മുംബൈ നഗരത്തിനെ ഞെട്ടിച്ചുകൊണ്ട് അരുംകൊല. നഗരത്തിൽ സ്യൂട്ട് കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കുര്‍ള സി.എസ്.ടി. റോഡിലെ ശാന്തിനഗറില്‍ മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് ഉപേക്ഷിച്ച നിലയില്‍ സ്യൂട്ട് കേസ് ഉണ്ടയിരുന്നത്. സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടപ്പോൾ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസെത്തി പരിശോധിച്ചതോടെയാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ടിഷര്‍ട്ടും ട്രാക്ക് പാന്റ്‌സുമാണ് യുവതിയുടെ വേഷം. 25-നും 35-നും ഇടയില്‍ പ്രായം തോന്നിക്കുന്ന മൃതദേഹം ആരുടേതാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
“സാധാരണ ടൂറിസ്റ്റ് ബസിൽ ഉള്ളതിനപ്പുറം എന്താണ് അതിലുള്ളത്?”: ഗണേഷ് കുമാർ
നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രചെയ്യാൻ വേണ്ടി ഒരുക്കിയ ബസിനെ അനുകൂലിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. സാധാരണ ടൂറിസ്റ്റ് ബസിലുള്ളതിനപ്പുറം എന്താണ് ആ ബസിലുള്ളതെന്നാണ് ഗണേഷ് കുമാർ ചോദിക്കുന്നത്. അതോടൊപ്പം പ്രതിപക്ഷത്തിന് ലജ്ജയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്നത് ആഡംബര ബസ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഗണേഷ് കുമാർ പറയുന്നത്, ‘‘ഒരു സാധാരണ ടൂറിസ്റ്റ് ബസിൽ ഉള്ളതിനപ്പുറം എന്താണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്ന ബസിനകത്തുള്ളത്. ഇത്തിരി വീതി കൂടിയ സീറ്റ് മുഖ്യമന്ത്രിക്ക് ഇട്ടുകൊടുത്തു എന്നല്ലാതെ അതിനകത്ത് എന്താണുള്ളത്. ഇവിടെയുള്ള പല ടൂറിസ്റ്റ് ബസിനകത്തുള്ള സൗകര്യം പോലും അതിനകത്തില്ല. ഇതു ഇത്ര വലിയ കാര്യമാണോ. പ്രതിപക്ഷത്തിന് ലജ്ജയുണ്ടോ. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടെ പോകാൻ ഒരു ബസ് വേണമെന്ന് കെഎസ്ആർടിസി തീരുമാനിച്ചു. അതിന് ഒരു കോടി രൂപ. വലിയ കാര്യമായിപ്പോയി എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.
നവകേരള സദസ്സിൽ 3 മന്ത്രിമാർ എവിടെ?
കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ എത്തിയിരിക്കുകയാണ്. എന്നാൽ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സ് പരിപാടിയുടെ ഫ്‌ളെക്‌സ് ബോര്‍ഡില്‍ മൂന്നു മന്ത്രിമാരുടെ ഫോട്ടോ കാണാനില്ല. അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ ഫോട്ടോകളാണ് ഫ്ളക്സിൽ ഇല്ലാത്തത്. പുനഃസംഘടനയില്‍ മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് ഈ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഇപ്പോൾ ഉയർന്നിരിക്കുന്നത്.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നവകേരള സദസ്സ് ചൊവ്വാഴ്ചയാണ് നടക്കുക. നവകേരള സദസ്സിനു വേണ്ടി സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡില്‍ നിന്നാണ് മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ നവകേരള സദസ്സിന് ശേഷമായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് മുൻപേ തന്നെ വ്യക്തമാക്കിയ എൽഡിഎഫ് ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നും അറിയിച്ചിരുന്നു. എ.കെ. ശശീന്ദ്രന്റെ ഫോട്ടോ എന്തുകൊണ്ട് ഫ്‌ളെക്‌സ് ബോര്‍ഡില്‍ ഇടംപിടിച്ചില്ല എന്ന കാര്യം വ്യക്തമല്ല.
വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം : കേസ് സിബിഐയിലേക്കോ?
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വലിയ ആഘോഷത്തോടെയായിരുന്നു സംസ്ഥാനത്ത് നടന്നത്. രാഹുല്‍ മാങ്കൂട്ടത്തിലാണ് വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം യൂത്ത് കോണ്‍ഗ്രസിന് ആഘോഷിക്കാനായില്ല. വിജയാഘോഷത്തിന് പിന്നാലെ വിവാദങ്ങളും തുടര്‍ക്കഥയാവുകയാണ്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് പ്രധാന ആരോപണം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനു പരാതി നല്‍കിയതോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയം ചര്‍ച്ചയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ അതിന് ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാര്‍ എഐസിസിക്ക് കൈമാറി. രാഹുല്‍ ഗാന്ധിയുടെ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉള്‍പ്പെടെയാണിത്. സിആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത്.
ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേല്‍വിലാസവും ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയാല്‍ 5 മിനിറ്റിനകം യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡിനെ വെല്ലുന്ന വ്യാജ കാര്‍ഡ് ആപ്പ് വഴി ലഭ്യമാകും. ഇത്തരത്തില്‍ തയ്യാറാക്കുന്ന വ്യാജ പിവിസി കാര്‍ഡില്‍ പ്രിന്റ് എടുക്കാനും കഴിയും. ഇതേ മാതൃകയില്‍ ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ തിരിച്ചറിയല്‍കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു മ്യൂസിയം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് ഉള്‍പ്പടെയുള്ള എട്ട് അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. തിരുവനന്തപുരം ഡിസിപി നിധിന്‍രാജും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തോട് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് ഡിസിപി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത എല്ലാ സ്ഥാനാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും മൊഴിയെടുക്കും. മൊബൈല്‍ ആപ്പ് എന്ത് ലക്ഷ്യം വച്ചാണ് നിര്‍മ്മിച്ചതെന്ന് അന്വേഷിക്കുമെന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിസിപി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമച്ചതിനാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതി പ്രകാരം കേസെടുത്തത്. ഐ.പി.സി 465, 471 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഐ.ടി നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ക്കും. കേസില്‍ ആരെയും പ്രത്യേകമായി പ്രതി ചേര്‍ക്കില്ല.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കാനുള്ള ആപ്പ് നിര്‍മിച്ചയാളായിരിക്കും പ്രതി. ഇത് അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂവെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനുള്ളില്‍ പൊലീസ് മേധാവിക്ക് കൈമാറും. അതേസമയം,തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് എഐസിസിക്കും പരാതി ലഭിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ കത്ത് ഡിജിപി, സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട് സഞ്ചയ് കൗള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും കൈമാറി. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് എംവി ഗോവിന്ദന്റെ ആരോപണം. അതേസമയം, വ്യാജ വോട്ടേഴ്‌സ് ഐഡി നിര്‍മിച്ചുവെന്ന പരാതി പരിശോധിക്കണമെന്നാശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിനോട് കമ്മീഷന്‍ വിശദീകരണവും തേടിയിട്ടുണ്ട്.
സിപിഎമ്മും ബിജെപിയും വിഷയത്തെ ആയുധമാക്കിയതോടെ കോണ്‍ഗ്രസ് രാഷ്ട്രീയമായും വെട്ടിലാണ്. എന്നാല്‍ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. സുതാര്യമായ തെരഞ്ഞെടുപ്പ് എന്നായിരുന്നു അവകാശ വാദം. എന്നാല്‍ ഫലം വന്നതോടെ സംഘടയ്ക്കുള്ളില്‍ നിന്ന് വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മാണം സംബന്ധിച്ച് പരാതി ഉയര്‍ന്നു.
സിപിഎമ്മും ബിജെപിയും ഇത് ഏറ്റുപിടിച്ചതോടെ വിവാദം ആളിക്കത്തുകയാണ്,. ഡിവൈഎഫ്‌ഐയും ബിജെപിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇതിനെല്ലാം പിന്നില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിദഗ്ദന്‍ സുനില്‍ കനുഗോലുവാണെന്ന് സിപിഎം ആരോപണം ഉയര്‍ത്തി. എന്നാല്‍ വിവാദത്തില്‍ നിന്ന് വഴി മാറി നടക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം.
