രാജ്യത്തെ സ്കൂളുകൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റെയ്‌സിങ് ഇന്ത്യ. ഇപ്പോഴിതാ പദ്ധതിയുടെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും സെൽഫി കോർണർ സ്ഥാപിച്ചിരിക്കുകയാണ്.
ഇതിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രധാനമന്ത്രിയുടെ വലിയ ഫോട്ടോവെച്ചിട്ടുള്ള സെൽഫി കോർണറിലെത്തി ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താവുന്നതാണ്. സംസ്ഥാനത്തെ 41 കേന്ദ്രീയ വിദ്യാലയങ്ങളിൽ 32 എണ്ണവും ‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റെയ്‌സിങ് ഇന്ത്യ പദ്ധതിയുടെ കേന്ദ്രീയ വിദ്യാലയം പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ടതായി സ്‌കൂൾ അധികൃതർ അറിയിച്ചു.
സ്കൂൾ പ്രധാനമന്ത്രി സ്കൂൾസ് ഫോർ റെയ്‌സിങ് ഇന്ത്യ കേന്ദ്രീയ വിദ്യാലയം പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് വിദ്യാർഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അറിയിക്കാൻ കൂടിയാണ് സെൽഫി കോർണർ പോലുള്ള പ്രചാരണ പരിപാടികൾ നടപ്പാക്കുന്നത്. അടുത്ത വർഷം സംസ്ഥാനത്തെ ബാക്കി കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി പ്രധാനമന്ത്രി സ്കൂൾസ് ഫോർ റെയ്‌സിങ് ഇന്ത്യ പദ്ധതിയുടെ ഭാഗമാവും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അയോധ്യ രാമക്ഷേത്രം; പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍
അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്.
3000 ത്തോളം പേരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി 200 പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്. അഭിമുഖം അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് പുരോഗമിക്കുകയാണ്. മൂന്നംഗ സമിതിയാണ് അഭിമുഖം നടത്തുന്നത്. അഭിമുഖത്തിന് ശേഷം തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് ആറ് മാസത്തെ പരിശീലനം. വിവിധ മത പണ്ഡിതരും, സന്യാസിമാരും തയ്യാറാക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ പരിശീലനംനല്‍കും
സമാന്തര സര്‍വീസുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി കടുപ്പിച്ചു
റോബിൻ ബസും മോട്ടോർ വാഹന വകുപ്പുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. അഖിലേന്ത്യ പെര്‍മിറ്റില്‍ റോബിന്‍ ബസിന്റെ മാതൃകയില്‍ ബസ്സുടമകള്‍ ശബരിമലയ്ക്ക് സര്‍വീസ് പ്രഖ്യാപിച്ചു. ഇതോടെ സമാന്തര സര്‍വീസുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയും കടുപ്പിച്ചു തുടങ്ങി. നിലവില്‍ കെ.എസ്.ആര്‍.ടി.സി. മാത്രമാണ് പമ്പയിലേക്ക് റൂട്ട് ബസായി ഓടിയിരുന്നത്. കഴിഞ്ഞ ദിവസം അന്തര്‍ സ്സംസ്ഥാന പാതകളിലെ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിഴ ചുമത്തിയിരുന്നു.
എന്നാൽ സർക്കാരിന്റെ നിലപാട്, റൂട്ട് സര്‍വീസ് ബസുകള്‍ക്കുള്ള പെര്‍മിറ്റ് സംവിധാനം ലംഘിക്കുന്ന തരത്തിൽ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ടൂറിസ്റ്റ് ബസുകള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്നാണ്. നിലവിൽ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കാണ് ഓള്‍ ഇന്ത്യ പെര്‍മിറ്റ് നല്‍കുന്നത്. ഇവയൊന്നും റൂട്ട് ബസായി ഉപയോഗിക്കാന്‍ കഴിയില്ല. ഓള്‍ ഇന്ത്യ പെര്‍മിറ്റ് വ്യവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്താണ് റോബിന്‍ ബസ് ഓടിക്കാന്‍ ശ്രമിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ആരോപണം.
