തിരുവനന്തപുരം : കേരളത്തിൽ ഏഴ് ദിവസം കൂടി മഴ തുടരും. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കന്‍ കാറ്റിന്റ ഫലമായാണ് മഴ. അതോടൊപ്പം തെക്കൻ തമിഴ്നാടിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഇനി വരുന്ന മൂന്ന് ദിവസം പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശക്തിപ്രാപിച്ച് മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ നവംബർ എട്ടോടെ ന്യൂനമർദമായി മാറാൻ സാധ്യത കൂടുതലാണ്. അതേസമയം നവംബർ 5 മുതൽ 8 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത കൂടുതലാണെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം : ഓട്ടോയിൽ വെച്ച് യുവതിയ്ക്ക് പീഡനം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസാണ് പ്രതി.
യുവതി അട്ടക്കുളങ്ങരയിൽ നിന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതി ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകവേ ആയിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മാണിയോട് അടുത്താണ് സംഭവം നടന്നത്. പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തുകയും ഭീക്ഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പ്രതി ജിജാസ് പോക്സോ ഉൾപ്പെടെ മറ്റ് ഒൻപത് കേസുകളിൽ പ്രതിയാണ്. അതേസമയം യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
കൊച്ചി : കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്നു പുലർച്ചെയാണ് അപകടം. മരിച്ചത് കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് (65) . അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം മുനമ്പത്തെ നൗറിൻ എന്ന ബോട്ടും സിൽവർ സ്റ്റാർ എന്ന ബോട്ടും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു ബോട്ട് രണ്ടായി മുറിയുകയും മുങ്ങുകയും ചെയ്‌തെന്നാണ് വിവരം.
തൃത്താല ഇരട്ടക്കൊല: ആദ്യം വെട്ടിയത് അന്‍സാറിനെയെന്ന് പ്രതി മുസ്തഫ
പാലക്കാട്: തൃത്താല കണ്ണനൂര്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയ്ക്കു സമീപം രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തി പ്രതിയും കൊല്ലപ്പെട്ടവരുടെ സുഹൃത്തുമായ ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പറമ്പില്‍ മുസ്തഫ (28) കുറ്റം സമ്മതിച്ചു. യുവാക്കളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പറമ്പില്‍ അന്‍സാര്‍, കാരക്കാട് തേനാത്തിപ്പറമ്പില്‍ അഹമ്മദ് കബീര്‍ എന്നിവരെയാണ് മുസ്തഫ കൊലപ്പെടുത്തിയത്. അൻസാർ വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു മരിച്ചത്. സംഭവ ദിവസം രാത്രി തന്നെ മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ അന്‍സാറിനെ കൊലപ്പെടുത്തിയത് സുഹൃത്തായ അഹമ്മദ് കബീർ ആണെന്നായിരുന്നു മുസ്തഫ പറഞ്ഞിരുന്നത്. പിറ്റേന്ന് (വെള്ളിയാഴ്ച) ഉച്ചയോടെ അഹമ്മദ് കബീറിന്റെ (27) മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തിയതോടെ മുസ്തഫയുടെ മൊഴിയിൽ പൊലീസിന് സംശയം ഉണ്ടാവുകയായിരുന്നു. അതേസമയം ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി മുസ്തഫയില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് രണ്ട് പേരും മരിച്ചതെന്നും താന്‍ തന്നെയാണ് കൊന്നതെന്നും മുസ്തഫ കുറ്റസമ്മതം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ഡാമിലെ ജലനിരപ്പിന് റെഡ് അലര്‍ട്ട് : പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു
ഇടുക്കി : പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. പത്ത് സെന്റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ 706.50 മീറ്റര്‍ കടന്നിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നടപടി സ്വീകരിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് അതി ശക്തമായി തുടരുന്ന മഴയെ തുടർന്ന് പൊന്മുടി ജലസംഭണിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് ഇപ്പോൾ. എന്നാൽ ജലനിരപ്പ് 707.30 മീറ്റര്‍ ആയതിന് പിന്നാലെ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതിയും നല്‍കി. അതേസമയം ജില്ലയില്‍ ശക്തമായ മഴക്കുള്ള സാധ്യത പരിഗണിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.
ശ്വാസകോശത്തിൽ കുടുങ്ങിയ സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്തു
ന്യൂഡൽഹി : ഏഴു വയസ്സു പ്രായമുള്ള ആൺ കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്തു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലുള്ള ഡോക്ടർമാരാണ് കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ നാലു സെന്റീമീറ്റർ നീളമുള്ള സൂചി വിജയകരമായി നീക്കം ചെയ്തത്. ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്യാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോഴാണ് എൻഡോസ്കോപ്പിയിലൂടെ പരീക്ഷണം നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്.
കുട്ടിക്ക് ശക്തമായ ചുമയും രക്തസ്രാവവുമായി ആരോഗ്യനില ഗുരുതരാവസ്ഥായിൽ ആയപ്പോഴാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയില്‍ ആണ് കുട്ടിയുടെ ഇടത് ശ്വാസകോശത്തില്‍ സൂചി കുടുങ്ങിയതായി കണ്ടെത്തിയിരുന്നത്. ശേഷം നാല് മില്ലി മീറ്റർ വലുപ്പമുള്ള കാന്തം ഉപയോഗിച്ചാണ് ശ്വാസകോശത്തിലെ സൂചി നീക്കം ചെയ്തതെന്നാണ് ഡോക്ടർ ജെയിന്‍ വ്യക്തമാക്കിയത്.
സൂചി ശ്വാസകോശത്തിൽ വളരെ ആഴത്തിലായിരുന്നുവെന്നും അതിനാൽ തന്നെയും പരമ്പരാഗത രീതിയിൽ സൂചി പുറത്തെടുക്കാനാകില്ലെന്ന് വ്യക്തമായി. ഇതോടെ ശസ്ത്രക്രിയാ സംഘം വിശദമായി ചർച്ച ചെയ്തതിനു ശേഷമാണ് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാൻ ശ്രമിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ദേവേന്ദ്ര കുമാർ വ്യക്തമാക്കിയയത്.
ഗാസയിലെ അഭയാർഥി ക്യാംപിൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
ഗാസ : ഗാസയിലെ അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മുപ്പതിലധികം പേർ. ഗാസയിലെ അൽ മഗാസി ക്യാംപിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. അൽ അക്സ ആശുപത്രിയിൽ മുപ്പത് മൃതദേഹങ്ങൾ എത്തി. പ്രസ്താവനയിലൂടെ വിവരമറിയിച്ചത് ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്ര. അതേസമയം ഗാസയിൽ ഇതുവരെ 9,480 പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. നാല്പത്തിനായിരത്തിലധികം പേരാണ് പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. അതേസമയം പരിക്കേറ്റ പലസ്തീൻകാരെ റഫ അതിർത്തിയിലൂടെ ഈജിപ്തിലേക്ക് പോകാൻ അനുവദിച്ചില്ലെങ്കിൽ ഗാസയിലുള്ള വിദേശികളെ ഗാസ മുനമ്പിലൂടെ പോകാൻ അനുവദിക്കില്ലെന്ന് ഹമാസ് ശനിയാഴ്ച അറിയിച്ചിരുന്നു.
”സിനിമാ റിവ്യൂ നിരവധിപേരുടെ ശ്രമങ്ങളെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുന്നു” ; അടൂർ ഗോപാലകൃഷ്ണൻ
സിനിമ റിവ്യൂ വിഷയത്തിൽ പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.മോശം സിനിമാ റിവ്യൂ നിരവധിപേരുടെ ശ്രമങ്ങളെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുകയാണെന്നും സിനിമയെ താറടിക്കാന്‍ മാത്രം മോശം റിവ്യൂ ചെയ്യുന്നവരെ ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അടൂര്‍ പറഞ്ഞു.കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍ നടത്തിയ മലയാളം ക്ലാസിക് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘മീറ്റ് ദ ഡയറക്ടര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ …..
”സിനിമകള്‍ തീയറ്ററില്‍ കാണുമ്പോഴാണ് കൂടുതല്‍ അനുഭവേദ്യമാകുന്നത് .മറിച്ച് മൊബൈല്‍ ഫോണില്‍ സിനിമ കാണുന്നത് മോശം പ്രവണതയാണ്. ആശയവിനിമയത്തിന് വേണ്ടി മാത്രം സൃഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇന്ന് കമ്മ്യൂണിക്കേഷന്‍ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. തന്റെ സിനിമകള്‍ കോപ്പി റൈറ്റ് ഇല്ലാതെ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവര്‍ ദ്രോഹമാണ് ചെയ്തതെങ്കിലും ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് ആ സിനിമകള്‍ കാണാന്‍ അതിലൂടെ അവസരം ഉണ്ടാവുകയാണ് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാപ്രേമികളുടെ സന്ദേശങ്ങള്‍ തനിക്ക് ലഭിക്കാറുണ്ട്. അത് ഇന്റര്‍നെറ്റില്‍ സിനിമ എത്തിയതിന്റെ നേട്ടമാണ്. പക്ഷെ റിവ്യൂ അങ്ങനെയല്ല.മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുകയാണ് . സിനിമയെ താറടിക്കാന്‍ മാത്രം മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം.”അതേസമയം മനഃപ്പൂർവമുള്ള നെഗറ്റീവ് സിനിമ റിവ്യൂകൾക്കെതിരെ കേസ് എടുത്തതിന് പിന്നാലെ തുടർ നടപടികൾക്കായി സിനിമ സംഘടനകൾ സംയുക്ത യോഗം വിളിച്ചിരുന്നു. യോഗത്തിൽ സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം വിഷയത്തിൽ തുടർ നിലപാടുകൾ സ്വീകരിച്ചു. ഇത് പ്രകാരം സിനിമ സംഘടനകൾ ചേർന്ന യോഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയൊക്കെയാണ് സിനിമ റിലീസ് ആദ്യദിനം തിയറ്റർ റിവ്യൂ ഉണ്ടായിരിക്കില്ല.
