ്റർ വരെയുമാണ് മീനിന്റെ വളർച്ച.
അസാധു വോട്ടുകൾ റീകൗണ്ടിങ്ങിൽ പരിഗണിച്ചത് എങ്ങനെ ?
ചർച്ചകൾക്കും വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ, കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കേരള ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹർജി നൽകിയിരുന്നു. ശ്രീകുട്ടന്റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെ ആണെന്ന ചോദ്യവും ഉന്നയിച്ചു.
ആയതിനൽ റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധു വോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് കോടതി പറഞ്ഞു. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്നും കോടതി വ്യക്തമാക്കി.. കേസിൽ കോടതി ഇന്ന് വിധി പറഞ്ഞില്ല.
കൃത്രിമ മഴ പെയ്യിക്കാനിരിക്കെ ഡൽഹിയ്ക്ക് ആശ്വാസമായി മഴയെത്തി
വായു മലിനീകരണം അതിരൂക്ഷമായിരിക്കുകയായിരുന്നു ഡൽഹിയിൽ. ഒടുവിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരുക്കത്തിലായിരുന്നു സർക്കാർ. എന്നാൽ ഡൽഹിക്ക് ആശ്വാസമായി ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് മഴ പെയ്തിരിക്കുന്നത്. ഡൽഹിയിലെ എൻസിആറിന്റെ ചില പ്രദേശങ്ങളിലാണ് മഴ ലഭിച്ചിരിക്കുന്നത്. അതോടൊപ്പം ഇന്ന് കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഒരാഴ്ചയായി ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യമായിരുന്നു. നവംബർ 20–൨൧ തിയ്യതികളിൽ ആയിരുന്നു കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനിച്ചതെന്നങ്കിലും നേരത്തെ തന്നെ മഴ എത്തുകയും ചെയ്തു.
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക നല്‍കാനായി പണം അനുവദിച്ച് ധനവകുപ്പ്
ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക നല്‍കാനായി പണം അനുവദിച്ച് ധനവകുപ്പ്. 900 കോടിയാണ് അനുവദിച്ചത്. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ കുടിശ്ശിക നല്‍കുമെന്ന് ബുധനാഴ്ചയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. പക്ഷെ പണം കണ്ടെത്താന്‍ വൈകിയതാണ് വിതരണവും വൈകാന്‍ കാരണം.
നവകേരള സദസ് തുടങ്ങും മുമ്പ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. അമ്പത്തിനാലായിരം കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് നമുക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു.
ഹാദേവ് ബെറ്റിങ് ആപ്പ് കേസ് എന്തിന്? ആപ്പിന്റെ പ്രവര്‍ത്തനം എങ്ങനെ?
മഹാദേവ് ആപ്പ് അഴിമതിയില്‍ ഛത്തീസ്ഗഡ് മുഖ്യമന്തിയായ ഭൂപേഷ് ബാഗേലിന് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം ഇഡി കണ്ടെത്തി. മഹാദേവ് ആപ്പ് പ്രൊമോട്ടര്‍മാരില്‍ നിന്ന് ഭൂപേഷ് ബാഗേല്‍ 500 കോടി രൂപ വാങ്ങിയതിന്റെ സൂചനകളുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. ഭൂപേഷി നെതിരെ അഴിമതി ഉയര്‍ന്ന മഹാദേവ് ആപ്പ് വാതുവെയപ്പ് ആപ്പ് അടക്കം 22 ആപ്പുകള്‍ കേന്ദ്ര ഇലക്ടോണിക്‌സ്, ഐടി മന്ത്രാലയം നിരോധിച്ചു.
ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ച മഹാദേവ് ബെറ്റിങ് ആപ്പ് വഴി ശതകോടികള്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയതായി ഇ ഡി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാട് ഉള്‍പ്പടെയുള്ള ആരോപണങ്ങളെ തുടര്‍ന്നായിരുന്നു നടപടി.
എന്താണ് മഹാദേവ് ആപ്പ്?
ഒരു ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓണ്‍ലൈന്‍ ബെറ്റിങ്ങിന് ഇന്ത്യയില്‍ നിരോധനമുള്ളതിനാല്‍ ദുബായ് വഴിയാണ് ഇവരുടെ ഓപ്പറേഷന്‍. സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നിവരാണ് 2016ല്‍ ദുബായില്‍ മഹാദേവ് ആപ്പ് എന്ന പേരില്‍ ഓണ്‍ലൈന്‍ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020ല്‍ കോവിഡ് കാലത്ത് ജനം ഓണ്‍ലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ്ങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ്, തിരഞ്ഞെടുപ്പ് അങ്ങനെ എന്തിന്റെ പേരിലും വാതുവെപ്പ് നടത്താം.
2019 വരെ 12ലക്ഷം പേരായിരുന്നു മഹാദേവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.2019ല്‍ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡ് അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തും. പണം വന്നതും പോയതും എല്ലാം ഹവാല റൂട്ടുകളില്‍ ബെറ്റ് വെയ്ക്കും. എത്ര പേര്‍ ജയിച്ചാലും തോറ്റാലും, ലാഭം കമ്പനിക്ക് മാത്രമാണ്.