തൃശൂരിലെ സ്‌കൂളില്‍ വെടിവെയ്പ്പ്
തൃശ്ശൂരിലെ സ്‌കൂളില്‍ വെടിവെയ്പ്. തൃശ്ശൂരിലെ വിവേകോദയം ബോയ്സ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ മുളയം സ്വദേശി ജഗനാണ് സ്‌കൂളിലെത്തി വെടിവെപ്പ് നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് എയര്‍ഗണ്ണുമായെത്തി ജഗന്‍ സ്‌കൂളിലെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി തോക്കെടുത്ത് മൂന്നുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു.
രണ്ടുകൊല്ലം മുന്‍പ് പഠനം നിര്‍ത്തി പോയപ്പോള്‍ തന്റെ തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ടെന്നും തൊപ്പി തിരികെ വേണമെന്നുമായിരുന്നു ജഗന്റെ ആവശ്യം. സംഭവത്തിന് ശേഷം സ്‌കൂളില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുകൊല്ലം മുന്‍പാണ് ജഗത് ഈ സ്‌കൂളില്‍ പഠിച്ചിരുന്നതെന്ന് അധ്യാപകര്‍. അന്ന് അധ്യാപകരെ അസഭ്യം പറഞ്ഞതടക്കമുള്ള പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ജഗത് , പരീക്ഷപോലും എഴുതാതെ പഠനം അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ടതായും അധ്യാപകര്‍ പറഞ്ഞു.
മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭിച്ചു
ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതോടെ മൺ ചട്ടിയുമായി തെരുവിലേക്ക് ഇറങ്ങിയ എൺപത്തേഴുകാരി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്ക് ഒടുവിൽ പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ഇപ്പോൾ ലഭിച്ചത്. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ മാറിയക്കുട്ടിയുടെ വീട്ടിലെത്തിയാണ് പെൻഷൻ തുക കൈമാറിയത്.
മറിയക്കുട്ടിയുടെ പ്രതിഷേധം വാർത്തകളിൽ ഇടം പിടിച്ചതോടെ വിമർശനവുമായി സിപിഎമ്മും അവരുടെ മുഖപത്രവും രംഗത്ത് എത്തിയിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു. എന്നാൽ വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് ഇപ്പോൾ മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭിച്ചിരിക്കുന്നത്.
‘‘പൊതുജനങ്ങൾക്കായിട്ടാണ് ഇറങ്ങിയത്. എല്ലാവർക്കും പെൻഷൻ കിട്ടണം. ഈ പാവക്കുട്ടിയിലൊന്നും ഇതൊന്നും നിൽക്കാൻ പോകുന്നില്ല. ഈ കളിയൊന്നും എന്റെ അടുത്തു നടക്കുകേല. ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി മേടിക്കണം, രണ്ടു കിലോ അരി മേടിക്കണം, അത് ഇത്രനാളും മുടങ്ങിക്കിടക്കുകയായിരുന്നു. ചായ കുടിച്ച കാശു കൊടുക്കണം.’ എന്നാണ് മറിയക്കുട്ടി പറഞ്ഞത്.
പട്ടികജാതി- പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
ഡിസംബർ ഒന്നിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവിന് തുടക്കം. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടിയാണ് ഈ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
താത്പര്യമുള്ളവർ നവംബർ 28-ന് രാവിലെ ഒമ്പതിനു മുമ്പായി forms.gle/BzWR6reNZ5S1fE739 വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിൽനിന്ന് യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കുകയും ചെയ്യുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ ഇൻർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 0471 2332113.
ആരാണ് പൗരപ്രമുഖര്‍?
നവകേരള സദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നമ്മള്‍ കഴിഞ്ഞ ദിവസം കേട്ടു. ഈ പൗരപ്രമുഖര്‍ എന്ന് പറയുന്നത് കേട്ടപ്പോള്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നിയില്ലേ ആരാണ് ഈ പൗരപ്രമുഖര്‍ എന്നത്. ഈ സംശയം ഇല്ലാതാക്കാന്‍ വേണ്ടി ആണോ എന്നറിയില്ല ആരാണ് ഈ പൗരപ്രമുഖര്‍, പൗരപ്രമുഖര്‍ ആകാനുള്ള മാനദണ്ഡം എന്താണ് എന്ന് ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ.
