വിവാദങ്ങളിൽ മൗനം തുടർന്ന് മുഖ്യമന്ത്രി
പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം. വാശിയേറിയ പ്രചരണവുമായി മുൻപോട്ട് പോകുകയാണ് മൂന്ന് പാർട്ടികളും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല സർവേകളും നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലം കള്ളപ്രചാര വേലയാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. നൂറുപേരെ കണ്ട് ചോദിച്ചാൽ പുതുപ്പള്ളിയിലെ പൊതുവികാരം അറിയാൻ കഴിയുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
53 വർഷക്കാലത്തിന്റെ ചരിത്രമുള്ള മണ്ഡലത്തിൽ ഇനി കോൺഗ്രസിന് വിജയമില്ല. കോൺഗ്രസിന്റെ ഇത്രയും കാലത്തെ വിജയം ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് എം.വി. ഗോവിന്ദന്റെ അഭിപ്രായം. ഈസി വാക്കോവറായി പുതുപ്പള്ളിക്ക് ജയിക്കാനാകുമെന്നായിരുന്നു കോൺഗ്രസ് പറഞ്ഞിരുന്നത്.
എന്നാൽ സ്ഥാനാർഥിയെ തന്നെ നിർത്തേണ്ടതായിട്ടുണ്ടോ എന്നും സ്ഥാനാർഥി ആരായിരിക്കുമെന്നു മുൻകൂട്ടി, കോൺഗ്രസ് നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ ഒരു വൈകാരികമായ തലം രൂപപ്പെട്ടു വരുന്നുവെന്ന് കണ്ടായിരുന്നു കോൺഗ്രസ് ഈ നിലപാട് സ്വീകരിച്ചിരുന്നത്. ഇടതുമുന്നണി ആദ്യം തന്നെ എടുത്ത നിലപാട് പുതുപ്പള്ളിയിൽ രാഷ്ട്രീയ നിലപാടുകൾ വെച്ച് മത്സരിക്കുമെന്നായിരുന്നു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഇപ്പോൾ ചർച്ച ചെയ്യുന്നതും രാഷ്ട്രീയവും വികസനവുമാണ്. ഇത്തവണ തങ്ങൾ ഈ മണ്ഡലം ഉറപ്പായും ജയിക്കുമെന്ന വിശ്വാസത്തിലാണ് എം വി ഗോവിന്ദൻ. അതിന്റെ പ്രധാന കാരണം തന്നെയും അതിനാവശ്യമായ വോട്ടുകൾ ജനങ്ങൾ ഇടതുമുന്നണിക്ക് നൽകുമെന്ന വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിൽ മറ്റൊരു കാര്യം എന്തെന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളി മണ്ഡലത്തിലെ പ്രചരണം പൂർത്തിയാക്കിയിരിക്കുകയാണ്.
എന്നാൽ വിവാദങ്ങളിൽ പൂർണ മൗനം പുലർത്തിയാണ് മുഖ്യമന്ത്രി പ്രചരണം പൂർത്തിയാക്കിയത്. മൂന്ന് ഘട്ടമായാണ് പുതുപ്പള്ളിയിലെ 8 പഞ്ചായത്തുകളിൽ ഓരോ പൊതുയോഗത്തിൽ വീതം അദ്ദേഹം പ്രചരണം നടത്തിയത്.
സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രചരണങ്ങൾ നടന്നത്. വികസനത്തിൽ പിന്നോക്കം നിൽക്കുന്ന മണ്ഡലമാണു പുതുപ്പള്ളിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസത്തെ അവസാന പ്രചരണത്തിൽ അദ്ദേഹം പറഞ്ഞത് വികസനത്തിൽ പ്രാദേശിക വേർതിരിവുകൾ ഇല്ലെന്നും കേരളത്തിനു പൊതുവായി ലഭിച്ച വികസനത്തിന്റെ ഒരു ഭാഗം പുതുപ്പള്ളിയിലേക്കും എത്തിയെന്നായിരുന്നു.
നെൽകർഷകരുടെ വിവാദങ്ങൾ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി റബർ കൃഷിയെക്കുറിച്ച് മാത്രമാണ് പരാമർശിച്ചത്. നെൽകർഷകരുടെ വിഷയത്തിൽ മൗനം പാലിച്ച മുഖ്യമന്ത്രി വികസനത്തെക്കുറിച്ചും കേറെയിലിനെക്കുറിച്ചും പറഞ്ഞപ്പോഴും ഇതേ മൗനമാണ് തുടർന്നത്. ജെയ്ക് സി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മറ്റക്കരയിലും പാമ്പാടിയിലും ഞാലിയാകുഴിയിലും നടന്ന പൊതുയോഗങ്ങളിൽ വെച്ചായിരുന്നു മുഖ്യ മന്ത്രി സംസാരിച്ചത്.
