സംസ്ഥാനം വീണ്ടും നിപ്പ ഭീതിയിൽ
കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചു. സംസ്ഥാനം വീണ്ടും നിപ്പ ഭീതിയിൽ എത്തുമ്പോൾ ജാഗ്രതക്കൊപ്പം ശ്രദ്ധിക്കണം ചില കാര്യങ്ങൾ. 2018 ലും 2019 ലും ആയിരുന്നു മുൻപ് നിപ വൈറസ് സ്ഥിതീകരിച്ചിരുന്നത്. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി നമ്മൾ തന്നെയാണ് ചില മുൻകരുതലുകൾ എടുക്കേണ്ടത്. എന്‍ 95 മാസ്‌ക് നിപ വൈറസ് പകരുന്നത് തടയുമെന്നാണ് പറയുന്നത്. ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് നിർബന്ധമായും ധരിക്കണം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് വേഗം തന്നെ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് 4 മുതല്‍ 14 ദിവസം വരെയാണെന്നാണ് പറയുന്നത്. ചില സാഹചര്യങ്ങളിൽ ഇത് ചിലരിൽ അസുഖം പ്രകടമാക്കുന്നത് 21 ദിവസത്തിനുള്ളിലുമാണ്. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍.
ചുമ, വയറുവേദന, മനംപിരട്ടല്‍, ചര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ പ്രകടമാകും. വൈറസിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ രോഗി കോമ അവസ്ഥയിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസും വൈറസിനൊപ്പം ചിലർക്ക് ഉണ്ടാകും. അതോടൊപ്പം വൈറസ് ഉടൻ തന്നെ ശ്വാസകോശത്തേ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
അതുകൊണ്ട് തന്നെയും കൃത്യമായി മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയമെടുത്ത് നന്നായി കഴുകണം. ആൽക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുന്നത് രോഗത്തെ തടയും. രോഗിയുമായി ഒരു മീറ്റര്‍ ദൂരം പാലിക്കുകയും ചെയുന്നത് ഒരു പരിധി വരെ വൈറസ് തടയാൻ കാരണമാകും.
കോഴിക്കോട് വീണ്ടും നിപ്പ ?
കോഴിക്കോട് ജില്ലയിൽ ദിവസങ്ങൾക്കുള്ളിൽ പനി ബാധിച്ച് മരിച്ചത് രണ്ട് പേർ. അസ്വാഭാവിക മരണങ്ങൾക്ക് പിന്നാലെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി മുഹമ്മദ് റിയാസും ഇന്ന് തന്നെ കോഴിക്കോടെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കാനാണ് നിലവിലെ തീരുമാനം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പനി ബാധിച്ചവർ രണ്ട് പേരും മരിച്ചത്. ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വരുന്നതോടെ മാത്രമേ നിപ്പയാണോ എന്ന് സ്ഥിതീകരിക്കുകയുള്ളു. ഓഗസ്റ്റ് മുപ്പതിന് പനി ബാധിച്ച് ആദ്യത്തെയാൽ മരിക്കുകയും പിന്നാലെ കഴിഞ്ഞ ദിവസം രണ്ടാമത്തെയാളും മരിച്ചിരുന്നു.
എന്നാൽ മരിച്ചവരിൽ നിപ്പ ലക്ഷണങ്ങൾ ഉണ്ടായതാണ് ശരീര സ്രവം പരിശോധനയ്ക്ക് അയക്കാനുള്ള കാരണം. മരിച്ചവരിൽ ഒരാളുടെ കുടുംബത്തിലെ 3 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വീണ്ടും നിപ്പയെത്തുമ്പോൾ ജനങ്ങളിൽ വേണ്ടത് ആശങ്കയല്ല, ജാഗ്രതയാണ്.
ഹിമാചൽ മണ്ണിടിച്ചിൽ: ഭക്ഷണ വസ്തുക്കൾ കൊണ്ട് പോകുന്നത് റോപ്‌വേ വഴി
ഹിമാചൽ പ്രദേശിലെ കിന്നൗറിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഷിംലയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത തടസപ്പെട്ടു. ഇതേതുടർന്ന് ആപ്പിളും കടലയും റോപ്പ്‌വേ വഴിയാണ് കൊണ്ടുപോകുന്നത്. തിങ്കളാഴ്ച റോപ്പ്‌വേയുടെ വിജയകരമായ പരീക്ഷണത്തിനുശേഷം, ആപ്പിളും കടലയും മറ്റ് വിളകളും നെഗുൽസാരിയിലെ റോപ്പ്‌വേ വഴി സൗജന്യമായി കൊണ്ടുപോയിരുന്നു. അങ്ങനെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുകയും കർഷകർക്ക് നഷ്ടം സംഭവിക്കാതിരിക്കുകയും ചെയ്യുമെന്ന് റവന്യൂ, ഹോർട്ടികൾച്ചർ മന്ത്രി ജഗത് പറഞ്ഞു.
