യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ്. ഷാക്കിറിന്റെ മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് ഇപ്പോൾ എടുത്തിരിക്കുന്നത്. ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലൂടെ യുവതി ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. ഇതിന് മുൻപ് വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമ പരാതിയും മല്ലു ട്രാവലിനെതിരെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പോക്സോ കേസ് കൂടി എത്തിയിരിക്കുന്നത്.
പ്രായപൂർത്തിയാകും മുൻപാണ് വിവാഹം കഴിച്ചതെന്നും കൂടാതെ 15ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീഡിപ്പിച്ചെന്നും ഗർഭഛിദ്രം നടത്തിയെന്നും ആദ്യ ഭാര്യ പരാതിയിൽ ഉന്നയിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോക്സോ ചുമത്തി കേസെടുത്തിരിക്കുന്നത്. കേസ് ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ധർമ്മടം പൊലീസ് അറിയിച്ചു. ഇതിന് ശേഷമായിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്ന കാര്യത്തിൽ ഇരിട്ടി പൊലീസ് തീരുമാനമെടുക്കുക.
റൂട്ട്കനാലിനിടെ മരിച്ചതെങ്ങനെ ?
കഴിഞ്ഞ ദിവസമായിരുന്നു കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മൂന്നര വയസുകാരൻ ആരോൺ മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. റൂട്ട് കനാലുമായി ബന്ധപ്പെട്ട മൈനർ സർജറി പൂർത്തിയാക്കി നിരീക്ഷണത്തിൽ ഇരിക്കവെയാണ് ആരോൺ മരിച്ചത്. ഇപ്പോഴിതാ കുട്ടിയുടെ മരണത്തിൽ ആശുപത്രി അധികൃതർ പറയുന്നത്, ആരോണിന് പെട്ടന്ന് ഓക്സിജൻ അളവ് കുറഞ്ഞെന്നും ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തു എന്നുമാണ്.
കുട്ടിക്ക് ഫിറ്റ്സ് ഉണ്ടെന്ന് ഡോക്ടര്‍മാരെ മുൻപേ അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞുടനെ അനസ്തീഷ്യ ഡോക്ടർ ഉൾപ്പടെയുള്ളവർ പുറത്തേക്ക് പോയത് സംശയത്തിന് ഇടയാക്കിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. അനസ്തേഷ്യ നടത്തിയ ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രി വിട്ടെന്നും അനാസ്ഥയാണ് മരണ കാരണമായതെന്നുമാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തു.
ആലുവ അരുംകൊല: കൊന്നത് പ്രണയം വിലക്കിയിട്ടും തുടർന്നപ്പോൾ
പ്രണയിച്ചാൽ വീട്ടുകാർ കൊല്ലും, പ്രണയം നിരസിച്ചാൽ കാമുകന്മാർ കൊല്ലും. എന്തായാലും പെൺകുട്ടികൾക്ക് മരണം ഉറപ്പാണ്. മരണം പെൺകുട്ടികളുടെ പിറകെ മാത്രമല്ല. കാമുകന്മാരെ ഒഴിവാക്കാൻ കാമുകിമാർ ചില കാമുകന്മാർക്ക് പ്രത്യേകം തയ്യാറക്കിയ കഷായവുമായി പിറകെയുണ്ട്. അത് പക്ഷെ കാമുകി കാമുകന്മാർ തമ്മിലുള്ള ഒരു ഡീലാണ്.
ഇനി പെണ്മക്കളുടെ പ്രണയം മാതാപിതാക്കൾ വീട്ടിൽ പിടിച്ചാലോ? അവിടെ കഷായത്തിനല്ല പ്രാധാന്യം. കത്തി, വെട്ടുകത്തി, തുടങ്ങിയ മാരകായുധങ്ങളും ഭക്ഷണത്തിൽ വിഷം കലർത്തലുമാണ്. കാമുകന്റെ അടുത്ത് നിന്നും വീട്ടിലേക്ക് എത്താൻ നോക്കിയാൽ അവിടെയും പെൺകുട്ടികൾക്ക് രക്ഷയില്ല. എന്തായാലും പ്രണയവും പിന്നെ പിന്നാലെയുള്ള കൊലയും പതിവ് കാഴ്ച.
