സോളാർ ലൈംഗികാരോപണം: വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് ഫെനി
സോളാർ ലൈംഗിക ആരോപണ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഡ്വക്കേറ്റ് ഫെനി. യഥാർത്ഥത്തിൽ സംഭവിച്ചതെന്ത് ? സോളാർ കേസ് തുടങ്ങിയപ്പോൾ താൻ ഏത് സ്റ്റാൻഡിലാണോ നിന്നത് അതേ സ്റ്റാൻഡിൽ തന്നെയാണ് നിൽക്കുന്നതെന്നാണ് ഫെനി പറയുന്നത്. ഈ കേസിൽ എങ്ങനെയാണ് ഇത്തരത്തിലൊരു ഗൂഢാലോചന നടന്നതെന്ന് ആധികാരികമായി പറയാൻ ഫെനിക്ക് മാത്രമേ കഴിയുകയുള്ളു. എല്ലാവരും പറയുന്ന കത്ത് യഥാർത്ഥത്തിൽ അതിജീവതയുടെ പെറ്റീഷന്റെ ഒരു ഡ്രാഫ്റ്റ് ആയിരുന്നു. പത്തനംതിട്ട ജില്ലാ ജയിലിൽ നിന്നാണ് ഇത് ഫെനിക്ക് കൈമാറിയത്.
21 പേജുള്ള ഒരു പെറ്റീഷൻ ആയിരുന്നു അത്. പരാതിക്കാരിയുടെ നിർദ്ദേശപ്രകാരമാണ് ഫെനി, പെറ്റീഷൻ ഗണേഷ് കുമാറിന്റെ പിഎ, പ്രദീപിനെ ഏൽപ്പിച്ചത്. അതിജീവിത ജയിലിൽ നിന്നും ഇറങ്ങിയ ശേഷം രണ്ട് ദിവസം ഫെനിയുടെ വീട്ടിൽ ആയിരുന്നു താമസം. പിന്നീട് തുടർച്ചയായുള്ള ആറ് മാസം ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജിന്റെ വീട്ടിൽ ആയിരുന്നു അതിജീവത താമസിച്ചിരുന്നത്. എന്നാൽ ഗണേഷ് കുമാറിന് മന്ത്രിയാകാനുള്ള ശ്രമമായിരുന്നു എല്ലാവരും നടത്തിയത്. ഗണേഷ് കുമാറിനെ മന്ത്രിയാക്കണം എന്നായിരുന്നു അവരുടെ ലക്‌ഷ്യം. ഇത് പരാജയപ്പെട്ടപ്പോഴാണ് ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജും പ്രദീപും ഫെനിയോട് തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്താൻ ആവശ്യപ്പെട്ടു. കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ വെച്ചാണ് ശരണ്യ മനോജ് ഫെനിയ്ക്ക് കത്ത് കൈമാറിയത്.
കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായുള്ള ഒരു ലൈംഗിക ആരോപണം ഉണ്ടായിരുന്നു. കൂടാതെ ജോസ് കെ മാണിയുടെ പേരും അതിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഇവരുടെ രണ്ടാളുടെയും പേര് അതിൽ കൂട്ടിച്ചേർത്തത് ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമായിരുന്നു. ഗണേഷ് കുമാറിന് മന്ത്രിയാകാൻ കഴിയാത്തതിനാൽ ഉമ്മൻ ചാണ്ടിയെ താഴെയിറക്കണമെന്നായിരുന്നു പ്ലാൻ. ഈ കത്ത് ഫെനിയോട് അതിജീവതയുടെ വീട്ടിൽ കൊണ്ട് പോയി അവരുടെ കൈപ്പടയിൽ തന്നെ തയ്യാറാക്കി പത്ര സമ്മേളനം നടത്താനും ശരണ്യ മനോജ് പറഞ്ഞു.
