നവകേരള സദസ്സിലേക്ക് സ്‌കൂൾ വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. ഓരോ സ്കൂളിൽ നിന്നും 200 കുട്ടികളെയെങ്കിലും എത്തിക്കാനാണ് നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. താനൂർ മണ്ഡലത്തിലെ സ്കൂളുകൾ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്കൂളുകൾ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നൽകിയ നിർദേശം.
അലമ്പുണ്ടാക്കുന്ന കുട്ടികളെ സദസ്സിലേക്ക് വിടരുതെന്നും പകരം അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളെ സ്‌കൂളുകളിൽ നിന്ന് കൊണ്ട് പോകുന്നത് ചോദ്യം ചെയ്ത പ്രധാനാധ്യാപകരോട് ഡിഇഒ പറഞ്ഞത് മുകളിൽ നിന്നുള്ള നിർദേശമാണെന്നും തനിക്ക് കൂടുതൽ അറിയില്ലെന്നുമായിരുന്നു. വിദ്യാർഥികളെ കൊണ്ട് പോകുന്നതിൽ രക്ഷിതാക്കളുടെ സമംതം വേണമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞപ്പോൾ അത് സ്കൂളുകൾ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാനാണ് പറഞ്ഞത്.
തമ്മിലടി ഗാലറിയിലും ഗ്രൗണ്ടിലും
ബ്രസീൽ – അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്ക് ജയം. ഗാലറിയിൽ ഇരു ടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് അര മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിലാണ് മറക്കാന സ്റ്റേഡിയത്തിൽ ബദ്ധവൈരികളിൽ നിന്നും ബ്രസീലിനു തോൽവിയേറ്റു വാങ്ങേണ്ടി വന്നത്. ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയിൽ സംഘർഷമുണ്ടായത്.
ഇതിനെ തുടർന്നുണ്ടായ ലാത്തിച്ചാർജിൽ നിരവധി ആരാധകർക്ക് പരിക്കേറ്റിട്ടുണ്ട്. 63-ാം മിനിറ്റിൽ നിക്കോളസ് ഓട്ടമെൻഡി നേടിയ ഹെഡർ ഗോളിലാണ് അർജന്റീന ബ്രസീലിനെതീരെ വിജയം കരസ്ഥമാക്കിയത്. ഗാലറിയിലെ അടി ഗ്രൗണ്ടിലും പ്രതിഫലിച്ച മത്സരത്തിന്റെ ആദ്യ പകുതിയിൽ മാത്രം 22 ഫൗളുകളാണ് ഉണ്ടായിട്ടുള്ളത്. അർജന്റീനൽ ഡിഫൻഡർ ഡി പോളിനെ ഫൗൾ ചെയ്തതിന് 81-ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു.
സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാനെതിരെ കേസെടുത്ത് ചെന്നൈ പോലീസ്
നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളും സിനിമ മേഖലയും ഒന്നടങ്കം ചർച്ച ചെയ്യുന്നത്. ഇപ്പോഴിതാ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ കേസെടുത്തിരിക്കുകയാണ് ചെന്നൈ പോലീസ്.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മൻസൂർ അലി ഖാനെതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശവും നൽകിയിരുന്നു.
കഴിഞ്ഞ ദിവസം നടൻ ചെന്നൈയിൽ വെച്ച് വാർത്ത സമ്മേളനം നടത്തിയിരുന്നു. വിവാദ പരാമർശത്തിൽ മാപ്പു പറയില്ലെന്ന ഉറച്ച നിലപാടിലാണ് നടൻ. മാപ്പ് പറയാൻ എന്ത് തെറ്റാണു ചെയ്തതെന്നും ഓരോ സിനിമയിലെയും റേപ്പ് സീനുകൾ റിയൽ ആണോ എന്നാണ് മൻസൂർ അലി ഖാൻ ചോദിക്കുന്നത്.
മാത്രമല്ല താരസംഘടന സംഭവത്തിൽ വിശദീകരണം ചോദിക്കാതെ മാപ്പു പറയണമെന്ന് പറഞ്ഞുകൊണ്ട് നോടീസ് അയച്ചതിലും രോഷം പ്രകടിപ്പിച്ചു. നാലു മണിക്കൂറിനകം സംഘടന നോട്ടീസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് മന്‍സൂര്‍ അലിഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശത്തെ അപലപിച്ച കമ്മീഷന്‍ പരാമര്‍ശം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിസാര വത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. മാത്രമല്ല നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു മന്‍സൂര്‍ അലിഖാനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു.
ലിയോയുടെ സക്സസിന് പിന്നാലെ നടന്ന പ്രസ്സ്മീറ്റിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ലിയോയിൽ തനിക്ക് റേപ് സീനുകൾ ഒന്നും ഇല്ലായിരുന്നെന്നുമായിരുന്നു നടൻ പറഞ്ഞത്.
തൃഷയെ മാത്രമല്ല ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മൻസൂർ അലി ഖാൻ മോശം പരാമർശത്തിൽ ഉൾപ്പെടുത്തിയിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടി തൃഷ നടനെതിരെ ശ്കതമായി പ്രതികരിച്ച് രംഗത്ത് എത്തിയപ്പോഴാണ് വിഷയം ആളിക്കത്തിയത്.
അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ സന്തോഷവതിയാണെന്നും തന്റെ ഇനിയുള്ള കരിയറിൽ അതൊരിക്കലും സംഭവിക്കില്ലെന്നുമാണ് നടി ഈ വിഷയത്തിൽ പ്രതികരിച്ചത്. താന്‍ തമാശ രൂപേണയാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.