കേരളത്തെ നടുക്കി വീണ്ടും ഒരു അരും കൊലയെത്തി. ഇത്തവണ ഇരയായത് ആലുവ കരുമാല്ലൂർ സ്വദേശിയായ ഒൻപതാം ക്‌ളാസുകാരിയാണ്. ജീവനെടുത്തത് ജന്മം നൽകിയ അച്ഛനും. ഇതരമതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് പിതാവ് വിഷം കൊടുത്ത പെൺകുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. അച്ഛന്റെ കൊടും ക്രൂരതയ്ക്കൊടുവിലാണ് ആ 14 കാരി ഒടുവിൽ മരണത്തിന് കീഴടങ്ങിയത് ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന മകളുടെ പ്രണയം ഒരു മാസം മുൻപ് അറിഞ്ഞ അച്ഛൻ പെൺകുട്ടിയെ വിലക്കിയിരുന്നു. സംഭവം നടക്കുന്നത് ഒക്ടോബർ 29നു രാവിലെ. മകളുടെ കയ്യിൽ നിന്നും പിതാവ് മൊബൈൽ ഫോൺ കണ്ടെടുത്തു. ഇതോടെ വീണ്ടും തർക്കമായി.
പെൺകുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിന് പുറത്താക്കിയ ശേഷം പിതാവ് പെൺകുട്ടിയെ മർദിച്ചു. ഇതിന് ശേഷം പിതാവ് പുറത്തേക്ക് പോയി. അകത്തു കയറിയ ‘അമ്മ കാണുന്നത് പെൺകുട്ടിയുടെ വായിൽ വിഷം ചെന്ന നിലയിൽ ആയിരുന്നു. ആ അച്ഛൻ മകളെ ആദ്യം കമ്പിവടി കൊണ്ടു കയ്യിലും കാലിലും അടിച്ചു പരുക്കേൽപ്പിചു. പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറാൻ തയ്യാറാകാത്തതോടെ ഉപദ്രവം തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്തു.
കളനാശിനി ഉള്ളിൽ ചെന്നതോടെ പെൺകുട്ടി ചർദിച്ച് അവശ നിലയിലുമായി. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചു. പെൺകുട്ടിയുടെ ആന്തരികാവയങ്ങൾ തകരാറിലായിരുന്നു. മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. അച്ഛന്റെ ക്രൂരതകൾ ആയിരുന്നു പെൺക്കുട്ടി പറഞ്ഞ കഥകൾ. പിതാവ് തന്നെയാണ് മകളെ നിർബന്ധിച്ച് വിഷം നൽകിയതെന്ന് അമ്മയും മൊഴി നൽകി.
ഇതോടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് പിതാവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പോലീസിനോടു പറഞ്ഞത്. എന്ത് തന്നെയാലും ആ മകൾ മരണത്തിന് കീഴടങ്ങി. പറഞ്ഞു തിരുത്തേണ്ടവർ, ലോകത്തെ മനസിലാക്കി കൊടുക്കേണ്ടവർ തന്നെ ആ പതിനാലുകാരിയുടെ ജീവനെടുത്തു. പ്രണയത്തിന്റെ പേരിൽ നടക്കുന്ന ആദ്യത്തെ അരുംകൊലയല്ല ഇത്. എന്നാൽ മകളെ പറഞ്ഞു തിരുത്താൻ ഒരുപാട് സമയം ആ അച്ഛന് മുൻപിൽ ഉണ്ടായിരുന്നു. കാരണം അവൾ കൗമാരത്തിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളു.
മാനവീയം വീഥിയിലും നിയന്ത്രണമോ?
സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് സെന്ററാണ് മാനവീയം വീഥി. പാട്ടും ഡാൻസുമായി മാനവീയം വീഥി എപ്പോഴും തിരക്കിലാണ്. കുറച്ച് ദിവസങ്ങൾ മുൻപ് മാനവീയം വീഥിയിൽ നടന്ന കൂട്ടത്തല്ല് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. കലാപരിപരിപാടി കാണാനെത്തിയ പൂന്തുറ സ്വദേശി അക്‌സലന്‍, സഹോദരന്‍ ജനീഷ് എന്നിവരെ ആയിരുന്നു ഒരുസംഘം വളഞ്ഞിട്ട് മർദിച്ചിരുന്നത്. അക്രമം നടക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ സമീപത്ത് നൃത്തം ചെയ്യുകയായിരുന്നു.
