‘എന്തിനാണ് പാവപ്പെട്ട ജനങ്ങളെ മറച്ചുപിടിക്കുന്നത്, പി.എം. മോദി?’ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ പോസ്റ്റ്
ജി20 ഉച്ചകോടി ഡൽഹിയിൽവെച്ച് നടക്കുന്നതുമായി ബന്ധപ്പെട്ട് അവിടെയുള്ള ചേരികളെല്ലാം മറച്ചിരുന്നു. എന്നാൽ രാജ്യത്തെ യാഥാര്‍ഥ്യങ്ങൾ അതിഥികളില്‍നിന്ന് മറച്ചുവെക്കേണ്ടതില്ലെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ഗാന്ധി . നമ്മുടെ ദരിദ്രജനങ്ങളേയും മൃഗങ്ങളേയും കേന്ദ്രസര്‍ക്കാര്‍ ഒളിപ്പിച്ചുവെക്കുകയാണെന്നാണ് സമൂഹഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുല്‍ഗാന്ധി ആരോപണമുന്നയിച്ചത്. ദരിദ്രരായ ജനങ്ങൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളും ചേരികളും മറ്റും മറച്ചതിനെതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
ജി20 ഉച്ചകോടി നടക്കുന്ന ഡല്‍ഹിയിലെ വസന്തവിഹാറില്‍ ചേരി കാഴ്ചയില്‍നിന്ന് മറച്ചതിന്റെ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ മുൻപ് പങ്കുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഹുൽ ഇപ്പോൾ മുന്നോട്ട് വെച്ച ആരോപണം. ‘എന്തിനാണ് പാവപ്പെട്ട ജനങ്ങളെ മറച്ചുപിടിക്കുന്നത്, പി.എം. മോദി’ എന്ന ചോദ്യവുമായുള്ള പോസ്റ്ററും സമൂഹ മാധ്യമങ്ങളിലൂടെ പാര്‍ട്ടി പങ്കുവെച്ചിരുന്നു.
ഇതുകൂടാതെ, തെരുവുനായ്ക്കളെ കഴുത്തിനു പിടിച്ച് വലിച്ചിഴച്ച് മാറ്റുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടും കോണ്‍ഗ്രസ് ആരോപണം ഉയർത്തിയിരുന്നു. തെരുവുനായ്ക്കള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു. ഇതിനെതിരെ എന്‍.ജി.ഒകളടക്കം നിരവധിപ്പേരാണ് വിമർശനവുമായി എത്തിയത്.
യുദ്ധം മൂലമുണ്ടായ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന് നരേന്ദ്ര മോദി : ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം
ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. യുദ്ധം മൂലമുണ്ടായ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന നരേന്ദ്ര മോദിയുടെ നിർദ്ദേശത്തോടെയാണ് ഉച്ചകോടിക്ക് തുടക്കമായത്. കൊവിഡ് ഉണ്ടാക്കിയ ഭീഷണി നമ്മൾ മറികടന്നതു പോലെതന്നെ പരസ്പര വിശ്വാസമില്ലായ്മയും കൂട്ടമായിനിന്നുതന്നെ പരിഹരിക്കണമെന്നാണ് ഉച്ചകോടിയുടെ ആമുഖപ്രസംഗത്തിൽ നരേന്ദ്ര മോദി പറഞ്ഞത് . ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നൽകണമെന്ന ഇന്ത്യയുടെ നിർദ്ദേശവും ഉച്ചകോടി അംഗീകരിക്കുകയുണ്ടായി.
കൂടാതെ ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായമായി. എല്ലാവരെയും ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സമവായത്തിനുവേണ്ടി കഠിനമായി അധ്വാനിച്ച ഷെർപ, മറ്റ് മന്ത്രിമാർ എന്നിവരെ അഭിനന്ദിക്കുന്നുവെനന്നും മോദി കൂട്ടിച്ചേർത്തു.
