അൻപത് വർഷം മുൻപ് ചൊവ്വയിൽ കണ്ടെത്തിയ ജീവൻ നാസ നശിപ്പിച്ചു
കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി നാസയുടെ പേടകങ്ങൾ ചൊവ്വയിലൂടെ തലങ്ങും വിലങ്ങും അലയുകയായിരുന്നു. ഒടുവിൽ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് സഹായിക്കുന്ന ജൈവ തന്മാത്രകൾ ചൊവ്വയിലുമുണ്ടെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ കണ്ടുപിടിച്ചു. കൂടുതൽ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ മീഥെയ്ന്റെ സാന്നിധ്യം ചൊവ്വയിൽ ഉള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു ക്യൂരിയോസിറ്റി എന്ന പേടകമായിരുന്നു ഈ ഗംഭീര കണ്ടുപിടുത്തത്തിന് പിന്നിൽ ഉണ്ടായിരുന്നത്. 1976ൽ ഇതിനു വേണ്ടി മാത്രമായി വൈക്കിങ് ലാൻഡർ എന്ന പേടകം ചൊവ്വയിലേക്ക് അയച്ചിരുന്നു. ചൊവ്വയിലെത്തി പല പരീക്ഷണങ്ങളും ഈ പേടകം നടത്തിയെങ്കിലും ജൈവ തന്മാത്രമകളെ മാത്രം കണ്ടെത്താൻ വൈക്കിങ് ലാൻഡറിന് കഴിഞ്ഞിരുന്നില്ല.
അൻപത് വർഷം മുൻപ് ചൊവ്വ ഗ്രഹത്തിൽ നാസ ജീവൻ കണ്ടെത്തിയെന്നും അത് കണ്ടെത്തിയ വൈക്കിങ് പര്യവേഷണ പദ്ധതിയുടെ പാർശ്വഫലം കൊണ്ട് തന്നെ ആ ജീവൻ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ജർമൻ ശാസ്ത്രജ്ഞൻ പറഞ്ഞു. ബർലിൻ സാങ്കേതിക സർവകലാശാലയിലെ അസ്‌ട്രോ ബയോളജി പ്രൊഫസർ ഡെർക്ക് ഷൂൾസ് മക്കെച്ചിയാണ് ഈ വാദം ഉന്നയിച്ചത്. എഴുപതുകളിൽ നാസയുടെ വൈക്കിങ് പദ്ധതിയുടെ ഭാഗമായി ചൊവ്വയിൽ ഇറങ്ങിയ 2 ലാൻഡറുകൾ ഇതേക്കുറിച്ച് വിശദമായും ശക്തമായും പഠനവും നടത്തിയിരുന്നു. എന്നാൽ ജീവന്റെ ലക്ഷണങ്ങൾ കണ്ടെത്തിയ ലാൻഡറുകൾ തുടർ പരീക്ഷണത്തിനായി പോഷകങ്ങളും റേഡിയോ ആക്റ്റീവ് കാർബണും ഉൾപ്പെട്ട ജലം ചൊവ്വയുടെ പ്രതലത്തിൽ കുത്തി വയ്ക്കുകയും ചെയ്തു.
ഇങ്ങനെ ചെയ്തതിന്റെ കാരണം എന്തെന്നാൽ, സൂക്ഷ്മ ജീവജാലങ്ങളുണ്ടെങ്കിൽ അവയെല്ലാം ഈ പോഷകം ഉപയോഗിക്കുകയും റേഡിയോ ആക്റ്റീവ് കാർബൺ വായു പുറത്തു വിടുകയും ചെയ്യുമെന്നതിനാലാണ്. ഇതുവഴി ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ഈ പരീക്ഷണങ്ങളുടെയെല്ലാം ഭാഗമായി ക്ളോറിൻ പോലുള്ള രാസപദാർത്ഥങ്ങൾ ചൊവ്വയുടെ മണ്ണിൽ പടർന്നത് വഴി ഇത് ജീവജാലങ്ങളുടെ നാശത്തിന് കരണമായെന്നാണ് ഡെർക്കിന്റെ കണ്ടെത്തൽ. 2008 ൽ ഫോണിക്സ്, ക്യൂരിയോസിറ്റി ലാൻഡറുകൾ, ചൊവ്വയിൽ കണ്ടെത്തിയ ജൈവ സംയുക്തങ്ങൾ ക്ളോറിൻ അടങ്ങിയ രൂപത്തിലായിരുന്നു.
ഇങ്ങനെ സംഭവിച്ചതിന്റെ പ്രധാന കാരണം വൈക്കിങ് പദ്ധതിയുടെ പാർശ്വഫലമാണെന്നുമാണ് പറയപ്പെടുന്നത്. കാരണം ചൊവ്വയിലെത്തിയ വൈക്കിങ് അവിടത്തെ മണ്ണെടുത്ത് ചൂടാക്കിയായിരുന്നു ജൈവ തന്മാത്രകളുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിച്ചിരുന്നത്. മണ്ണു ചൂടാക്കിയപ്പോൾ തെളിവെല്ലാം നശിച്ചു പോയതാണ് കാരണമെന്ന് കണ്ടെത്തിയത് 2007ൽ ചൊവ്വയിലെത്തിയ നാസയുടെ ഫീനിക്സ് ലാൻഡർ വഴിയാണ്. ഫീനിക്സ് ലാൻഡർ നടത്തിയ മണ്ണു പരിശോധനയിൽ ചൊവ്വയിലെ മണ്ണിൽ പെർക്ലോറേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഭൂമിയിലും ഇവയുടെ സാന്നിധ്യമുണ്ട്. സ്ഫോടക വസ്തുക്കളിലും റോക്കറ്റിന്റെ ഖര ഇന്ധനത്തിലുമൊക്കെയാണ് ഇത് ഉപയോഗിക്കുന്നത്. ചൊവ്വയിൽ ജീവൻ കണ്ടെത്താൻ തടസ്സമായി നിന്ന പ്രധാന കാരണം പെർക്ലോറേറ്റ് ആയിരുന്നെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
നെൽവയലുകൾ അപ്രത്യക്ഷമാകുന്നത് എങ്ങോട്ട്? കണക്കുകൾ പുറത്ത്
കേരളത്തിന്റെ മുഖ്യ ഭക്ഷ്യവിളയാണ് അരിയെന്നതിൽ സംശയമില്ല. എന്നാൽ ഇന്ന് കേരളത്തിലെ നെൽവയലുകൾ അപ്രത്യക്ഷമാവുകയാണ്. പാടത്തും വരമ്പിലുമായി ഓടിക്കളിച്ച് കഥകൾ പറഞ്ഞ ഒരു കുട്ടിക്കാലം നമുക്ക് മുൻപിൽ ഉണ്ടായിരുന്നു. ഇന്ന് ആ കാഴ്ച വളരെ വിരളമായി മാറിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം തന്നെ കേരളത്തിൽ നെൽവയലുകൾ കുറവാണെന്നതാണ്. 1980 മുതലാണ് നെൽകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി സ്ഥിരമായി കുറഞ്ഞു തുടങ്ങിയത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ നെല്ലിന്റെ ഉല്പാദനക്ഷമതയിൽ നേരിയ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു. രണ്ട് ദശാബ്ദത്തിനിടെ കേരളത്തിൽ മാത്രം ഇല്ലാതായത് 1.27 ലക്ഷം ഹെക്ടറിലെ നെൽകൃഷികളാണ്. ഉല്പാദനച്ചിലവ് വൻതോതിൽ വർധിച്ചതും നെല്ല് സംഭരണത്തിൽ പോരായ്മകൾ സംഭവിച്ചതുമാണ് നെൽവയലുകൾ നമ്മുടെ കണ്മുന്നിലൂടെ മായുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്.