കൊല്ലം ജില്ലയിലെ കുമ്മിള്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷമീര്‍ ആണ് വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. പൗരപ്രമുഖനാവാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്, പ്രൗരപ്രമുഖന്‍ ആവാനുള്ള യോഗ്യത എന്താണ് എന്നും അപേക്ഷയില്‍ ചോദിക്കുന്നു. കാസര്‍കോട് മുഖ്യമന്ത്രി പൗരപ്രമുഖരുമായി നടത്തിയ പ്രഭാതയോഗത്തില്‍ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ബഹിഷ്‌കരണാഹ്വാനം തള്ളിയാണ്, പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍എ അബൂബക്കര്‍ പ്രഭാത യോഗത്തില്‍ പങ്കെടുത്തത്.
കാതല്‍ ദി കോറിന് ഖത്തറിലും കുവൈറ്റിലും പ്രദര്‍ശന വിലക്ക്
മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം കാതല്‍ ദി കോറിന് ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ റിലീസിന് വിലക്ക്. ചിത്രത്തിന്റെ പ്രമേയം ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിലീസിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഖത്തറിലും കുവൈറ്റിലും സിനിമയ്ക്ക് വിലക്ക്. ചിത്രം നവംബര്‍ ഇരുപത്തി മൂന്നിന് തിയറ്ററുകളില്‍ എത്തും. ഗോവയില്‍ അമ്പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും.
മൃണാൾ സെന്നിനെ പടിക്ക് പുറത്ത് നിർത്തി ഫെസ്റ്റിവൽ നടത്തുന്ന ഐ എഫ് എഫ് ഐ
ആരായിരുന്നു മൃണാൾ സെൻ? ഇന്ത്യൻ സിനിമ യുടെ ചരിത്രം പറയുന്ന സമയത്ത് ഒരിക്കലും മറന്നു പോകാൻ പാടില്ലാത്ത പേരുകളിലൊന്നാണ് മൃണാൾ സെനിന്റേത്. ഇന്ത്യൻ നവതരംഗസിനിമയുടെ തുടക്കകാരനായൊക്കെ കണക്കാക്കാവുന്ന വ്യക്തിത്വം. സത്യജിത് റായിക്കും റീഥ്വിക് ഘട്ടക്കിങ്ങിനുമൊപ്പം ദേശീയവും അന്തർ ദേശീയവുമായ ഒട്ടനവധി അംഗീകാരങ്ങൾ ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്ന ബംഗാളി സംവിധായകനായിരുന്നു മൃണാൾ സെൻ.
രാജ്യം സിനിമ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്‌കരമായ ദാദ സാഹബ് ഫാൽക്കെ അവാർഡും 18 നാഷണൽ ഫിലിം അവാർഡുകളും നേടിയിട്ടുണ്ട്. കൂടാതെ ലോകത്തങ്ങോളമിങ്ങോളമുള്ള ഒരുവിധം എല്ലാ പ്രാധാനപെട്ട ചലച്ചിത്രോത്സവത്തിലും പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട്.
ഇന്ത്യൻ ഗവൺമെന്റിന്റെ ഭാരത രത്നവും ഫ്രഞ്ച് സർക്കാർ ബഹുമാന സൂചകമായി നൽകിയ കമെന്റർ ഓഫ് ലോർഡ്‌റ ദിസ് ആർട്സെറ്റെ ദിസ് ലെറ്റ്റാ റഷ്യൻ സർക്കാർ ആദര പൂർവം ചാർത്തിയ Order of Friendship. തുടങ്ങി കയ്യും കണക്കുമില്ലാത്തത്ര ബഹുമതികളേറ്റു വാങ്ങിയ വ്യക്തിത്വമാണ് മൃണാൾ സെൻ. ഇതൊക്കെയും അയാളെടുത്ത് വെച്ച സിനിമകളുടെ മൂല്യം മനസ്സിലാക്കി ലോകം നൽകിയതുമാണ്. തികഞ്ഞ ഇടതു പക്ഷ വാദിയായ സെൻ ഒരുകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല.
