കോഴിക്കോടിനെ വിടാതെ നിപ : കാരണം
എന്തുകൊണ്ടാണ് നിപ കോഴിക്കോട് മാത്രമായി വരുന്നത് ? ഈ സംശയം പലരിലും ഉണ്ടാവുന്ന ഒന്നാണ്. 2018 ൽ ആയിരുന്നു കോഴിക്കോട് ആദ്യമായി നിപ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2023 ൽ വീണ്ടും നിപ റിപ്പോർട്ട് ചെയ്തത് ഇതേ ജില്ലയിൽ തന്നെയാണ്. ഇപ്പോഴിതാ നിപ്പയെക്കുറിച്ച് ഡോക്ടർ ഡാനിഷ് സലിം പറയുന്നത് രണ്ട് പതിറ്റാണ്ട് മുൻപ് മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് എന്നാണ്. 1997 – 98 കാലഘട്ടങ്ങളിൽ മലേഷ്യയിൽ വലിയ വരൾച്ച രൂപപ്പെട്ടിരുന്നു. ഈ സമയത്ത് മൃഗങ്ങളും പക്ഷികളും വെള്ളത്തിനായി പല നാടുകളിലേക്കായി ചേക്കേറേണ്ട അവസ്ഥയും വന്നു. തൊട്ടു പിന്നാലെ മലേഷ്യയിലെ പന്നികളിലും പന്നി ഫാമുകളിലും ഒരു അജ്ഞാത രോഗം പിടികൂടി.
ഇതോടെ പന്നികളെല്ലാം കൂട്ടം കൂട്ടമായി ചത്തൊടുങ്ങി. പന്നികൾ വഴി മനുഷ്യരിലേക്കും ഈ രോഗം എത്തി. അന്ന് നൂറിലേറെ പേരെ ആയിരുന്നു രോഗം ബാധിച്ചത്. അതിൽ നൂറോളം പേർ ചികിത്സയിലും ചിലർ മരണപ്പെടുകയും ചെയ്തു. അതൊരു ജപ്പാൻ ജ്വരം കാരണമുള്ള അസുഖം ആണെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. അതിനു അനുസരിച്ചായിരുന്നു ആദ്യ ഘട്ടത്തിലെ ചികിത്സയും നടന്നത്. എന്നാൽ ജപ്പാൻ ജ്വരമുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തവരിലും ഈ രോഗം പടർന്നു തുടങ്ങിയായ സമയത്താണ് യഥാർത്ഥ കാരണം വേറെ എന്തോ ആണെന്ന സംശയത്തിലേക്ക് എത്തിയത്. രോഗം ബാധിച്ച ഒരു വ്യക്തിയുടെ തലച്ചോറിൽ നിന്നും നീര് എടുക്കുകയും ഈ വയറസിനെ വേർതിരിക്കുകയും ചെയ്തു. അങ്ങനെ കുറെ ഗവേഷണങ്ങൾ നടത്തിയതിനു ശേഷമാണ് നിപയെന്ന പുതിയ രോഗത്തെ കണ്ടുപിടിച്ചത്.
ഇതോടെ ലോകരാഷ്ടങ്ങൾ ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങി. മലേഷ്യയിൽ കാം ബുങ് ബാറു സുങ്കായി നിപ എന്ന സ്ഥലത്താണ് ഈ വയറസിനെ ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ടാണ് ഈ വയറസിനെ നിപ വയറസ് എന്ന് വിളിക്കുന്നത്. എന്നാൽ ഇതൊരു ബാക്ടീരിയ അല്ല . ആർ എൻ എ വയറസാണ്. അതുകൊണ്ട് തന്നെയും ഈ വയറസിനെ പ്രതിരോധിക്കാൻ ആന്റിബയോട്ടിക്കിന് കഴിയില്ല. എന്നാൽ നിപ വയറസിന്റെ രണ്ടാം വരവ് ബംഗ്ലാദേശിൽ ആയിരുന്നു.
നിപയുടെ ആക്രമണം ഏറ്റവും കൂടുതൽ തവണ ഏറ്റവും കൂടുതൽ ആളുകളിൽ ഉണ്ടായത് ബംഗ്ലാദേശിൽ ആയിരുന്നു. തുടർച്ചയായുള്ള എട്ടു വർഷങ്ങളിലാണ് നിപ വയറസ് ബംഗ്ലാദേശിനെ പടർന്നു പിടിച്ചത്. 2001 നു ശേഷം ഏകദേശം നൂറ്റിയൻപതോളം ആളുകൾ നിപ ബാധിച്ചു ബംഗ്ലാദേശിൽ മരിക്കുകയും ചെയ്തു. നിപ സ്ഥിരീകരിച്ച കേസുകളിലെല്ലാം തന്നെ മരണ സംഖ്യ അൻപത് മുതൽ എഴുപത് ശതമാനത്തോളം ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. കാരണം നിപ പിടിപെട്ടാൽ മരണ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് നിപ ഒരു അപകടകാരിയെന്നു പറയുന്നത്.
നിപ്പ വയറസ് കൂടുതലായും കാണുന്നത് പഴം തീനി വവ്വാലുകളിലാണ്. ടെറോപ്പസ് ജീനസ് എന്ന ഫ്ളയിങ് ഫോക്സ് എന്നറിയപ്പെടുന്ന വവ്വാലുകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. എല്ലാ വവ്വാലുകളിലും വയറസ് ഉണ്ടെങ്കിലും ഈ വവ്വാലുകളിൽ അധികവും ഉള്ളത് നിപ വയറസാണ്. എന്നാൽ ഈ വവ്വാലുകളിൽ ഒന്നും യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും നമുക്ക് കാണാനും കഴയില്ല. ഈ സ്പീഷ്യസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് ഇത് കൂടുതലായും പടർന്നു തുടങ്ങുന്നത്. ഫ്‌ളൈ ഫോക്സ് ഉള്ള സ്ഥലങ്ങളിലാണ് ഈ വവ്വാലുകളെയും കൂടുതൽ കാണുന്നത്. ഇവയെ പ്രധാനമായും കാണുന്നത് ഒരു പ്രത്യേക വനപ്രദേശങ്ങളിലാണ്. പ്രത്യേകിച്ച് സൗത്ത് ഈസ്റ്റ് ഏഷ്യാ, മലേഷ്യ , ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലാണ് കാണാൻ കഴിയുക. ഇവർ താമസിക്കുന്ന മരങ്ങളിലും മറ്റു സ്ഥലങ്ങളിലെല്ലാം തന്നെ ഈ വയറസ് ഉണ്ടാകും.
പൊതുവെ വവ്വാലുകൾക്ക് വയറസുകളെ വഹിക്കാനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാനുമുള്ള കഴിവും കൂടുതലാണ്. അതുകൊണ്ട് തന്നെയും നിപയുള്ള വവ്വാലുകളിൽ പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടാകില്ല. പൊതുവെ നിപ പന്നിയിൽ നിന്നും മനുഷ്യരിലേക്കാണ് പകരുന്നത്. എന്നാൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നത് വളരെ അപൂർവമാണ്. എന്നാൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വവ്വാലിനെ കഴിക്കുമ്പോഴോ അതിന്റെ കാഷ്ഠവും ചലങ്ങളും നമ്മൾ കുടിക്കുകയോ കഴിക്കുകയോ ചെയ്യുമ്പോഴാണ് എന്നത് ഗവേഷണങ്ങൾ നടത്തി കണ്ടുപിടിച്ചതാണ്.