കേരളത്തിൽ നെൽകൃഷി വിസ്തൃതിയിലും അരി ഉല്പാദനത്തിലും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലൂടെയാണ് ഈ കണക്കുകൾ പറയുന്നത്. നെൽകൃഷിയിൽ മുന്നിലുള്ള ജില്ലകളാണ് പാലക്കാട്, ആലപ്പുഴ, തൃശൂർ. ഈ ജില്ലകളിലും നെൽകൃഷിയുടെ വിസ്തൃതി വലിയ തോതിലാണ് കുറഞ്ഞിരിക്കുന്നത്. 2020–21ൽ സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിൽ നെൽക്കൃഷി ഉണ്ടായിരുന്നെങ്കിലും 21– 22 ആയപ്പോഴേക്കും അത് 9306.31 ഹെക്ടറിൽ നെൽകൃഷി ഇല്ലാതാക്കുകയാണ് ചെയ്തത്. 1955–56 കാലയളവിൽ 7.60 ലക്ഷം ഹെക്ടർ നെൽപാടങ്ങൾ സംസ്ഥാനത്ത് ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 75–76 കാലഘട്ടത്തിൽ ഇത് 8.76 ലക്ഷം ഹെക്ടറായി വർധിച്ചിരുന്നു. 2000–ൽ 2.5 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ചെയ്തിരുന്നു. 2016ൽ ഇത് 1.92 ലക്ഷം ഹെക്ടറിലേക്കു താഴുകയാണ് ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2001–02, 2021–22 വർഷത്തിനിടെ കേരളത്തിൽ നെൽക്കൃഷി വിസ്തൃതിയിൽ 39 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അരി ഉൽപാദനത്തിൽ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2001 ൽ 3,22,368 ഹെക്ടർ സ്ഥലത്ത് നെൽവയലുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021–22 ൽ ഇത് 1,95,734 ഹെക്ടർ ആയാണ് ചുരുങ്ങിയത്. 2001–ൽ അരി ഉൽപാദനം 7,03,504 ടൺ ആയിരുന്നെങ്കിലും 2022 ൽ ഇത് 5,62,097 ടൺ ആയി താഴുകയും ചെയ്തു. ഈ കണക്കുകൾ പ്രകാരം കേരളീയർക്ക്, നെൽകൃഷിയോടുള്ള ആഭിമുഖ്യം കുറയുന്നുവെന്നു നിസംശയം പറയാൻ കഴിയും. അതോടൊപ്പം ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് 2018ലെ പ്രളയത്തിന് ശേഷം സംസ്ഥാനത്ത് കൂടുതൽ പ്രദേശത്ത് നെൽക്കൃഷി വ്യാപിച്ചു എന്ന സർക്കാർ വാദം തികച്ചും തെറ്റാണെന്നു കൂടിയാണ്.
സംഘപരിവാറും കോൺഗ്രസും തമ്മിൽ അന്തർധാരയുണ്ടെന്നതിന്റെ തെളിവാണ് മാളികപുറം സിനിമ: എൻ അരുൺ
കഴിഞ്ഞ ദിവസം കൃഷിവകുപ്പിനെതിരെ നടൻ ജയസൂര്യ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിരവധി ആളുകളാണ് താരത്തെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. കൃഷിമന്ത്രി പി പ്രസാദ് വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ജയസൂര്യയുടെ പരാമർശവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കുള്ള ചില സാമ്പത്തിക മാഫിയകളുടെയും, സംഘപരിവാർ അജണ്ടയുടെയും കടന്നുവരവിനെ കുറിച്ച് എഎവെെഎഫ് സംസ്ഥാന നേതാവ് എൻ അരുൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഇന്ത്യ മുഴുവൻ ചർച്ച ചെയ്ത കർഷക സമരത്തിന് അനുകൂലമായി ഒരു പോസ്റ്റ് പോലും ഇടാത്ത ആളാണ് ജയസൂര്യയെന്നും. അങ്ങനെയൊരാൾക്ക് ഇത്രപെട്ടന്ന് ഒരു കർഷക സ്നേഹം വന്നത് സംഘപരിവാർ അജണ്ടയുടെ ഭാഗമായാണെന്നും അരുൺ പറയുകയുണ്ടായി. രാജ്യത്ത് ബിജെപി നടത്തുന്ന ചില നമ്പറുകളുടെ ഭാഗമാണ് ആ പ്രസംഗം, കൂടാതെ ഇപ്പോൾ കേരളത്തിലെ സിനിമാമേഖലയിൽ നടക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സിനിമ മേഖലയിലേക്ക് ഉത്തരേന്ത്യയിൽ ഉള്ളപോലയുള്ള ഒരു പറ്റം മാഫിയ സംഘങ്ങൾ കടന്നുവരുന്നുണ്ട്.