അത്തരം നടപടി സിനിമയെ മോശമായിബാധിക്കുന്നു. സിനിമയെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മുൻപോട്ട് പോകും. ഫെഫ്കയിൽ മെമ്പർഷിപ്പുള്ള പിആർഒമാർക്ക് മാത്രമാണ് ജോലി ചെയ്യാൻ സാധിക്കുക, മെമ്പർഷിപ്പില്ലാത്തവർക്ക് ജോലിയിൽ തുടരാൻ സാധിക്കില്ല, ഇതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കും.യുട്യൂബ് ചാനലുകൾക്ക് നിയന്ത്രണം. തെരഞ്ഞെടുത്ത 45 യുട്യൂബ് ചാനലുകൾക്ക് മാത്രം സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിലും മറ്റും പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.നിലവിൽ മേല്പറഞ്ഞ കാര്യങ്ങളാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനമായും തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത യുട്യൂബ് ചാനലുകൾക്ക് ഐഡി കാർഡ് ഉൾപ്പെടെ നൽകും.ഈ കാർഡ് ലഭിച്ചവർക്ക് മാത്രമാണ് ഇനി സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിലും മറ്റും പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
“കേരളത്തിലെ പത്രപ്രവർത്തകർക്കുള്ള പാഠം”: വൈറലായി ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഹരീഷ് പേരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരാമരാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ എല്ലാം തന്നെ ഇടപെടുകയും പ്രതികരിച്ച് രംഗത്ത് എത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പത്രപ്രവർത്തകർക്കുള്ള പാഠം എന്ന് പറഞ്ഞാണ് നടൻ പോസ്റ്റ് തുടങ്ങുന്നത്. ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്,
“കേരളത്തിലെ പത്രപ്രവർത്തകർക്കുള്ള പാഠം.1984 -SSLC പരീക്ഷ കഴിഞ്ഞ് ടൈപ്പ്റൈറ്റിംങ്ങ് പഠിക്കാൻ ചേർന്ന കാലം. നാല് മണിക്ക് ഞാനും എന്റെ സുഹൃത്ത് മണിയും കൂടെ ഇൻസ്റ്റ്യൂട്ടിലേക്ക് നടക്കുമ്പോൾ എതിരെ ഞങ്ങളെ സ്കൂളിൽ പഠിപ്പിച്ച ഒരു ടീച്ചർ സ്കൂളിലെ ജോലി കഴിഞ്ഞ് നടന്ന് വരും. ദൂരെ നിന്ന് ടീച്ചറെ കാണുമ്പോൾ തന്നെ ബഹുമാന സൂചകമായി ഞങ്ങൾ മുണ്ടിന്റെ മടികുത്ത് അഴിച്ചിടും. ടീച്ചറ് അടുത്ത് എത്തുമ്പോൾ ചിരിക്കാൻ ശ്രമിക്കും. പക്ഷെ ടീച്ചറ് ഞങ്ങളെ മുഖത്തേക്ക് പോലും നോക്കില്ല.
ഈ അവഹേളനം സഹിക്കാൻ പറ്റാതായ ഒരു ദിവസം ഞങ്ങൾ പതിവുപോലെ ടീച്ചറെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ മടികുത്ത് അഴിച്ചിട്ടു. എന്നിട്ട് ടീച്ചറ് അടുത്ത് എത്തിയപ്പോൾ പതിവിനും വിപരിതമായി മുണ്ടിന്റെ മടികുത്ത് മാടി കെട്ടി. അന്ന് ടീച്ചർ ആദ്യമായി ഞങ്ങളെ നോക്കി ചിരിച്ചു. പിന്നീട് ഏത് സാഹചര്യത്തിൽ കണ്ടാലും ടീച്ചർ ഞങ്ങളെനോക്കി ചിരിക്കാൻ നേരം കണ്ടെത്താറുണ്ടായിരുന്നു” എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞിരുന്നത്.
വീണ്ടും വെെറലായി ‘ഖലാസി’ ; തരംഗമായ ഗാനത്തെ പുകഴ്ത്തി പ്രധാനമന്ത്രി
അടുത്ത കാലത്തായി ഇന്ത്യയിൽ വൻ തരംഗമാണ് കോക് സ്റ്റുഡിയോ ഭാരത് പുറത്തിറക്കിയ ”ഖലാസി” എന്ന ഗാനം. അർത്ഥമറിയാത്ത ആളുകൾപോലും ആ ഗാനം ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഗാനത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരിക്കുകയാണ്.
2023 ജൂലൈയിൽ കോക്ക് സ്റ്റുഡിയോ ഭാരതിലാണ് ഈ ഗാനം പുറത്തിറങ്ങിയത്. ആ ഗാനം നിമിഷനേരം കൊണ്ട് തരംഗമായി മാറി. ഇപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാനം ആലപിച്ച ഗായകൻ ആദിത്യ ഗാദ്വിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ആശംസ നേർന്നിരിക്കുകയാണ്. വീഡിയോയിൽ ആദിത്യ ഗാദ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ സംഗീത പരിപാടിയിൽ പങ്കെടുത്തതും അദ്ദേഹത്തോടുള്ള ആരാധനയും ഗായകൻ വീഡിയോയിലൂടെ ഓർത്തെടുക്കുന്നു.
ഗായകൻ പങ്കുവെച്ച ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി മിസ്റ്റർ ഗാദ്വിയെയും അദ്ദേഹത്തിൻറെ ഇപ്പോൾ വൈറലായ ‘ഖലാസി’ ഗാനത്തെയും പ്രശംസിച്ചു. ഗായകനുമായുള്ള കൂടിക്കാഴ്ച തന്റെ ശ്രദ്ധേയമായ നിമിഷമെന്നും അദ്ദേഹം പറയുകയുണ്ടായി. ‘ഖലാസ’ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഹിറ്റാണെന്നും , ആദിത്യ ഗാധ്വിയുടെ സംഗീതം ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു എന്നും മോദി പറഞ്ഞു. അതേസമയം കോക്ക് സ്റ്റുഡിയോ ഭാരതിൽ ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ ഖലാസി എന്ന ഗുജറാത്തി ഗാനം, ഇതിനോടകം യുട്യൂബിൽ 5 കോടിയിലധികം കാഴ്ചക്കാരെ നേടി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ റീൽസുകളും മറ്റുമായി പലരും ഈ ഗാനം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ നവരാത്രി കാലത്ത് ഇന്ത്യ മൊത്തം ഈ ഗാനം വലിയ രീതിയിൽ ട്രെന്റിങ് ആയി മാറിയിരുന്നു. പല സെലിബ്രിറ്റികളും ഈ പാട്ടിന് ചുവടുവെച്ചുള്ള ഇൻസ്റ്റഗ്രാം റീലുകളും വൈറലാണ്.
“ഗുജറാത്തിന്റെ തീരത്തുകൂടെ പര്യവേക്ഷണം നടത്താൻ പുറപ്പെടുന്ന നാവികന്റെ കഥയാണ് ഖലാസി എന്ന ഗാനം പശ്ചാത്തലമാക്കുന്നത്. ഈ ഗാനം അയാളുടെ വിരസമായതും , സാഹസികമായ യാത്ര, അനുഭവങ്ങൾ, കപ്പൽ യാത്രയ്ക്കിടയിലുള്ള ജീവിതംഎന്നിവയെക്കുറിച്ച് ആണ് പറയുന്നത്!” പാട്ടിനെക്കുറിച്ച് കോക്ക് സ്റ്റുഡിയോ ഭാരത് നൽകിയ വിവരണം ഇങ്ങനെയൊക്കെയാണ്. ഗിറ്റാറിസ്റ്റ് ധ്രുവ് വിശ്വനാഥിന്റെ പ്രകടനവും അതിൽ കാണാമെന്നവർ പറയുന്നുണ്ട്. കോക്ക് സ്റ്റുഡിയോയുടെ തന്നെ 2021ൽ പുറത്തിറങ്ങിയ പാകിസ്ഥാനി ഗാനമായ ‘പസൂരി’യും വൻ ഹിറ്റായി മാറിയിരുന്നു.