ഒരു കൂട്ടം ചെറു ആപ്പുകള്‍ ഉപയോഗിച്ചാണ് ഈ വെബ്സൈറ്റുകള്‍ വഴിയുള്ള വാതുവെപ്പ് നടക്കുന്നത്. ഒരു സംസ്ഥാനത്ത് മാത്രമോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ പ്രദേശത്ത് മാത്രമോ ആയിരിക്കും ഈ ആപ്പുകള്‍ക്ക് പ്രചാരമുണ്ടാവുക.
ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ്, ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴി വാതുവെപ്പുകാരുമായി ബന്ധപ്പെടാന്‍ ഇത്തരം ആപ്പുകള്‍ അവസരം ഒരുക്കുന്നു. പ്രധാന വെബ്സൈറ്റുകളുമായി ബന്ധിപ്പിച്ച ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.
അതുവഴി അവര്‍ക്ക് ആ വെബ്സൈറ്റ് അഡ്മിനുമായി ബന്ധപ്പെടാനാവും. വെബ്സൈറ്റ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് ഒരു ടോക്കണോ യൂസര്‍ ഐഡിയോ നല്‍കും. ഈ യൂസര്‍ ഐഡിയോ ടോക്കണോ ഉപയോഗിച്ച് ഉപഭോക്താവിന് മെസേജിങ് ആപ്പുകള്‍ വഴി വാതുവെപ്പ് നടത്താം. യുപിഐ വഴിയാണ് പണമിടപാടുകള്‍ നടത്തുന്നത്.
ഇന്ത്യയിലെ നിയമപ്രശ്‌നങ്ങള്‍ എന്താണ്?
2021-ലെ ഐടി നിയമം അനുസരിച്ച് ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണ്. കഴിഞ്ഞ ഏപ്രിലില്‍ ഭേദഗദി ചെയ്ത ഐടി നിയമത്തില്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഗെയിമിങ്ങുമായി ബന്ധപ്പെട്ട ചില സെക്ഷനുകള്‍ അനുസരിച്ച് ഗെയിമിങ് ആപ്പുകള്‍ വഴിയുള്ള വാതുവെപ്പും ഇന്ത്യയില്‍ അനുവദനീയമല്ല.
ഇന്ത്യയിലെ വാതുവെപ്പ്, ചൂതാട്ട നിയമങ്ങള്‍ ലംഘിക്കുന്നതിന് പുറമെ രാജ്യാതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സംബന്ധിച്ച നിയമങ്ങളും ഈ ആപ്പുകള്‍ ലംഘിക്കുന്നു. മഹാദേവ് ആപ്പിന്റെ ഉടമകളും പ്രൊമോട്ടര്‍മാരുമെല്ലാം വിദേശത്താണെന്നാണ് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നത്. വാട്സാപ്പ് ഗ്രൂപ്പുകളും കോള്‍ സെന്ററുകളും ഉപയോഗിച്ച് ഒരു ഫ്രാഞ്ചൈസിയെ പോലെയാണ് മഹാദേവ് ആപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത്.
70:30 എന്ന അനുപാതത്തില്‍ ഇവിടെ ആപ്പ് കൈകാര്യം ചെയ്യുന്നവരും പ്രൊമോട്ടര്‍മാരും ലാഭം പങ്കുവെക്കും. പാനല്‍ ഓപ്പറേറ്റര്‍മാര്‍ എന്നാണ് ആപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അറിയപ്പെടുന്നത്. ഇവരാണ് ഇന്ത്യയിലെ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതും വിജയികള്‍ക്ക് പണം കൈമാറുന്നതും ഉപഭോക്താക്കളില്‍ നിന്ന് വാതുവെപ്പുകള്‍ സ്വീകരിക്കുന്നതും. ഹവാലാ ഇടപാടുകളായാണ് പ്രൊമോട്ടര്‍മാര്‍ക്ക് പണം കൈമാറുന്നത്.
ഇരയായത് രാഷ്ടീയക്കാരും സെലിബ്രിറ്റികളും….
നിരവധി സിനിമ താരങ്ങള്‍ ഈ ആപ്പുകളുടെ പ്രചാരണത്തിനായി കൈകോര്‍ത്തിരുന്നു. ഇപ്പോള്‍ പ്രചാരണത്തിനിറങ്ങിയവരും പണ കൈപ്പറ്റിയവരും നിയമക്കുരുക്കിലായിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, ടെലിവിഷന്‍ താരം കപില്‍ ശര്‍മ എന്നിവര്‍ അതില്‍ ചിലരാണ്. ഹുമ ഖുറേഷി, ഹിനാ ഖാന്‍ എന്നിവരേയും ഇഡി ചോദ്യം ചെയ്തു.
ചത്തിസ്ഗഡ് മുഖ്യമന്ത്രി ബൂപേഷ് ബാഗേലിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മഹാദേവ് ബുക്ക് ഓണ്‍ലൈന്‍ 500 കോടി സംഭാവന ചെയ്തതായും ആരോപണമുണ്ട്. മഹാദേവ് ഹവാല ഇടപാട് കേസുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. ചത്തിസ്ഗഡ് പോലീസ് കോണ്‍സ്റ്റബിളായ ഭീം സിങ് യാദവ്, അസിം ദാസ് എന്നിവരാണ് പിടിയിലായത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ചാണ് അറസ്റ്റ്. ഈ വര്‍ഷം ഫെബ്രുവരിയിലും ഐ.ടി മന്ത്രാലയം 138 വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള വിവരക്കൈമാറ്റം ഉള്‍പ്പടെയുള്ളവ ആരോപിച്ചായിരുന്നു നടപടി.