അതിന്റെ അനുകരണങ്ങളാണ് സിനിമ മേഖലയിൽ ഉയർന്നുവന്നിട്ടുള്ള കള്ളപ്പണം, ഗുണ്ടാസംഘം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപെട്ട പല വിവാദങ്ങൾ. ഇത്തരത്തിലുള്ള കാഴ്ചകൾ സിനിമ മേഖലയിൽ പുതിയതാണ്, അതിന്റെ കാരണം ചില മൂലധന ശക്തികളുടെ കടന്നുവരവാണ് . വലിയ പണക്കൊഴുപ്പുള്ളവർക്ക് അവരുടെ കൈക്കുമ്പിളിൾ നിൽക്കുന്ന ഒരു സംവിധാനമായി സിനിമ മാറുന്നുണ്ടെന്നും, ബോംബെയിൽ തുടങ്ങി കേരളത്തിന്റെ മണ്ണിലേക്കും അവ പടർന്നിരിക്കുകയാണെന്നും അരുൺ പറഞ്ഞു.
ഒരു സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ ആ സിനിമയെ തകർക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പലരും തയ്യാറാക്കി വെക്കുന്നുണ്ട്. കോക് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ നിരൂപകൻ ഒരു സിനിമ ഇറങ്ങിയപ്പോൾ, ആ സിനിമയുടെ തിരകഥാകൃത്ത് നായകൻ, നടന്മാർ എന്നിവരെ കുറിച്ച് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ആ സിനിമയെ പിച്ചി ചീന്തുകയുണ്ടായി. ഇങ്ങനെയുള്ള ആളുകൾ ചില കോപ്രായങ്ങൾ കാണിച്ചുകൊണ്ട് നിരവധി ഫോളോവേർസിനെ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പണം വാങ്ങിക്കൊണ്ട് സിനിമയെ തകർക്കാനുള്ള അജണ്ടയുടെയും, സാമ്പത്തിക ശക്തികൾ സിനിമാമേഖലയിലേക്കു വന്നതിന്റെയും തെളിവാണിത്.
നിരൂപണം നടത്തരുതെന്നല്ല അദ്ദേഹത്തിന്റെ നിലപാട്, എന്നാൽ, ഒരു പുതിയ താരോദയം, അല്ലെങ്കിൽ ഒരു പുതിയ സംവിധായകനോ ആരെങ്കിലും സിനിമ മേഖലയിലേക്ക് കടന്നുവന്നാൽ അത്, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, വിശ്വാസത്തിന്റെയോ പേരിൽ തകർക്കാൻ ഒരു ഫേസ്ബുക് പോസ്റ്റ് മതി എന്നാണ്. അതാണ് ഇപ്പോഴത്തെ സിനിമാമേഖലയുടെ അവസ്ഥ. ഒരു 1500 രൂപ മുതൽമുടക്കിൽ ഉണ്ടാക്കുന്ന ഓൺലൈൻ പോർട്ടൽ മതി എല്ലാം തകരാൻ. ഈ വിഷയത്തിൽ സിനിമാ സംഘടനകൾ തുടരുന്ന മൗനത്തെയും അരുൺ വിമർശിച്ചു. അവകാശികൾ എന്ന സിനിമയെ ഓടിടി ഏറ്റെടുക്കാനിരിക്കെ ഉപേക്ഷിച്ച കാര്യവും അദ്ദേഹം പറഞ്ഞു. ആ സിനിമയിൽ സംഘപരിവാർ എതിർ അജണ്ടയുണ്ടെന്ന പ്രചാരണം വന്നതോടെ ചില അദൃശ്യ ശക്തികളുടെ കെെകടത്തലുകളുടെ ഭാഗമായി ആ സിനിമ ഓ ടി ടി ഏറ്റെടുക്കണ്ട എന്ന് തീരുമാനിച്ചു. അതായിരുന്നു സിനിമയുടെ റിലീസ് വൈകിയതെന്നും അരുൺ ചൂണ്ടിക്കാട്ടി.