ഏത് അന്വേഷണവും നേരിടുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വെളിപ്പെടുത്തിയത്. ആഘോഷ പൂര്‍വ്വം നടത്തിയ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രതിരോധനത്തിലേക്ക് നീങ്ങിയത് കോണ്‍ഗ്രസിന് വലിയ തലവേദനയാകുകയാണ്.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വീണ്ടുമെരിയുന്ന ഓർമയായി ഈ ലോകകപ്പ്
കളിയവസാനിച്ചിരിക്കുന്നു. അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ഐസിസി വേൾഡ് കപ്പ് 2023 നു തിരശീല വീഴുമ്പോൾ ഓസ്‌ട്രേലിയ ആറാം ലോക കിരീടവുമായി ക്രിക്കറ്റ് ലോകത്തിനു മുൻപിൽ സിംഹാസനസ്ഥരായി നിലകൊള്ളുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വീണ്ടുമെരിയുന്ന ഓർമയായി ഈ ലോകകപ്പ് അവശേഷിക്കുമെന്നുറപ്പാണ്. 2003 ലോകകപ്പ് ഫൈനലിലെ തോൽവിയുടെ കയ്പ്പേറിയ ഓർമ്മയുമായി തന്നെയായിരുന്നു ടീം ഇന്ത്യ ഫൈനൽ കളിക്കാനിറങ്ങിയത്. അന്ന് ദാദ നയിച്ച 11 അംഗ സംഘം.
സച്ചിനും ദ്രാവിഡും സെവാഗും യുവരാജുമടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരെന്നു പറയാൻ സാധിക്കുന്നവർ തോൽവിയറിയാതെ വന്നെത്തിയ കങ്കാരുപ്പടക്ക് മുൻപിൽ ഫൈനലിൽ തോൽവിയേറ്റു വാങ്ങിയ അന്ന് മനസ്സിൽ കുറിച്ചിട്ട പ്രതികരമായിരുന്നു ലോകം മൈറ്റി ഓസിസ് എന്ന് വിളിച്ച ക്രിക്കറ്റ് ലോകത്തെ കിരീടം വെക്ക രാജാക്കന്മാരായ ആസ്ട്രേലിയയെ ലോകകപ്പ് ഫൈനലിൽ തോല്പിച്ച് കപ്പടിക്കുകയെന്ന ഇന്ത്യൻ മോഹം.
അതാണ് നർമദാ തീരത്തെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ തകർന്നടിഞ്ഞത്. പൂർണമായും ഇന്ത്യയിൽ നടക്കുന്ന ആദ്യ ലോകകപ്പിന് ഈ അടുത്ത കാലത്തൊന്നുമില്ലാത്തത്ര മികച്ച ബോളിങ് നിരയുമായി തന്നെയായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ മത്സരം മുതൽ ഫൈനൽ വരെ ഒറ്റ കളിപോലും തൊറ്റിരുന്നുമില്ല. ശ്രീലങ്കക്കെതിരെയുള്ള 302 റൺസിന്റെ വിജയം നേടിയ മത്സരമടക്കം പലതും എതിരാളികൾക്കു മേൽ മൃഗീയാധിപത്യം നേടിയ വിജയങ്ങളുമായിരുന്നു.
എന്നാൽ അവസാന മത്സരത്തിൽ നീലപ്പടക്ക് കാലിടറി കപ്പ് ഓസ്‌ട്രേലിയ കൊണ്ട് പോകുകയും ചെയ്തു. അഹമ്മദബാദിലെ പിച്ച് അധികം റണ്ണൊഴുകാത്തതായിരുന്നു. ടോസ് കിട്ടിയ ഓസിസ് ഇന്ധ്യയെ ബാറ്റിങിനയച്ചു. തകർപ്പൻ ബൗളിങ്ങും ഫീല്ഡിങ്ങുമൊക്കെയായി ഓസ്‌ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യൻ ബാറ്റർമാർ ഒന്നിന് പുറകെ ഒന്നായി ഡഗ്ഔട്ലേക്ക് മടങ്ങുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടത്.
