ഉമ്മൻ ചാണ്ടി കൈക്കൂലി വാങ്ങിയതിന് തെളിവില്ല
പുതുപ്പള്ളി തിരഞ്ഞെടുപ്പ് എത്തിയതോടെ ചൂടുപിടിച്ച ഒന്നായിരുന്നു സോളാർ തട്ടിപ്പ് കേസ്. പുതുപ്പള്ളിയിലെ udf സ്ഥാനാർത്ഥിയും ഇപ്പോൾ പുതുപ്പള്ളിയുടെ എംഎൽഎയുമായ ചാണ്ടി ഉമ്മനെ അടിച്ചമർത്താനുള്ള ശ്രമമായിരുന്നു എതിർ പാർട്ടിക്കാർ നടത്തിയിരുന്നതെങ്കിലും സിപിഎമ്മിന് വലിയ തിരിച്ചടിയാണ് കിട്ടിയത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്ക് സോളാർ ഇടപാടിനായി മൂന്നു കോടി രൂപ കൈക്കൂലി നൽകാമെന്ന ധാരണയിലെത്തിയിരുന്നെന്നും രണ്ട് തവണ പണം കൈമാറിയെന്നും പരാതിക്കാരി പറഞ്ഞിരുന്നു. ഈ ആരോപണമാണ് ഇപ്പോൾ സിബിഐ റിപ്പോർട്ടിൽ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. സിബിഐ റിപ്പോർട്ട് കോടതി ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്.
പരാതിക്കാരിയുടെ തെറ്റായ മൊഴി ഇങ്ങനെ ആയിരുന്നു. ആദ്യം ഡൽഹിയിൽ വെച്ച് 1 . 1 കോടി രൂപ നൽകി. തിരുവനന്തപുരത്ത് വെച്ച് 80 ലക്ഷം രൂപ നൽകി. ഇതിൽ 62 ലക്ഷം രൂപ പരാതിക്കാരിയുടെ വീട്ടിൽ വീട്ടു ജോലിക്കാരിയടക്കം 2 പേരുടെ സാന്നിധ്യത്തിൽ 2013 മാർച്ച് 23 ന് നൽകിയത്. ബിജു രാധാകൃഷ്ണനിൽ നിന്നും ശ്രീജിത്ത് എന്ന യുവാവാണ് പണം വീട്ടിലേക്ക് എത്തിച്ചതെന്നുമായിരുന്നു പറഞ്ഞത്. എന്നാൽ ശ്രീജിത്ത് ഇത് നിഷേധിക്കുകയും ചെയ്തു. താൻ പണം വാങ്ങിയാണ് പൊലീസിന് തെറ്റായ മൊഴി നൽകിയതെന്നും പറഞ്ഞിരുന്നു. പത്ത് ലക്ഷം രൂപ സ്വകാര്യ നിക്ഷേപത്തിൽ നിന്നും പിൻവലിച്ചാണ് കൈക്കൂലി നൽകിയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിനു തെളിവില്ലായിരുന്നു.
2021 ൽ സിബിഐ അന്വേഷണം ആരംഭിക്കുമ്പോൾ ഇലക്ട്രോണിക് തെളിവുകൾ ലഭ്യമായിരുന്നില്ല. ഇത്രയും വർഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാൻ കഴിയുമായിരുന്നില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി ശരി വയ്ക്കുകയും ചെയ്തു. 2012 ഡിസംബറിൽ ഡൽഹി ചാണക്യപുരിയിൽ പാർക്കിംഗ് ഏരിയയിലെ കാറിൽ വെച്ച് പണം കൈമാറിയെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും എംഎൽഎ കെസി ജോസഫും തോമസ് കുരുവിളയുമാണ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ച മാരുതി കാറിൽ ആണ് അവർ വന്നതെന്നാണ് പരാതിക്കാരി പറഞ്ഞത്.