സംഘപരിവാറിനും കോൺഗ്രസിനും തമ്മിലുള്ള അന്തർധാരയെകുറിച്ചും അരുൺ പറയുകയുണ്ടായി. ജയസൂര്യ ഇടതുവിരുദ്ധൻ തന്നെയാണെന്നും, കേരള സർക്കാരുമായി ബന്ധപ്പെട്ട് എന്ത് വിവാദമുണ്ടായാലും ആ വിവാദം ഏറ്റുപിടിക്കാൻ ചില താരങ്ങൾ സജീവമായി ഇറങ്ങിയിട്ടുണ്ട്, അത് അവസാനം ചെന്ന് നില്കുന്നത് ഏത് പാളയത്തിലാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മാളികപുറം എന്ന സിനിമ ആരംഭിക്കുന്നത് ആർ.എസ്.എസിൻറെ ഇപ്പോഴത്തെ സർസംഘചാലക് മോഹൻ ഭഗവതിന് നന്ദി രേഖപെടുത്തികൊണ്ടാണ് . എന്തിനാണ് അവർക്കൊക്കെ നന്ദി പറഞ്ഞുകൊണ്ട് സിനിമയിറക്കുന്നത് എന്ന് മനസിലാവുന്നില്ലെന്നും, ഇത്തരത്തിലൊരു നന്ദി രേഖപ്പെടുത്തൽ ഇതിനു മുൻപ് കേരളത്തിൽ കണ്ടിട്ടില്ലെന്നും അരുൺ പറഞ്ഞു. ഒരു സിനിമ എന്ന രീതിയിൽ മാളികപുറത്തെ വിമർശിക്കാൻ അദ്ദേഹം തയ്യാറല്ല, കാരണം അത് ആവിഷ്കാര സ്വാതന്ത്രമാണ്.
എന്നാൽ അതിനുള്ളിലെ രഹസ്യ അജണ്ടയെകുറിച്ച് അദ്ദേഹം തുറന്നടിച്ചു. മാളികപുറത്തിന്റെ നിമ്മാതാക്കളിലൊരാളായ ആന്റോ ജോസഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ സംസ്ഥാന ചെയർമാനാണ്. കേരളത്തിലെ കോൺഗ്രസിനും സംഘപരിവാറിനും തമ്മിലുള്ള ബന്ധം മനസിലാക്കാനുള്ള ഒരു ചെറിയ ഉദാഹരണമാണിതെന്നു പറഞ്ഞുകൊണ്ടാണ് അരുൺ ഇക്കാര്യം തുറന്നടിച്ചത്. ഒരാൾ നിർമ്മിക്കുന്ന സിനിമയിൽ അയാൾ തീർത്തും വിമർശിക്കുന്ന പ്രസ്ഥാനത്തിന്റെ ദേശീയ നേതാവിന് നന്ദി രേഖപ്പെടുത്തിയാൽ അതിന്റെ അർഥം നമ്മുക്ക് മനസ്സിലാക്കാമല്ലോ എന്നാണ് അരുൺ ചോദിച്ചത്.
