ഈ മാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് 4 മണി വരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും. ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഒരു എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നു നോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിര്‍ണായകമായ എര്‍ജന്‍സി അലര്‍ട്ട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം
എന്നും മെസേജില്‍ വിശദീകരിച്ചിരുന്നു.
ഒരു തരത്തിലും അദ്ദേഹം അത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു ; സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
മാധ്യമപ്രവർത്തകയോട് അപമര്യാധയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഒരു തരത്തിലും നടൻ അത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നെന്നും യുവതിക്ക് മനോവിഷമമം ഉണ്ടായതുകൊണ്ടാണ് കേസുമായി മുൻപോട്ട് പോയതെന്നും ഇത്തരം കാര്യങ്ങൾ മനസിലാക്കികൊണ്ട് ഇടപെടാൻ ആളുകൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ…..
”പൊതുസമൂഹം വേണ്ടരീതിയിൽ അതിനോട് പ്രതികരിച്ചു കഴിഞ്ഞു.ഒരു തരത്തിലും അദ്ദേഹം അത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു.അദ്ദേഹത്തിന് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ക്ഷമ ചോദിക്കുന്ന അവസ്ഥയുണ്ടായത്.ക്ഷമ കൊണ്ട് മാത്രം വിധേയായ യുവതി അവസാനിപ്പിക്കുവാൻ അല്ല തയ്യാറാകുന്നത്.അത്രമാത്രം മനോവേദന അവർക്കുണ്ടായിട്ടുണ്ട് എന്നതാണ് അതിൽ നിന്നും വ്യക്തമാകുന്നത്.ഇത്തരം കാര്യങ്ങൾ മനസിലാക്കികൊണ്ട് ഇടപെടുവാൻ ഇത്തരം ആളുകൾ ശ്രമിക്കേണ്ടതുണ്ട് എന്ന് അവർ ഓർക്കുന്നത് നല്ലതാണ്.”
കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപി കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുകയും തട്ടി മാറ്റിയിട്ടും നടൻ അത് ആവര്‍ത്തിക്കുകയുമായിരുന്നു.വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് സംഭവം ഇത്രയും ആളിക്കത്തിയത് . സംഭവത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയർന്നുവന്നത് .രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധിയാളുകൾ ഇതിനോടകം സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
തൊട്ടുപിന്നാലെ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽക്കുകയായിരുന്നു.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്. നടനെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവർത്തക ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ കോഴിക്കോട് നടക്കാവ് പൊലീസ് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും . ശേഷമാണ് തുടർ നടപടികളിലേക്ക് പോലീസ് കടക്കുക.മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഒരുമിച്ച് ലഭിക്കാവുന്ന വകുപ്പാണിത്.
കളമശ്ശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി
കളമശേരി: കളമശേരി സ്‌ഫോടനം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ സംസ്ഥാനത്താകെ പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി.
സംസ്ഥാനത്താകെ പത്തോളം കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു തിരുവനന്തപുരം സിറ്റിയില്‍ മാത്രം മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30 ഓടെ ആയിരുന്നു കളമശേരിയിലെ സാംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത് പിന്നാലെ പോലീസ് ഇത്തരം പ്രചാരണങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം തുടരുകയാണ്. വിദ്വേഷ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പരിശോധനയില്‍ നൂറോളം പോസ്റ്റുകള്‍ സൈബര്‍ പോലീസ് കണ്ടെത്തി. ഫേസ്ബുക്ക്, എക്‌സ് എന്നിവയിലാണ് ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.
കളമശ്ശേരി സ്ഫോടനം: ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ
കളമശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വാർത്ത സമ്മേളനത്തിൽ വെച്ചാണ് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയെ കുറിച്ച് സംസാരിച്ചത്. കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. തന്നെ വർഗീയവാദിയെന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികാവകാശമാണ് ഉള്ളതെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ വെച്ച് ചോദിച്ചു. മുഖ്യമന്ത്രിയ്ക്ക് ഉള്ളതിനേക്കാൾ അടുത്ത ബന്ധമാണ് തനിക്ക് മുസ്ലിം, ക്രിസ്ത്യന്‍ ഉൾപ്പെടെയുള്ള വിഭാഗങ്ങളുമായി ഉള്ളതെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. അതോടൊപ്പം കോൺഗ്രസും സി.പി.എമ്മും വർഗീയവാദികളെ പ്രീണിപ്പിക്കുകയാണെന്ന ആരോപണവും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
കളമശ്ശേരി സ്ഫോടനം: ചിലികിത്സയിലുള്ളവരെ സന്ദർശിച്ച് മുഖ്യമന്ത്രി
കഴിഞ്ഞ ദിവസമുണ്ടായ കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുമെത്തി നിരീക്ഷിച്ചിരുന്നു. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മന്ത്രിയ്‌ക്കൊപ്പം സംഭവ സ്ഥലത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞിരുന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ് ഇന്ന് കളമശ്ശേരിയിൽ നടന്നതെന്നാണ്. നാൽപത്തിയൊന്ന് പേരാണ് ആശുപത്രിയിൽ ഉള്ളത്. ഇരുപത് അംഗങ്ങൾ അടങ്ങുന്നതാണ് അന്വേഷണ ടീം. സംഭവം നടന്നയുടൻ തന്നെ മറ്റു പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് മന്ത്രിമാർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.
സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്‍ അന്തരിച്ചു.തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .രാവിലെ ഒമ്പത് മണിയോടെയാണ് ഫ്ളാറ്റിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിമരിച്ചനിലയിൽ നടിയെ കണ്ടെത്തിയത്.
ഭർത്താവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിക്കാത്തതിനെ തുടർന്ന് സെക്യൂരിറ്റിയെ വിളിച്ച് വിവരം അറിയിക്കുകയും തുടർന്ന് സെക്യൂരിറ്റി
ഫ്ളാറ്റിൽ വന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.പിൻവശത്ത് തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറി പരിശോധിക്കുമ്പോഴാണ് മരിച്ചനിലയിൽ നടിയെ കണ്ടെത്തുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭർത്താവും.മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.നടിക്ക് വലിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ സീരിയലുകളിൽ നിന്നാണ് സിനിമാമേഖലയിലേക്ക് എത്തിയത്.സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി ജനപ്രിയ സീരിയലുകളിലൂടെ പ്രേക്ഷകമനസ്സിൽ ഇടം പിടിക്കുകയായിരുന്നു.ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ച നടി സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന 12 കാരിയും മരിച്ചു, ആകെ മരണം 3
കളമശേരി: ‘യഹോവയുടെ സാക്ഷികള്‍’ സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 3 മരണം. പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53) , മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേര്‍ക്കു പരുക്കേറ്റു. മരിച്ചവരിലൊരാള്‍ ലെയോണയാണെന്നു രാത്രി വൈകിയാണു ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 90% പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ലിബിന പുലര്‍ച്ചെ ഒന്നോടെയാണു മരിച്ചത്.
ചികിത്സയിലുള്ള 29 പേരില്‍ 16 പേര്‍ ഐസിയുവിലാണ്. 4 പേരുടെ നില ഗുരുതരം. പ്രതി ഡൊമിനിക് തന്നെയെന്ന് ഉറപ്പിച്ചതു ബോംബ് പൊട്ടിക്കാനുപയോഗിച്ച റിമോട്ടിന്റെ ചിത്രം ഫോണില്‍ കാട്ടിക്കൊടുത്തപ്പോഴാണ്. യുട്യൂബില്‍ നോക്കി പഠിച്ച് ബോംബ് സ്വയം നിര്‍മിക്കുകയായിരുന്നുവെന്നാണ് മൊഴി. മുന്‍പ് ‘യഹോവയുടെ സാക്ഷികള്‍’ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നു സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡൊമിനിക് ഒരുവര്‍ഷം മുന്‍പുവരെ വിദേശത്തായിരുന്നു.
കുടുംബം 6 വര്‍ഷമായി തമ്മനത്താണ് താമസം. എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തില്‍ 21 അംഗ പ്രത്യേക ന്വേഷണസംഘം രൂപീകരിച്ചു. ഭീകരവിരുദ്ധനിയമം, സ്‌ഫോടകവസ്തുനിയമം തുടങ്ങിയവ പ്രകാരമാണു കേസ്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു 10ന് സെക്രട്ടേറിയറ്റില്‍ സര്‍വകക്ഷി യോഗം ചേരും.
40 പവൻ നൽകിയിട്ടും 10 ലക്ഷം കൂടി നൽകാത്തതിൽ പീഡനം: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്
തൃശൂർ: ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്ന് പെരുമ്പിലാവ് സ്വദേശി സബീന (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആബിദിനെതിരെ കേസ്. യുവതിയോട് ഭർത്താവും ഭർതൃ വീട്ടുകാരും പണം ആവിശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീധന പീഡനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ മരണത്തെത്തുടര്‍ന്ന് മാതാപിതാക്കളാണ് ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരേ പരാതി നൽകിയിരുന്നത്.
പരാതിയിൽ അന്വേഷണം നടത്തുകയാണ് പോലീസ്. യുവതിയുടെ പിതാവ് സലീമും മാതാവ് ആബിദയുമാണ് പരാതി നൽകിയത്. യുവതി മരിക്കുമ്പോൾ ആബിദ് വിദേശത്തായിരുന്നു. വിവാഹ സമയത്ത് നാൽപ്പത് പവനും പിന്നീട് രണ്ട് തവണയായി ആറ് പവനും യുവതിയുടെ വീട്ടുകാർ നൽകിയിരുന്നു. ഒടുവിൽ കാർ വാങ്ങാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം. ആബിദ് സബീനയ്ക്കും സബീനയുടെ വീട്ടുകാർക്കും അയച്ചിരുന്ന ശബ്ദ സന്ദേശങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു.
ഭർതൃ വീട്ടിലെ അനുഭവങ്ങൾ സബീന എഴുതി വെച്ച ഡയറിയും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നു. ഡയറിയെക്കുറിച്ച് സബീന തന്റെ വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞതോടെ സബീനയെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് പള്ളിക്കമ്മറ്റിയിൽ പരാതിയും നൽകിയിരുന്നു.
മരിക്കുന്നതിന് മുൻപ് സബീന വിദേശത്തുള്ള തന്റെ പിതാവിന് ശബ്ദ സന്ദേശവും ചിത്രങ്ങളും അയച്ചു നൽകിയിരുന്നു. പിതാവ് വിവരം മാതാവിനെ അറിയിച്ചതോടെ ഉടൻ ഓട്ടോ പിടിച്ച് എത്തിയെങ്കിലും മകൾ മരിച്ചിരുന്നു. ആബിദിന്റെ വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ.