നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രചെയ്യാൻ വേണ്ടി ഒരുക്കിയ ബസിനു വിമർശനവുമായി എത്തിയത് നിരവധി പേരായിരുന്നു. നവകേരള സദസിന് പോലും വിമർശനം ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ആഡംബര ബസും എത്തിയത്. ഇപ്പോഴിതാ, ബസിന് വേദിക്കരികിലെത്താൻ നവകേരള സദസ്സ് നടക്കുന്ന സ്കൂളിന്റെ മതിൽ പൊളിച്ചിരിയ്ക്കുകയാണ്.
തിരൂർ മണ്ഡലത്തിന്റെ നവകേരള സദസ്സ് നടക്കുന്ന തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിലാണ് പൊളിച്ചിരിക്കുന്നത്. പ്രധാന കവാടത്തിലൂടെ ബസിന് ഉള്ളിലേക്കു കടക്കാൻ സാധിക്കാത്തതിനാലാണ് മതിൽ പൊളിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. മതിലിന്റെ ഒരു ഭാഗം മാത്രമാണ് പൊളിച്ച് നീക്കിയിരിക്കുന്നത്.
അതോടൊപ്പം മതിൽ പൊളിച്ച ഭാഗത്തുണ്ടായിരുന്ന അഴുക്കുചാൽ പാറപ്പൊടിയിട്ട് മൂടുകയും ചെയ്തു. ബസിന് അകത്തേക്കു പ്രവേശിക്കാനാണ് പാറപ്പൊടിയിട്ട് മൂടിയത്. അതേസമയം പരിപാടി കഴിഞ്ഞ ഉടൻ തന്നെ മതിലിന്റെ പൊളിച്ച ഭാഗം തിരികെ നിർമിച്ചു നൽകുമെന്ന് പരിപാടിയുടെ സംഘാടക സമിതി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യു.സൈനുദ്ദീൻ പറഞ്ഞു. സർക്കാരിന്റെ വാർഷികാഘോഷ പരിപാടിക്കും മതിൽ പൊളിച്ചെന്നും വേഗത്തിൽ തിരികെ കെട്ടിക്കൊടുത്തിരുന്നുവെന്നും സൈനുദ്ദീൻ കൂട്ടിച്ചേർത്തു.
അഫ്ഗാൻ എംബസി അടച്ചു
ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി അടച്ചു. നവംബർ ഒന്ന് മുതൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന എംബസി ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രവർത്തിക്കാനാവശ്യശ്യമായ മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടി കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെയാണ് തീരുമാനം അറിയിച്ചിട്ടുള്ളത്. അഫ്ഗാൻ മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി നിയമിച്ച ഫരീദ് മുംദ്സയുടെ നേതൃത്വത്തിലാണ് അഫ്ഗാൻ എംബസി പ്രവർത്തിച്ചിരുന്നത്. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ച ശേഷവും ഡൽഹിയിലെ അഫ്ഗാൻ എംബസി പ്രവർത്തനം തുടരുകയായിരുന്നു.
നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി
നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലുള്ള കത്ത് കോഴിക്കോട് കളക്ട്രേറ്റിലേക്കാണെത്തിയത്. ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ച നവ കേരള യാത്ര മൂന്നു ദിവസം ജില്ലയിലൂടെ സഞ്ചരിക്കും. സർക്കാരിനെ പാഠം പഠിപ്പിക്കുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ച സാഹചര്യത്തിൽ നവ കേരള യാത്രയുടെ സുരക്ഷ വർധ്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നവ കേരള യാത്ര വയനാട് ജില്ലയിൽ പര്യേടനം നടത്തുന്നതിനിടെ വയനാട് കലക്ടറേറ്റിലേക്കും മാവോയിസ്റ്റുകളുടെ പേരിലുള്ള ഭീഷണി കത്ത് ലഭിച്ചിരുന്നു. കൂടാതെ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവർ പങ്കെടുത്ത വേദിയുടെ അടുത്ത പ്രദേശത്ത് മാവോയിസ്റ് സംഘത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു പണം പിരിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമ നടപടിക്ക്
നവകേരള സദസിലെ ഓരോ കുഞ്ഞു കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കാറുണ്ട്. അത്തരത്തിൽ ചർച്ചയായ സംഭവമായിരുന്നു, ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാർക്ക് ക്രൂര മർദ്ദനമാണ് നേരിടേണ്ടി വന്നത്.