കൂടാതെ തൃശൂരിൽവെച്ചുനടന്ന മുഖ്യമന്ത്രിയുടെ സംസ്ഥാന സമ്മേളനത്തിൽ നടൻ രമേശ് പിഷാരടി സംസാരിച്ചിരുന്നു. അവിടെ പിഷാരടി മാർക്സിസത്തെയോ, കമ്മ്യൂണിസ്റ് പാർട്ടിയെയോ എതിർത്തതിനോ വ്യാഖ്യാനിക്കുന്നതിനോ ഒന്നും പ്രശ്നമില്ലെന്നും എന്നാൽ അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യ രാഷ്ട്രീയ എതിരാളി ആരാണെന്നു പിഷാരടിമാർ മറന്നുപോകുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മറന്നു പോകുന്നതോ, അല്ലെങ്കിൽ സൗകര്യപൂർവം മറച്ചുവെക്കുന്നതോ ആണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അവർ ഇടതുപക്ഷത്തെ വിമർശിക്കുന്നതിൽ പ്രശ്നമില്ല, പക്ഷെ അത് ഗൂഢ ലക്ഷ്യത്തോടുകൂടെയോ, അവിശുദ്ധ ബന്ധങ്ങളിലൂടെയോ ആവുമ്പോൾ അത് തുറന്നു പറഞ്ഞെ മതിയാകു എന്നാണ് അരുണിന്റെ പക്ഷം. പല താരങ്ങളും സർക്കാരിനെ വിമർശിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും പുറകെ തങ്ങൾ പോകാറില്ലല്ലോയെന്നും അരുൺ ചോദിച്ചു.
കേന്ദ്ര ഗവണ്മെന്റിന്റെ പിൻബലത്തിലാണ് ഈ സിനിമാക്കാരെയൊക്കെ സംഘപരിവാർ ശക്തികൾക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുന്നത്. കാരണം അവരുടെ കെെയ്യിൽ ഇ ഡി, ഇൻകം ടാക്സ്, സർക്കാരിന്റെ ഭരണ ഏജൻസികൾ എന്നിവയുടെ സ്വാധീനമുണ്ട്. അത് കേരളത്തിലേക്ക് കടന്നു വരുമ്പോൾ മലയാള സിനിമയ്ക്ക് അപകടമാണ്, അതിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള വിവാദങ്ങളെന്നും അരുൺ ഓർമ്മിപ്പിച്ചു.
സീരിയൽ നടി അപർണ നായർ അന്തരിച്ചു
സീരിയൽ നടി അപർണ നായർ അന്തരിച്ചു. കരമനയിലെ വീട്ടിൽ വൈകിട്ട് ഏഴ് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സിനിമ സീരിയൽ രംഗത്ത് സജീവമായ നടിയുടെ മരണം ഞെട്ടലോടെയാണ് താരങ്ങൾ അറിഞ്ഞത്.ഈ മേഖലയിലെ മറ്റ് അഭിനേതാക്കളുമായി മികച്ച സൗഹൃദം പുലർത്തിയിരുന്ന നടിയുടെ മരണത്തിൽ അസ്വാഭാവികത ഉള്ളതുകൊണ്ട് തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്.സംഭവസമയത്ത് നടിയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നതായും വിവരങ്ങളുണ്ട് .അന്വേഷണം ആരംഭിച്ച പോലീസ് ബന്ധുക്കളിൽനിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
അടുത്തിടെയായി അപർണ്ണ ഇൻസ്റാഗ്രാമിലും മറ്റുമായി നിരാശാജനകമായതും പ്രതീക്ഷകൾ അസ്തമിച്ച പോലെയും തോന്നിയിരുന്ന പോസ്റ്റുകളാണ് ഷെയർ ചെയ്തിരുന്നത്.” ഇപ്പോഴത്തെ നിന്നെ നിനക്ക് തന്നെ ഇഷ്ടം ഇല്ലെന്നാണോ, അതിന്റെ കാരണം എന്തെന്ന് അറിയാമോ, സ്വപ്നം കാണാൻ നീ ഇടക്ക് എവിടെ വച്ചോ മറന്നു പോയി”, അപർണ്ണ പങ്കിടുന്ന പോസ്റ്റുകളിൽ ഇത്തരം വാക്കുകളാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്.നടി കടുത്ത മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നത് എന്ന് ഈ പോസ്റ്റുകളിലൂടെ മനസിലാക്കുവാൻ സാധിക്കും .
നിരവധി ജനപ്രിയ സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്.മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയമാണ് നടി കാഴ്ചവച്ചത്.ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്തായാലും നടിയുടെ വിയോഗം ഞെട്ടലോടെയാണ് സീരിയൽ മേഖല അറിഞ്ഞത്.മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി.