പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറുമായ പി.വി. ഗംഗാധരൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഇന്ന് രാവിലെ (ഒക്ടോബർ പതിമൂന്ന്) ആറരയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. മലയാള സിനിമ ചരിത്രത്തിൽ ഇടം പിടിച്ചതും ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു പി.വി. ഗംഗാധരൻ. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലിടംപിടിച്ച പി.വി. ഗംഗാധരൻ നിലവിൽ എ.ഐ.സി.സി അംഗം കൂടെയാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ഒട്ടനവധി ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ഇദ്ദേഹം. കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനാണ് പി.വി. ഗംഗാധരൻ. 1943-ൽ കോഴിക്കോടായിരുന്നു പി.വി. ഗംഗാധരൻ ജനിച്ചത്. മാതൃഭൂമി മാനേജിങ് എഡിറ്ററായ പി.വി. ചന്ദ്രൻ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരൻ കൂടിയാണ്. ഭാര്യ : പി.വി. ഷെറിൻ. മക്കൾ ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ്.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ വെച്ചാണ് അന്ത്യം. പരിസ്ഥിതിക്ക് വേണ്ടി പോരാടിയ ആളായിരുന്നു പ്രൊഫസര്‍ ടി ശോഭീന്ദ്രന്‍. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി സജീവമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വസ്ത്രധാരണവും പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു. സ്ഥിരമായി ഈ വേഷം തന്നെയാണ് അദ്ദേഹം ധരിക്കാറുള്ളത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി കൂടെ ആയിരുന്നു അദ്ദേഹം. വനമിത്ര പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ്, ഒയിസ്‌ക വൃക്ഷസ്‌നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എത്തുകയും ചെയ്തു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടെയാണ്. കക്കോടി മൂട്ടോളി സ്വദേശിയായ അദ്ദേഹം നാരായണന്റെയും അംബുജാക്ഷിയുടെയും മകനാണ്. ചേളന്നൂര്‍ എസ്.എന്‍. കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവി എം.സി. പത്മജയാണ് ഭാര്യ. ബോധി (കംപ്യൂട്ടര്‍ സയന്‍സ് വകുപ്പ് പ്രൊഫസര്‍, ഫാറൂഖ് കോളേജ്), ധ്യാന്‍ (ഐ.സി.ഐ.സി. ഐ. ബാങ്ക്) എന്നിവരാണ് മക്കൾ.