ദിലീപിന് തിരിച്ചടി: ഹര്‍ജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. ദിലീപിന് മാത്രമാണല്ലോ പരാതി എന്നും ചോദിച്ച കോടതി ഹര്‍ജി വിധി പറയാന്‍ മാറ്റി. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ലൈംഗിക അതിക്രമക്കേസുകളിലെ തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനായി അമിക്കസ് ക്യൂറിയെയും നിയമിച്ചു. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം നടക്കവേ ദൃശ്യങ്ങള്‍ ചോര്‍ന്നതിന്റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുമാര്‍ഗനിര്‍ദേശം സമര്‍പ്പിക്കാനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അതിജീവിതയുടെ ഹര്‍ജി വിധി പറയാനായി മാറ്റി.
അഡ്വ രഞ്ജിത്ത് മാരാര്‍ ആണ് അമികസ് ക്യൂറി. ഫോറന്‍സിക് റിപ്പോര്‍ട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത കോടതിയില്‍ ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നുംമെമ്മറി കാര്‍ഡ് ചോര്‍ത്തിയ പ്രതികളെ ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും അതിജീവിത ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വ്വം പരിശോധിച്ചിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹര്‍ജി. വിചാരണ പൂര്‍ത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും അതിജീവിത കോടതിയില്‍ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.കേസില്‍ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശം. സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടര്‍മാരെ ഒഴിവാക്കിയും വിചാരണ ഒരു വര്‍ഷം തടസപ്പെടുത്തി. ഹര്‍ജിയില്‍ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസില്‍ എഫ്എസ്എല്‍ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീല്‍ഡ് കവറില്‍ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ് ഇതേ ഹര്‍ജി മുന്‍പു പരിഗണിക്കുമ്പോള്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു.
ചായയടിക്കാരന്റെ ചിത്രവുമായി ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജ്; വിമർശനവുമായി സോഷ്യൽ മീഡിയ
സിനിമ താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റും മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രകാശ് രാജിന്റെ ട്വിറ്റർ പോസ്റ്റാണ് താരത്തിനെതിരെയുള്ള വിമർശനത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു പ്രകാശ് രാജ് തന്റെ ട്വിറ്ററിൽ ഒരു കാർട്ടൂൺ ചിത്രം പങ്കുവെച്ചത്. ചത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വിമർശനവുമായി ഒട്ടനവധി ആളുകളാണ് എത്തിയത്.
നടന്റെ പല പോസ്റ്റുകളും വിമർശനങ്ങൾക്കിടയാകാറുള്ളതിനാൽ തന്നെയും ഇതും വിമർശനത്തിലേക്ക് നയിച്ചു. പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടാണ് നടനെതിരെ വിമർശനങ്ങൾ വരുന്നത്. ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രത്തിനൊപ്പം പ്രകാശ് രാജ് കുറിച്ചത് ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്നാണ്.
എന്നാൽ ഇതിനെ അനുകൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്. ചന്ദ്രയാൻ 3 എന്ന് പറയുന്നത് ബി.ജി.പിയുടെ ഒരു മിഷൻ അല്ലെന്നും അത് രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം ആണെന്നുമാണ് ചിലർ പറയുന്നത്. അതുകൊണ്ട് തന്നെയും ആ പ്രയത്നത്തെ കാണാതെ നടൻ പരിഹസിച്ചത് ശരിയായില്ലെന്നും ചിലർ പറഞ്ഞു. അതോടൊപ്പം പൊളിടിക്സിന്റെ പേരിൽ രാജ്യത്തെ അപമാനിക്കരുതെന്നാണ് ചിലർ പറയുന്നത്. ഇതോടൊപ്പം പ്രകാശ് രാജിന്റെ പഴയ പോസ്റ്റുകളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം കുറച്ച് മാസങ്ങൾ മുൻപ് പ്രകാശ് രാജ് കിച്ച സുദീപിന്റെ ഒരു പ്രസ്താവന തന്നെ വേദനിപ്പിച്ചിരുന്നെന്ന് പറഞ്ഞിരുന്നു.
കിച്ച സുദീപ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ഇതാണ് പ്രകാശ് രാജിനെ വേദനിപ്പിച്ചത്. നേരത്തെ കിച്ച സുദീപ് ബി.ജെ.പിയിലേയ്ക്കെന്ന് അഭ്യൂഹങ്ങൾ വന്നുതുടങ്ങിയപ്പോൾ ഇതൊരു വ്യാജ വാർത്തയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്. സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പ്രകടമാക്കാറുള്ള പ്രകാശ് രാജ് കേന്ദ്ര സർക്കാരിനെതിരെ നിരന്തരം വിമർശനവുമായി എത്താറുണ്ട്. കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും നടൻ ദർശൻ തൂഗുദീപും ബിജെപിയിൽ ചേരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത്.
27 ആഴ്ച പ്രായമുളള ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി;ഗുജറാത്ത് ഹെെക്കോടതിക്ക് രൂക്ഷവിമർശനം
ഗുജറാത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട അതിജീവിതയുടെ ഗർഭഛിദ്രക്കേസിൽ ഗുജറാത്ത് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരു കോടതിക്കും സുപ്രീം കോടതിയുടെ ഉത്തരവിനെ എതിർക്കാനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ഗർഭഛിദ്രക്കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമർശം. കൂടാതെ അതിജീവിതയുടെ ഗർഭാവസ്ഥ സംബന്ധിച്ച പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള അനുമതിയും സുപ്രീംകോടതി നൽകി. 27 ആഴ്ച പ്രായമുളള ഗര്‍ഭഛിദ്രത്തിനാണ് കോടതി അനുമതി നൽകിയത്.
ഗുജറാത്ത് കോടതികളിൽ എന്താണ് നടക്കുന്നതെന്ന ചോദ്യമായിരുന്നു സുപ്രീംകോടതി ഉന്നയിച്ചത്. അടിയന്തര സ്വഭാവമുള്ള ഈ ഹർജി ഇതിനു മുൻപ് പരിഗണിച്ചപ്പോൾ ഹൈക്കോടതി 12 ദിവസത്തോളം നീട്ടിയിരുന്നു. ആ നടപടിയെയും സുപ്രീം കോടതി വിമർശിച്ചിരുന്നു. കുഞ്ഞിന്‍റെ വളർച്ച 28 ആഴ്ച പൂർത്തിയാകാറായ സാഹചര്യത്തിൽ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി വിചിത്രമാണെന്നാണ് ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞത്. മുൻപത്തെ മെഡിക്കൽ ബോർഡ് തീരുമാനം ഗർഭഛിദ്രത്തിന് അനുകൂലമായിരുന്നെങ്കിലും ഹെെക്കോടതി 12 ദിവസം വൈകിയാണ് കേസ് പരിഗണിച്ചത്. ഇതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. എന്നാൽ ജഡ്ജിക്കെതിരെ മറ്റു നടപടികൾ സ്വീകരിക്കരുതെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തുടർന്നാണ് കേസിൽ വാദം കേട്ട സുപ്രീം കോടതി അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയത്.
ഇന്നോ അല്ലെങ്കിൽ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞിനെ ജീവനോടെ പുറത്ത് എടുക്കേണ്ട അവസ്ഥ വന്നാൽ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കണമെന്നും, ഭാവിയിൽ അങ്ങനെ സംഭവിച്ചാൽ കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.
ആദ്യത്തെ എഫ് -16 യുദ്ധവിമാനങ്ങൾ യുക്രെയ്‌നിന് നൽകുമെന്ന് ഡെൻമാർക്കും നെതർലാൻഡും
തങ്ങളുടെ ആദ്യത്തെ എഫ് -16 യുദ്ധവിമാനങ്ങൾ യുക്രെയ്‌നിന് നൽകുമെന്ന് ഡെൻമാർക്കും നെതർലാൻഡും മുൻപ് പറഞ്ഞിരുന്നു. ഞായറാഴ്ചയായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. എന്നാൽ ഈ തീരുമാനം സംഘർഷസാധ്യത വർദ്ധിപ്പിക്കുമെന്ന് റഷ്യ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതേസമയം മോസ്കോയുടെ ആക്രമണം തടയാൻ ജെറ്റുകൾ സഹായിക്കുമെന്നാണ് ഉക്രെയ്ൻ പറഞ്ഞത്. വായുവിലെ മികവാണ് ഗ്രൗണ്ടിലെ വിജയത്തിന് പിന്നിലെ പ്രധാനകാരണമെന്ന് വ്യോമസേനാ വക്താവായ യൂറി ഇഹ്നത്ത് പറഞ്ഞതായി ഉക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭാവന ചെയ്ത എഫ്-16 വിമാനങ്ങൾ സ്വന്തം പ്രദേശത്ത് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഡാനിഷ് പ്രതിരോധ മന്ത്രി ജേക്കബ് എല്ലെമാൻ ജെൻസൻ പറഞ്ഞിരുന്നു. “യുക്രെയ്ൻ പ്രദേശത്ത് നിന്ന് ശത്രുവിനെ തുരത്താൻ ഉപയോഗിക്കുമെന്ന വ്യവസ്ഥ മുൻനിർത്തിയാണ് ഞങ്ങൾ ആയുധങ്ങൾ ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
19 ജെറ്റുകളാണ് ഡെന്മാർക്ക് എത്തിക്കുക. അതുപോലെ നെതർലാൻഡിൽ 42 എഫ്-16 വിമാനങ്ങളും ലഭ്യമാണ്, എന്നാൽ അവയെല്ലാം സംഭാവന ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം ഈ തീരുമാനത്തെ “ഒരു വഴിത്തിരിവുള്ള കരാർ” എന്നാണ് ഉക്രേനിയൻ പ്രസിഡൻറ് വ്ലാദിമിർ സെലെൻസ്‌കി വിശേഷിപ്പിച്ചത്.