കോഴിക്കോട് ആദ്യം നിപ വന്ന സ്ഥലവും ഇപ്പോൾ രോഗം സ്ഥിരീകരിച്ച സ്ഥലവും തമ്മിൽ വലിയ ദൂരം ഇല്ല. ഇവിടെ വവ്വാലുകളെ കൈകാര്യം ചെയ്യുന്നവരോ അല്ലെങ്കിൽ വവ്വാലുകൾ താമസിക്കുന്നിടത്ത് പോകുന്നവരോ ഉണ്ടെങ്കിലാണ് നിപ അവരിൽ എത്തുന്നതും മറ്റുള്ളവരിലേക്ക് പടരുന്നതും. ആയിരക്കണക്കിന് വയറസുകൾ ഉള്ള ജീവിയാണ് വവ്വാൽ. എല്ലാ വയറസുകളും മനുഷ്യരിലേക്ക് പടരാറില്ല. കോഴിക്കോട് മാത്രം നിപ വരുന്നത് എന്ത് കൊണ്ടെന്നാൽ എന്തോ ഒരു കാരണം കൊണ്ട് ഈ വയറസിൽ ചെറിയ മാറ്റങ്ങൾ സംഭവിക്കും. ഈ മാറ്റങ്ങൾ വന്ന വയറസാണ് ആ സ്ഥലങ്ങളിൽ പടരുന്നത്. അതുകൊണ്ടണ് നിപ ഒരു പ്രത്യേക ഏരിയയിൽ മാത്രം പടർന്നു കൊണ്ടിരിക്കുന്നത്.
കാരണം ബംഗ്ലാദേശിൽ വന്നപ്പോഴും ഒരു ഏരിയയിൽ മാത്രമായിരുന്നു ഇത് പടർന്നു പിടിച്ചത്. ഒരു ഏരിയയിൽ മാത്രം അസുഖങ്ങൾ പടർത്തി ആളുകളെ കൊന്നൊടുക്കിയതിനു ശേഷം അത് താനേ ഇല്ലാതാകും. എന്നാൽ പിന്നെയും നിപ വരുന്നതും പടരുന്നതും മഴയും വെയിലും ഒരുപോലെ വരുന്ന സാഹചര്യങ്ങളിലാണ് എന്നാണ് ഡോക്ടർ ഡാനിഷ് സലിം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ ഡോക്ടർ ഡി ബെറ്റർ ലൈഫിലൂടെ പറഞ്ഞത്.
വീട്ടുജോലി ഭർത്താവും ചെയ്യണം
35 കാരൻ നൽകിയ വിവാഹ മോചന ഹർജി ഹൈക്കോടതി തള്ളി. 2010 ൽ വിവാഹിതരായ ഇരുവരും പത്ത് വർഷത്തോളമായി അകന്നു താമസിക്കുകയാണ്. ഭാര്യ വീട്ടു ജോലികൾ ചെയ്യുന്നില്ലെന്നു ആരോപിച്ചായിരുന്നു പൂനെ സ്വദേശി വിവാഹ മോചനത്തിന് അപേക്ഷിച്ചത്. കുടുംബ കോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കുടുംബക്കോടതിയും ഹർജി തള്ളിയതിനെ തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ വീട്ടു ജോലികൾ ചെയ്യാത്തതിനാൽ താൻ ഓഫിസിൽ ഭക്ഷണം കഴിക്കാതെ പോകേണ്ട സാഹചര്യമാണെന്നും ഇദ്ദേഹം വാദിച്ചിരുന്നു. ഭാര്യ അമ്മയുമായി ഫോണിൽ സംസാരിക്കാനാണ് കൂടുതൽ സമയം ചിലവഴിക്കുന്നതെന്നും പറഞ്ഞു. എന്നാൽ വീട്ടിലെ എല്ലാ ജോലിയും ഭാര്യ മാത്രം ചെയ്യണമെന്നത് പിന്തിരിപ്പൻ മനോഭാവമാണെന്നും കുടുംബത്തിലെ ഉത്തരവാദിത്വം ഭാര്യയും ഭർത്താവും ഒരുപോലെ ചെയ്യണമെന്നും ബോംബെ ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ഓൺലൈൻ ക്‌ളാസും മാസ്കും നിർബന്ധം
