രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3.2% ആയതായി പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. 2022 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള സമയത്തെ കണക്കാണിത്. 2021 – 22 സമയത്തെ 4.1 ശതമാനത്തില്‍ നിന്നു കുറഞ്ഞതായാണ് കണക്കുകള്‍. 15 വയസ്സിനു മുകളില്‍ തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരുടെ തൊഴിലവസരങ്ങളാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്.
2017-18ലെ പീരിയോഡിക് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2018-19ല്‍ ഇത് 5.8 ശതമാനമായും 2019-20ല്‍ 4.8 ശതമാനമായും കുറഞ്ഞതായാണു കണക്കുകള്‍. ഗ്രാമപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 2017- 18ലെ 5.3 ശതമാനത്തില്‍നിന്ന് 2.4% ആയും നഗരപ്രദേശങ്ങളില്‍ 2017-18ല്‍ 7.7 ശതമാനമായിരുന്നത് 5.4% ആയും കുറഞ്ഞു. പുരുഷന്മാരിലെ തൊഴിലില്ലായ്മ 2017-18ലെ 6.1 ശതമാനത്തില്‍നിന്ന് 3.3 ശതമാനമായും സ്ത്രീകളിലേത് 5.6 ശതമാനത്തില്‍നിന്ന് 2.9 ശതമാനമായും കുറഞ്ഞു.
തൊഴില്‍ പങ്കാളിത്ത നിരക്ക് 57.9% ആയി ഉയര്‍ന്നു. 2017-18ല്‍ ഇത് 49.8% ആയിരുന്നു. ജനസംഖ്യയില്‍ തൊഴിലെടുക്കുന്നവരുടെ അനുപാതം 56% ആയി ഉയര്‍ന്നു. 2019ല്‍ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തൊഴിലില്ലായ്മ കൂടിയതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ കൂടുതലാണ്. ഇന്ന് സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 9.1 ശതമാനമാണ്. എന്നാല്‍ മുന്‍ വര്‍ഷം ഇതേ പാദത്തിലെ 9.5 ശതമാനത്തേക്കാള്‍ കുറവാണിത്. 2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ 9.2 ശതമാനമായിരുന്നു. ഗ്രാമപ്രേദേശങ്ങളിലേക്കാള്‍
നഗര പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. നഗരപ്രദേശങ്ങളിലെ പുരുഷന്‍മാരുടെ തൊഴിലില്ലായ്മ നിരക്ക് 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 7.1 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി കുറഞ്ഞു. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇത് 6 ശതമാനമായിരുന്നു.
കൂടുതല്‍ യുവജനങ്ങള്‍ തൊഴില്‍ മേഖലയിലേക്ക്……….
ഓരോ വര്‍ഷവും രാജ്യത്തെ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.കോവിഡ് സമയത്ത് 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 20.8 ശതമാനമെന്ന റെക്കോഡ് ഉയരത്തില്‍ എത്തിയിരുന്നു. നിലവില്‍ തൊഴില്‍ വിപണി വീണ്ടെടുക്കലിന്റെ പാതയിലാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വലിയ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ മുപ്പത്തഞ്ച് വയസിന് മുകളില്‍ പ്രായമുള്ള അഭ്യസ്ഥ വിദ്യരില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്.
2019 ല്‍വളര്‍ച്ചാനിരക്ക് കുറയുകയും കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ തൊഴില്‍ നിര്‍മ്മാണ നിരക്ക് കുറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍ കൃഷിയിലേക്കോ ബിസിനസിലേക്കോ തിരിഞ്ഞു. ഇതിന്റെ ഗുണമായി കോവിഡിന് ശേഷം ജോലി തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധവുണ്ടായി. ആഗോള മാന്ദ്യവും മഹാമാരിയുമെല്ലാം സ്ത്രീകളെ സ്വയം തൊഴില്‍ കണ്ടെത്തുന്നതില്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലാണ്. രാജസ്ഥാനില്‍ 26.4 ശതമാനവും ജമ്മു കശ്മീരില്‍ 23.1 ശതമാനവും സിക്കിം 20.7 ശതമാനവുമാണ്. ബിഹാറില്‍ 17.6 ശതമാനവും ജാര്‍ഖണ്ഡ് 17.5 ശതമാനവും പേര്‍ക്ക് തൊഴിലില്ല. ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് 0.8 ശതമാനമുള്ള ഉത്തരാഖണ്ഡിലും ഛത്തീസ്ഗഡിലുമാണ്. പുതുച്ചേരി 1.5 ശതമാനം, ഗുജറാത്ത് 1.8 ശതമാനം, കര്‍ണാടക 2.3 ശതമാനം, മേഘാലയ, ഒഡീഷ എന്നിവിടങ്ങളില്‍ 2.6 ശതമാനം വീതവുമാണ് തൊഴിലില്ലായ്മ നിരക്കുള്ളത്.
