ആലുവ പീഡനക്കേസിലെ പ്രതി പിടിയിൽ: ഇയാൾ സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
ആലുവയിൽ അതിഥിത്തൊഴിലാളിയുടെ എട്ടുവയസ്സായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിലായി. പെരിയാർ പാലത്തിന് താഴെനിന്നുമാണ് അയാളെ അറസ്റ്റ് ചെയ്ത്. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ലാത്താങ്കര സ്വദേശി ക്രിസ്റ്റിന്‍ ആണ് പിടിയിലായത്. സ്ഥിരം കുറ്റവാളിയാണ് ഇയാൾ . അടുത്ത കാലത്താണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. ആലുവ പാലത്തിന് താഴെ സംശയാസ്‌പദമായി ഒളിച്ചിരിക്കുന്നത് കണ്ട്, നാട്ടുകാരാണ് ഇയാളെകുറിച്ച് പൊലീസിന് വിവരം നൽകിയത്. പൊലീസ് എത്തിയപ്പോൾ പ്രതി പെരിയാറിലേക്ക് ചാടിയെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
പെരുമ്പാവൂരിൽ മുൻപ് നടന്ന മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. ശിക്ഷ കഴിഞ്ഞ് വിയ്യൂർ ജയിലിൽ നിന്ന് ഓഗസ്റ്റ് 10നാണ് ക്രിസ്റ്റിന്‍ പുറത്തിറങ്ങിയത്. 2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായി കണ്ടെത്തിയതോടെയാണ് ഇയാൾ നാട്ടിൽനിന്ന് മുങ്ങിയത്. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാൾ മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
കുട്ടിക്കാലത്ത് ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കമെന്നും, നാട്ടിൽ ആരുമായും കൂട്ടില്ലെന്നും വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ലെന്നും, ലഹരിമരുന്നിന് അടിമയാണ് ഇയാളെന്നും നാട്ടുകാർ പറയുന്നുണ്ട്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഇയാളുടെ പേരിലുണ്ട്. പകൽ പുറത്തിറങ്ങാതെ രാത്രിയിലാണ് ഇയാളുടെ സഞ്ചാരമെന്നാണ് പൊതുവെയുള്ള പറച്ചിൽ.
രണ്ടുവർഷം മുൻപ് പാറശാല പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. എന്നാൽ ഒന്നരവർഷമായി മകൻ നാട്ടിലേക്കു വന്നിട്ടില്ലെന്നാണ് പ്രതിയുടെ മാതാപിതാക്കൾ പറഞ്ഞത്. കഞ്ചാവിനും മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഇയാൾ.
സുരക്ഷ നൽകുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു: ആലുവയിലെ എട്ടുവയസുകാരിയുടെ പീഡനസംഭവത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ
ആലുവയിൽ അതിഥി തൊഴിലാളിയുടെ എട്ടുവയസായ മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിനു നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും സ്വസ്ഥമായി ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും, നമ്മുടെ പെൺമക്കൾക്ക് വീടിനുള്ളിൽ പോലും സുരക്ഷയില്ലാത്ത അവസ്ഥായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ നൽകുന്നതിൽ ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടെന്ന് വിമർശനമുന്നയിക്കുകയും പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെടുകയും ചെയ്തു.
ആലുവയിൽതന്നെ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുന്നെയാണ് ഞെട്ടിക്കുന്ന അടുത്ത വാർത്ത വന്നത്. ആഘോഷപരമായി അതിഥി തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സർക്കാരിനെ സുരേന്ദ്രൻ വിമർശിച്ചു. പിഞ്ചുമക്കളെ വേട്ടക്കാർക്ക് എറിഞ്ഞുകൊടുന്ന പ്രവണയാണിതെന്നും , കഴിഞ്ഞ ദിവസം യുപിയിൽ അധ്യാപിക മർദ്ദിച്ച വിദ്യാർത്ഥിയെ പഠിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ ആദ്യം ഇവിടെയുള്ള കുട്ടികൾക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് അന്യസംസ്ഥാനക്കാർക്കെതിരെ അക്രമങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ക്രിമിനലുകളും ലഹരി മാഫിയകളും അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണെന്നും, യുപി മോഡലിൽ ശക്തമായ നടപടികളെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണകൂടത്തിന്റെ സഹായങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് തുടർച്ചയായി ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടാവുന്നതെന്നും, ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രൻ വിമർശിച്ചു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തിൽ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തുകയുണ്ടായി.
ആലുവയിലെ ചാത്തന്‍പുറം എന്ന സ്ഥലത്താണ് എട്ടുവയസ്സുകാരിപെൺകുട്ടി പീഡനത്തിനിരയായത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കാണാതായപ്പോൾ നാട്ടുകാരും പ്രദേശവാസികളും പൊലീസും ചേർന്ന് കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി കുട്ടിയെ ഉപേക്ഷിച്ചുപോയതെന്നാണ് സൂചന. കുട്ടിയെ ഇപ്പോൾ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടതെന്ന് ചില ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടുവെന്നു ദൃക്സാക്ഷി പറഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടി ഉണ്ടായിരുന്നത്. അതിനുശേഷം വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി കൂട്ടിച്ചേർത്തു.
ആലുവയില്‍ പീഡനത്തിനിയായ കുട്ടിക്ക് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ട് വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നുമാണ് ധനസഹായം നൽകുന്നത്. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പംതന്നെ ആശുപത്രിചിലവിനായി 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണിപ്പോൾ. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിനുപിന്നാലെ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഈ നടപടി. ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നു. തൊഴില്‍ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ അവബോധവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻതന്നെ ജയിക്കും : കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻതന്നെ ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുപ്പത്തിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതി പുന:സംഘടനാ വിഷയത്തിൽ പരസ്യ ചർച്ചയ്ക്കില്ലെന്നും മത്സരിക്കുന്ന കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും മുരളീധരൻ പറഞ്ഞു.
പുതുപ്പള്ളിയിലെ വോട്ടെടുപ്പിനുശേഷം ചില കാര്യങ്ങൾ തുറന്നുപറയുമെന്ന് മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ശക്തമായ നിലപാടെടുത്തിട്ടും വേണ്ടരീതിയില്‍ താൻ പരിഗണിക്കപ്പെട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. പുതുപ്പള്ളിയില്‍ സ്റ്റാര്‍ കാമ്പയിനര്‍ പദവിയിലുള്ളവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ തന്നെ അവഗണിച്ചുവെന്നും, കൂടാതെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാകരുതെന്ന് കരുതിയാണ് വിഷയം വിവാദമാക്കാത്തതെന്നും മുരളീധരൻ പറയുകയുണ്ടായി.
പ്രത്യേകക്ഷണിതാവായി പണിഗണിക്കാവുന്നവരുടെ പട്ടികയില്‍ പോലും ഉള്‍പ്പെടുത്താത്തത് തന്നെ വേദനിപ്പിച്ചുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വവും നല്ല നിലയിലാണ് ഇടപെടുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പലപ്പോഴായും വിളിക്കാറുണ്ടെന്നും,അതിലൊന്നും പരാതിയില്ലെന്നും എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ ഒന്നും സംഭവിക്കുന്നില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തുകയുണ്ടായി.
ഉദയനിധി സ്റ്റാലിന്റ പരാമർശത്തെ പിന്തുണച്ച് അച്ഛനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍
നടനും, തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മം സംബന്ധിച്ച പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അച്ഛനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നും എം കെ സ്റ്റാലിൻ പ്രതികരിക്കുകയുണ്ടായി.
ഉദയനിധിയെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങളെകുറിച്ച് യാഥാർത്ഥ്യമറിയാതെയാണോ പ്രധാനമന്ത്രി സംസാരിക്കുന്നത്തെന്നും, അതോ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുന്നതാണോ എന്നും സ്റ്റാലിന്‍ ചോദിച്ചു. ഏത് റിപ്പോര്‍ട്ടും ശരിയാണോയെന്ന് പരിശോധിക്കാനുള്ള എല്ലാവിധ സാധ്യതകളും പ്രധാനമന്ത്രിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഏതെങ്കിലും മതത്തേയോ മത വികാരത്തേയോ വ്രണപ്പെടുത്താന്‍ ഉള്ളതല്ല ഒരു പ്രസ്താവനയും. പട്ടികജാതി – ഗോത്രവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്ക് എതിരെയാണ് ഉദയനിധി പറഞ്ഞതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാണിച്ചു. അടിച്ചമര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിനെതിരായ നിലപാട് ബിജെപിക്ക് മനസിലാക്കാന്‍ സാധിച്ചില്ല, പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് ബിജെപി പ്രചരിപ്പിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപണമുന്നയിച്ചു. വംശഹത്യ എന്ന വാക്ക് ഉദയനിധി ഇംഗ്ലീഷിലോ തമിഴിലോ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
കൂടാതെ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെയും സ്റ്റാലിന്‍ പിന്തുണച്ചു. ‘സ്ത്രീകള്‍ ജോലി ചെയ്യരുത്, വിധവകളായ സ്ത്രീകള്‍ പുനര്‍വിവാഹം ചെയ്യരുത്, പുനര്‍വിവാഹത്തിന് ആചാരങ്ങളോ മന്ത്രോച്ചാരണങ്ങളോ ഇല്ലെന്ന് വാദിക്കുന്ന ചില വ്യക്തികള്‍ ഇപ്പോഴും സ്ത്രീകളെ ആത്മീയ വേദികളില്‍ അപമാനിക്കുന്നുവെന്നും, മനുഷ്യരാശിയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ അടിച്ചമര്‍ത്താന്‍ അവര്‍ ‘സനാതന’ എന്ന പദം ഉപയോഗിക്കുന്നുവെന്നുമുൾപ്പെടെയുള്ള അടിച്ചമര്‍ത്തല്‍ ആശയങ്ങള്‍ക്കെതിരെയാണ് ഉദയനിധി ശബ്ദമുയര്‍ത്തിയത്, ആ ആശയങ്ങളില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ ഉന്മൂലനം ചെയ്യാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത് എന്ന് ഉദയനിധിയുടെ പ്രസ്താവന വീണ്ടും പറഞ്ഞുകൊണ്ട് എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.
ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യയുടെ പ്രഖ്യാപനത്തോടും എം കെ സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ എന്നും, പകരം ഉദയനിധിക്കെതിരെ കേസുകള്‍ കൊടുത്തുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് കൃത്യമായ പ്രതികരണം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മാധ്യമങ്ങളില്‍ നിന്ന് കേള്‍ക്കുമ്പോൾ, അത് നിരാശപ്പെടുത്തുന്നുവെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.
വലിയ പാരമ്പര്യമുള്ള ഡിഎംകെ പോലൊരു പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി കരുതുന്നുണ്ടെങ്കിൽ, അവര്‍ ആ മണലില്‍ മുങ്ങിപ്പോകുമെന്നും സ്റ്റാലിന്‍ ഓര്‍മ്മപ്പെടുത്തി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാഷ്ട്രീയ ഗിമ്മിക്കാണെന്ന് പരിഹസിച്ച എംകെ സ്റ്റാലിന്‍ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്താനാണ് അത്തരമൊരു നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കുറ്റപ്പെടുത്തുകയുണ്ടായി. ജനശ്രദ്ധ മാറ്റുന്നതിനാണോ സനാതനധര്‍മ്മ വിവാദം ഇത്രയ്ക്ക് ഉയർത്തിക്കാട്ടുന്നതെന്ന് സംശയിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
സനാതന ധര്‍മ്മം സംബന്ധിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ നിരവധി ആളുകളാണ് വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തെത്തുന്നത്. ഈ വിഷയത്തിൽ ഉദയനിധി സ്റ്റാലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് പി ജയരാജന്‍. ഉദയനിധി പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് അദ്ദേഹം ചോദിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിക്ക് വിലങ്ങ് തടിയായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ആദിത്യ എൽ 1 യാത്രക്കിടെ അയച്ച ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 യാത്രക്കിടെയുള്ള അയച്ച ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ . ആദിത്യ അയച്ച രണ്ടു ചിത്രങ്ങളാണ് ഇന്ന് പുറത്തുവിട്ടത്. പേടകത്തിലുള്ള രണ്ട് പേലോഡുകൾ കാണാവുന്ന തരത്തിലുള്ള സെൽഫിക്കൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളും ആദിത്യ എടുത്തിട്ടുണ്ട്. വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫും, സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്‍കോപ്പ് എന്നിവ ആദിത്യ എടുത്ത സെൽഫിയിൽ കാണാം.
Aditya-L1 Mission:
👀Onlooker!Aditya-L1,
destined for the Sun-Earth L1 point,
takes a selfie and
images of the Earth and the Moon.#AdityaL1 pic.twitter.com/54KxrfYSwy— ISRO (@isro) September 7, 2023
ആദിത്യ എൽ1 സെപ്തംബർ രണ്ടിനായിരുന്നു വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകത്തെ വഹിച്ചത് പിഎസ്എൽവി- സി57 റോക്കറ്റാണ്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് ആദിത്യ എൽ1ന്റെ യാത്ര. ഭ്രമണപഥം ഉയർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആദിത്യ എൽ 1 വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു.
നാല് മാസമെടുത്തിട്ടാണ് പേടകം ഹാലോ ഭ്രമണപഥത്തിലെത്തുക എന്നാണ് വിവരം. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലം സന്തുലിതാവസ്ഥയിലുള്ള ഈ പോയിന്റിൽ നിന്നാകും ആദിത്യ എൽ1 സൂര്യനെ പഠിക്കുക. സൂര്യന്റെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് ആദിത്യ എൽ1ന്റെ ലക്ഷ്യം. സൂര്യന്റെ അന്തരീക്ഷത്തിന്റെ ചലനാത്മകത, ഘടന എന്നിവ മനസിലാക്കൽ, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കൽ എന്നിവയും പേടകത്തിന്റെ ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ 1 പേടകത്തിലുള്ളത്. നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കുകയും, മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കുകയും ചെയ്യും.
പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് മിനിറ്റിൽ ഒരെണ്ണമെന്ന കണക്കിൽ ഓരോ ദിവസവും1440 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രയാൻ വിജയിച്ചതിനുപിന്നാലെ ഇപ്പോൾ ആദിത്യ എൽ വൺ കൂടി വിജയത്തിലെത്തിയാൽ അത് ഇന്ത്യയ്ക്ക് ചരിത്രനേട്ടമായിരിക്കും.