എറണാകുളം മട്ടാഞ്ചേരിയിലെ വര്‍ക്ക് ഷോപ്പില്‍ കിടന്ന ഓട്ടോറിക്ഷയ്ക്ക് മലപ്പുറത്ത് പൊലീസ് വക ഫൈന്‍. ഇന്നലെ രാവിലെയാണ് പിഴ ഈടാക്കിയതായുള്ള സന്ദേശം ഓട്ടോ തൊഴിലാളിയായ നൗഷാദിന് ലഭിച്ചത്. പിഴയുടെ വിവരം തിരക്കി മലപ്പുറം പെരുമ്പടപ്പ് പൊലീസിനെ ബന്ധപ്പെട്ടെങ്കിലും പരിശോധിക്കട്ടെ എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്ന് നൗഷാദ്.
മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന്‍ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയാണ് ഈ യുവാവ്. അല്ലറ ചില്ലറ ജോലികള്‍ക്കായി കഴിഞ്ഞ നാല് ദിവസമായി വണ്ടി മരക്കടവിലെ വര്‍ക്ക് ഷോപ്പിലാണ്. പണിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് പൊലീസിന്റെ വക പണി. മലപ്പുറം പെരുമ്പടപ്പില്‍ ലൈസന്‍സില്ലാതെ ഓട്ടോ ഓടിച്ചതിന് 250 രൂപ പിഴ.
കൊച്ചി വിട്ട് ഓട്ടോയുമായി ഇതുവരെ പോകാത്ത നൗഷാദ് ഉടന്‍ വിവരം തിരക്കി മലപ്പുറം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു.
ചെലാന്‍ അയച്ചത് പെരുമ്പടപ്പ് സ്റ്റേഷനില്‍ നിന്നാണെന്നും. പിഴ ഈടാക്കിയത് എസ്‌ഐ പ്രമോദ് കുമാറാണെന്നും മനസ്സിലാക്കി. സ്റ്റേഷന്‍ എസ് എച്ച് ഒയെ വിളിച്ചെങ്കിലും അന്വേഷിക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. ഓട്ടോറിക്ഷ നാല് ദിവസമായി തന്റെ വര്‍ക്ക് ഷോപ്പിലുണ്ടെന്ന് ഉടമയും. ഓട്ടോയുടെ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഓട്ടോറിക്ഷ മലപ്പുറത്ത് സര്‍വ്വീസ് നടത്തുന്നുണ്ടാകാം എന്നാണ് നൗഷാദ് പറയുന്നത്.
അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്
കൊല്ലം ഓയൂരില്‍ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരില്‍ ഒരു വീട്ടിലെ കുട്ടി നല്‍കി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും.
പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. നേരത്തെ ചില കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പാരിപ്പള്ളിയിലെ കടയിലെത്തി ഫോണ്‍ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു.
ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. കുട്ടിയെ കണ്ടെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികളില്‍ ഒരാളിലേക്കെങ്കിലും എത്താന്‍ പൊലീസിന് കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലങ്കസംഘം തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജിയെ ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്ത് കുതിച്ച് ഉയര്‍ന്ന് സ്വര്‍ണ്ണവില
സംസ്ഥാനത്ത് കുതിച്ച് ഉയര്‍ന്ന് സ്വര്‍ണ്ണവില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46480 രൂപയാണ്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയിലെത്തി. 45,920 രൂപയായിരുന്നു ഇതിനുമുന്‍പ് ഉയര്‍ന്ന സ്വര്‍ണവില.
ഒരു മാസത്തിനിടെ ഇത്രയും വില ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്സ് 102ലേക്ക് ഇടിഞ്ഞിരിക്കുകയാണ്. നേരത്തെ ഇത് 107 വരെ ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു. അതേസമയം ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
ചൈനയിലെ ശ്വാസകോശരോഗം ജാഗ്രതാനിര്‍ദേശം
ചൈനയിലെ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കി അഞ്ചുസംസ്ഥാനങ്ങള്‍. കര്‍ണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യവിഭാഗമാണ് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണിത്.