ഇരുപതിലധികം ആപ്പിൾ നിറച്ച ട്രക്കുകൾ കാസ-കുൻസും റോഡിൽ നിന്ന് വഴിതിരിച്ചുവിട്ടതായി കിന്നൗറിലെ സിറ്റിംഗ് കോൺഗ്രസ് എംഎൽഎ കൂടിയായ നേഗി പറഞ്ഞു. ചൗര-രൂപി ലിങ്ക് റോഡിൽ നെഗുൽസാരിയിലെ ക്രാമ്പ മുതൽ ധുംതി വരെയാണ് റോപ്പ് വേ സ്ഥാപിച്ചത്. ഉരുൾപൊട്ടലുണ്ടായ റോഡിന്റെ ഇരുവശങ്ങളിലും യന്ത്രങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും ഭൂരിഭാഗം ഭാഗവും വൃത്തിയാക്കിയിട്ടുണ്ടെന്നും എന്നാൽ 70 മീറ്ററോളം വരുന്ന പാറക്കെട്ട് പാതയുടെ സ്ലൈഡ് തുടരുന്നതിനാൽ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കിന്നൗറിലെ ജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ എല്ലാ അവശ്യവസ്തുക്കളുടെയും ഗതാഗതം ക്രമീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കിന്നൗറിലെ ലോവർ ബെൽറ്റുകളിൽ നിന്നുള്ള ആപ്പിൾ ഗതാഗതം ഓഗസ്റ്റിൽ ആരംഭിക്കും. ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ആപ്പിൾ നവംബർ അവസാനം വരെ എത്തും. കാലാവസ്ഥാ വ്യതിയാനം കാരണം ഈ വർഷം ആപ്പിൾ ഉത്പാദനം കുറഞ്ഞു. 2022ൽ 40-42 ലക്ഷം പെട്ടികളാണെങ്കിൽ 2023ൽ 30 ലക്ഷം പെട്ടികളാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോർട്ടികൾച്ചർ (കിന്നൂർ) ഡെപ്യൂട്ടി ഡയറക്ടർ അജയ് കുമാർ ധിമാൻ പിടിഐയോട് പറഞ്ഞു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടവർക്ക് സൗകര്യമൊരുക്കാൻ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
ബംഗളൂരുവിൽ തമിഴ്നാട് ബസ് അടിച്ചുതകർത്തു
കെ ആർ മാർക്കറ്റിനും തമിഴ്‌നാടിനും ഇടയിൽ സർവീസ് നടത്തുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ബസ് ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ് സ്റ്റോപ്പിൽ വച്ച് തകർത്തു. ബെംഗളൂരുവിലെ ബസ് സ്റ്റോപ്പിൽ പുലർച്ചെ 2.45ഓടെയാണ് സംഭവം. സംഭവസമയത്ത് യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ബസിന്റെ സൈഡ് ഗ്ലാസ് തകർന്നു. ബസ് ഡ്രൈവർ ഗുണശേഖരൻ നൽകിയ പരാതിയിൽ ചാമരാജ്പേട്ട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.