എന്നാൽ സംഭവത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അക്രമപ്രവർത്തനം തുടരാൻ നിർദ്ദേശിച്ചെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിക്കുന്നത്. ഇതിനെതിരെ പരാതി നൽകുമെന്നാണ് വി.ഡി.സതീശൻ പറയുന്നത്. അതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു പണം പിരിക്കുന്നതിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
നവകേരള സദസിന്റെ പേരിൽ നടക്കുന്ന മുഴുവൻ പണ പിരിവും ഭീഷണിപ്പെടുത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നവകേരള സദസിനു പണം കൊടുക്കരുതെന്ന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചിരുന്നു. എന്നാൽ പറവൂർ നഗരസഭാ സെക്രട്ടറി നിർദേശം ലംഘിച്ചാണ് പണം നൽകിയിരുന്നത്. തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിനു പണം കൊടുക്കണമെന്നു പറയാൻ സർക്കാരിനു അധികാരമില്ല. പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തൊട്രാ പാക്കലാം’ റോബിൻ ബസിന്റെ കഥ സിനിമയാകുന്നു
ഇപ്പോൾ നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത് റോബിൻ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോരാട്ടമാണ്. അതിനിടെ ബസിനെക്കുറിച്ചുള്ള മറ്റൊരു കൗതുകകരമായ വാർത്തയാണ് ശ്രദ്ധ നേടുന്നത്. റോബിൻ കഥ സിനിമയാകുന്നു. റോബിന് പിന്നിലൊരു ചരിത്രമുണ്ടെന്നും ആ കഥ തങ്ങൾക്ക് അറിയണമെന്നുമാണ് റോബിൻ ആരാധകരുടെ ആവിശ്യം.
കേരളക്കരയെ ഒന്നങ്കം പിടിച്ചു കുലുക്കി, റോബിൻ്റെ നേർകാഴ്ചയുമായി ചിത്രത്തിന്റെ കഥ ജനങ്ങളിലേക്ക് എത്തിക്കുന്നത് സംവിധായകൻ പ്രശാന്ത് ബി മോളിക്കലാണ്. ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ വൈറൽ. തൊട്രാ പാക്കലാം എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.
പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ റോബിന് പിന്നിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുന്നുവെന്നാണ് പ്രശാന്ത് സിനിമയെകുറിച്ച് പറഞ്ഞത്…അതേസമയം വിവാദമായ റോബിൻ ബസ് ഇപ്പോൾ പത്തനംതിട്ട പൊലീസ് ക്യാംപിലാണുള്ളത്. തുടർച്ചായായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയതിന് മോട്ടർ വാഹന വകുപ്പ് വീണ്ടും റോബിൻ ബസ് പിടിച്ചെടുത്തിരുന്നു.
രാഹുലിനെ വിശ്വാസം
യൂത്ത് കൊണ്ഗ്രെസ്സ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. രാഹുലിനെ വിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കു നേത്രത്വം കൊടുക്കുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം യൂത്ത് കൊണ്ഗ്രെസ്സ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട പരാതികൾ കെ പി സി സി ക്കുന്ന ലഭിച്ച സാഹചര്യത്തിൽ വിഷയത്തിൽ പാർട്ടി തല അന്വേഷണമുണ്ടാകുമെന്നും സുധാകരൻ അറിയിച്ചു. അതിനിടെ കേസിൽ പൊലീസ് വാദങ്ങൾ തള്ളി കോടതി 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.