പൊതുജനാരോഗ്യവും ആശുപത്രികളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച് വിലയിരുത്തല്‍ നടത്താനാണ് നിര്‍ദേശം. സീസണല്‍ ഫ്‌ലൂ വ്യാപനത്തേക്കുറിച്ചും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അഞ്ചുമുതല്‍ ഏഴുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഇത് പകര്‍ച്ചവ്യാധിയാണെന്നും മരണനിരക്ക് കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ദീര്‍ഘകാലം മരുന്നുകളെടുക്കുന്നവര്‍ തുടങ്ങിയവരില്‍ അപകട സാധ്യതയ്ക്കിടയുണ്ടെന്നും നിര്‍ദേശത്തിലുണ്ട്. ചൈനയിലെ രോഗവ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഉത്തരാഖണ്ഡും മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡിലെ ചമോലി, ഉത്തരകാശി, പിതോറഗര്‍ തുടങ്ങിയ മൂന്ന് ജില്ലകള്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സാഹചര്യത്തിലാണിത്.
നവകേരള സദസ്സിന് വേദിയായി സ്‌കൂള്‍ കെട്ടിടം ഇടിച്ചുനിരത്തി
നവകേരള സദസിന് വേദിയൊരുങ്ങുന്ന കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഴയ കെട്ടിടം ഇടിച്ചു നിരത്തി. പന്തലിടാനായാണ് കെട്ടിടം പൊളിച്ചത്. ഉപയോഗിക്കാതെയും ഫിറ്റ്‌നസ് കിട്ടാതെയും വര്‍ഷങ്ങളായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.
പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊളിച്ചു നീക്കിയ സ്‌കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് തൊഴിലാളികള്‍. ഈ അവശിഷ്ടങ്ങള്‍ നീക്കിയിട്ടാണ് നവകേരള സദസിനായി പന്തല്‍ ഒരുക്കുക. മൂന്നു വര്‍ഷം മുമ്പ് പുതിയ കെട്ടിടം നിര്‍മിച്ച് ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അന്നു മുതല്‍ ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് പൊളിച്ചത്.
മൂന്നു വര്‍ഷമായിട്ടും പൊളിക്കാതെ കിടന്നിരുന്ന കെട്ടിടം, പൊളിച്ചു നീക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ വാല്യുവേഷന്‍ നടപടികള്‍ തീരാനുളള കാലതാമസമാണ് കെട്ടിടം പൊളിക്കുന്നത് വൈകിപ്പിച്ചതെന്നും ജില്ലാ പഞ്ചായത്ത് അധികൃത വിശദീകരിക്കുന്നു. ഡിസംബര്‍ 12നാണ് നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊന്‍കുന്നത്ത് എത്തുന്നത്.
റോഡ് ഉദ്ഘാടനം: എംഎല്‍എയോ,എംപിയോ?
രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത പി വി അന്‍വര്‍ എം എല്‍ എയുടെ നടപടി വിവാദത്തില്‍. ബുധനാഴ്ച രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് പി വി അന്‍വര്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്. പി വി അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന്‌കോണ്‍ഗ്രസ്.
എം എല്‍ എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ചെന്ന് വിമര്‍ശനം. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് ഉപയോഗിച്ചാണ് റോഡുകള്‍ നിര്‍മിക്കുന്നതെന്ന് പി വി അന്‍വര്‍. താന്‍ നല്‍കിയ നിര്‍ദേശ പ്രകാരമാണ് റോഡുകള്‍ക്ക് അനുമതി ലഭിച്ചത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നുവെന്നും പി വി അന്‍വര്‍.
നടി തൃഷക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി മൻസൂർ അലിഖാൻ
കഴിഞ്ഞ ദിവസങ്ങളായിലായി നടി ത്രിഷക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ വിവാദ പരാമർശമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. വിവാദം രൂക്ഷമായപ്പോൾ മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു . തൊട്ടുപിന്നാലെ ഇപ്പോൾ ത്രിഷക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് സംഭവത്തിൽ മുഖഛായക്ക് കളങ്കം സംഭവിചതുകൊണ്ടാണ് കേസ് നൽകുന്നതെന്നാണ് വിവരങ്ങൾ.ലിയോയുടെ സക്സസിന് പിന്നാലെ നടന്ന പ്രസ്സ്മീറ്റിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ലിയോയിൽ തനിക്ക് റേപ് സീനുകൾ ഒന്നും ഇല്ലായിരുന്നെന്നുമായിരുന്നു നടൻ പറഞ്ഞത്.തൃഷയെ മാത്രമല്ല ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മൻസൂർ അലി ഖാൻ മോശം പരാമർശത്തിൽ ഉൾപ്പെടുത്തിയിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ട നടി തൃഷ നടനെതിരെ ശ്കതമായി പ്രതികരിച്ച് രംഗത്ത് എത്തിയപ്പോഴാണ് വിഷയം ആളിക്കത്തിയത്.അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ സന്തോഷവതിയാണെന്നും തന്റെ ഇനിയുള്ള കരിയറിൽ അതൊരിക്കലും സംഭവിക്കില്ലെന്നുമാണ് നടി ഈ വിഷയത്തിൽ പ്രതികരിച്ചത്.