നൃത്തത്തിനിടെ കൂട്ടിമുട്ടിയപ്പോഴാണ് സംഘർഷം ഉണ്ടായത്. ഇപ്പോഴിതാ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുകയാണ്. മദ്യപാനി സംഘമാണ് പോലീസിനു നേരെ കല്ലെറിഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ നെട്ടിയം സ്വദേശിയായ സ്ത്രീക്കും പരിക്കേറ്റിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ പോലീസ് നിയന്ത്രണം കടുപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഒരേസമയം 10 സംസ്ഥാനങ്ങളില്‍ വ്യാപക റെയ്ഡ്
മനുഷ്യക്കടത്ത് കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. പത്ത് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. ത്രിപുര, അസം, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാന പോലീസ് സേനയുമായി ഏകോപനത്തോടെ കേസുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ താമസസ്ഥലങ്ങളിലും മറ്റ് സ്ഥലങ്ങളിലുമാണ് റെയ്ഡുകള്‍ നടക്കുന്നത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരായ പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎയുടെ ഒന്നിലധികം സംഘങ്ങള്‍ 10 സംസ്ഥാനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള മനുഷ്യക്കടത്തുകാരുടെ റാക്കറ്റ് കണ്ടെത്തുന്നതിനായി 10 സംസ്ഥാനങ്ങളിലെ എന്‍ഐഎ സംഘങ്ങള്‍ നാല് ഡസനിലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. ചെന്നൈയിലെ പരിശോധനയില്‍ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. ഷഹാബുദ്ദീന്‍, മുന്ന, മിയാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൂന്ന് പേരുടെ കൈയ്യില്‍ നിന്നും ത്രിപുര മേല്‍വിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ശ്രീലങ്കന്‍ മനുഷ്യക്കടത്ത് കേസില്‍ ഒളിവില്‍പ്പോയ പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് കഴിഞ്ഞ മാസം ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. തമിഴ് നാട്ടില്‍ നിന്നാണ് പ്രതി ഇമ്രാന്‍ഖാനെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടിട്ടാണോ റെയ്‌ഡെന്ന് ഇതുവരെ എന്‍ ഐ എ സ്ഥീരികരിച്ചിട്ടില്ല.
ഇമ്രാന്‍ ഖാന്‍, മറ്റ് കൂട്ടുപ്രതികള്‍ക്കൊപ്പം ശ്രീലങ്കന്‍ പൗരന്മാരെ ബെംഗളൂരുവിലെയും മംഗളൂരുവിലെയും വിവിധ സ്ഥലങ്ങളിലേക്ക് കടത്തി കൊണ്ടുവന്ന് അനധികൃതമായി താമസിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ലോക്കല്‍ പോലീസില്‍ നിന്ന് ഫെഡറല്‍ ഏജന്‍സി കേസ് ഏറ്റെടുത്തിരുന്നു.
2021 ഒക്ടോബറില്‍ ഈ കേസിലെ അഞ്ച് ഇന്ത്യന്‍ പ്രതികളായ ദിനകരന്‍ എന്ന അയ്യാ, കാശി വിശ്വനാഥന്‍, റസൂല്‍, സതം ഉഷേന്‍, അബ്ദുള്‍ മുഹീതു എന്നിവര്‍ക്കെതിരെ 2021 ഒക്ടോബറില്‍ എന്‍ഐഎ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ കേസില്‍ 13 പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.
കാനഡയിലേക്കുള്ള എമിഗ്രേഷനും തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും നിയമാനുസൃതമായ ഡോക്യുമെന്റേഷന്‍ നേടാനുമുള്ള സാധ്യത ഉള്‍പ്പെടെ, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി നിരപരാധികളെ കടത്തുകാരാല്‍ വശീകരിക്കുന്ന മറ്റ് ചില മനുഷ്യക്കടത്ത് കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
അതേസമയം, പല സംസ്ഥാനങ്ങളിലും മനുഷ്യക്കടത്ത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടത്ര രാഷ്ട്രീയ ഇടപെടല്‍ പോലുമുണ്ടാകുന്നില്ല. 2022ല്‍ 6,622 പേരാണ് ഇന്ത്യയില്‍ മനുഷ്യക്കടത്തിന് ഇരയായതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത 600ല്‍ അധികം കേസുകളുമുണ്ട്.
2020ല്‍ ഇന്ത്യയില്‍ നിന്ന് തൊഴില്‍ കടത്തിനായി ദുരുപയോഗം ചെയ്തത് 5156 ആളുകളെയാണ്. ഇതില്‍ 1466 പേരെ കടത്തിയത് ലൈംഗികാവശ്യങ്ങള്‍ക്കാണ്. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പല കണക്കുകളുമില്ല. 2020ല്‍ തൊഴില്‍ കടത്തില്‍ ഇരയായ 5,156 പേരെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തി. 1976 മുതല്‍ ഏകദേശം 8 ദശലക്ഷം ഇന്ത്യക്കാര്‍ ബോണ്ടഡ് ലേബറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും 3,13,962 പേരെ മാത്രമാണ് സര്‍ക്കാര്‍ കണ്ടെത്തി രക്ഷപ്പെടുത്തിത്.