കേരളത്തെ നടുക്കി വീണ്ടും ഒരു അരും കൊലയെത്തി. ഇതരമതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് പിതാവ് വിഷം കൊടുത്ത ഒൻപതാം ക്ലാസുകാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.45 മണിയോടെ 14 കാരി മരണത്തിന് കീഴടങ്ങി. ആന്തരികാവയങ്ങൾ തകരാറിലായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 29നു രാവിലെയാണു സംഭവം നടന്നത്.
ആദ്യം കമ്പിവടി കൊണ്ടു പെൺകുട്ടിയുടെ കയ്യിലും കാലിലും അടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണ് കൊല്ലാൻ ശ്രമിച്ചത് എന്നാണ് പോലീസ് പറഞ്ഞത്. പെൺകുട്ടി പ്രണയത്തിൽ നിന്നു പിന്മാറാതെ വന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കളനാശിനി ഉള്ളിൽച്ചെത്തോടെ പെൺകുട്ടി ഛർദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അച്ഛന്റെ ക്രൂരതകൾ ആയിരുന്നു പെൺക്കുട്ടി പോലീസിനോട് പറഞ്ഞിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വിനോദ യാത്രക്കിടെ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട് : വിനോദ യാത്രക്കിടെ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുണ്ടൊളി ഷാരത്തുപറമ്പിൽ ശ്രീസയനയാണ് മരിച്ചത്. മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീസയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.
ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ചോര കൊണ്ട് ഐ ലവ് യു എഴുതി യുവാവ് ആത്മഹത്യ ചെയ്തു
മാവേലിക്കര : അച്ചൻ കോവിലാറ്റിൽ ചാടി കാണാതായ പന്തളം കുളനട വടക്കേക്കരപ്പടി സ്വദേശി ശ്രീനിലയത്തിൽ അരുൺ ബാബു (31)വിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയുടെ ആത്മഹത്യയെ തുടർന്നായിരുന്നു അരുൺ ആത്മഹത്യ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.30 മണിയോടെ വഴുവാടിക്കടവിനു സമീപമാണ് അരുണിന്റെ മൃതദേഹം കണ്ടത്. അതേസമയം അഗ്നിരക്ഷാസേന കരയ്ക്കെടുത്ത മൃതദേഹം അരുൺ ബാബുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി തിരിച്ചറിയുകയും ചെയ്തു.
അരുണിന്റെ ഭാര്യ ലിജി (25)യെ ശനിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ അരുൺ ലിജിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതോടെ അരുണിനെ കാണാതാവുകയായിരുന്നു. അരുൺ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിനു സമീപം കണ്ടെത്തിയതോടെ ആണ് പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഞായറാഴ്ച അച്ചൻ കോവിലാറ്റിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
കാറിനുള്ളിൽ രക്തം കൊണ്ട് ഐ ലവ് യു അമ്മുക്കുട്ടി എന്നെഴുതിയിരുന്നു. ആറ്റിലേക്കിറങ്ങുന്ന ഭാഗത്തു രക്തം കണ്ടിരുന്നു. അരുൺ ആത്മഹത്യാശ്രമം നടത്തിയതായിരിക്കാമെന്ന സംശയമുണ്ടായിരുന്നു. ആറ്റിൽ ജലനിരപ്പുയർന്നതിനാലും അടിയൊഴുക്കുള്ളതിനാലും തിരച്ചിൽ ഞായറാഴ്ച വൈകുന്നേരം അവസാനിപ്പിച്ചിരുന്നു. എന്നാൽ 10 കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച അരുണിന്റെ മൃതദേഹം കണ്ടത്.
കേരളത്തിൽ അഴിമതി കുറവ്
രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലസ്ഥാനത്ത് നടന്ന വിജിലൻസ് ബോധവത്ക്കരണ വാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതോടൊപ്പം അഴിമതിക്ക് വിരുത് കാണിക്കുന്ന ചില ഒറ്റപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും അവർക്കെതിരെ കർശനമായ നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഴിമതിയിൽ ചെറുതോ വലുതോ എന്നില്ല, അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്ക് കാരണമായ അവസരങ്ങൾ ഇല്ലാതാക്കണമെന്നും അതിനാണ് ഓൺലൈൻ സേവനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അതിലും ചില പഴുതുകൾ ഉണ്ടാകാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും വിജിലൻസ് ആ ഭാഗങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ സംവിധാനത്തിൽ ഫയലുകൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അതിൽ കാല താമസം വരുത്തന്നവരെ കണ്ടെത്തി നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പല്ലുവേദനുമായി എത്തിയ കുട്ടിക്ക് ദാരുണാന്ത്യം
കുന്നംകുളം മലങ്കര ആശുപത്രിയിൽ പല്ലു വേദനയുമായി എത്തിയ മൂന്നര വയസുകാരൻ മരിച്ചതായി പരാതി. തൃശൂർ മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ പല്ലു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ആരോണിനെ ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ പൂർത്തിയാക്കി ആരോണിനെ മുറിയിലേക്ക് മാറ്റിയിരുന്നു. മുറിയിലേക്ക് മാറ്റിയ ആരോണിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടെന്നും ഹൃദയാഘാതമുണ്ടായെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് കുട്ടിയുടെ ബന്ധു വ്യക്തമാക്കി. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയ്ക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രധിഷേധം നടത്തി.
‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആത്മകഥയായ ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ചാണ് ആത്മകഥ പ്രകാശനം ചെയ്തത്. മാധ്യമ പ്രവര്‍ത്തകനായ സി.പി. രാജശേഖരനാണ് പുസ്തകത്തിന്റെ രചയിതാവ്. ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്‍മാന്‍, ശൈഖ് സാലം അബ്ദു റഹ്‌മാന്‍ സാലം അല്‍ ഖാസ്മി ആണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ പുസ്തകം സ്വീകരിച്ചത് കെഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ ആണ്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
പ്രിൻസിപ്പൽ കെ എസ് യു പ്രവർത്തകരെ മർദിച്ചതായി പരാതി
വയനാട് നടവയൽ സിഎം കോളേജിൽ പ്രിൻസിപ്പൽ കെ എസ് യു പ്രവർത്തകരെ മർദിച്ചതായി പരാതി. കെ എസ് യു സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പഠിപ്പുമുടക്കിന്റെ ഭാഗമായി കോളേജ് അടപ്പിക്കണ മെന്ന ആവശ്യവുമായെത്തിയ കെ എസ് യു പ്രവർത്തകരും പ്രിൻസിപ്പൽ ഡോക്ടർ കെ സി ഷെരീഫും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. പ്രിൻസിപ്പൽ കെ എസ് യു പ്രവർത്തഹിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളതു. എന്നാൽ പുറത്ത് നിന്ന് വന്ന പ്രവർത്തകർ പ്രശ്നമുണ്ടാക്കുകയും അധികൃതർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തപ്പോൾ പ്രതിരോധിക്കുകയാണ് ചെയ്‌തതെന്നാണ് പ്രിൻസിപ്പലിന്റെ വാദം. എന്നാൽ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പ്രിൻസിപ്പൽ അക്രമിക്കുകയായിരുന്നെന്നാണ് കെ എസ് യു പ്രവർത്തകർ പറയുന്നത്.
17 തവണ വെട്ടിയ യുവതിയുടെ ദേഹത്ത് കൂടി കാറോടിച്ചു കയറ്റി ഭർത്താവ്
രണ്ട് തരം മാതാപിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട്. പെണ്മക്കളെ കെട്ടിച്ചു വിടുന്നതോടെ ചില മാതാപിതാക്കൾക്ക് സമാധാനം കൂടുകയും ബാധ്യത ഒഴിയുകയുമാണ്. എന്നാൽ ചില മാതാപിതാക്കൾക്ക് ചങ്കിടിപ്പാണ്, ഭർത്താവിന്റെ വീട്ടിലെ മകളുടെ ഭാവി ജീവിതമോർത്ത്. കണ്മുന്നിൽ ഭർത്താവിനൊപ്പം കാണുന്ന മകൾ നാളെ കൊലക്കയറിൽ തൂങ്ങി നിൽക്കുന്നതോ, അടുത്തുള്ള ഏതെങ്കിലും ആറ്റിലോ കിണറ്റിലോ ജീവനറ്റ കിടക്കുന്നതും, പതിവ് കാഴ്ച. അപ്പോൾ പിന്നെ ഗൾഫിലും മറ്റുമായി ഭർത്താവിനൊപ്പം ജീവിക്കുന്ന ചില പെൺകുട്ടികളുടെ ദുരിത ജീവിതം ഒരു ഫോൺ കോളിലൂടെ മാത്രം അറിയേണ്ടി വരുന്ന അച്ഛനമ്മമാരുടെ വേദന എത്രത്തോളം ആണെന്ന് പറഞ്ഞറിയിക്കേണ്ട ആവിശ്യമില്ല.
2020 ജൂലായ് 28 നു ആണ് കോട്ടയം മോനിപ്പള്ളി ഊരാളിൽ ജോയ് മേഴ്‌സി ദമ്പതിമാരുടെ മകൾ 27 കാരിയായ മെറിൻ ജോയിയെ ചങ്ങനാശേരി സ്വദേശിയായ ഭർത്താവ് ഫിലിപ് മാത്യു അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നത്. കോറല്‍ സ്പ്രിങ്സിലെ ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ മെറിനെ പിന്നാലെ വന്നു ഫിലിപ് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയുടെ പാർക്കിങ് പ്രദേശത്ത് വെച്ച് പതിനേഴ് തവണയാണ് ഫിലിപ് മെറിനെ കുത്തി പരിക്കേൽപ്പിച്ചത്. ഇതിന് ശേഷം കുത്തേറ്റു വീണ മെറിന്റെ ശരീരത്തിലൂടെ ഫിലിപ് കാറോടിച്ചു കയറ്റി. സംഭവ സ്ഥലത്ത് നിന്നും ഫിലിപ് കാറിൽ രക്ഷപ്പെട്ടെങ്കിലും അവിടെയുള്ള ഒരു ഹോട്ടലിൽ നിന്നും പോലീസ് പിടി കൂടി.