പലസ്തീനെ പിന്തുണച്ചു മിയക്ക് കരാറുകള്‍ നഷ്ടം
ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ പലസ്തീനെ പിന്തുണച്ചതു കൊണ്ട് ബിസിനസ് കരാറുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതികരിച്ച് മുന്‍ അഡള്‍ട്ട് ചലച്ചിത്ര താരം മിയ ഖലീഫ. കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ, മിയയുമായുള്ള ബിസിനസ് കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.ഇതിന് പിന്നാലെ സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാര്‍ തനിക്കും വേണ്ടെന്ന് നടിയും തിരിച്ചടിച്ചു. അമേരിക്കന്‍ മാഗസിനായ പ്ലേബോയ് മിയയുമായുള്ള കരാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. പ്ലേബോയ് പ്ലാറ്റ്ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്സ് ചാനലും ഡിലീറ്റ് ചെയ്തു.കരാറുകളില്‍ നിന്ന് പിന്മാറിയതോടെ കോടികളുടെ സാമ്പത്തിക നഷ്ടമാണ് നടിക്കുണ്ടായത്.
സുരക്ഷ ഒരുക്കിയതിന് ഒരുകോടി രൂപ, കേരള ബ്ലാസ്റ്റേഴ്‌സിന് കത്തയച്ച് പൊലീസ് മേധാവി
സുരക്ഷ ഒരുക്കിയതിന് പണം നല്‍കിയില്ലെന്ന് കാണിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ക്ലബ്ബിന് കത്ത് അയച്ച് സംസ്ഥാന പൊലീസ് മേധാവി. സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട് 2016 മുതല്‍ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമാണ് നല്‍കാനുള്ളത്. കുടിശിക തുക അടിയന്തരമായി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടിവരും. സംസ്ഥാന പൊലീസ് മേധാവി കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇഒ വിരെന്‍ ഡി സില്‍വക്കാണ് ത്തയച്ചിരിക്കുന്നത്.
എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ ഓരോ മത്സരത്തിനും 650 പൊലീസുകാരുടെ സുരക്ഷയാണ് ഒരുക്കുന്നത്. കഴിഞ്ഞ മത്സരത്തിനു മുന്‍പും പണം ആവശ്യപ്പെട്ടിരുന്നു. കത്തുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വനിതാ ജഡ്ജിമാര്‍ക്കും ഇനി മോണേഡാവാം….
വനിതാ ജഡ്ജിമാര്‍ക്ക് ഇനി സാരി നിര്‍ബന്ധമല്ല. സല്‍വാര്‍ കമീസും ഷര്‍ട്ടും പാന്റ്‌സും വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് ഇനി ഔദ്യോഗിക വേഷം. അനുവദിക്കപ്പെട്ട വേഷങ്ങളില്‍ മുഴുനീള പാവാടയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വേഷത്തിനും നെക്ക് ബാന്‍ഡും ഗൗണും നിര്‍ബന്ധമാണ്. കീഴ്‌ക്കോടതികളിലെ വനിതാ ജഡ്ജിമാരുടെ നിവേദനം പരിഗണിച്ചാണ് ഹെക്കോടതി ഡ്രസ് കോഡ് പരിഷ്‌കരിച്ചത്. വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങള്‍ ഒഴിവാക്കണമെന്നും വസ്ത്രധാരണം ജുഡീഷ്യല്‍ ഓഫിസറുടെ അന്തസ്സിനു ചേര്‍ന്ന വിധമാകണമെന്നും ഹൈക്കോടതി ജില്ലാ ജുഡീഷ്യല്‍ റജിസ്ട്രാറുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളര്‍ ബാന്‍ഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്.
തിരുവനന്തപുരത്തും മെട്രോ റെയില്‍ പരിഗണനയില്‍
ലൈറ്റ് മെട്രോയ്ക്കു പകരം കൊച്ചി മെട്രോ മാതൃകയില്‍ തിരുവനന്തപുരത്തും മെട്രോ റെയില്‍ നിര്‍മിക്കുന്ന കാര്യം പരിഗണനയില്‍. തിരുവനന്തപുരത്തിനു യോജിച്ച പദ്ധതി ഏതെന്നു പഠിക്കാനായി കെഎംആര്‍എല്‍ നിയോഗിച്ച അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഡിഎംആര്‍സിയോട് കെഎംആര്‍എല്‍ ആവശ്യപ്പെട്ടു. ജനുവരി പകുതിയോടെ തിരുവനന്തപുരം മെട്രോയുടെ വിശദ പദ്ധതിരേഖ ഡിഎംആര്‍സി സര്‍ക്കാരിന് കൈമാറും. കൊച്ചി മെട്രോ നിര്‍മിച്ച കമ്പനിയാണ് ഡിഎംആര്‍സി. കൊച്ചി മെട്രൊയ്ക്ക് തുല്യമായ ഇടത്തരം മാതൃകയാണ് തിരുവനന്തപുരത്തിന് ചേരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മധുര നായികിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രയേലില്‍ കൊല്ലപ്പെട്ടു
ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി മധുര നായികിന്റെ കസിൻ സഹോദരി ഒഡായയും ഭർത്താവും ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കൊല്ലപ്പെട്ടു. കുട്ടികളുടെ കണ്മുന്നിൽ വെച്ചാണ് ഇരുവരും അതിക്രൂരമായി കൊല്ലപ്പെട്ടത്. ഏറെ ദുഖകരമായ ഈ വാർത്ത നടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്, “ഞാൻ മധുര നായിക്. ഇന്ത്യൻ വംശജയായ ജൂത വിഭാഗത്തില്‍ നിന്നുള്ളവള്‍. ഇന്ത്യയിൽ ഇപ്പോൾ ഞങ്ങൾ 3000 പേരേ ഉള്ളൂ. കഴിഞ്ഞ ദിവസം, ഒക്ടോബർ 7 ന് ഞങ്ങളുടെ കുടുംബത്തിലെ രണ്ട് പേരെ നഷ്ടമായി. എന്‍റെ കസിന്‍ ഒഡായായും ഭര്‍ത്താവും കൊല്ലപ്പെട്ടു. അവരുടെ രണ്ട് കുട്ടികളുടെ കണ്മുന്നിലായിരുന്നു കൊലപാതകം. ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്ന സങ്കടം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇസ്രയേൽ വേദനയിലാണ്. ഇസ്രയേലിന്‍റെ മക്കളും സ്ത്രീകളും തെരുവുകളും ഹമാസിന്‍റെ രോഷത്തില്‍ കത്തുകയാണ്. അവര്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ലക്ഷ്യമിടുന്നു”.
ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് ഒരാണ്ട്
ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം ഒരു അരും കൊലയുടെ ചുരുളഴിഞ്ഞു. ഒരു നെടുവീര്‍പ്പോടെയല്ലാതെ ആ സംഭവത്തെ ഓര്‍ത്തെടുക്കാനാവില്ല. മനുഷ്യനെ പോലും കൊന്നു തിന്നാന്‍ സാധിക്കുമെന്ന് തെളിയിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് ഒരാണ്ട് . കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പദ്മയെയും കാലടിയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന റോസ്ലിനെയും മുഹമ്മദ് ഷാഫിയും ദമ്പതികളായ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. കൊന്ന പാപം തിന്നാല്‍ തീരുമെന്ന് കരുതിയാവാം മനുഷ്യ ശരീരത്തെ തിന്നാനും മടിച്ചില്ല. ഈ വേളയില്‍ ഇലന്തൂരിലെ മറ്റൊരു കൊലക്കേസിലും സംശയമുന്നയിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. 2014 സെപ്റ്റംബറില്‍ ഇലന്തൂരില്‍ സരോജനി എന്ന സ്ത്രീ കൊല്ലപ്പെട്ടകേസിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് സംശയം.
കരയുദ്ധം ഏതുനിമിഷവും; അതിര്‍ത്തിയില്‍ വന്‍പടയൊരുക്കം, ലക്ഷക്കണക്കിന് സൈനികര്‍
ഇസ്രയല്‍ ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ, ഹമാസിനെതിരെ ഇസ്രയലിന്റെ കരയുദ്ധവും ഏതു നിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഏതു നിമിഷവും തുടങ്ങുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഗാസയിലെ വൈദ്യുതി നിലയം ഉടന്‍ അടയ്ക്കും. ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പു നല്‍കി. കാലാള്‍പ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസര്‍വ് സൈനികരെയും ഗാസ അതിര്‍ത്തിക്ക് സമീപത്തേക്ക് അയച്ചിട്ടുണ്ട്.
ഈ യുദ്ധത്തിന്റെ അവസാനത്തില്‍, ഇസ്രായേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ കഴിയുന്ന ഒരു സൈനിക ശേഷിയും ഹമാസിന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടുവെന്നും എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലെബനനില്‍ നിന്ന് ഹിസ്ബുല്ല മിസൈലുകള്‍ തൊടുത്തുവിട്ടു. എന്നാല്‍ ഇസ്രായേല്‍ തിരിച്ചടിച്ചു. പോരാട്ടം ശക്തമാകും. ഗാസയില്‍ നിന്നുള്ള രംഗങ്ങള്‍ വരും ദിവസങ്ങളില്‍ ‘മനസ്സിലാക്കാനും അഭിമുഖീകരിക്കാനും’ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലെബനന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ സൈനിക നീക്കം തുടങ്ങി. ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈനിക ടാങ്കര്‍ വിന്യസിച്ചു. ലെബനനില്‍നിന്നു വീണ്ടും ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇരുവശത്തുമായി ഇതുവരെ മരണം 3500 കടന്നു. ഇസ്രയേലിലെ മരണസംഖ്യ 1200 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. 2700ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 900 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 4,600 ലേറെ പേര്‍ക്ക് പരുക്കേറ്റു.