മുഖ്യമന്ത്രിയെ വീമാനത്താവളത്തിൽ എത്തിച്ച ശേഷം അതെ വാഹനത്തിൽ തോമസ് കുരുവിള എത്തിയപ്പോഴാണ് 1 . 1 കോടി രൂപ ലെതർ ബാഗിൽ കൈമാറിയതെന്നും പറഞ്ഞു. പരാതിയിൽ പറഞ്ഞ ആളുകളെയെല്ലാം തന്നെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരെല്ലാവരും തന്നെ ആരോപണം നിഷേധിക്കുകയും ചെയ്തു. ഡൽഹിയിൽ സ്വകാര്യ ഹോട്ടലിൽ 2012 ഡിസംബർ 26 മുതൽ 28 വരെ താമസിച്ചെന്നും പരാതിക്കാരി പറഞ്ഞിരുന്നു. ഈ ദിവസങ്ങളിൽ അവർ പരാതിക്കാരി പറഞ്ഞ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തി.
പരാതിക്കാരിയുടെ ഈ അസത്യപ്രസ്താവനയ്ക്ക് പരാതിക്കാരിക് വിശദീകരണമില്ലെന്ന നിരീക്ഷണത്തിലാണ് കോടതി എത്തിയത്. അതോടൊപ്പം ഉമ്മൻ ചാണ്ടി പരാതിക്കാരി പറഞ്ഞ മാരുതി കാർ അല്ല ഡൽഹിയിൽ ഉപയോഗിച്ചിരുന്നതെന്നും ടൊയോട്ട കാർ ആണെന്നും സർക്കാർ രേഖകളിൽ നിന്നും വ്യക്തമാക്കുകയും ചെയ്തു. ബാലരാമപുരത്തെ വസ്തു വിറ്റിട്ടായിരുന്നു തോമസ് കുരുവിളയ്ക്ക് പണം നല്കിയതെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്.
എന്നാൽ പരാതിക്കാരി പറഞ്ഞത് അനുസരിച്ച് ആ കാലയളവിൽ ബാലരാമപുരം സബ് രജിസ്ട്രാർ ഓഫീസിൽ അങ്ങനെയൊരു വസ്തുക്കച്ചവടം നടന്നതായി യാതൊരു രേഖയുമില്ലെന്നും സിബിഐ കണ്ടെത്തി. ആരോപണങ്ങൾക്കുള്ള തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിയാത്ത സാഹചര്യത്തിൽ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകൾ സിബിഐ ഹാജരാക്കുകയും ചെയ്തു.
എസ്എസ്എൽസി പരീക്ഷയുടെ സർക്കുലർ പുറത്തുവിട്ടു
2023 – 24 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ സർക്കുലർ പുറത്തുവിട്ടു. മാർച്ച് നാല് മുതൽ 25 വരെയാണ് പരീക്ഷ. അതേസമയം പ്ലസ് വൺ പ്ലസ് ടു ഹയർസെക്കണ്ടറി പരീക്ഷ മാർച്ച് ഒന്ന് മുതൽ 26 വരെയാണ്. എസ്എസ്എൽസിയുടെ മോഡൽ പരീക്ഷ നടക്കുന്നത് ഫെബ്രുവരി 19 മുതൽ 23 വരെയാണ്. എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ ജനുവരി 17 മുതൽ 29 വരെയാണ്. ഐടി മെയിൻ പരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ പതിനാല് വരെയാണ് നടക്കുക.
പ്ലസ് റ്റു പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22 ന് ആരംഭിക്കുന്നതാണ്. പ്ലസ്‌ടു പ്ലസ്‌വൺ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 21 വരെയാണ് നടക്കുക. അതേസമയം തിങ്കളാഴ്ച നടത്താനിരുന്ന ഹയർസെക്കണ്ടറി vhc ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ നിപ്പ വൈറസ് ബാധ കാരണം ഒക്ടോബർ 9 മുതൽ 13 വരെയുള്ള തിയ്യതികളിലാണ് നടത്തുക. ഡിഎൽഎഡ് പരീക്ഷകൾ ഒക്ടോബർ ഒൻപത് മുതൽ 21 വരെയാണ് നടത്തുക.
