കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ടെക്ഫെസ്റ്റ് കണ്ണീരോർമയായി മാറി. നവംബർ 24 മുതൽ 26 വരെ നടന്ന പരിപാടിയുടെ അവസാന രാത്രിയായിരുന്നു ഇന്നലെ. സ്പേസ് സിറ്റി, തീയണയ്ക്കുന്ന റോബോട്ട്, മൗണ്ടൻ ബൈക്കിങ്, കാർഷോ എക്സ്പോ, ടെക് ക്വിസ്, സ്റ്റാൻഡപ്പ് കോമഡി തുടങ്ങി വ്യത്യസ്ത കാഴ്ചകളുമായി അഞ്ചേക്കർ കാംപസിൽ ‘ധിഷ്ണ-23’ ഫെസ്റ്റിൽ വലിയ ഒരുക്കങ്ങളായിരുന്നു വിദ്യാർഥികൾ നടത്തിയിരുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് ഐഡി കാർഡും ടി ഷർട്ടും നൽകിയിരുന്നു.
എന്നാൽ പെട്ടന്ന് പെയ്ത ഒരു മഴയിൽ ഇല്ലാതായത് നാല് ജീവനുകൾ. മഴ പെയ്തപ്പോൾ എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിൽ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണവരുടെ ദേഹത്ത് ചവിട്ടി എല്ലാവരും ഓടുകയായിരുന്നു. ഇതോടെ ശ്വാസതടസം നേരിടുകയായിരുന്നു… നാല്പതോളം പേരെയാണ് അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.
സിവിൽ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ അതുൽ തമ്പി, രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മൽ സ്വദേശിയുമായ സാറ തോമസ്, പരിപാടി കാണാനെത്തിയ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്പിൽ വീട്ടിൽ ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. അതോടൊപ്പം 5 പേർ ഐസിയുവിലും 38 പേർ ചികിത്സയിലും കഴിയുകയാണ്.
ഇന്ന് രാവിലെ വിദ്യാർത്ഥികളെ മൂന്ന് പേരുടെയും മൃതദേഹം ക്യാമ്പസിൽ പൊതു ദർശനത്തിന് വെച്ചിരുന്നു. പ്രിയ കൂട്ടുകാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത് ഒട്ടനവധി പേരായിരുന്നു. കളിച്ചും ചിരിച്ചും തമാശ പറഞ്ഞും നടന്ന ക്യാമ്പസിൽ അവസാനമായി അതുലും, സാറയും, ആൻ റിഫ്റ്റയും എത്തിയത് ചേതനയറ്റ്. കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചയായിരുന്നു കുസാറ്റിൽ ഇന്ന് നടന്നത്. പരസ്പരം ആസൗസിപ്പിക്കാൻ പോലും കഴിയാതെ കൂട്ടുകാരും അധ്യാപകരും ബന്ധുക്കളും വിതുമ്പിക്കരഞ്ഞു.
എന്നാൽ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി കെ.എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നമുള്ളതിനാല്‍ പോലീസ് ഇവിടെ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ അപേക്ഷ നല്‍കിയിട്ടില്ല. കോളേജ് കോംപൗണ്ടിനകത്ത് പരിപാടി നടക്കാറുണ്ട്. അതിന് പോലീസിന്റെ അനുമതി ആവശ്യമില്ല. പരിപാടിയുടെ അനുമതിക്കായി അപേക്ഷിച്ചിരുന്നില്ല. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, പരിപാടി നടക്കുന്ന വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ പറഞ്ഞു. നിര്‍ദേശം നല്‍കിയതനുസരിച്ച് ആറു പോലീസുകാര്‍ വന്നിരുന്നു. എന്നാല്‍, പരിപാടിക്ക് എത്രപേര്‍ വരുമെന്നും പരിപാടിയുടെ സ്വഭാവം എന്താണെന്നും എത്ര പോലീസുകാര്‍ വേണമെന്നും വ്യക്തമാക്കിയിരുന്നില്ല. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ പരിപാടി തുടങ്ങുന്നതിലും കുട്ടികളെ അകത്തുകയറ്റുന്നതിലും താമസമുണ്ടായിട്ടുണ്ട്. ഹാളില്‍ ആദ്യം കുറച്ചുകുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍, പിന്നീട് രജിസ്റ്റര്‍ ചെയ്യാത്ത യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍, ശേഷം സ്ഥലം ഉണ്ടെങ്കില്‍ പുറത്തുനിന്നുള്ളവര്‍ എന്നിങ്ങനെ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശം കൃത്യമായി വെബ്‌സൈറ്റില്‍ കൊടുത്തിരുന്നു. എന്നാല്‍, ഏഴുമണിക്ക് പരിപാടി തുടങ്ങാന്‍ പോകുകയാണെന്ന് കരുതി പുറത്തുനിന്നവര്‍കൂടി അകത്തേക്ക് ഇടിച്ചുകയറി. ഇതോടെ പടികളിൽ നിന്നവര്‍ വീഴുകയും ഇതിനു മുകളിലേക്ക് ബാക്കിയുള്ളവരും വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അതേസമയം അപകടം നടക്കുമ്പോള്‍ അധ്യാപകര്‍ സ്ഥലത്തുണ്ടായിരുന്നു. സ്റ്റുഡന്റ് വെല്‍ഫയര്‍ ഡയറക്ടര്‍ അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തി. അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എല്ലാം ഒരു മിനിറ്റുകൊണ്ട് സംഭവിച്ചതാണ്. പരിപാടിയുടെ സമയത്തിനനുസരിച്ച് കുട്ടികളെ പ്രവേശിപ്പിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. രണ്ടാമതായി ഇവിടത്തെ സ്റ്റെപ്പുകള്‍ വളരെ കുത്തനെയുള്ളതാണ്. ഇതുമൊരു വീഴ്ചയാണ്. ഹാളില്‍ രണ്ടുപ്രവേശനകവാടം ഉണ്ടായിരുന്നെങ്കിലും കാര്യമുണ്ടാകില്ലായിരുന്നു. സംഘാകരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. നാളെ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് ഉണ്ടായിരിക്കില്ല. യൂണിവേഴ്‌സിറ്റിയില്‍ അനുശോചന യോഗം സംഘടിപ്പിക്കുമെന്നും വി.സി കൂട്ടിച്ചേര്‍ത്തു.
മരണപ്പെട്ട ആൽവിൻ ജോസഫിന്റെയും സാറ തോമസിന്റെയും പോസ്റ്റ് മോർട്ടം പൂർത്തിയായി
ആൻ റിഫ്ത്ത മോർച്ചറിയിൽ അമ്മയെ കാത്തിരിക്കും
കഴിഞ്ഞ ദിവസം കൊച്ചി കുസാറ്റിൽ ജീവൻ നഷ്ടമായ ആൻ റിഫ്ത്ത മൃതദേഹം പറവൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിക്കും. കുട്ടിയുടെ ‘അമ്മ ഇറ്റലിയിൽ ജോലി ചെയ്യുകയാണ്. അമ്മയ്ക്കൊരു നോക്ക് കാണാൻ വേണ്ടിയാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നത്. കുട്ടിയുടെ ‘അമ്മ ഒരു വർഷം മുൻപാണ് ഇറ്റലിയിൽ പോയത്. ചൊവ്വാഴ്ചയ്ക്ക് ശേഷമായിരിക്കും കുട്ടിയുടെ സംസ്കാരം നടക്കുക.
കുസാറ്റ് ദുരന്തം : 72 വിദ്യാർത്ഥികൾക്ക് പരിക്ക്, 38 പേർ ചികിത്സയിൽ, 3 പേരുടെ നില ഗുരുതരം
കുസാറ്റിൽ മരിച്ച നാല് പേരെ കൂടാതെ 38 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം. മരിച്ച നാല് പേരുടെ മൃതദേഹം ഇന്ന് പത്ത് മണിക്ക് ക്യാമ്പസിൽ പൊതു ദർശനത്തിന് വയ്ക്കും. ശേഷം വീട്ടുകാർക്ക് മൃതദേഹം വിട്ടു നൽകും. ആൻഡ്രുഫ്തയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം തിരിച്ച് മോർച്ചറിയിലേക്ക് മാറ്റും. കാരണം കുട്ടിയുടെ മാതാവ് ഇറ്റലിയിൽ ജോലി ചെയ്യുകയാണ്. അതിനാൽ മാതാവ് നാട്ടിൽ എത്താനുള്ള സമയമെടുക്കും.
കുസാറ്റ് ദുരന്തം: മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും ഗവർണറും രാഹുൽ ഗാന്ധിയും
തിക്കിലും തിരക്കിലും പെട്ടു മരിച്ചവർക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. നടന്നത് അതീവ ദുഃഖകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
അതേസമയം അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും എത്തിയിരുന്നു.
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ; കുസാറ്റിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് ക്യാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ മൃതദേഹം ഇന്ന് രാവിലെ കുസാറ്റിൽ പൊതുദർശനത്തിന് വയ്ക്കും. ഒമ്പത് മണിക്കാണ് പൊതുദർശനം. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടക്കം നാല് പേരാണ് മരിച്ചത്.