ശനിയാഴ്ച പുലര്‍ച്ചെ, അതീവസുരക്ഷയുള്ള ഗാസഇസ്രയേല്‍ അതിര്‍ത്തിവേലി ലംഘിച്ചു സായുധരായ ഹമാസ് തെക്കന്‍ ഇസ്രയേല്‍ പട്ടണങ്ങളിലേക്കു നുഴഞ്ഞുകയറിയതിനു പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. 2021 ല്‍ 11 ദിവസം നീണ്ട ഇസ്രയേല്‍ഹമാസ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഘര്‍ഷാവസ്ഥയാണിത്. ‘ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ലഡ്’ എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. ‘ഓപ്പറേഷന്‍ അയണ്‍ സോര്‍ഡ്’ എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചത്.
ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ണായക സൈനിക നടപടികള്‍ക്കും സുരക്ഷാ കാബിനറ്റ് അനുമതി നല്‍കിയിരുന്നു. നേരത്തെ ‘ദീര്‍ഘവും ദുഷ്‌കരവുമായ യുദ്ധ’ത്തിനു തയാറെടുക്കാന്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു.
കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍
കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്‌നേഹലത ഉള്‍പ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാര്‍ശ.
എം.ബി സ്‌നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂര്‍), സി. പ്രതീപ്കുമാര്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കോഴിക്കോട്), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാര്‍ശ.
ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ചേര്‍ന്ന ഹൈക്കോടതി കൊളീജിയം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം. കേരള ഹൈക്കോടതി കൊളീജിയത്തില്‍നിന്ന് രണ്ട് പട്ടികകളാണ് സുപ്രീം കോടതി കൊളീജിയത്തിനും കേന്ദ്ര സര്‍ക്കാരിനും കൈമാറിയതെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമി ന്യൂസ് ആയിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് എസ്.വി. ഭട്ടിയും ഒപ്പുവച്ച ഒരു പട്ടികകയും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഒപ്പുവച്ച മറ്റൊരു പട്ടികയും.
ഈ രണ്ട് പട്ടികകളിലും ഉള്‍പ്പെട്ടവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് എസ്.വി. ഭട്ടിയും ഒപ്പുവെച്ച പട്ടികയിലെ പി.ജെ. വിന്‍സന്റ് (രജിസ്ട്രാര്‍, ജില്ലാ ജുഡീഷ്യറി), സി. കൃഷ്ണകുമാര്‍ (മുന്‍ പ്രിന്‍സിപ്പല്‍ ജില്ലാ, സെഷന്‍സ് ജഡ്ജ്, കാസര്‍കോട്) എന്നിവരുടെ പേരുകള്‍ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ നല്‍കിയ പട്ടികയില്‍ ഇല്ലായിരുന്നു. ഇതില്‍ പി.ജെ വിന്‍സെന്റിനെ ഹൈക്കോടതി ജഡ്ജി ആക്കുന്നതിനോടുള്ള ശക്തമായ വിയോജിപ്പും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ രേഖപ്പെടുത്തിയിരുന്നു. ഈ രണ്ട് പേരെയും ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനുള്ള ശുപാര്‍ശയില്‍ സുപ്രീം കോടതി തീരുമാനം എടുത്തില്ല.
മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. സൈതലവിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ നല്‍കിയ പട്ടികയില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് മണികുമാര്‍ നല്‍കിയ പട്ടികയില്‍ സൈതലവിയുടെ പേര് ഇല്ലായിരുന്നു. പി. സൈതലവിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്ന കാര്യത്തിലും സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതി കൊളീജിയവുമായി ചര്‍ച്ചചെയ്ത ശേഷമേ ഈ പേരുകളില്‍ തുടര്‍ തീരുമാനം ഉണ്ടാകൂവെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
സീനിയറായ ചില ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയാണ് ഹൈക്കോടതി കൊളീജിയം ശുപാര്‍ശ തയ്യാറാക്കിയതെന്ന് സുപ്രീം കോടതി കൊളീജിയം ചൂണ്ടികാട്ടി. എന്നാല്‍ ഇതിന് കൃത്യമായ കാരണം ഹൈക്കോടതി കൊളീജിയം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അതിനോട് യോജിക്കുന്നുവെന്നും സുപ്രീം കോടതി കൊളീജിയം അറിയിച്ചു.