‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി…’: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട കത്തിന് വിമർശനങ്ങളുയരുന്നു
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെത്തുടർന്നാണ് പുതുപ്പള്ളിയിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് അരങ്ങേറുന്നത്. രാവിലെ ഏഴുമണിക്ക് മികച്ച പോളിങ്ങോടുകൂടി ആരംഭിച്ച വോട്ടിങ് ഉച്ചക്കുശേഷം മന്ദഗതിയിലേക്കു പോയിരുന്നു. അതേസമയം മറ്റൊരു കാര്യമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട ഒരു നിവേദനമാണ് ഇപ്പോൾ ചർച്ചയായത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്കിന്‍റെ വിജയത്തിനുവേണ്ടിയാണ് നിവേദനത്തിൽ പരാമർശിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി എത്തുന്നവർക്ക് നിവേദനം സമർപ്പിക്കാനായി കല്ലറക്ക് ചുറ്റും കെട്ടിയ തുണിയിലാണ് നിവേദനം കണ്ടെത്തിയത്. ‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി. സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥിക്കേണമേ’ എന്നാണ് കല്ലറയിൽ നിന്നും ലഭിച്ച നിവേദനത്തിൽ കുറിച്ചിരിക്കുന്നത്. മെൽബിൽ സെബാസ്റ്റ്യൻ ചമ്പക്കര എന്ന ഫേസ്ബുക്ക് അക്കൌണ്ടിലാണ് ഈ ഒരു പോസ്റ്റ് ആദ്യമായി കാണുന്നത്.
പുതുപ്പള്ളിയിൽ ഇലക്ഷൻ ആയതുകൊണ്ട് രാവിലെതന്നെ പുതിയ പുണ്യാളന്റെ അടുത്തു പോയി സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥന സമർപ്പിച്ചിട്ടുണ്ട്, പുണ്യാളൻ ഒറിജിനൽ ആണോ എന്ന് എട്ടാം തീയതി അറിയാം എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇയാള്‍ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിത്. ഉമ്മൻചാണ്ടിയെ വ്യക്തിപരമായി വീണ്ടും വീണ്ടും അധിക്ഷേപിക്കുകയാണെന്നും മരണശേഷവും അദ്ദേഹത്തെ വേട്ടയാടുകയാണെന്നുമാണ് ഈ വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതികരിക്കുന്നത്. പുതുപ്പള്ളി പള്ളിയേയും സഭയേയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കോൺഗ്രസ് ആരോപണമുന്നയിച്ചു.
ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കും: ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാവും
ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കുമെന്ന് സൂചനകൾ. ഇതിനായുള്ള ആലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിലാണ് ഇതിനായുള്ള ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്നാണ് ഉപയോഗിക്കുക.
അടിമത്വം എന്ന ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഭരണഘടനയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് വിമർശനവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി
ജി20 ഉച്ചകോടി നടക്കാൻ ചുരുങ്ങിയ ദിവസങ്ങൾ ബാക്കിനിൽക്കുകയാണ്. ഈ അവസരത്തിൽ ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതിനെതിരേ വലിയ വിമർശനമാണുയരുന്നത്. സെപ്റ്റംബര്‍ ഒമ്പതിനും പത്തിനുമായി പ്രഗതി മൈതാനിയിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഭാരത മണ്ഡപത്തില്‍വെച്ചാണ് ജി20 ഉച്ചകോടി നടക്കുക. ഇതിൽ പങ്കെടുക്കുന്നവര്‍ക്കുള്ള അത്താഴവിരുന്നാണ് സെപ്റ്റംബര്‍ ഒമ്പത് ശനിയാഴ്ച രാത്രി എട്ടുമണിക്ക് നടക്കാൻ പോകുന്നത്. രാഷ്ട്രപതിഭവനാണ് ഈ ക്ഷണക്കത്ത് അയച്ചിട്ടുള്ളത്.
So the news is indeed true.
Rashtrapati Bhawan has sent out an invite for a G20 dinner on Sept 9th in the name of ‘President of Bharat’ instead of the usual ‘President of India’.