ഭക്ഷ്യവിഷബാധയെ തുടർന്ന് 70 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തെലങ്കാന നിസാമാബാദ് ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സ്‌കൂളിലെ 78 വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചതിന് ശേഷം അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ ഭീംഗൽ പട്ടണത്തിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച അത്താഴത്തിന് ശേഷം ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. ഭീംഗലിലെയും നിസാമാബാദിലെയും ആശുപത്രികളിൽ ആകെ 78 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇത് നേരിയ ഭക്ഷ്യവിഷബാധയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാവരും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി
നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിൽ രണ്ട് പേർ പനി ബാധിച്ച് മരിച്ചത് നിപ്പ മൂലമെന്ന് സംശയം. ജില്ലാ അതീവ ജാഗ്രതയിലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരിക്കുന്നത്. ഫലം എന്തായാലും നേരിടാൻ തയ്യാറാണെന്നാണ് സർക്കാർ പറയുന്നത്. ഇതിനോടകം തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡുകളും തുറന്നിട്ടുണ്ട്. മരുതോങ്കരയിലെ 90 വീടുകളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. വൈകീട്ട് വകുപ്പ് മേധാവികളുടെ യോഗം ചേരും. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെയിൽ നിന്ന് ഇന്ന് വൈകിട്ടെത്തും. ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും, ആളുകളിൽ ആശങ്ക ജനിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്
പാർലമെന്റ് ജീവനക്കാർക്കുള്ള പുതിയ യൂണിഫോമിൽ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘താമര’ അച്ചടിക്കുന്നു എന്ന റിപ്പോർട്ടിൽ ബിജെപിയെ കോൺഗ്രസ് വിമർശിച്ചു. ദേശീയ മൃഗമോ ദേശീയ പക്ഷിയെയോ ചേർക്കാതെ താമരയെ എന്തിനാണ് ചേർക്കുന്നതെന്ന് ലോക്‌സഭയിലെ കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ ചോദിച്ചു. എന്തുകൊണ്ട് താമര മാത്രം? എന്തുകൊണ്ട് മയിലിന് കഴിയില്ല അല്ലെങ്കിൽ എന്തുകൊണ്ട് കടുവയ്ക്ക് കഴിയില്ല? അവർ ബിജെപി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമല്ല എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് ഒരു പാർട്ടിയുടെ ചിഹ്നത്തിന്റെ ഭാഗമായി മാറുകയാണെന്ന് ടാഗോർ പറഞ്ഞു. ഇത് നിർഭാഗ്യകരമാണ്. പാർലമെന്റ് എല്ലാ പാർട്ടികൾക്കും മുകളിലായിരുന്നു. മറ്റെല്ലാ സ്ഥാപനങ്ങളിലും ബി.ജെ.പി ഇടപെടുന്നുവെന്നാണ് ഇത് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പേര് മാറ്റിയ എട്ട് രാജ്യങ്ങൾ
ഇന്ത്യയിലിപ്പോൾ ജി 20 ഉച്ചകോടി നടക്കുകയാണ് അതിന്റെ ഭാഗമായി നമ്മുടെ രാഷ്ട്രപതി ശ്രീ ദ്രൗപദി മുർമു. ഇവിടെയെത്തിച്ചേർന്നിട്ടുള്ള ലോക നേതാക്കൾക്കൊരു അത്തഴമൊരുക്കി അതിനൊരു വിരുന്നു കുറിയുമടിച്ചു. അതിൽ ക്ഷണിതാവിന്റെ ഔദ്യോഗിക സ്ഥാനമെഴുതുന്നിടത്ത് 74 വർഷത്തെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിനു വിരുദ്ധമായി പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു എഴുതിയിരുന്നത്.
ഇതൊരു വിവാദത്തിന്റെ മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയുടെ തുടക്കമായിതിനെ കാണുന്നവരുണ്ട്. സ്വാഭാവികമായും പ്രതിപക്ഷം എതിർപ്പുമായെത്തി. ബിജെപി മന്ത്രിമാരും നേതാക്കളുമടങ്ങിയ വലിയൊരു കൂട്ടം സോഷ്യൽ മീഡിയകളിടക്കം ഔദ്യോഗിക സ്ഥാനത്തിന്റെ കൂടെയുള്ള ഇന്ത്യ വെട്ടി ഭാരതമാക്കി. രാജ്യത്തിന്റെ പെരുമാറ്റ വിവാദം കത്താൻ തുടങ്ങിയപ്പോൾ അങ്ങനൊരു മാറ്റം ഉണ്ടാകില്ലെന്ന് സർക്കാർ പറയുന്നുണ്ട് എന്നാലും ഭാരത് എന്ന പേരിനു പ്രാധാന്യം നൽകി കൊണ്ടിരിക്കുന്നത് നമ്മളൊക്കെ കാണുന്നുണ്ട്.
അടുത്ത പാർലമെന്റ് സമ്മേളനം കഴിയുന്നതോടെ ആരുടെയൊക്കെ മനസ്സിൽ എന്തൊക്കെയുണ്ടെന്നു അറിയാൻ പറ്റും. ഇനി രാജ്യത്തിന്റെ പേര് മാറ്റിയാൽ നമ്മുടെ രാജ്യത്തിനതൊരു പുതിയ സംഭവം തന്നെയാണ് എന്നാൽ ലോകത്തുള്ള പല രാജ്യങ്ങൾക്കും അങ്ങനെയല്ല കാരണം പേര് മാറ്റിയ രാജ്യങ്ങളും ലോകത്തുണ്ട്. മ്യാന്മറിന്റെ പഴയ പേര് ബർമ എന്നായിരുന്നു. മ്യാൻമറിലെ പ്രധാനപെട്ട ഒരു ജന വംശമാണ് ബർമൻ എന്നുള്ളത്.
മ്യാന്മാറിന്റെ മൊത്തം ജനസംഖ്യയുടെ 2/3 ഭാഗം ഇവരാണ്. ഈ ബർമൻ എന്ന ജനവിഭാഗം താമസിക്കുന്ന സ്ഥലമായതു കൊണ്ട് ആ സ്ഥലം ബർമ എന്നറിയപ്പെട്ടു. ബർമയിലെ പട്ടാള അട്ടിമറിക്കു ശേഷം 1989 ഇൽ പട്ടാള ഭരണക്കൂടം ആ രാജ്യത്തിന്റെ പേര് മ്യാന്മാർ എന്നാക്കി.രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളെയും ഉൾകൊള്ളുന്ന പേരാണെന്ന് പറഞ്ഞാണ് മ്യാന്മാർ എന്നാക്കിയത്. എന്നാൽ ഇന്നും രാജ്യത്തെ പല പ്രതിപക്ഷ പാർട്ടികളും ഗോത്രങ്ങളും ഭരണകൂടത്തിനെ അംഗീകരിക്കാത്ത പോലെ രാജ്യത്തിന്റെ പുതിയ പേരിനെയും അംഗീകരിക്കുന്നില്ല.
തുർക്കിയാണ് അടുത്ത രാജ്യം. കാലങ്ങളായി ലോകം ടർക്കി എന്ന് വിളിച്ചിരുന്ന രാജ്യം 2021 ഡിസംബറിലാണ് ഔദ്യോഗികമായി പേരുമാറ്റത്തിനുള്ള പണിയെടുത്ത് തുടങ്ങുന്നത്. പ്രസിഡന്റ് ത്വയ്യിബ് ഉർദുഗാൻ. അന്ന് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞത്. “തുർക്കിയ എന്ന പേരാണ് തുർക്കി ജനതയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നതെന്നായിരുന്നു” തുടർന്ന് അവർ ഐക്യ രാഷ്ട്രസഭയിലൂടെ രാജ്യം പുതിയ പേര് സ്വീകരിക്കുന്നതായി ലോകത്തെ അറിയിക്കുകയുണ്ടായി.
പോർച്ചുഗ്രീസ്കാരാണ് ശ്രീലങ്കയിൽ അധിനിവേശവുമായി ആദ്യമെത്തുന്നത്. അവരന്നാ നാടിനെ സെയിലോ എന്നായിരുന്നു വിളിച്ചിരുന്നത് പിന്നീട് അവർക്കു ശേഷം വന്ന ബ്രിടീഷുകാർ ആ പോര്ടുഗ്രീസ് വാക്ക് പരിഷ്കരിച്ച് സിലോൺ എന്നാക്കി. 1948 ഇൽ ശ്രീലങ്കക്കു സ്വാതന്ത്ര്യം കിട്ടിയിരുന്നെകിലും 1972 ൽ ഒരു റിപ്പബ്ലിക്ക് ആയി മാറുന്നത് വരെ സിലോൺ എന്നായിരുന്നു ആ നാട് അറിയപ്പെട്ടിരുന്നത്. 1972 ന് ശേഷം അവർ ശ്രീ ലങ്ക എന്ന പേര് സ്വീകരിച്ചു.
നെതെർലാൻഡിന്റെ ആദ്യത്തെ പേര് ഹോളണ്ട് എന്നായിരുന്നു ഹൗട് ലാൻഡ് അഥവാ മരങ്ങൾ നിറഞ്ഞ പ്രദേശം എന്ന പേരിൽ നിന്നും ഉടലെടുത്ത വാക്കാണത്. എന്നാൽ ഹോളണ്ട്, നെതെര്ലാന്ഡ് എന്ന രാജ്യത്തെ ഒരു പ്രദേശം മാത്രമാണ് മൊത്തം രാജ്യത്തെ അത് പ്രതിനിധാനം ചെയ്യുന്നില്ല. അതായിരുന്നു 2020 ഇൽ നടന്ന പേര് മാറ്റത്തിന്റെ കാരണം
പേർഷ്യ, അതായിരുന്നു ഒരു കാലത്ത് മിഡില് ഈസ്റ്റ്നെ നാം മലയാളികൾ വിളിച്ചിരുന്ന പേര്. എന്നൽ ആ പേരിലൊരു രാജ്യമുണ്ടായിരുന്നു. ഇന്നത്തെ ഇറാനിന്റെ മുൻ പേരാണത്. ഗ്രീക്ക്കാരാണ് പേർഷ്യക്ക് ആ പേര് നൽകുന്നതെന്നാണ് ചരിത്രം. സൈറസ് ദി ഗ്രേറ്റ് രാജാവിന്റെ കാലത്ത് ആ നാട്ടിലുണ്ടായിരുന്ന പാർസ എന്ന വംശത്തിന്റെ പേരിൽ നിന്നാണ് പേർഷ്യ എന്ന വാക്ക് ഉദയം ചെയ്യുന്നത്.