കോഴിക്കോട് ജില്ലയിൽ നിപ രോഗബാധിതതരുടെ എണ്ണം കൂടി വരികയാണ്. നിപയെ മുൻനിർത്തി ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടുത്തയാഴ്ച മുതൽ ഓൺലൈൻ ക്‌ളാസുകൾ നടത്താനാണ് തീരുമാനമെന്ന് കളക്ടർ എ ഗീത അറിയിച്ചു. പിഎ മുഹമ്മദ് റിയാസും വി ശിവൻകുട്ടിയും സ്കൂൾ അധികൃതരുമായി നടത്തിയ യോഗത്തിൽ വെച്ചാണ് ഓൺലൈൻ ക്‌ളാസ് തുടങ്ങാനായി തീരുമാനിച്ചത്. മറ്റു ജില്ലകളിലെ സ്കൂളുകളിൽ മാസ്കും നിർബന്ധമാക്കിയിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പാണ് സർക്കുലർ പുറപ്പെടുവിപ്പിച്ചത്. കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂളുകളിൽ പോകാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. നിലവിൽ കോഴിക്കോട് ജില്ലയിൽ മാത്രമാണ് ഓൺലൈൻ ക്‌ളാസുകൾ തുടങ്ങുന്നത്.
കൊന്നിട്ടും കലിയടങ്ങാത്ത ഓൺലൈൻ ലോണുകൾ
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി എറണാകുളം കടമക്കുടിയിലെ ലിജോയും ഭാര്യ ശിൽപയും ഏഴും അഞ്ചും വയസുള്ള മക്കളായ എയ്ബലും ആരോണും യാത്രയായി. പിഞ്ചുകുഞ്ഞുങ്ങളെ പോലും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ മാത്രം ക്രൂരയായ മാതാപിതാക്കൾ ആയിരുന്നില്ല ലിജോയും ശിൽപയും. എന്നാൽ സാഹചര്യം അവരെക്കൊണ്ട് അതും ചെയ്യിച്ചു. ഓൺലൈൻ വായ്പ മാഫിയയുടെ ഭീക്ഷണി താങ്ങാൻ കഴിയാതെയാണ് അവർ ഈ ലോകം വിട്ടു പോയത്. മരണം നടന്നു ദിവസങ്ങൾ പിന്നിടുമ്പോഴും കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ കുടുംബക്കാരിലേക്കും കൂട്ടുകാരിലേക്കും വീണ്ടും എത്തി. കൊന്നിട്ടും കലിയടങ്ങാത്ത ഓൺലൈൻ ലോണുകൾ. പ്രിയപ്പെട്ടവരുടെ വേർപാടിൽ ഒരു നാട് ഒന്നടങ്കം തേങ്ങിക്കരയുമ്പോഴും ചിത്രങ്ങളും ലോണുകളും മോർഫ് ചെയ്യുന്ന തിരക്കിലാണ് മരണത്തിനു പിന്നിലെ കൊലയാളികൾ.
ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കം വരാറുണ്ടോ ?
ഉച്ച ഭക്ഷണം കഴിച്ചതിനുശേഷം ജോലി ചെയ്യുമ്പോഴോ പഠിക്കുമ്പോഴോ ഉറക്കം നിങ്ങളെ അലട്ടാറുണ്ടോ? ഉച്ച ഭക്ഷണത്തിനു ശേഷമുള്ള ഉറക്കം സ്വാഭാവികമാണ്. നോയിഡയിലെ സുമിത്ര ഹോസ്പിറ്റലിലെ എംബിബിഎസും മെഡിസിൻ ഡയറക്ടറുമായ ഡോ. അങ്കിത് ഗുപ്ത പറയുന്നത് നമ്മുടെ ശരീരത്തിൽ സർക്കാഡിയൻ റിഥം എന്നറിയപ്പെടുന്ന ഒരു സ്വാഭാവിക ജൈവഘടികാരം ഉണ്ട്. അതാണ് നമ്മുടെ ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുന്നത് എന്നാണ്. സ്വാഭാവികമായും ഉച്ച കഴിയുമ്പോൾ ഒരു മനുഷ്യന്റെ ഉഷാറിലും ഊർജ്ജ നിലയിലും സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കും. സർക്കാഡിയൻ റിഥത്തിന്റെ ഒരു ഭാഗമായ ഇതാണ് നമ്മളെ ഉച്ചമയക്കത്തിലേക്ക് നയിക്കുന്നത്. ദഹനമാണ് ഇതിന്റെ മറ്റൊരു കാരണമായി പറയുന്നത്. നമ്മുടെ ശരീരം രക്തയോട്ടത്തെ ദഹനവ്യവസ്ഥയിലേക്ക് വഴി തിരിച്ചു വിടുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും മനുഷ്യന്റെ താല്പര്യങ്ങൾക്ക് കുറവുവരുത്തുകയും മയക്കിത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ഉച്ചമയക്കം.
ഐസൊലേഷൻ സൗകര്യം സജ്ജമാക്കി എറണാകുളം
കോഴിക്കോടിനെ നിപ്പ പിടികൂടിയപ്പോൾ ഒരു മുഴം മുൻപേ മുൻകരുതലെടുത്ത് എറണാകുളം ജില്ലാ. നിപ്പ സംശയിക്കുന്ന രോഗികളെ ചികിൽസിക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ്. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആശുപത്രിയിൽ ഐസൊലേഷൻ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസങ്ങൾക്കിടെ കോഴിക്കോട് സന്ദർശിച്ചിട്ടുള്ള രോഗ ലക്ഷണം ഉള്ളവർ ചികിത്സ തേടണം. സ്വകാര്യ ആശുപത്രികളുടെയും 108 ആംബുലൻസുകളുടേയും സേവനം പ്രയോജനപ്പെടുത്തും. നിപ്പയെ തടയാൻ നമ്മൾ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വവ്വാൽ കടിച്ച പഴങ്ങളോ ഭക്ഷ്യ വസ്തുക്കളോ കഴിക്കാനോ സ്പർശിക്കാനോ പാടില്ല. ഭയമില്ലാതെ ജാഗ്രതയോടെ ഈ ഘട്ടത്തെയും മുന്നേറാം.
മഹാരാഷ്ട്ര നന്ദുർബാറിൽ മൂന്ന് മാസത്തിനിടെ മരിച്ചത് 179 കുട്ടികൾ
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മഹാരാഷ്ട്രയിലെ നന്ദുർബാർ സിവിൽ ഹോസ്പിറ്റലിൽ 179 കുട്ടികളാണ് മരിച്ചത്. നന്ദുർബാറിന്റെ ചീഫ് മെഡിക്കൽ ഓഫീസർ, എം സാവൻ കുമാർ, കുറഞ്ഞ ജനനഭാരം, ജനന ശ്വാസംമുട്ടൽ, സെപ്‌സിസ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് ഈ ഭയാനകമായ സംഖ്യയ്ക്ക് കാരണമെന്ന് പറയുന്നു. മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല ഗണ്യമായ ഗോത്രവർഗ്ഗ ജനസംഖ്യയ്ക്ക് പേരുകേട്ടതാണ്.
ഈ ഭയാനകമായ കണക്കുകളെ സംബന്ധിച്ച് പ്രത്യേകിച്ച് ആശങ്കാജനകമായ കാര്യം, ഈ മരണങ്ങളിൽ ഗണ്യമായ 70 ശതമാനവും 0-28 ദിവസം പ്രായമുള്ള ശിശുക്കളാണ്. അകാല ജനനങ്ങൾ, കുറഞ്ഞ ജനനഭാരം, പാമ്പുകടി, പ്രസവസമയത്തെ സെപ്‌സിസ്, ന്യുമോണിയ, അപകടങ്ങൾ തുടങ്ങിയ അസംഖ്യം കാരണങ്ങളാൽ ശിശുമരണനിരക്ക് വർധിക്കുന്ന ഈ പ്രദേശത്താണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോഷകാഹാരക്കുറവ് ഉള്ളത് എന്നത് ശ്രദ്ധേയമാണ്. ഈ മരണങ്ങളിൽ 20 ശതമാനവും കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതിന്റെ ഫലമാണ്, അപൂർണ്ണമായ മെഡിക്കൽ നടപടികൾ, കൂട്ട കുടിയേറ്റം, ഹോം ഡെലിവറി എന്നിവയാണ് പ്രധാന കുറ്റവാളികൾ എന്ന് എം സാവൻ കുമാർ പറഞ്ഞു.
അദ്ദേഹം പറഞ്ഞു, “ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും യുവജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനുമുള്ള അടിയന്തിര ആവശ്യം തിരിച്ചറിഞ്ഞ്, നന്ദുർബാറിലെ അധികാരികൾ ‘മിഷൻ ലക്ഷ്യ 84 ഡേയ്‌സ്’ എന്നറിയപ്പെടുന്ന ഒരു നിർണായക സംരംഭം ആരംഭിച്ചു. ശിശുമരണത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുക, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക, ശിശുക്കൾക്ക് അതിജീവനത്തിന് മികച്ച അവസരമുണ്ടെന്ന് ഉറപ്പാക്കുന്നതിന് സമയബന്ധിതമായ ഇടപെടൽ നൽകുക എന്നിവയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.
ജൂലൈയിൽ, ആശുപത്രിയിൽ 75 ശിശുമരണങ്ങൾ രേഖപ്പെടുത്തി, ഓഗസ്റ്റിൽ ഇത് 86 ആയി ഉയർന്നു. സെപ്റ്റംബറിൽ ഇതുവരെ 18 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപര്യാപ്തമായ സൗകര്യങ്ങൾ ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ജീവിതം അപകടത്തിലാക്കുന്നുവെന്ന് പ്രാദേശിക എംഎൽഎ അംഷ പദ്വി ആരോപിച്ചു. അപര്യാപ്തമായ വിഭവങ്ങളും മനുഷ്യശക്തിയും കാരണം നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്ന് അദ്ദേഹം ചോദിച്ചു, ഭരണത്തിന്റെ കെടുകാര്യസ്ഥതയിൽ അതൃപ്തി പ്രകടിപ്പിച്ചു.
“ഒരു വശത്ത്, വർദ്ധിച്ചുവരുന്ന ശിശുമരണ നിരക്ക് തടയാൻ ജില്ലാ പരിഷത്ത് നടപടികൾ സ്വീകരിക്കുന്നു, എന്നാൽ കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഇത്രയും ശിശുമരണങ്ങൾ തടയാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ ഞെട്ടിക്കുന്ന സ്വഭാവം വെളിച്ചത്തുകൊണ്ടുവരുന്നു. പോഷകാഹാരക്കുറവും ശിശുമരണവും. സംസ്ഥാനത്ത് ശിശുമരണങ്ങൾ തടയാൻ നിരവധി പ്രഖ്യാപനങ്ങൾ നടക്കുന്നു, ആയിരക്കണക്കിന് കോടികൾ ഫണ്ട് ചെലവഴിക്കുന്നു, എന്നാൽ മൂന്ന് മാസത്തിനുള്ളിൽ 179 കുട്ടികൾ കൊല്ലപ്പെട്ടാൽ, ഈ പദ്ധതികൾ വിദൂര ആദിവാസി മേഖലകളിൽ എത്തുന്നുണ്ടോ? ഈ പ്രദേശത്തിന് ശരിക്കും കഴിവുണ്ടോ?” അംഷാ പദ്വി ചോദ്യം ചെയ്തു.