Now, Article 1 in the Constitution can read: “Bharat, that was India, shall be a Union of States.”…
— Jairam Ramesh (@Jairam_Ramesh) September 5, 2023
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇതുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചത്തിയത്. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളിൽ ‘ഭാരതം, ഇന്ത്യയായിരുന്ന, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്ന് വായിക്കാമെന്ന് ജയ്‌റാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ‘യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ പോലും ഇപ്പോൾ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
REPUBLIC OF BHARAT – happy and proud that our civilisation is marching ahead boldly towards AMRIT KAAL
— Himanta Biswa Sarma (@himantabiswa) September 5, 2023
അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി ‘ഇന്ത്യ’ എന്നതിൽ നിന്ന് ‘ഭാരതി’ലേക്ക് മാറ്റുമെന്ന് സൂചനകളുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായുള്ള ബിൽ പാസാക്കിയേക്കുമെന്നാണ് സൂചന. അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മയുടെ ട്വീറ്റും ഈ റിപ്പോർട്ടുകൾക്ക് ശക്തിനല്‍കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനെതിരെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര എന്ന പേരില്‍ രാഷ്ട്രീയ തീര്‍ഥയാത്ര നടത്തുന്നവര്‍ എന്തിനാണ് ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ എതിര്‍ക്കുന്നതെന്നാണദ്ദേഹം ചോദിച്ചത്. കോണ്‍ഗ്രസ് രാജ്യത്തെയോ ഭരണഘടനയേയോ ബഹുമാനിക്കുന്നില്ലെന്നും, ഒരു കുടുംബത്തെ പ്രശംസിക്കുക മാത്രമേ അവർ ലക്ഷ്യം വെക്കുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.
‘ടീം ഇന്ത്യയല്ല, ടീം ഭാരത്’ : ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നതിൽ പിന്തുണയുമായി മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നതിൽ പിന്തുണയുമായി മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് രംഗത്തെത്തി. നമ്മൾ ഭാരതീയരാണെന്നും ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാർ നൽകിയതാണെന്നും സേവാഗ് സമൂഹ മാധ്യമമായ എക്സിലൂടെ പറഞ്ഞു. ഈ ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്നായിരിക്കണമെന്നും സേവാഗ് എക്സിൽ കുറിച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്താണ് സേവാഗിന്റെ ഈ കുറിപ്പ്.
Team India nahin #TeamBharat.
This World Cup as we cheer for Kohli , Rohit , Bumrah, Jaddu , may we have Bharat in our hearts and the players wear jersey which has “Bharat” @JayShah . https://t.co/LWQjjTB98Z— Virender Sehwag (@virendersehwag) September 5, 2023
‘ഫാന്‍റം പൈലി’ ഫേസ്ബുക്ക് പേജിന്‍റെ അഡ്മിനെ പ്രതിയാക്കി : ഗീതു തോമസിന്‍റെ പരാതിയിൽ കേസെടുത്ത് മണർക്കാട് പോലീസ്
പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ ജെയ്ക് സി. തോമസിന്‍റെ ഭാര്യ ഗീതു തോമസിനെതിരെ കടുത്ത സെെബർ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ തെളിവുകളുൾപ്പെടെ ഗീതു പോലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതിയിൽ കേസെടുത്തിരിക്കുകയാണ് പോലീസ് ഇപ്പോൾ. ‘ഫാന്‍റം പൈലി’ എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിനെ പ്രതി ആക്കിയാണ് മണർകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐ.പി.സി 509, കേരള പൊലീസ് ആക്ട് 119, 120 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കോട്ടയം എസ്.പിക്ക് ഗീതു തോമസ് പരാതി നൽകിയത്. ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക് സി. തോമസ് സഹതാപവോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന രീതിയിലായിരുന്നു അധിക്ഷേപങ്ങൾ. ഒമ്പത് മാസം ഗർഭിണിയായ തന്നെ ‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന തരത്തിൽ പരിഹസിച്ചത് ഏറെ വേദനിപ്പിച്ചെന്ന് ഗീതു പരാതിയിൽ പറയുന്നുണ്ട്.
കെബി ഗണേഷ്കുമാറിന്‍റെ എതിർപ്പ് ഫലം കണ്ടു : മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് മരവിപ്പിച്ചു
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. കെ ജി പ്രേംജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. ഇതോടെ കേരള കോണ്‍ഗ്രസ് ബി യുടെ പ്രതിഷേധം ഫലം കണ്ടു. കെബി ഗണേഷ്കുമാറിന്‍റെ എതിർപ്പിനെ തുടർന്നാണ് ചെയര്‍മാനെ മാറ്റിയ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനമായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. പുതിയ ഉത്തരവ് ഉടൻ തന്നെ പുറത്തിറക്കും.