ഫെനി പത്ര സമ്മേളനം നടത്തുകയും കത്ത് ഉയർത്തി കാണിച്ചപ്പോൾ ഒരു മദ്ധ്യം തയ്യാറാക്കിയതിൽ ജോസ് കെ മാണിയുടെ പേരും ഉണ്ടായിരുന്നു. അത് വലിയൊരു വിവാദമായിരുന്നു സൃഷ്ടിച്ചത്. ഈ കേസിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള സൂത്രധാരൻ ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം കാര്യങ്ങൾ ചെയ്ത പ്രദീപും ശരണ്യ മനോജ് ആണെന്നാണ് പത്രസമ്മേളനത്തിൽ വെച്ച് ഫെനി പറഞ്ഞത്. അതിജീവതയുടെയും ശരണ്യ മനോജിന്റെയും ഗണേഷ് കുമാറിന്റെയും പേരിൽ കൊട്ടാരക്കര കോടതിയിൽ പരാതി കൊടുത്തതിന് ശേഷം കോടതിയിൽ കേസ് എടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി അന്ന് ഉമ്മൻ ചാണ്ടിയുടെയും ഫെനിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു പോലീസ്. ഈ ലൈംഗിക ആരോപണത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം ചൂഷണം ചെയ്യുകയായിരുന്നു. ലൈംഗിക ആരോപണത്തെ മുൻനിർത്തി ഒരു ഗവണ്മെന്റിനെ താഴെയിറക്കി വേറൊരാൾക്ക് കയറാനുള്ള ശ്രമമായിരുന്നു നടന്നിരുന്നത്.
ഇപ്പോഴത്തെ ആരോപണം നിലനിൽക്കുന്നത് ഗണേഷ് കുമാർ, പ്രദീപ്, ശരണ്യ മനോജ് എന്നിവരിലാണ്. പെറ്റീഷനിലെ രണ്ടാം പേജിൽ ഗണേഷ് കുമാർ പരാതിക്കാരിയെ പീഡിപ്പിച്ചതായും പറയുന്നുണ്ടായിരുന്നു. പിന്നീടാണ് ഗണേഷ് കുമാറിന്റെ പേര് അതിൽ നിന്നും ഒഴിവാക്കിയത്. ഇരുപത്തിയൊന്ന് പേജുള്ള കത്ത് നാല് പേജായി ചുരുങ്ങിയത് ഗണേഷ് കുമാറിന്റെയും ശരണ്യ മനോജിന്റെയും പ്രദീപിന്റെയും നിർദ്ദേശപ്രകാരമാണ്. കത്ത് പരാതിക്കാരിയുടെ കയ്യിൽ നിന്നും വാങ്ങുമ്പോൾ ഇരുപത്തിയൊന്ന് പേജായിരുന്നുവെന്നു ജില്ലാ ജയിലിൽ ഫെനി രേഖപ്പെടുത്തിയിരുന്നു. താൻ ഈ പത്രസമ്മേളനം നടത്തിയത് ഉമ്മൻ ചാണ്ടി സാറിന് വേണ്ടിയാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ നമ്മളുടെ കൂടെയില്ല. ഇനിയാർക്കും ഇങ്ങനെയൊരു ആരോപണം ഉണ്ടാകരുത് എന്നാണ് ഫെനി പറഞ്ഞത്.
സിനിമ മേഖലയിൽ ഇനി വനിതാ ഡ്രൈവർമാരും
ചലച്ചിത്ര മേഖലയിൽ ഇനി മുതൽ വനിതാ ഡ്രൈവർമാരും എത്തുന്നു. സ്ത്രീകളുടെ സുരക്ഷിത യാത്രയെ മുൻ നിർത്തി ഫെഫ്ക സംഘടനയാണ് ഡ്രൈവർമാരെ നിയമിക്കുന്നത്. ഫെഫ്കയുടെ കീഴിലുള്ള കേരളം സിനി ഡ്രൈവേഴ്സ് യൂണിയനിലെ ആദ്യ ഘട്ടത്തിൽ 5 വനിതാ ഡ്രൈവർമാരെയാണ് നിയമിക്കുന്നത്.
മൂന്നു മാസത്തിനുള്ളിൽ തന്നെ വനിതാ ഡ്രൈവർമാർ ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തുന്നതാണ്. അതോടൊപ്പം മൂന്ന് വർഷം അംഗ്വത ഫീസിൽ ഇവർക്ക് ഇളവും നൽകിയിട്ടുണ്ട്. ഇവർക്ക് സ്വന്തമായി വാഹനം വാങ്ങുന്നതിനായി മലയാളം സിനി ടെക്‌നീഷ്യൻസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പയും നൽകും. നിലവിൽ ഫെഫ്ക സിനി ഡ്രൈവേഴ്സ് യൂണിയനിലെ 560 ഡ്രൈവർമാരും പുരുഷന്മാരാണ്.