ഉള്ളി കയറ്റുമതി തീരുവയിൽ പ്രതിഷേധവുമായി കർഷകർ
ഉള്ളി കയറ്റുമതിയിൽ പ്രതിഷേധവുമായി മഹാരാഷ്ട്ര കർഷകർ. ഡിസംബർ 31 വരെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ പ്രതിഷേധവുമായി കർഷകർ. തിങ്കളാഴ്ചയാണ് പ്രതിഷേധവുമായി കർഷകർ രംഭത്തെത്തിയത്. നാസിക്-ഔറംഗബാദ് ഹൈവേയിൽ കർഷകർ ഉള്ളി മാലകൾ ധരിച്ചാണ് കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചത്. അന്തരിച്ച ശരദ് ജോഷി ഷെത്കാരി സംഘടനയുടെ പ്രവർത്തകർ മൻമാഡ്-യോള ഹൈവേയിലെ യോള എപിഎംസിക്ക് മുന്നിൽ റാസ്ത-റോക്കോ നടത്തുകയും കയറ്റുമതി തീരുവ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്ന പ്രതിഷേധം റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി അധികൃതർ വ്യക്തമാക്കി.
പ്രകൃതിക്ഷോഭങ്ങളുടെ കാരണങ്ങളാൽ ഇതിനോടകം തന്നെ ദുരിതത്തിലാണ്. കയറ്റുമതി തീരുവ ചുമത്താനുള്ള ഈ തീരുമാനം ഉൽപന്നങ്ങളിൽ നിന്ന് നല്ല വരുമാനം നേടാനുള്ള സാധ്യതയെ കൂടുതൽ ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. ഇപ്പോൾ ഗ്രാമത്തിൽ വരൾച്ച സാഹചര്യങ്ങളും മുന്പിലുണ്ട്. ഉള്ളിക്ക് നല്ല വില കിട്ടാൻ തുടങ്ങിയപ്പോഴാണ് കേന്ദ്രം ഇത്തരമൊരു തീരുമാനം എടുത്തത്. ഇത് ഉള്ളി കർഷകരോടുള്ള അനീതിയാണെന്നാണ് പ്രതിഷേധിക്കുന്ന കർഷകരിലൊരാൾ പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ മുഴുവൻ ഉള്ളി വിപണിയായ ലാസൽഗാവ് ഉൾപ്പെടെ ജില്ലയിലെ എല്ലാ കാർഷികോത്പന്ന മാർക്കറ്റ് കമ്മിറ്റികളിലും (എപിഎംസി) ഉള്ളി ലേലം അനിശ്ചിതകാലത്തേക്ക് അവസാനിപ്പിക്കാൻ വ്യാപാരികൾ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, വിഞ്ചൂരിൽ ഉള്ളി ലേലം നടന്നതായി എപിഎംസി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രം തീരുമാനം പിൻവലിക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് അടുക്കളയിലെ പ്രധാന സാധനങ്ങളുടെ ലേലത്തിൽ പങ്കെടുക്കരുതെന്ന് നാസിക് ജില്ലാ ഉള്ളി ട്രേഡേഴ്‌സ് അസോസിയേഷൻ ആഹ്വാനം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.
വില വർധിക്കുന്നതിന്റെ സൂചനകൾക്കിടയിലും വരാനിരിക്കുന്ന ഉത്സവ സീസണും കണക്കിലെടുത്ത് ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഓഗസ്റ്റ് 19 ന് ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി. കസ്റ്റംസ് വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയം സവാളയ്ക്ക് ആദ്യമായി കയറ്റുമതി തീരുവ ചുമത്തി ഡിസംബർ 31 വരെ പ്രാബല്യത്തിൽ വരും. ഈ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും ഓഗസ്റ്റ് നാലിനുമിടയിൽ 9.75 ലക്ഷം ടൺ ഉള്ളിയാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്ന ആദ്യ മൂന്ന് രാജ്യങ്ങളാണ് ബംഗ്ലാദേശ്, മലേഷ്യ, യുഎഇ.
ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ചമ്പയിൽ റോഡിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. ഉരുൾ പൊട്ടിയതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ചില ആളുകളും വാഹനങ്ങളും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന ആശങ്കയിലാണ് പ്രേക്ഷകർ. ഉടൻ തന്നെ എസ്ഡിആർഎഫ് സംഭവസ്ഥലെത്തി തിരച്ചിൽ ആരഭിച്ചിട്ടുണ്ട്. അപകടത്തിൽ ആളപായമില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില വാഹനങ്ങളും ആളുകളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ചമ്പ പോലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞതിനാൽ പുതിയ തെഹ്‌രി-ചമ്പ മോട്ടോർ റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്‌തിട്ടുണ്ട്. ആരെങ്കിലും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ കുന്നുകൂടിയ അവശിഷ്ടങ്ങൾക്കിടയിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താൻ എസ്ഡിആർഎഫ് ജെസിബികൾ എത്തിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിത്, സീനിയർ പോലീസ് സൂപ്രണ്ട് നവനീത് ഭുള്ളർ, ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ മനീഷ് കുമാർ എന്നിവരും ഇതിനോടകം സ്ഥലത്തെത്തിയിട്ടുണ്ട്.