2021 ജൂൺ മുപ്പതിന് ഇടുക്കി വണ്ടിപ്പെരിയാറിൽ ഒരു ആറു വയസുകാരി അതിക്രൂരമായി കൊല ചെയ്യപ്പെട്ടു. അവൾ ക്രൂര പീഡനത്തിനിരയായിരുന്നു. അന്വേഷണത്തിനൊടുവിൽ അതേ നാട്ടുകാരനും ഇരുപത്തിരണ്ടുകാരനുമായ പ്രതി അർജുൻ പിടിയിലായി.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്തിന്റെ കഥ ജനങ്ങളിൽ ഉണ്ടാക്കിയ ഭയത്തിന്റെ വികാരം വളരെ വലുതായിരുന്നു. കഴുത്തിൽ ഷാൾ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചത് എന്നയിരുന്നു ആദ്യം കരുതിയിരുന്നത്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കുട്ടിയുടേത് വെറും മരണമല്ല കൊലപാതകമാണെന്നും തെളിഞ്ഞു. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മൂന്ന് വയസു മുതൽ കുട്ടി പീഡനത്തിരയായിരുന്നു.
മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി.
2022 മെയ് മാസത്തിൽ കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ ആരംഭിച്ചു.. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തണമെന്ന് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ രണ്ടുപേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇത് അനുവദിച്ചിരുന്നില്ല.
അതേസമയം കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ അടുത്തിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റർ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചു.
അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയിൽ നടത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തി ത്തീർക്കാൻ പ്രതിഭാഗം പരമാവധി ശ്രമിച്ചു. ഇതിനിടയിൽ വിചാരണക്കിടെ പുതിയ ജഡ്ജി ചർജ്ജെടുക്കുകയും വിധി പ്രസ്താവം വൈകിപ്പിക്കുകയും ചെയ്തു.
തെളിവുകളും സാക്ഷി മൊഴികളും അനുകൂലമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞിരുന്നു. എന്നാൽ ഒരു കുറ്റം പോലും തെളിയിക്കാൻ കഴിയാതെ വന്നതോടെ കട്ടപ്പന അതിവേഗ കോടതി പ്രതിയെ വെറുതെ വിട്ടു. കേസിൽ അർജുന് നിരപരാധിയാണെന്നും അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച പറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും അർജുന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അതേസമയം കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ കോടതിയിൽ പ്രതിഷേധിക്കുകയും ചെയ്തു. വിധി കേട്ട് കോടതിക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ കുട്ടിയുടെ മുത്തശിയും ബന്ധുക്കളും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. പതിമൂന്ന് വര്ഷം കാത്തിരുന്ന കിട്ടിയ കണ്മണി.
ഒരു ഇരുപത്തി രണ്ടുകാരനായ കാമപ്രാന്തനാൽ കൊല ചെയ്യപ്പെട്ടു. വർഷങ്ങൾക്കിപ്പുറം പ്രതി കുറ്റക്കാരനല്ലെന്ന് കോടതി. നഷ്ടപരിപരിഹാരം വേണമെന്ന് പ്രതിയുടെ അഭിഭാഷകൻ. വർഷങ്ങൾക്ക് മുൻപ് വാളയാറിൽ പതിമൂന്നും ഒൻപതും മാത്രം വയസ് പ്രായമുള്ള സഹോദരിമാർ പീഡനത്തിരയായി കൊല ചെയ്യപ്പെട്ടു. 2017 ജനുവരി 13 നു മൂത്ത മകൾ പതിമൂന്നുകാരി മരിച്ച് അൻപത്തി രണ്ടാമത്തെ ദിവസം സഹോദരി ഒൻപത് വയസുകാരിയും മരിച്ചു.
പെൺകുട്ടികളുടെ അമ്മമ്മയുടെ കുടുംബക്കരായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 2018 ഒക്ടോബറിൽ തെളിവില്ല എന്ന കാരണത്താൽ പ്രതികളെ വെറുതെ വിട്ടു. അവർ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. എന്നാൽ ആ ‘അമ്മ ഇപ്പോഴും പോരാട്ടം തുടരുകയാണ്. തന്റെ മക്കൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് വാളയാറിൽ ആ ‘അമ്മ.
വണ്ടിപ്പെരിയാറിൽ അർജുനെ വെറുതെ വിട്ടതറിഞ്ഞ് ആ ‘അമ്മ ആറു വയസുകാരിയുടെ അമ്മയെ കാണാൻ എത്തി…. പരസ്പരം എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാത്ത രണ്ടമ്മമാർ. ആ രണ്ട് അമ്മമാരെയും ഒരുമിച്ച് കണ്ടവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അമ്മയെയും സഹോദരിയെയും തിരിച്ചറിയാൻ പോലും കഴിയാത്ത കാമ പ്രാന്തന്മാർ ഇല്ലാതാക്കിയത് രണ്ട് കുടുംബങ്ങളുടെ സ്വപ്നമായിരുന്നു.
അർജുൻ രക്ഷപ്പെട്ടത് അറിഞ്ഞതിനെ കുറിച്ച് വാളയാറിലെ ആ ‘അമ്മ പറഞ്ഞത് പ്രതികൾ രക്ഷപ്പെട്ടതു സിപിഎമ്മുകാരായതുകൊണ്ടാണ് എന്നായിരുന്നു. വണ്ടിപ്പെരിയാർ കേസിൽ, കുറ്റം സമ്മതിച്ച പ്രതിയാണു രക്ഷപ്പെട്ടത്. നീതി കിട്ടുമെന്ന വിശ്വാസത്തിൽ കഴിയുന്ന ആദ്യത്തെയോ രണ്ടാമത്തെയോ അമ്മമാർ അല്ല ഇവർ….