റഷ്യ ഉക്രെയിൻ യുദ്ധം ലോകത്തെ രണ്ട് ഭാഗത്തായി വേർതിരിച്ചുനിർത്തുന്ന സാഹചര്യത്തിലാണ്, യുദ്ധം മൂലമുണ്ടായ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചുകൊണ്ട് മോദി ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. സംഘർഷങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ റഷ്യൻ പ്രസിഡൻറിൻറെ അഭാവത്തിൽ നടക്കാനിടയില്ലെന്നും, എന്നാൽ ഇക്കാര്യതതിൽ ചിന്തകൾ ഉണ്ടാകണമെന്നുമുള്ള നിർദേശമാണ് മോദി നൽകിയത്. ഭീകരവാദം, സൈബർ സുരക്ഷ തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ ആരംഭത്തിൽത്തന്നെതന്നെ ആഫ്രിക്കൻ യൂണിയന് ജി20 അംഗത്വം നൽകിയിരുന്നു.
ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലേക്ക് യുഎസ് പ്രസിഡൻറ് ജോബൈഡൻ ഉൾപ്പടെയുള്ള നേതാക്കളെ സ്വീകരിച്ചത് നരേന്ദ്ര മോദിയായിരുന്നു . സൗദി രാജകുമാരനായ മൊഹമ്മദ് ബിൻ സൽമാൻ, യുഎഇയുടെ പ്രസിഡൻറായ മൊഹമ്മദ് ബിൻ സയിദ് അൽനഹ്യാൻ, കൂടാതെ യുകെ പ്രധാനമന്ത്രി റിഷി സുനക്. ചൈനീസ് പ്രധാനമന്ത്രിയായ ലി ചിയാങ് തുടങ്ങിയവരുൾപ്പെടെ മുപ്പതോളം രാഷ്ട്രനേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വൺ എർത്ത്, വൺ ഫാമിലി എന്നീ വിഷയങ്ങളിലുള്ള സെഷനാണ് ഇന്ന് നടന്നത്. ജി20 നേതാക്കൾക്ക് രാഷ്ട്രപതിയുടെ വക അത്താഴവിരുന്ന് നൽകുകയും ചെയ്യും.
പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ യുഡിഎഫിനു വോട്ട് ചെയ്തു : കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ
പുതുപ്പള്ളിയെ നയിക്കാൻ ചാണ്ടി ഉമ്മൻ അമരത്തെത്തിയിരിക്കുകയാണ്. യുഡിഎഫ് പ്രവർത്തകരെല്ലാംതന്നെ വലിയ ആവേശത്തിലാണുള്ളത്. അതേസമയം ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ യുഡിഎഫിനു വോട്ട് ചെയ്തെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ആറുമാസമായി മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും, പിണറായിക്ക് കമ്മ്യൂണിസ്റ്റ് മുഖമില്ലെന്നും, മോദിയിൽ നിന്നാണ് പിണറായി പഠിക്കുന്നതെന്നും കെസി വേണുഗോപാൽ പറയുകയുണ്ടായി. കൂടാതെ ജി 20യിൽ നല്ല തീരുമാനങ്ങൾ ഉണ്ടാകട്ടെയെന്നും, അങ്ങനെയുണ്ടായാൽ അതിനെയെല്ലാം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം വേദികളെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് മോദി ഉപയോഗിക്കുന്നതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരുമെന്നും, കേരളത്തിന്‍റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു . പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് എന്തു കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. എം വി ഗോവിന്ദൻ പിണറായി വിജയന്റെ കുഴലൂത്തുകാരനായി മാറിയെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
‘പി കെ ബിജു സമ്പാദിച്ച പണം ഒന്നാം പ്രതിയുടേത്’: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ആരോപണവുമായി അനിൽ അക്കര