ഇനി തടവില്ല, മുന്നറിയിപ്പിന് വില 50000
മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നത് അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ സിനിമയിൽ മദ്യം ഉപയോഗിക്കുന്ന രംഗങ്ങളെല്ലാം ഇത് വീണ്ടും വീണ്ടും ഓർമിപ്പിക്കും. അതിന്റെ പ്രധാന കാരണം, അബ്കാരി നിയമത്തിലെ 55 എച്ച് , 55 ഐ വകുപ്പുകൾ പ്രകാരം സിനിമയിൽ ഈ മുന്നറിയിപ്പ് പ്രദർശിപ്പിക്കാത്തതും നിയമവിരുദ്ധമായ മദ്യ പരസ്യങ്ങൾ നൽകുന്നതും ക്രിമിനൽ കുറ്റമായതുകൊണ്ടാണ്.
സിനിമയിൽ മദ്യം ഉപയോഗിക്കുന്ന സീനുകളിലെല്ലാം മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ 6 മാസം വരെ തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാൽ ഇനി മുതൽ ഇങ്ങനെ പ്രദർശിപ്പിക്കാതിരുന്നാൽ തടവ് ശിക്ഷയില്ല. പകരം അൻപതിനായിരം രൂപ പിഴ മാത്രം നൽകിയാൽ മതി. അബ്കാരി ഭേദഗതി ബില്ലിലൂടെയാണ് ഇപ്പോൾ ഈ ഇളവ് വരുത്തിയിരിക്കുന്നത്. എന്നാൽ ഈ നടപടി മദ്യ ഉപഭോഗത്തെ പ്രോഹത്സാഹിപ്പിക്കുന്ന തരത്തിലാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
മുപ്പത്തിയഞ്ചാം തവണയും എസ്എൻസി ലാവലിൻ കേസ് മാറ്റി വെച്ചു
അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് സിബിഐ വീണ്ടും ആവശ്യപ്പെട്ടത്. ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഹർജികൾ ഒക്ടോബർ പത്തിലേക്കാണ് മാറ്റിയത്. സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ കേസ് വീണ്ടും മാറ്റി വയ്ക്കണമെന്നാണ് സിബിഐ കഴിഞ്ഞ ദിവസം ആവശ്യപെട്ടത്. എന്നാൽ കഴിഞ്ഞ ജൂലായിൽ കേസ് പരിഗണിച്ചപ്പോൾ എസ്‌വി രാജുവിനായിരുന്നു അസൗകര്യം ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നു ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരി വയ്ക്കുകയും ചെയ്തു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരി രംഗ അയ്യർ എന്നിവർ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
“പറയാതെ വയ്യ, ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു”: ഗതാഗത വകുപ്പിനെതിരെ മുകേഷ്
ഗതാഗത വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും എംഎൽഎയുമായ എം മുകേഷ്. സാമൂഹിക വിഷയങ്ങളിൽ പലപ്പോഴും മുകേഷ് പതികരിച്ച് രംഗത്ത് എത്താറുണ്ട്. കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ താൻ പരമാവധി ഈ വിഷയത്തിൽ ഇടപെട്ടെന്നാണ് മുകേഷ് പറയുന്നത്. നടൻ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ച് രംഗത്തെത്തിയത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെയാണ്,
“പറയാതെ വയ്യ… കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി. നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും” എന്നാണ് മുകേഷ് പറഞ്ഞത്. യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യം പോലും അധികാരികൾക്ക് നല്കാൻ കഴിയുന്നില്ലെന്നും മുകേഷ് പറയുന്നത്. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ ഒരു മടിയും കാണിക്കാത്ത വ്യക്തി കൂടെയാണ് മുകേഷ്.
ഒട്ടനവധി കമന്റുകളാണ് താരത്തിന്റെ കുറിപ്പിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. “യുഡിഎഫ് വരും എല്ലാം ശരിയാകും, രണ്ട് കൊല്ലം കൂടി ക്ഷമിക്കൂ, യുഡിഎഫ് വരും .മുൻ എംഎൽഎ എന്ന നിലക്ക് അങ്ങേയുടെ പരാതി പരിഗണിക്കും. പുതിയ കമ്മ്യൂണിസ്റ്റ് സൈഡിൽ മാറി നില്ല്. ഭരണകക്ഷി എംഎൽഎയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ പ്രതിപക്ഷ എംഎൽഎമാരുടെ അവസ്ഥ എങ്ങനെയായിരിക്കും?. 6 കോടി എന്തിനാ ആ ക്യാഷ് ഉണ്ടെങ്കിൽ പുതിയ കെട്ടിടം പണിയ പിന്നെ ആ ലിങ്ക് റോഡ് നിന്നുള്ള പാലം എന്തായി ഉടനെ എങ്ങാനും തുറക്കുമോ? ഇങ്ങനെ അല്ലല്ലോ പുതുപ്പള്ളിയിൽ തള്ളിയത്. എന്നാണ് കമന്റുകൾ വരുന്നത്.
അശോക് സെൽവൻ വിവാഹിതനായി വധു കീർത്തി പാണ്ഡ്യൻ
തമിഴ് സിനിമ താരങ്ങളായ നടി കീർത്തി പാണ്ഡ്യനും നടൻ അശോക് സെൽവനും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സിനിമ മേഖലയിലെ സഹപ്രവർത്തകർക്കായി പിന്നീട് വിരുന്ന് സംഘടിപ്പിക്കും.
നടനും നിർമ്മാതാവുമായ അരുണ്‍ പാണ്ഡ്യന്‍റെ മകളാണ് കീർത്തി പാണ്ഡ്യൻ. 2019ൽ ‘തുമ്പ’ എന്ന ചിത്രത്തിലാണ് കീർത്തി പാണ്ഡ്യൻ ആദ്യമായി അഭിനയിക്കുന്നത് മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ‘ഹെലൻ’ എന്ന ചിത്രത്തിന്റെ തമിഴ് റീമേയ്ക്ക് ആയ ‘അൻബിർക്കിനിയൽ’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തിയത് കീർത്തി ആയിരുന്നു. പാ രഞ്ജിത്ത് നിർമ്മിക്കുന്ന ബ്ലൂ സ്റ്റാർ എന്ന ചിത്രത്തിൽ അശോക് സെൽവനും, കീർത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
അതേസമയം, ശരത് കുമാർ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ സിനിമയാണ് ‘പോർ തൊഴിൽ’. വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ചിത്രം ജൂൺ ഒമ്പതാം തിയ്യതിയാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക. ലോ ബജറ്റ് ചിത്രമായ പോർതൊഴിൽ അപ്രതീക്ഷിതമായ വിജയമാണ് തമിഴ്നാട്ടിലും കേരളത്തിലും കരസ്ഥമാക്കിയത്. തീയറ്ററിലെ മികച്ച വിജയത്തെ കണക്കിലെടുത്ത് ചിത്രത്തിൻറെ ഒടിടി റിലീസ് നീട്ടിയിരുന്നു.
പോർ തൊഴിൽ ആണ് സമീപകാലത്ത് ഒടിടി റിലീസിലേക്ക് ഏറ്റവുമധികം കാലദൈർഘ്യം ലഭിക്കുന്ന വിജയചിത്രം. തിയറ്റർ റിലീസ് കഴിഞ്ഞ് അറുപത്തിമൂന്ന് ദിവസങ്ങൾ പിന്നിട്ടാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത് .പോർ തൊഴിൽ ഒടിടി അവകാശം സോണിലീവ് ആണ് വാങ്ങിയിരിക്കുന്നത്.ഓഗസ്റ്റ് 11 നാണ് ചിത്രത്തിൻറെ സ്ട്രീമിംഗ് ആരംഭിച്ചത്.
നേരത്തെ പോർതൊഴിൽ സിനിമയിൽ എങ്ങനെയാണ് എത്തിച്ചേർന്നത് എന്നതിനെപ്പറ്റി നടി നിഖില വിമൽ വ്യക്തമാക്കിയിരുന്നു.”തമിഴിൽ കുറച്ചുകാലമായി സിനിമ ചെയ്തിട്ടില്ല.ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുമ്പോൾ നല്ലൊരു കഥ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സംവിധായകൻ വിഘ്നേഷ് രാജ കഥ പറഞ്ഞപ്പോൾ തന്നെ സിനിമയോട് വലിയ താൽപ്പര്യം തോന്നിയിരുന്നു.മാത്രമല്ല കഥ പറഞ്ഞ രീതിയും തന്നെ വല്ലാതെ ആകർഷിച്ചിരുന്നു .ത്രില്ലറുകൾ ആളുകളിലേക്ക് വേഗത്തിൽ എത്തും. അത്തരത്തിലൊരു സിനിമയാണ് പോർ തൊഴിൽ.ചിത്രീകരണ സമയത്തുതന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നു . സംവിധായകൻ നല്ല കഴിവുള്ള ആളാണെന്ന് ചിത്രീകരണത്തിനിടയിൽ സിനിമയെ സമീപിക്കുന്ന രീതിയിൽനിന്നുതന്നെ മനസ്സിലാകുമായിരുന്നു” എന്നാണ് നിഖില പറഞ്ഞത്.