എന്നാൽ അതിനും മുൻപ് ക്രിസ്തുവിന് 1000 കൊല്ലം മുൻപ് തന്നെ ആ നാട്ടുകാർ അവരുടെ നാടിനെ വിളിച്ചിരുന്ന പേരായിരുന്നു ആര്യൻമാരുടെ നാട് എന്നർത്തമുള്ള ഇറാൻ. 1935 ൽ റാസ ഷാഹ് രാജാവ് പേർഷ്യയുടെ പേര് ഇറാൻ എന്നാക്കി പിന്നീട് 1979 ഇൽ ഇസ്ലാമിക ഭരണകൂടം നിലവിൽ വന്ന ശേഷം ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ എന്നായി രാജ്യത്തിന്റെ പേര്.
തായ്‌ലൻഡ്ന്റെ ആദ്യത്തെ പേര് സയാം എന്നായിരുന്നു. സംസ്‌കൃതത്തിൽ നിന്നുരുത്തിരിഞ്ഞു വന്നതാണ് ഈ പേര് പിന്നീട് 1939 ഇൽ ഇത് തായ്‌ലൻഡ് എന്നാക്കി മാറ്റി. തായ് ജന വിഭാഗത്തിന്റെ ഏകീകരണമൊക്കെ മുന്നിൽ കണ്ടാണ് സർക്കാർ ഈ തിരുമാനമെടുത്തതെന്നൊക്കെ പറയാം. 1946 മുതൽ 1948 വരെ രണ്ടു വര്ഷം അവർ പഴയ പേരിലേക്ക് മടങ്ങിയെങ്കിലും വീണ്ടും തായ്‌ലൻഡ് എന്ന പേരിലേക്ക് തന്നെ മടങ്ങിയെത്തി.
കംബോഡിയയുടെ പ്രാദേശിക ഭാഷയിലുള്ള പേരാണ് കമ്പുച്ച. 1953 മുതൽ 1970 വരെ കിങ്ഡം ഓഫ് കംബോഡിയ എന്നായിരുന്നു അവരുടെ രാജ്യത്തിന്റെ പേര് അതിന് ശേഷം കമേർ റിപ്പബ്ലിക്ക് എന്നായി. കമേർ എന്നാൽ കംബോഡിയയിലെ ജന വിഭാഗത്തിന്റെ പേരാണ്. 1975 ലെ കമ്മ്യൂണിസ്റ് മുന്നേറ്റങ്ങളുടെ ഫലമായി ആ രാജ്യത്തിന്റെ പേര് ഡെമോക്രാറ്റിക് കമ്പൊച്ച എന്നാക്കി. പിന്നെ അത് സ്റ്റേറ്റ് ഓഫ് കംബോഡിയയായി 1993 മുതൽ ആ രാജ്യം അറിയപ്പെടുന്നത് കിങ്ഡം ഓഫ് കംബോഡിയ എന്നാണ്
ആഫ്രിക്കൻ രാജ്യമായ സ്വാസിലാന്റ് അവരുടെ രാജ്യത്തിന്റെ പേര് എസ്‌വതീനി എന്നാക്കാനുള്ള കാരണം രാജ്യത്തിന്റെ പേരിനു സ്വിസ്സർലാൻഡ് എന്ന രാജ്യത്തിന്റെ പേരിനോടുള്ള സാമ്യമാണ്. 2018 ഏപ്രിലിൽ സ്വാസിലാന്റ് രാജാവ് മ്സ്വാടി മൂന്നാമൻ രാജ്യത്തിന്റെ പേര് ഇനി മുതൽ എസ്‌വതീനി എന്നായിരിക്കുമെന്നു ഔദ്യോഗികമായി അറിയിച്ചു. ഇവക്കു പുറമെ വിവിധങ്ങളായിട്ടുള്ള കാരണങ്ങളാൽ പെരുമാറ്റപെട്ടിട്ടുള്ള മറ്റു പ്രദേശങ്ങളും രാജ്യങ്ങളുമൊക്കെ ലോകത്തുണ്ട്. ഭാവിയിലും അത് തുടർന്ന് കൊണ്ടിരിക്കും. ആ കൂട്ടത്തിലൊരു പേര് നമ്മുടെ രാജ്യത്തിന്റേതാവുമോ എന്നറിയാൻ അടുത്ത പാർലമെന്റ് സമ്മേളനം വരെ കാത്തിരുന്നേ മതിയാവു.