വളരെ വിവാദമായ ബാങ്ക് തട്ടിപ്പ്കേസാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. ഈ കേസിൽ ഇഡി പരാമർശിക്കുന്ന മുൻ എംപി, പി കെ ബിജുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവായ അനിൽ അക്കര. കൂടാതെ , കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത പ്രതി പി സതീഷ് കുമാറിന്റേതാണ് പി കെ ബിജു സമ്പാദിച്ച പണമെന്നും അക്കര ആരോപണമുന്നയിച്ചു. പി കെ ബിജുവിന്റെ മെന്ററാണ് പി സതീഷ് കുമാറെന്ന ആരോപണവും അനിൽ അക്കര മുന്നോട്ടുവെക്കുന്നുണ്ട്. ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പേര് പറയാതെയാണ് മുൻ എംപിയെ പരാമർശിക്കുന്നത്. ഈ പരാമർശത്തിലാണ് വിശദീകരണവുമായി അനിൽ അക്കരെ
രംഗത്തെത്തിയിരിക്കുന്നത്. തൃശൂർ കോലാഴി സ്വദേശിയായ പി സതീഷ് കുമാറാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായാണ് പി കെ ബിജു എംപിയുടെ ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2009 ലോക്സഭയിലേക്ക് ജയിച്ച ശേഷമാണ് ഇവിടെ ഓഫീസ് ആരംഭിക്കുന്നത്. 2014 ൽ വീണ്ടും മത്സരിച്ച് വിജയിച്ചതോടെ വടക്കഞ്ചേരിയില്‍നിന്ന് തൃശ്ശൂര്‍ പാര്‍ളിക്കാട്ടെ കൊട്ടാര സദൃശമായ വീട്ടിലേക്ക് പി കെ ബിജു താമസം മാറുകയായിരുന്നു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ആയ പി ആര്‍ അരവിന്ദാക്ഷനാണ് നിലവിൽ ഈ വീടിന്റെ നടത്തിപ്പ് ചുമതല ഉള്ളത്. ഇയാൾ കരുവന്നൂർ കേസിൽ അറസ്റ്റിലാകാൻ ഇരിക്കുകയാണെന്നും അനിൽ അക്കര ആരോപണമുന്നയിക്കുകയുണ്ടായി.
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ എംഎൽഎയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഇഡി കോടതിയെ അറിയിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ എംപിയുമായുള്ള ഫോൺ സംഭാഷണം കിട്ടിയിട്ടുണ്ടെന്നും കേസിലെ സാക്ഷികൾക്ക് ഇവരിൽ നിന്ന് ഭീഷണിയുണ്ടായിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി കേസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. സതീഷ് കുമാർ പണം കൈമാറുന്നത് കണ്ടുവെന്നുള്ള സാക്ഷികളുടെ മൊഴിയുമുണ്ട്. രണ്ടു കോടി നൽകുന്നത് കണ്ടുവെന്ന മൊഴി നൽകിയത് കളക്ഷൻ ഏജൻ്റാണ്, കൂടാതെ മൂന്ന് കോടി നൽകിയതായി മറ്റൊരു മൊഴിയും നിലവിലുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പി സതീഷ് കുമാറിനെയും, പി പി കിരണിനെയും ഈ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് എന്നാണ് വിവരം. സംഭവത്തിൽ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.
വേണ്ടത്ര പരിശോധനകള്‍ നടത്താതെ വായ്പകള്‍ നൽകിയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും കേസിൽ ഇഡി വ്യക്തമാക്കിയിരുന്നു. വായ്പക്കാരന്‍ ആരാണെന്നുപോലും അറിയാത്ത അവസ്ഥയിലാണ് ബാങ്ക് ജീവനക്കാര്‍ ഉള്ളതെന്നും ഇഡി വ്യക്തമാക്കി. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്‍കുകയും, ഒരേ രേഖകളില്‍ ഒന്നിലധികം വായ്പ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ബാങ്ക് ബൈ ലോ മറികടന്നാണ് പി പി കിരണ്‍ അംഗത്വം നേടിയത്.
രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ അച്ഛനോടും മകനോടും തോൽക്കുന്ന ആദ്യത്തെ സ്ഥാനാർഥി ജെയ്ക്കല്ല
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേടിയതിന്റെ ഇരട്ടി ഭൂരിപക്ഷം നേടിക്കൊണ്ട് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ നായകനായിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ നെഞ്ചോട് ചേർത്ത പുതുപ്പള്ളി, മകൻ ചാണ്ടി ഉമ്മനെ തോളിലുമേറ്റി. നീണ്ട അൻപത്തിമൂന്ന് വർഷം പുതുപ്പള്ളിക്ക് കാവൽക്കാരനായി ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു. 2016 ലും 2021 ലും ഉമ്മൻ ചാണ്ടിയോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മത്സരിച്ച ജെയ്ക് ഈ വർഷം ചാണ്ടി ഉമ്മനോടും ശക്തമായും വീറോടെയും വാശിയോടെയും മത്സരിച്ചു. പക്ഷെ മൂന്നാം വട്ടവും ജയ്ക്കിനെ പുതുപ്പള്ളി കനിഞ്ഞില്ല. രണ്ട് വട്ടം ഉമ്മൻ ചാണ്ടിയോട് മത്സരിച്ച ജയ്ക്കിന് ഉമ്മൻ ചാണ്ടിയുടെ വോട്ട് നില കുറയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ ഈ വട്ടം യുഡിഎഫ് തിരിച്ചടിച്ചു. അപ്പയോട് മത്സരിച്ച് ജെയ്ക് ഉയർത്തിയ വോട്ടു നില തിരിച്ചു പിടിക്കാൻ മകന്റെ വരവോടെ സാധ്യമായി. ചാണ്ടി ഉമ്മൻ പോരാട്ടക്കളത്തിക്കിറങ്ങിയപ്പോൾ വിജയമുറപ്പിച്ചായിരുന്നു മൂന്നാം അങ്കത്തിനായി ജെയ്കും എത്തിയത്.
എന്നാൽ രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ അച്ഛനോടും മകനോടും തോൽക്കുന്ന ആദ്യത്തെ സ്ഥാനാർഥി അല്ല ജെയ്ക്. വർഷങ്ങൾക്ക് പിന്നിലേക്ക് നടക്കുമ്പോൾ കാണാൻ കഴിയും അച്ഛനോടും മകനോടും പൊരുതി തോറ്റവരെ. 2006 ൽ പിറവത്ത് മുൻ മന്ത്രിയും മുതിർന്ന യു.ഡി.എഫ് നേതാവുമായ ടി എം ജേക്കബിനെ എംജെ ജേക്കബ് തോൽപ്പിച്ചു. എന്നാൽ 2011 ൽ ഇരട്ടി വിജയം നേടിയാണ് എംജെ ജേക്കബിനെ ടി എം ജേക്കബ് തോൽപ്പിച്ചത്. 2012ൽ ടി.എം.ജേക്കബിന്റെ മരണത്തോടെ കളത്തിലിറങ്ങിയത് മകൻ അനൂപ് ജേക്കബ് ആണ്. പിറവം കണ്ടതിൽ വെച്ച് ഏറ്റവും വാശിയേറിയ പോരാട്ടമായിരുന്നു അന്നവിടെ നടന്നത്. അനൂപിന്റെ വിജയത്തിന് പിന്നിൽ സഹതാപ തരംഗമാണെന്നു എതിർ പാർട്ടിക്കാർ ആവർത്തിച്ച് പറഞ്ഞു.
