നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്. പട്ന സ്വദേശികളുടെ നാലു മാസമുള്ള കുഞ്ഞിനു കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിൽ മുലയൂട്ടിയത് ആര്യ എന്ന അമ്മയാണ്. ആര്യ ഒൻപത് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയാണ്. അതിഥിത്തൊഴിലാളികളുടെ കുഞ്ഞിനെ വ്യാഴാഴ്ചയാണ് വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
ഹൃദ്രോഗിയായ അമ്മയെ ശ്വാസം മുട്ടലിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ഈ കുഞ്ഞിന്റെയും മൂത്ത 3 കുട്ടികളുടെയും താൽക്കാലിക സംരക്ഷണച്ചുമതല വനിതാ പൊലീസുകാർ ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ അച്ഛൻ ജയിലിലാണ്. ഈ കുഞ്ഞിനെയും സഹോദരങ്ങളെയും പിന്നീടു ശിശുഭവനിലേക്കു മാറ്റി.
പാലക്കാട് സ്‌കൂളിൽ തല്ലുമാല മോഡലിലൊരു തല്ല്
സോഷ്യൽ മീഡിയയിൽ വൈറലായി തല്ലുമാല ചിത്രത്തിലേത് പോലൊരു തല്ല്. പാലക്കാട് തൃത്താല കുമരനെല്ലൂരിലെ സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസുകാരന്‍ നടന്നു പോയതോടെയാണ് വാക്കു തർക്കം ഉണ്ടായത്. സംഭവത്തിലേക്ക് ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ കൂടി ഇടപെട്ടതോടെ തർക്കം കൂട്ടത്തല്ലിലേക്ക് വഴി മാറുകയായിരുന്നു. സ്‌കൂൾ കഴിഞ്ഞപ്പോൾ ഇരു കൂട്ടരും തമ്മിൽ വീണ്ടും വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു.
വെളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സ്‌കൂളിൽ വെച്ച് തുടങ്ങിയ തർക്കം സ്‌കൂൾ കോംബൗണ്ടിന് പുറത്തു വെച്ചാണ് കലാശിച്ചത്. കൂട്ടത്തല്ലിനിടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളായതിനാല്‍ സംഭവത്തില്‍ ആര്‍ക്കെതിരേയും നിയമ നടപടി സ്വീകരിച്ചില്ല. പകരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നൽകുമെന്നാണ് പോലീസ് അറിയിച്ചത്.
നവകേരള ബസിന്റെ ചില്ലുകൾ രഹസ്യമായി മാറ്റി
നവകേരള യാത്രയ്ക്ക് വേണ്ടി എത്തിച്ച ബസിന്റെ ചില്ലുകൾ അതീവ രഹസ്യമായി മാറ്റി. 1.05 കോടി രൂപ മുടക്കി നിർമിച്ച് എത്തിച്ച ബസാണ് മന്ത്രിമാർ യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് പുറത്തെ കാഴ്ചകൾ കാണാനും പുറത്തുള്ളവർക്ക് മുഖ്യമന്ത്രിയെയും കൂടുതൽ വ്യക്തമായി കാണാനും വേണ്ടിയാണ് ബസിന്റെ ഗ്ലാസുകൾ മാറ്റിയതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാത്രി വടകരയിലെ നവകേരള സദസ്സിനു ശേഷം കോഴിക്കോട്ട് നടക്കാവ് വർക്‌ഷോപ്പിൽ എത്തിച്ചാണ് ഗ്ലാസുകൾ മാറ്റിയത്. രാത്രി പത്ത് മണിക്ക് ശേഷം വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് നടക്കാവിൽ എത്തിച്ചതും ഗ്ലാസുകൾ മാറ്റിയതും. ബെംഗളൂരുവിൽ നിന്ന് ബസ് നിർമിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും സ്ഥലത്ത് എത്തിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരായി രാഹുൽ
യൂത്ത് കൊണ്ഗ്രെസ്സ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യംചെയ്യലിന് ഹാജരായി. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് രാഹുൽ ഹാജരായത്. കേസിൽ സാക്ഷിയായാണ് രാഹുലിനെ വിളിപ്പിച്ചത്. കേസില്‍ തുറന്ന മനസ്സാണെന്നും ഒളിച്ചുകളിക്കാന്‍ ഇല്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതോടൊപ്പം താൻ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് വിളിപ്പിക്കുമോയെന്ന് അഭിഭാഷകന്‍ മുഖേന രാഹുൽ ചോദിച്ചിരുന്നു. അങ്ങനെ ഒരു നീക്കം ഇല്ലെന്നായിരുന്നു പോലീസ് രാഹുലിന് നൽകിയ മറുപടി. എന്നാൽ പോലീസ് മാധ്യമങ്ങളോട് തന്നെ വിളിപ്പിക്കുമെന്നു പറഞ്ഞതിൽ പരിഭവമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.
ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് ചോദ്യം ചെയ്യലിന് എത്തിയതെന്നും രാഹുൽ പറഞ്ഞു. അതേസമയം തന്നെ പ്രതി ചേര്‍ക്കുകയാണെങ്കില്‍ കോടതികളുണ്ടല്ലോ എന്നും കോടതികളിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളതുകൊണ്ടല്ലേ ഈ നാട്ടിലെ പൗരന്മാരായി തുടരുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
ദുബായിൽ കൊണ്ട് പോകാത്തതിൽ ഭർത്താവിനെ അടിച്ചു കൊന്നു
പിറന്നാൾ ആഘോഷിക്കാൻ ദുബായിൽ കൊണ്ട് പോകാത്തതിനെ യുവതി ഭർത്താവിനെ അടിച്ചു കൊന്നു. സംഭവം പുണെയിലാണ്. 36 കാരനായ നിഖിൽ ഖന്നയാണ് ഭാര്യയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 38 കാരിയായ ഭാര്യ രേണുകയെ പോലീസ് അറസ്റ്റ് ചെയ്തു.
പുണെ വാനവ്ഡി ഏരിയയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിലെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. രേണുകയുടെ ജന്മദിനം ആഘോഷിക്കാൻ നിഖിൽ ദുബായിൽ കൊണ്ട് പോകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.
വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും പല്ലുകളും തകർന്നു. രക്തസ്രാവം കൂടിയതാണ് മരണകാരണം എന്നാണ് പോലീസ് പറയുന്നത്. ജന്മദിനത്തിലും വിവാഹ വാര്ഷികത്തിലും വിലയേറിയ സമ്മാനം നൽകാത്തതിലും യുവതിക്ക് ദേഷ്യം ഉണ്ടായിരുന്നു. ആറ് വര്ഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇരുവരും.
ലഹരിക്ക് പണം കണ്ടെത്താൻ കൈക്കുഞ്ഞുങ്ങളെ വിറ്റു മാതാപിതാക്കൾ
മുംബയിൽ ലഹരിക്ക് പണം കണ്ടെത്താൻ കൈക്കുഞ്ഞുങ്ങളെ വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ. 52 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയും 2 വയസ്സുള്ള ആൺകുട്ടിയെയും ആണ് ഷംസീർ ഖാൻ, സാനിയ ഖാൻ എന്നിവർ വിറ്റത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളും ഏജന്റ് ഉഷ, ആൺകുട്ടിയെ വാങ്ങിയ ഷക്കീൽ എന്നിവരാണ് പിടിയിലായത്.
പെൺകുഞ്ഞിനെ 14,000 രൂപയ്ക്കും ആൺകുട്ടിയെ 60,000 രൂപയ്ക്കുമാണ് വിറ്റത്. ആൺകുട്ടിയെ വാങ്ങിയയാളെ കണ്ടെത്തിയെങ്കിലും പെൺകുട്ടിയെ ആർക്കാണ് വിറ്റതെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ. കുഞ്ഞുങ്ങളെ കാണാതായതോടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിഞ്ഞത്.
സെൽവിൻ ഇനിയും ജീവിക്കും
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ആന്തരികാവയവങ്ങൾ എറണാകുളത്തെത്തിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച സ്റ്റാഫ് നേഴ്സ് സെൽവിന്റെ ഹൃദയവും വൃക്കകളും പാൻക്രിയാസുമാണ് സർക്കാർ ഹെലികോപ്റ്ററിൽ എറണാകുളത്തെത്തിച്ചത്. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനുവേണ്ടി ഹൃദയവും.ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്.
കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്ക് നൽകും. കന്യാകുമാരി വിളവിൻകോട് സ്വദേശിയായ സെൽവിൻ കടുത്ത തലവേദനയെ തുടന്നായിരുന്നു ആശുപത്രിയിലെത്തിയത് പിന്നീട് ഇത് മസ്തിഷ്ക രക്തസ്രാവമാണെന്നു കണ്ടെത്തുകയും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. സെൽവിന്റെ ഭാര്യയും സ്റ്റാഫ് നേഴ്‌സുമായ ഗീതയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചതു. സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ പദ്ധതി വഴിയാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്.