എന്നാൽ ഫിലിപ് സ്വന്തം ശരീരത്തിലും പരിക്കേൽപ്പിച്ചിരുന്നു. ഫിലീപുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലെ ജോലി രാജി വെച്ച് മറ്റൊരിടത്തേക്ക് താമസം മാറ്റാൻ മെറിൻ തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് പതിനഞ്ചിന് പുതിയ സ്ഥലത്തേക്ക് താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു മെറിൻ.
ഫിലിപ് മുൻപും പല തവണ മെറിനെ ഉപദ്രവിച്ചിരുന്നു. പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു. ഒരിക്കൽ മെറിനെ ആക്രമിച്ചതിന് ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ, മെറിൻ നാട്ടിൽ വന്ന സമയം വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചിരുന്നു. മെറിൻ ഫിലിപ്പിനെതിരെ പരാതി നൽകിയതും കോടതിയെ സമീപിച്ചതും അറിഞ്ഞതോടെ കേസിൽ കുടുങ്ങുമെന്ന് കരുതി ഫിലിപ്പ് നാട്ടിൽ നിന്നും തിരിച്ച് നേരത്തെ അമേരിക്കയിലേക്ക് മടങ്ങി.
2020 ജനുവരി ഇരുപതിന് ഇരുവരും ഒരുമിച്ച് അമേരിക്കയിലേക്ക് മടങ്ങാനാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ മെറിന്റെ പരാതിയെ തുടർന്ന് ഫിലിപ് യാത്ര നേരത്തെയാക്കി. കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ച് ജനുവരി 29 നു മെറിനും അമേരിക്കയിലേക്കെത്തി. ഫിലിപ്പീന് അമേരിക്കയിൽ കാര്യമായ ജോലി ഇല്ലെന്നായിരുന്നു മെറിന്റെ മാതാപിതാക്കൾ പറഞ്ഞത്. മെറിന്റെ ശമ്പളം പൂർണമായി ചിലവഴിച്ചിരുന്നത് ഫിലിപ് ആയിരുന്നെന്നും മുൻപും ഭീക്ഷണി മുഴക്കിയിരുന്നെനും മെറിന്റെ പിതാവ് പറഞ്ഞിരുന്നു.
ഫിലിപ് മെറിനായുള്ള ശവപ്പെട്ടി പോലും മുൻപേ തയ്യാറാക്കിയിരുന്നുവെന്നും അദ്ദേഹം അന്ന് ആരോപിച്ചു.. പ്രതി ഫിലിപ്പിന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ മെറിന്റെ ബന്ധുക്കളും യുഎസിലെ മലയാളി സമൂഹവും ആവശ്യം ഉന്നയിച്ചിരുന്നു. മെറിന്റെയും ഫിലിപ്പിന്റെയും മകളുടെ ഭാവിക്കായി അമേരിക്കയിലെ മലയാളി സംഘടനകൾ ക്രൗഡ് ഫണ്ടിങ്ങും നടത്തി. കുഞ്ഞിന്റെ കാര്യങ്ങൾക്കും വിദ്യാഭ്യാസ ആവിശ്യങ്ങൾക്കും ഇ തുക വിനിയോഗിക്കുക എന്നാണ് ഇതിന് നേതൃത്വം നൽകിയവർ പറഞ്ഞിരുന്നത്.
കേരളത്തെ നടുക്കിയ ഒരു അരുംകൊല. മൂന്നു വർഷത്തിനിപ്പുറം നടന്ന ആ കൊലപാതകത്തിന് കോടതി വിധി പറഞ്ഞു. മെറിൻ ജോയിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഫിലിപ് മാത്യുവിന് ജീവപര്യന്ത്യം ശിക്ഷയാണ് യുഎസിലെ കോടതി വിധിച്ചത്. ഇത് പരോളില്ലാത്ത ജീവ പര്യന്ത്യമാണ്. അമേരിക്കയില്‍ ജീവപര്യന്തം എന്നാല്‍ മരണം വരെ എന്നാണ്. മെറിന്‍ കൊല്ലപ്പെടുമ്പോള്‍ ഏക മകള്‍ നോറയ്ക്ക് രണ്ടു വയസ്സ് മാത്രം പ്രായം…