ചവറയിൽ 2016 ൽ എൻ വിജയൻ പിള്ളയോട് തോറ്റ ഷിബു ബേബി ജോൺ 2021 ൽ വിജയൻ പിള്ളയുടെ മകൻ ഡോക്ടർ സുജിത് വിജയൻ പിള്ളയ്ക്ക് മുൻപിലും തോൽവി സമ്മതിച്ചു. 1998 ൽ എറണാകുളത്ത് ജോർജ് ഈഡനോട് തോൽവിയേറ്റു വാങ്ങിയ സെബാസ്റ്റിയൻ പോൾ 2011 ൽ ജോർജ് ഈഡന്റെ മകൻ ഹൈബി ഈഡന് മുൻപിലും തോൽവി ഏറ്റുവാങ്ങി. ചാണ്ടി ഉമ്മന്റേയും, അനൂപ് ജേക്കബിന്റെയും, ഡോക്ടർ സുജിത് വിജയൻ പിള്ളയുടെയും, ഹൈബി ഈഡന്റെയും വിജയത്തിന്റെ പ്രധാന കാരണമായി അച്ഛനോടും മകനോടും തോറ്റവർ ഇന്നും പറയുന്നത് അത് വിജയമല്ല , സഹതാപ തരംഗമാണെന്നാണ്.
എന്നാൽ അച്ചനോടും മകനോടും തോറ്റവർ മാത്രമല്ല ഇവിടെയുള്ളത് അച്ഛനെയും മകനെയും ഒരുപോലെ തോൽപ്പിച്ചവരും ഇവിടെയുണ്ട്. ചിറ്റൂരിൽ അച്യുതനോട് മൂന്നു തവണ തോറ്റ കെ കൃഷ്ണൻ കുട്ടി 2016 ൽ അദ്ദേഹത്തിനോട് പൊരുതി ജയിച്ചു. 2021 ൽ അച്യുതന്റെ മകൻ സുമേഷ് അച്യുതൻ രംഗത്തിറങ്ങി. എന്നാൽ അച്ഛനെ കനിയാത്ത നാട് മകനെയും കനിഞ്ഞില്ല. അച്ഛനെയും മകനെയും ഒരുപോലെ കെ കൃഷ്ണൻ കുട്ടി പരാജയപ്പെടുത്തി.
1991 ൽ കോഴിക്കോട് രണ്ടിൽ സിപി കുഞ്ഞിനെ തോൽപ്പിച്ച എം കെ മുനീർ 2016 ൽ കോഴിക്കോട് സൗത്തിൽ സിപി കുഞ്ഞിന്റെ മകൻ മുസാഫിർ അഹമ്മദിനെയും തോൽപ്പിച്ചു. 1996 ൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കെ കരുണാകരനെ തോൽപ്പിച്ച വിവി രാഘവൻ 1998 ൽ കരുണാകരന്റെ മകൻ കെ മുരളീധരനെയും തോൽപ്പിച്ചു. തിരുവനന്തപുരം നോർത്തിൽ 1987 ൽ ജി കാർത്തികേയനെ തോൽപ്പിച്ച എം വിജയകുമാർ 2015 ൽ അരുവിക്കരയിൽ നടന്ന തിരഞ്ഞെടുപ്പിൽ ജി കാർത്തികേയന്റെ മകൻ കെ എസ് ശബരീനാഥിനെതിരെയും വാശിയേറിയ പോരാട്ടം നടത്തി. എന്നാൽ അച്ഛനെ തോൽപ്പിച്ച എം വിജയകുമാറിനെ ശബരീനാഥ് വളരെ എളുപ്പത്തിൽ പരാജയപ്പെടുത്തി.
2006 , 2011 , 2016 ൽ പാലായിൽ കെ എം മാണിയോട് മൂന്നു തവണ മത്സരിച്ച മാണി സി കാപ്പൻ വിജയം നേടിയത് 2021 ൽ കെ എം മാണിയുടെ മകൻ ജോസ് കെ മാണിയോട് മത്സരിച്ചപ്പോൾ ആയിരുന്നു. അച്ഛൻ മത്സരിച്ചു ജയിച്ച മണ്ഡങ്ങളിൽ പിൻഗാമിയായി മക്കളും വിജയം നേടുമ്പോൾ മനസിലാക്കേണ്ടത് പടിയിറങ്ങിയവരെല്ലാം ആ നാടിനു അത്രയും പ്രിയപ്പെട്ടവർ ആയിരുന്നു എന്നാണ്.