താന്‍ തമാശ രൂപേണയാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം. നിരവധി മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. ഇപ്പോള്‍ നടക്കുന്ന ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിവാദം രൂക്ഷമായപ്പോൾ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്.
തൗസന്റ് ലൈറ്റ്സ് വനിതാ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മന്‍സൂര്‍ അലിഖാന്‍, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താന്‍ നടത്തിയ പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മൊഴി നല്‍കുകയായിരുന്നു. ഒരു നടിയെന്നനിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് ചോദ്യംചെയ്യലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചു.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശത്തെ അപലപിച്ച കമ്മീഷന്‍ പരാമര്‍ശം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. മാത്രമല്ല നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു മന്‍സൂര്‍ അലിഖാനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
‘കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ’ : അബിഗേലിനൊപ്പം മുകേഷ്, ഫേസ്ബുക്ക് കുറിപ്പ് വെെറൽ
കേരളക്കരയെ മുഴുവൻ ഒരു ദിവസത്തോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സംഭവമാണ് കൊല്ലത്തു ഓയൂരിലെ അബിഗേൽ സാറ എന്ന കൊച്ചു പെൺകുട്ടിയുടെ തിരോധാനം. തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടി കുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ അവസാനം ഇന്നലെ ഉച്ചയോടുകൂടി കുട്ടിയെ തിരിച്ചു കിട്ടി. അതേ സമയം കൊല്ലം എം എൽ എ കൂടിയായ മുകേഷ് കുട്ടി
അബിഗേലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം ഒരു നീണ്ട കുറിപ്പും പങ്കുവെയ്ക്കുന്നുണ്ട്.
നമ്മുടെ മോൾ എന്ന തലക്കെട്ടോടെയാണ് മുകേഷ് ആദ്യം ചിത്രം പങ്കുവച്ചത്. ഇന്നലെ ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നാട്ടുകാരിൽ ചിലർ കണ്ടെത്തിയ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ എംഎൽഎ മുകേഷ് കാണാൻ എത്തുകയായിരുന്നു. കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രം മുകേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്.
ഫേസ്ബുക്ക് കുറിപ്പ്…
‘‘കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ…ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ അബിഗേൽ സാറ റെജി
എന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാൻ അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു .. അപ്പോൾ പ്രിയ സുഹൃത്ത് ഗണേഷ് കുമാർ എംഎൽഎ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ….? ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം..എങ്ങനെ അറിയാം…?
ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യിൽ വെച്ചത് … ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല… അത് ഈ മോൾക്ക് മാത്രമല്ല… നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല…എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്.
അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു… മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്… പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത്, എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്.. ചുരുക്കിപ്പറഞ്ഞാൽ “കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും “ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്…എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്.. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങൾ.‘‘
ഇന്നലെ വൈകിട്ടോടെയാണ് കൊല്ലം ഓയൂർ സ്വദേശിനിയായ അബിഗേൽ എന്ന ആറുവയസുകാരിയെ ചിലർ ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോയത്. ജ്യേഷ്ഠൻ ജോനാഥനൊപ്പം ട്യൂഷന് പോവുകയായിരുന്നു കുട്ടി. നാട്ടുകാരും പൊലീസും ഉൾപ്പടെ പഴുതടച്ചുള്ള തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി കടന്നവർ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടെങ്കിലും ഫോൺ നമ്പർ തെരഞ്ഞപ്പോൾ മനസ്സിലായത് അത് ഒരു കടയുടമയുടേതാണ് എന്നായിരുന്നു.