ഡൽഹി കലാപക്കേസ്: അന്വേഷണ നില സംബന്ധിച്ച പ്രതികളുടെ അന്വേഷണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷൻ
2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ നിജസ്ഥിതി അറിയാൻ സമർപ്പിച്ച ചില പ്രതികളുടെ അപേക്ഷകളെ ചൊവ്വാഴ്ച പ്രോസിക്യൂഷൻ നിസ്സാരം, ഊഹക്കച്ചവടം, അനുമാനം എന്ന് വിശേഷിപ്പിച്ചു. പ്രതികളായ ദേവാംഗന കലിത, നടാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ, മീരാൻ ഹൈദർ, അത്താർ ഖാൻ എന്നിവർ സമർപ്പിച്ച അപേക്ഷകൾ അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് പരിഗണിക്കുകയായിരുന്നു. ഓരോ അപേക്ഷയും അവരുടെ പ്രാർത്ഥന അനുവദിക്കുന്ന നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് പറഞ്ഞു.
ക്രിമിനൽ നടപടി ചട്ടത്തിന്റെ (സിആർപിസി) പരിധിക്കപ്പുറമായതിനാൽ അപേക്ഷകൾ നിസ്സാരമാണെന്നും അദ്ദേഹം പറഞ്ഞു. “ഈ പ്രാർത്ഥനകൾ ഊഹക്കച്ചവടവും അനുമാനവുമാണ് … ഈ പ്രാർത്ഥനകൾ ആരോപണങ്ങൾ രൂപപ്പെടുത്തുന്നത് അന്തിമമായി എത്തുമെന്ന അനുമാനത്തിലാണ് പോകുന്നത്,” അദ്ദേഹം പറഞ്ഞു. തങ്ങളുടെ അപേക്ഷകളിൽ പ്രതികൾ ഉദ്ധരിച്ച വിധിന്യായങ്ങളിൽ, ഈ വിധിന്യായങ്ങളൊന്നും അപേക്ഷയെ ഈ രീതിയിൽ പരിഗണിക്കാനുള്ള അധികാരമോ സിആർപിസിക്ക് അപ്പുറത്തേക്ക് പോകാനുള്ള അധികാരമോ നൽകുന്നില്ലെന്ന് എസ്പിപി പറഞ്ഞു.
“അപേക്ഷകൾ വിചാരണ അട്ടിമറിക്കാനുള്ള ശ്രമങ്ങളല്ലാതെ മറ്റൊന്നുമല്ല,” എസ്പിപി പറഞ്ഞു.
നേരത്തെ, തിങ്കളാഴ്ച സമർപ്പിച്ച അവരുടെ അപേക്ഷകളിൽ, ഈ വിഷയത്തിൽ അന്വേഷണം പൂർത്തിയായോ എന്ന് ഡൽഹി പോലീസിൽ നിന്ന് ഹൈദർ അറിയാൻ ആഗ്രഹിച്ചു, അതേസമയം ഖാൻ അന്വേഷണം പൂർത്തിയാകുന്നത് വരെ കുറ്റാരോപണങ്ങളിലുള്ള വാദം മാറ്റിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സെപ്തംബർ 14 ന്, ദേവാംഗന കലിത, നടാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ തങ്ങളുടെ അന്വേഷണത്തിന്റെ സ്ഥിതി വ്യക്തമാക്കാൻ അന്വേഷണ ഏജൻസിയോട് നിർദ്ദേശം ആവശ്യപ്പെട്ടിരുന്നു. ചാർജുകൾ ഫ്രെയിം ചെയ്യുക.
തുടർനടപടികൾക്കായി എഎസ്‌ജെ റാവത്ത് വിഷയം വെള്ളിയാഴ്ചത്തേക്ക് മാറ്റി. 53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാരാണെന്ന് ആരോപിച്ച് പ്രതികൾക്കെതിരെ തീവ്രവാദ വിരുദ്ധ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ച ആഴ്ചയിൽ പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറൽ ; നടന്‍ അലന്‍സിയറിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടന്‍ അലന്‍സിയറിനെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലൻസിയര്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോൾ റിപ്പോർട്ടർ ചാനലിലെ വനിത മാധ്യമ പ്രവർത്തകയോട് അലൻസിയർ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി. ശില്പക്ക് പരാതി നൽകുകയായിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ നടനെതിരെ നടപടിയുണ്ടായിരിക്കുന്നത്.സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് വനിത കമ്മിഷന്‍ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള ശില്പം തരണമെന്നും പെൺപ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുതെന്നും ചലച്ചിത്ര അവാർഡിലെ സ്ത്രീ ശിൽപം മാറ്റി ആൺകരുത്തുള്ള ശിൽപമാക്കണമെന്നും ആൺ രൂപമുള്ള ശിൽപം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും പറഞ്ഞുകൊണ്ട് സംസ്ഥാന ചലച്ചിത്ര വേദിയിൽ അലൻസിയർ നടത്തിയ പരാമർശമാണ് വിവാദങ്ങളിലേക്ക് വഴിയൊരുക്കിയത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം.വിഷയം സോഷ്യല്‍ മീഡിയയും കടന്ന് ഇതിനോടകം വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സിനിമാമേഖലയിലെ പ്രമുഖരുള്‍പ്പെടെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട് .ഹരീഷ് പേരടി, ശ്രുതി ശരണ്യം, ശീതൾ ശ്യാം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി ആളുകളാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധം അറിയിച്ചത്.
ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണെന്നാണ് വിഷയത്തിൽ നടൻ ഹരീഷ് പേരടി പ്രതികരിച്ചത്.അതേസമയം അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നുമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടനെതിരെ പ്രതികരിച്ചത്.സ്ത്രീശാക്തീകരണത്തെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെ അലൻസിയർ നടത്തിയ പ്രസംഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നായിരുന്നു സംവിധായിക ശ്രുതി ശരണ്യത്തിന്റെ പ്രതികരണം.മാത്രമല്ല വിവാദ പരമാർശം നടത്തിയ അലൻസിയറിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരിക്കുന്നത്.പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നും പറഞ്ഞ അലൻസിയർ ഇത്ര ചീപ്പാണോ എന്നും അദ്ദേഹം ഖജുരാഹോ ക്ഷേത്രത്തിൽ പോയാൽ ഉള്ള അവസ്ഥ എന്തായിരിക്കും എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും വ്യാപകമായ രീതിയിൽ ഉയര്‍ന്നു കഴിഞ്ഞു.
”തോക്കിന്‍കുഴലുമായി കാട്ടില്‍ വിപ്ലവം ഒണ്ടാക്കാന്‍ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ”: മറുപടിയുമായി ഡിവൈഎഫ്‌ഐ
അപകടത്തില്‍ പരുക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ വിമര്‍ശിച്ച സംവിധായകനും നടനുമായ ജോയ് മാത്യുവിനു മറുപടിയുമായി ഡിവൈഎഫ്‌ഐ. താങ്കളെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് സംസ്ഥാന – പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ അവകാശപ്പെട്ടോയെന്നും ഉണ്ടെങ്കില്‍ അതു പൊതുസമൂഹത്തിന് മുന്നില്‍ നല്‍കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ.സനോജ് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു.
കേരളത്തിലെ ലക്ഷക്കണക്കിനു വീടുകളില്‍നിന്നു നല്ലവരായ അനേകം മനുഷ്യര്‍ കക്ഷി, രാഷ്ട്രീയ – ജാതി, മത ഭേദമന്യേ നല്‍കിയ കോടിക്കണക്കിനു പൊതിച്ചോറുകളാണ്, അരശരണരായ അനേകം കോടി മനുഷ്യരുടെ വിശപ്പകറ്റുന്നത്. ആരുടെ കൈയ്യിലാണു കഠാരയുള്ളതെന്നും തോക്കിന്‍കുഴലുമായി കാട്ടില്‍ വിപ്ലവം ഇണ്ടാക്കാന്‍ പോയ ജോയ് മാത്യുവിനു ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാനെന്നും സനോജ് ചോദിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്.
മിസ്റ്റര്‍ ജോയ് മാത്യു,
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന താങ്കളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി താങ്കളുടെ കര്‍മ്മ മണ്ഡലത്തില്‍ തിരികെ എത്താന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു. അപകടത്തില്‍പെട്ട താങ്കളെ ആശുപത്രിയിലെത്തിച്ച വിഷയവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയെ പരിഹസിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള താങ്കളുടെ കുറിപ്പ് മാധ്യമങ്ങള്‍ വഴി കാണുകയുണ്ടായി. ആദ്യം തന്നെ പറയട്ടെ, അപകട സ്ഥലത്ത് നിന്ന് താങ്കളെ ആശുപത്രിയിലെത്തിച്ച മനുഷ്യന്‍ ആരായാലും അയാളിലെ ഉദാത്തമായ മാനവിക മൂല്യത്തെ ഡിവൈഎഫ്‌ഐ ആദരിക്കുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി താങ്കളെ ബാധിച്ച ഇടതു വിരുദ്ധത സമൂഹത്തിന് ഒരു പുതിയ അറിവല്ല. ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തില്‍ വന്ന കാലത്ത് ആ ഗവണ്മെന്റിനേയും പാര്‍ട്ടിയേയും പുരോഗമന പ്രസ്ഥാനങ്ങളേയും പ്രകീര്‍ത്തിച്ച് സംസാരിച്ച നിങ്ങള്‍ ഇപ്പോള്‍ മോദിയേയും രാഹുല്‍ ഗാന്ധിയേയും തരം പോലെ പുകഴ്ത്തുകയും, ഇടതു പുരോഗമന പ്രസ്ഥാനങ്ങളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നത് ആഗ്രഹിച്ച ഏതെങ്കിലും കാര്യം നടക്കാത്തതിലുള്ള ഇച്ഛാഭംഗമാണോ എന്നറിയില്ല. ഏതായാലും വിഷയം അതല്ല.
താങ്കളെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പ്രചരണം നടക്കുന്നുണ്ട് എന്നാണ് താങ്കള്‍ ആരോപിക്കുന്നത്. ആരാണ് അങ്ങനെ പ്രചാരണം നടത്തുന്നത്? ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന- പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ അങ്ങനെ അവകാശപ്പെട്ടോ? ഉണ്ടെങ്കില്‍ താങ്കള്‍ക്ക് അത് പൊതുസമൂഹത്തിന് മുന്നില്‍ നല്‍കാവുന്നതാണ്.
ഇടതു വിരുദ്ധ മെറ്റീരിയലുകള്‍ സര്‍ക്കാസം പോലെ ഉല്‍പ്പാദിപ്പിക്കുന്ന ഏതെങ്കിലും വ്യാജ ഐഡിയില്‍ നിന്ന് വന്ന പോസ്റ്റുകളെക്കുറിച്ചല്ല പറയുന്നത്. താങ്കളുടെ പുതിയ കൂടാരത്തിലെ ഐ.ടി.സെല്‍ പ്രൊഡക്ട്റ്റുകളെക്കുറിച്ചുമല്ല. താങ്കളുടെ ആരോപണം സാധൂകരിക്കുവാന്‍ ജോയ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആണെന്ന് ഡി.വൈ.എഫ്.ഐയുടെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകര്‍ എവിടെയെങ്കിലും പറഞ്ഞോ എന്ന് താങ്കള്‍ വ്യക്തമാക്കണം.
ഡി.വൈ.എഫ്.ഐ.യുടെ ഹൃദയ പൂര്‍വ്വം പദ്ധതിയിലെ പൊതിച്ചോറിനെ പരിഹസിച്ചു കൊണ്ട് താങ്കള്‍ പറഞ്ഞത് ‘ഒരു കൈയ്യില്‍ പൊതിച്ചോറും മറുകൈയ്യില്‍ കഠാരയുമായി നടക്കുന്ന കൂട്ടര്‍ ‘ എന്നാണ്. ഇതിന് മുന്‍പ് ഹൃദയ പൂര്‍വ്വം പദ്ധതിയെ പരിഹസിച്ചു പറഞ്ഞു കണ്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. അവരുടെ കൂടാരത്തിലെ നിരന്തര സമ്പര്‍ക്കം കൊണ്ട് കൂടിയാവണം നിങ്ങള്‍ക്കും അതേ പദ്ധതിയോട് ഇപ്പോള്‍ പരിഹാസം.
കേരളത്തിന്റെയെന്നല്ല രാജ്യത്തിന്റെ ചരിത്രത്തില്‍ പോലും ഏതെങ്കിലും യുവജന സംഘടന ഇതുപോലൊരു പരിപാടി ഇത്രയും കാലം തുടര്‍ച്ചയായി നടത്തി വിജയിപ്പിച്ചിട്ടില്ല. കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ നിന്ന് നല്ലവരായ അനേകം മനുഷ്യര്‍ കക്ഷി രാഷ്ട്രീയ – ജാതി മത ഭേദമന്യേ നല്‍കിയ കോടിക്കണക്കിന് പൊതിച്ചോറുകളാണ് , അരശരണരായ അനേകം കോടി മനുഷ്യരുടെ വിശപ്പ് അകറ്റുന്നത്. അവരെയാണ് ജോയ് മാത്യു അവഹേളിച്ചിരിക്കുന്നത്.
ഫ്‌ലാറ്റില്‍ നിന്ന് കാരവനിലേക്കുള്ള ഓട്ടത്തില്‍ എക്‌സ് നക്‌സലേറ്റിന്റെ കണ്ണില്‍ പെടാനിടയില്ലാത്ത സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടേയും ആ ചോറുപൊതികള്‍ നല്‍കുന്ന നന്മനിറഞ്ഞ അനേകമനുഷ്യരുടെയും അന്തസ്സിനെയാണ് നിങ്ങള്‍ അധിക്ഷേപിക്കുന്നത്. ആരുടെ കൈയ്യിലാണ് മിസ്റ്റര്‍ ജോയി മാത്യു കഠാരയുള്ളത്? രാഹുല്‍ ഗാന്ധി വയനാട്ടില്‍ പര്യടനത്തിന് വരുമ്പോള്‍ ആനയിച്ച് കൊണ്ട് വരാനും പ്രസംഗിക്കാനുമുള്ളവരുടെ കൂട്ടത്തില്‍ നിങ്ങളെയും കൂട്ടാറുണ്ടല്ലോ.
ആ വേദിയില്‍ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം താങ്കള്‍ പറഞ്ഞ കൈയ്യില്‍ കഠാരയുള്ള കൂട്ടത്തെ. ഇടുക്കിയില്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിച്ചിരുന്ന പത്തൊമ്പത് വയസ്സുള്ള ചെറുപ്പക്കാരന്റെ ഇടനെഞ്ചില്‍ കഠാര കയറ്റിക്കൊന്നു കളഞ്ഞ ക്രിമിനലിനെ സംസ്ഥാന നേതൃസ്ഥാനം നല്‍കി ആദരിച്ചതും, കോണ്‍ഗ്രസ് വേദികളില്‍ ആനയിക്കുന്നതും ആരാണ്? ഹഖ് മുഹമ്മദ്, മിഥ്‌ലാജ് തുടങ്ങി കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളുടെ കത്തി മുനയില്‍ അര ഡസനോളം ജീവിതങ്ങള്‍ രക്ത സാക്ഷിത്വം നല്‍കിയ പ്രസ്ഥാനത്തെക്കുറിച്ചാണ് നിങ്ങള്‍ കൊലയാളികളുടെ കൂടാരത്തില്‍ നിന്നു കൊണ്ട് കഠാരയെക്കുറിച്ച് പറയുന്നത്.
തോക്കിന്‍കുഴലുമായി കാട്ടില്‍ വിപ്ലവം ഒണ്ടാക്കാന്‍ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാന്‍? വിപ്ലവസിംഹമേ, ബിജെപി വേദികളിലും, കോണ്‍ഗ്രസ് വേദികളിലും താങ്കള്‍ മാറിമാറി നിരങ്ങിക്കോളൂ. പക്ഷെ അവരുടെ ഉച്ചിഷ്ടം തിന്നിട്ട് എല്ലില്‍കുത്തുമ്പോള്‍ ഡി.വൈ.എഫ്.ഐ യുടെ മെക്കിട്ട് കേറാന്‍ വരേണ്ട.
വി കെ സനോജ്
സെക്രട്ടറി, ഡിവൈഎഫ് ഐകേരള സംസ്ഥാന കമ്മറ്റി