എം രാജ ഗോപാലൻ നായരെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയർമാനാക്കിയാണ് സർക്കാർ ഭരണസമിതി പുനസംഘടിപ്പിച്ചത്. കേരള കോൺഗ്രസ് ബിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിക്കുന്നത്. പാർട്ടിയുമായി ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് വലിയ അതൃപ്‌തിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ്കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള ഈ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രി ഇടപെട്ടത്.
എൽഡിഎഫിന് പുതുപ്പള്ളിയിൽ വൻ പ്രതീക്ഷയാണുള്ളത് : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എകെജി സെന്ററിൽവെച്ച് മാധ്യമങ്ങളെ കണ്ടിരുന്നു.
എം വി ഗോവിന്ദന്റെ വാക്കുകൾ…
‘മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വോട്ടർമാരുടെ വലിയ തിരക്കാണ് കാണുന്നത്. നല്ല നിലയിൽ, ഉത്സവത്തിമിർപ്പോടെയാണ് ജനങ്ങൾ വോട്ടുചെയ്യാനെത്തുന്നത്. ജൈയ്ക് സി തോമസിന് നല്ല പ്രതീക്ഷ നൽകുന്ന പോളിങ് ആണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ 53 വർഷക്കാലത്തെ നീണ്ട കോൺഗ്രസിന്റെ ആധിപത്യം നിലനിർത്തിയ ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഈ തിരഞ്ഞറെടുപ്പ് എളുപ്പമായിരുന്നെന്നായിരുന്നു യുഡിഎഫിന്റെ ധാരണ. വൈകാരികതലത്തിൽനിന്നുകൊണ്ട്, ജനങ്ങളെല്ലാം വോട്ട് യുഡിഎഫിന് വോട്ട് നൽകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയമേഖലയിൽ പ്രധാന ചചർച്ചാവിഷയമാവുകയും, പുതുപ്പള്ളിയിലെ വികസനം, കേരള സർക്കാരിന്റെ നിലപാടുകൾ എന്നിവ ചർച്ചചെയ്യപ്പെടുമ്പോൾ, യുഡിഎഫിന് തന്നെ മനസിലായിട്ടുണ്ട് അവർക്കവിടെ വ്യജയസാധ്യത കുറവാണെന്ന്. എന്തായാലും എൽഡിഎഫിന് പുതുപ്പള്ളിയിൽ വൻ പ്രതീക്ഷയാണുള്ളത്. എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് എല്ലാവരും അവിടെ പ്രവർത്തിക്കുന്നത്. ഇതിനുമുൻപ് ഇത്രയും ആവേശത്തോടെ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുതുപ്പള്ളി കണ്ടിട്ടുണ്ടാവില്ല. ജൈയ്ക് സി തോമസിന് വലിയ വിജയപ്രതീക്ഷയാണ് നമ്മൾ കാണുന്നത്.’
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് മരവിപ്പിച്ച വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു. അന്വേഷിച്ച് ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു . ശരിയായ നിലപാട് തന്നെ സ്വീകരിക്കുമെന്നാണദ്ദേഹം പറഞ്ഞത്. ഭരണപരമായ തീരുമാനങ്ങൾ എങ്ങനെയായാലും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനമന്ത്രിയായിരുന്ന തോമസ് ഐസക് ചിന്തയിൽ എഴുതിയ ലേഖനത്തിൽ ഭരണകൂടത്തെ വിമർശിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. ഭരണകൂടത്തെ ഞങ്ങൾ വിമർശിക്കുമെന്നും, ഇനിയും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണവും ഭരണകൂടവും രണ്ടും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണകൂടത്തിന്റെ ഭാഗമാണ് എക്സിക്യൂട്ടിവ്, ജുഡീഷ്യറി ,ലെജിസ്ലേച്ചർ എല്ലാം. അതിൽ ലെജിസ്ലേച്ചർ ആണ് തിരഞ്ഞെടുപ്പ് നടത്തുകയും, നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോവുകയും ചെയ്യുന്നത്. ഭരണസംവിധാനത്തെ അങ്ങനെ നന്നാക്കിയാൽ ശരിയാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ കോണ്‍സ്റ്റബിള്‍ ആക്രമിക്കപ്പെട്ട സംഭവം : ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്ന് കോടതി വിമർശനം
ട്രെയിനില്‍വെച്ച് വനിതാ കോണ്‍സ്റ്റബിള്‍ ആക്രമിക്കപ്പെട്ട സംഭവം വലിയ വാർത്തയായിരുന്നു. ഈ സംഭവത്തിൽ റെയില്‍വെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. സംഭവത്തെ കുറിച്ച് തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ വിഷയത്തിൽ ഇടപെട്ടത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്നാണ് കോടതിയുടെ വിമർശനം.