നാലാം വിക്കറ്റിൽ 67 റൺസെടുത്ത കെ എൽ രാഹുൽ – കൊഹ്ലി കൂട്ടുകെട്ട് പ്രതീക്ഷകളുയർത്തിയെങ്കിലും അതിനും അധികം ആയുസില്ലായിരുന്നു 54 റൺസുമായി കോഹ്ലി മടങ്ങിയതിനു പുറകെ 66 റൺസെടുത്ത് കെ എൽ രാഹുലും ഔട്ട് ആയി. വാലറ്റത്തുള്ളവർക്ക് പിന്നീട് ഒന്നും ചെയ്യാനില്ലായിരുന്നു ഒടുവിൽ 240 ന് ഇന്ത്യ ഓൾ ഔട്ട്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ എറിഞ്ഞിടുക മാത്രമായിരുന്നു ഇന്ത്യക്കു മുന്നിലുള്ള ഒരേയൊരു വഴി.
47 റൺസെടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ ലഭിച്ചതോടെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു തുടങ്ങി. എന്നാൽ ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്‌നും ആ പ്രതീക്ഷകളെ കൊന്നു കുഴിച്ചു മൂടുന്ന കാഴ്ചയാണ് ഗ്രൗണ്ടിൽ പിന്നീട് കണ്ടത്.120 പന്തിൽ 137 റൺസുമായി ട്രാവിസ് ഹെഡ് മടങ്ങുമ്പോൾ ഓസ്‌ട്രേലിയയെ അയാൾ വിജയ തീരത്തടിപ്പിച്ചിട്ടുണ്ടായിരുന്നു. ഒടുവിൽ സിറാജെറിഞ്ഞ പന്തിൽ ഡബിളോടി മാക്സ്വെൽ കാളിയവസാനിപ്പിച്ചു.
കലിപ്പടക്കി കപ്പടിക്കാൻ വന്നവർ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയും ബോളിവുഡ് താരങ്ങളുമടക്കമുള്ള കാണികൾക്കു മുന്നിൽ തലതാഴ്ത്തി മടങ്ങിയ രാത്രിയിൽ ഓസ്‌ട്രേലിയ വിജയാഹ്ലാദത്തിലായിരുന്നു. ടൂർണമെന്റിലെ ആദ്യ കളി തോറ്റു തുടങ്ങി ഫൈനലിൽ നീലപ്പടയെ അവരുടെ നാട്ടിൽ പിടിച്ച് കെട്ടിയ നിർവൃതിയുമായി.
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഫൈനലിലെ ഓസിസ് ദഹനം ഇനിയു കാത്തിരിക്കേണ്ട ഒരധ്യായമായി അവശേഷിക്കുന്നു. 90 സ് കിഡ്സിനു 2003 ലോകകപ്പ് ഫൈനലിലെ തോല്വിയുണ്ടാക്കിയ വേദനയെന്തായിരുന്നോ അത് 20 വര്ഷങ്ങള്ക്കിപ്പുറമുള്ള തലമുറയും അനുഭവിക്കുന്നു. സച്ചിൻ പ്ലയർ ഓഫ് ദി ടൂർണമെന്റ് ട്രോഫി വാങ്ങി നിരാശനായി മടങ്ങിയ കാഴ്ച കണ്ടവർ കോഹ്ലി അതെ ചരിത്രമവർത്തിക്കുന്ന കാഴ്ച കണ്ട് വേദനിക്കുന്നു.
ഇതൊരു തിരിച്ചു വരവില്ലാത്ത മടക്കമൊന്നുമല്ല കങ്കാരുപ്പടയെ ലോകകപ്പ് ഫൈനലിൽ തകർത്ത് കപ്പുമായി വരുന്ന ടീം ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷകൾ ഇനിയും ഇന്ത്യൻ മനസ്സുകളിൽ നിറയും. കാലമതികമുരുളാതെ ആ കാഴ്ച നാം കാണുകയും ചെയ്യും