മാർക്സിയൻ ചിന്ത ധാരയുടെ സ്വാധീനം അദ്ദേഹത്തിന്റെ സിനിമകളോരോന്നിലും നിഴലിച്ചു നിന്നു. കല സമൂഹത്തിൽ നിന്നും ഉപരിപ്ലവമായി നിലകൊള്ളുന്നതായുള്ള വാദങ്ങൾക്കെതിരെ പുറം തിരിഞ്ഞു നിന്ന സെൻ. തന്റെ ചുറ്റുമുള്ള സമൂഹത്തിനെ സിനിമ റീലിലൂടെ ലോകത്തിനു മുന്നിൽ വരച്ചു കാട്ടി. 1923 ൽ ജനിച്ച മൃണാൾ സെനിന്റേത് ദാദ സാഹബ് ഫാൽകെയും സത്യജിത് റോയുമടക്കമുള്ള എണ്ണമറ്റ ഇന്ത്യൻ സിനിമ മഹാരദന്മാരോടൊപ്പം എഴുതി ചേർക്കേണ്ട പേരുകളിലൊന്നാണ്.
എന്നാൽ 2018 ൽ അന്തരിച്ച അദ്ദേഹത്തിന്റെ നൂറാം ജന്മദിനം ആചരിക്കുന്ന ഈ വര്ഷം നമ്മുടെ സർക്കാരിനതിനെ കുറിച്ചൊരു ചിന്തയുമില്ലെന്നു വേണം മനസ്സിലാക്കാൻ. നവംബർ 20 മുതൽ 28 വരെ അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രോത്സവം ഗോവയിൽ കൊട്ടി ഘോഷിച്ചു നടത്തപ്പെടുകയാണ്. സാദാരണ രീതിയിൽ റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ മുൻ കാല സംവിധായകരെ ആദരിക്കുന്ന ഒരു പരിപാടിയൊക്കെ നമ്മുടെ ചലച്ചിത്ര മേളകളിലുണ്ടാകാറുള്ളതാണ് എന്നാൽ സെൻ ന്റെ കാര്യത്തിൽ അയാളുടെ നൂറാം ജന്മവാര്ഷികത്തിൽ IFFI യിൽ അതുണ്ടായിട്ടില്ല.
RESTORED ക്ലാസിക്സ് വിഭാഗത്തിൽ മൃണാൾ സെൻ ന്റെ കോറസ് എന്ന സിനിമ പ്രദര്ശിപ്പിക്കുന്നതൊഴിച്ചാൽ അദേഹത്തിന്റെ മറ്റൊരു സിനിമയും നമുക്കവിടെ കാണാൻ സാധിക്കില്ല. എന്താണിതിനു കാരണം ? ഇടതുപക്ഷ അനുഭാവിയായിരുന്ന മൃണാൾ സെനിനോടുള്ള രാഷ്ട്രീയ പ്രതികാരമായി വേണം ഇതിനെ മനസ്സിലാക്കാൻ. നെഹ്രുവിയൻ സോഷ്യലിസത്തിനെതിരായി ശക്തമായൊരു ഇടതു ചിന്ത ധാര ജീവിതത്തിൽ പുലർത്തിയ സെൻ തനിക്കൊരുകാലത്തും കോൺഗ്രസ് ആശയങ്ങളോട് സമരസപ്പെടാനാകില്ലെന്നു വ്യക്തമാക്കിയ ആളാണ്.
ഭൂ പ്രഭുത്വത്തിനോടും സാമൂഹിക ഉച്ച നീചത്തങ്ങളോടും കലഹിച്ച സെൻ ചലചിത്ര മേളകളുടെ ഉത്ഘാടനങ്ങളിൽ നിലവിളക്കു കൊളുത്തുന്നതിനു പോലും എതിരായി നില കൊണ്ട ആദർശ വാദിയായിരുന്നു. അത് കൊണ്ടു തന്നെയാകണം ഐ എഫ് എഫ് ഐ അധികൃതർക്ക് അയാൾ അനഭിമതനായി തീരുന്നതും. അല്ലെങ്കിലും തീവ്ര ദേശീയതക്കും ഹിന്ദുത്വക്കും കുടപിടിക്കാൻ സിനിമയെ കൂട്ട് പിടിക്കുന്നവർ. കലാമൂല്യമൊട്ടുമില്ലാത്ത പ്രോപഗണ്ട സ്റ്റന്റുകളെ ഉത്തമ സിനിമകളായി പ്രദർശിപ്പിക്കുന്ന മേളകളിൽ മൃണാൾ സീനിന്റെ സിനിമകൾ പടിക്കു പുറത്ത് നില്കുന്നത് തന്നെയാണുചിതം.