സരയൂ എക്‌സ്‌പ്രസിന്‍റെ കമ്പാർട്ട്‌മെന്‍റിൽ ആഗസ്റ്റ് 30നാണ് സാരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വനിതാ കോൺസ്റ്റബിളിനെ കണ്ടെത്തുന്നത്. 47കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിള്‍ സുല്‍ത്താന്‍പൂരിലാണ് ജോലി ചെയ്തിട്ടുണ്ടായിരുന്നത്. സാവൻ മേള ഡ്യൂട്ടിക്കായി സുൽത്താൻപൂരിൽ നിന്ന് അയോധ്യയിലേക്ക് വരികയായിരുന്നു അവർ. അയോധ്യയിൽ ഇറങ്ങേണ്ടിയിരുന്ന അവർ പക്ഷെ ട്രെയിനിൽ ഉറങ്ങിപ്പോയതിനാൽ മനക്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. അയോധ്യയ്ക്കും മനക്പൂരിനും ഇടയിലാണ് അക്രമം നടന്നതെന്നാണ് അന്വേഷണ ചുമതലയുള്ള ഓഫീസര്‍ പറഞ്ഞത്. സെപ്തംബര്‍ 13നകം കേസന്വേഷണത്തിന്‍റെ പുരോഗതി കോടതിയെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രം, റെയിൽവേ മന്ത്രാലയം, ആർപിഎഫ് ഡയറക്ടർ ജനറൽ, ഉത്തർപ്രദേശ് സർക്കാർ, ആഭ്യന്തര മന്ത്രാലയം, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവ ദിവസം തന്നെ യുവതിയുടെ സഹോദരൻ പോലീസിൽ പരാതി നല്‍കിയിരുന്നു. ആരാണ് വനിതാ പൊലീസിനെ ആക്രമിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. അക്രമിക്കപ്പെട്ട സംഭവത്തിൽ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ് ടീമില്‍ സ്ഥാനം ലഭിച്ചില്ല. എന്നാൽ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളാണ് ലോകകപ്പ് ടീമിലുള്ളത്. അതായത് പേസർ പ്രസീദ് കൃഷ്ണ, തിലക് വർമ്മ എന്നിവരെ ഒഴിവാക്കി. കൂടാതെ റിസർവ് താരമായി ഉൾപ്പെടുത്തിയ സഞ്ജു സാംസനെയും പരിഗണിച്ചില്ല. ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പിൽ നിന്നും സ്പിന്നർ യുസ്വേന്ദ്ര ചഹൽ ഒഴിവാക്കപ്പെട്ടു. അതേസമയം കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മറ്റൊരു പ്രത്യേകതയും ഈ ടീമിലുണ്ട്. ടീമിൽ ഇടം പിടിച്ച മൂന്ന് സ്പിന്നർമാർ ഇടം കൈയ്യരാണ്. സ്പിന്നേഴ്‌സിന്റെ കൂട്ടത്തിൽ രവിചന്ദ്രൻ അശ്വിന് സ്ഥാനം ലഭിച്ചിട്ടില്ല.
രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍, വൈസ് ക്യാപ്റ്റനായി
ഹാര്‍ദ്ദിക് പാണ്ഡ്യ , രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരാണ് ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം അംഗങ്ങൾ
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരം ആരംഭിക്കാൻ ഇനി 30 ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കുക. അഹമ്മദാബാദില്‍ തന്നെയാണ് നവംബര്‍ 19ന് ഫൈനല്‍ മത്സരവും നടക്കുക. ഒന്നര മാസം നീളുന്ന ക്രിക്കറ്റ് അങ്കത്തിൽ പത്ത് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യ ,പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ പോരാടുക.
സംസ്ഥാനത്ത് മഴ കനക്കുന്നു : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് മഴ കനക്കുമെന്ന കാലാവസ്ഥാമുന്നറിയിപ്പിനെതുടർന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോൾ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലേര്‍ട്ട് ആയിരിക്കാനാണ് സാധ്യത. കനത്ത മഴയെത്തുടർന്ന് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.