ഭാര്യയെ വെടിവെച്ചു കൊന്ന് ഭർത്താവ് നിമിഷങ്ങൾക്കുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചു
56 കാരൻ ഭാര്യയെ വെടിവച്ചു കൊന്നു. ഭാര്യ മരിച്ച് ഉടൻ തന്നെ ഭർത്താവ് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിക്കുകയും ചെയ്തു, മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ഇരുവരുടെയും വീട്ടിൽ വെച്ചായിരുന്നു സംഭവം. കൽവയിലെ കുംഭാർ അലിയിൽ സ്ഥിതി ചെയ്യുന്ന യശ്വന്ത് നിവാസ് ബിൽഡിംഗിൽ വെള്ളിയാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. ദിലീപ് സാൽവിയും 51കാരിയായ ഭാര്യ പ്രമീളയുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രി വീട്ടിലെത്തിയ സാൽവിയും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി.
രോഷാകുലനായ അയാൾ റിവോൾവർ എടുത്ത് ഭാര്യക്ക് നേരെ രണ്ട് റൗണ്ട് വെടിയുതിർക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തൊട്ടുപിന്നാലെ, സാൽവി നിലത്ത് കുഴഞ്ഞുവീഴുകയും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. സാൽവി തന്റെ ഭാര്യയുടെ നേരെ റിവോൾവർ ചൂണ്ടിയപ്പോൾ അവൾ അലാറം ഉയർത്തി മകനെ വിളിച്ചു, എന്നാൽ അയാൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് അവൾ മരിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പോലീസ് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൽവയിലെ സ്വാധീനമുള്ള ഒരു കുടുംബത്തിൽപെട്ടയാളാണ് സാൽവിയെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് പരേതനായ യശ്വന്ത് രാമ സാൽവിയുടെ പേരിലാണ് നിരവധി നാഗരിക പദ്ധതികളും മറ്റ് പദ്ധതികളും. സംഭവത്തിന് ശേഷം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ I) ഗണേഷ് ഗവാഡെ സംഭവസ്ഥലം സന്ദർശിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സൂര്യന്റെ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍ 1
ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. ചാന്ദ്ര ദൗത്യത്തിന് ശേഷം സൂര്യന്റെ അറിയാക്കഥകള്‍ തേടി ആദിത്യ എല്‍ 1. ഇന്ത്യയുടെ ആദ്യ സോളാര്‍ സ്പേസ് ഒബ്സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍ 1 ഇന്ന് രാവിലെ 11: 50ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് പി എസ് എല്‍ വി -സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ആദ്യ രണ്ടു ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീയാക്കിയെന്നും പേലോഡുകള്‍ വേര്‍പെട്ടെന്നും ഐഎസ് ആര്‍ ഒ അറിയിച്ചു.
എന്താണ് ആദിത്യ-എല്‍1? അതിന്റെ നേട്ടങ്ങള്‍
സൂര്യനെക്കുറിച്ചു പഠിക്കുന്നതിന് ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന ആദ്യത്തെ നിരീക്ഷണ കേന്ദ്രമാണ് ആദിത്യ എല്‍1. ലാഗ്രാന്‍ജ് പോയിന്റ് 1 അഥവാ എല്‍ 1 എന്നറിയപ്പെടുന്ന പ്രദേശത്തായിരിക്കും സ്ഥാപിക്കുക. ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എല്‍ 1 എത്തുക. വിക്ഷേപിച്ച് 64 മിനിറ്റിനുശേഷം, ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെ, ആദിത്യ റോക്കറ്റില്‍നിന്നു വേര്‍പെടും.
തുടര്‍ന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലാഗ്രാന്‍ജ് ബിന്ദുവില്‍ എത്തുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ആദിത്യ ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലൂടെയായിരിക്കും സഞ്ചാരം.
പരമാവധി തടസങ്ങളില്ലാതെ സൂര്യനെ നിരീക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ആദിത്യ-എല്‍ 1 സ്ഥാപിക്കുന്നതു കൊണ്ടുള്ള നേട്ടം. അതുമാത്രമല്ല സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഈ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്ന് പഠിക്കാനും ഈ ദൗത്യം വഴി സാധിക്കും.
ഭൂമിയുടെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് വികസിപ്പിക്കും. ഇതിന് ശേഷം ലോ എനര്‍ജി പ്രൊപ്പല്‍ഷന്‍ ട്രാന്‍സ്ഫര്‍ വഴി പേടകത്തെ ലാഗ്രാന്‍ജ് 1 പോയിന്റിന് സമീപത്ത് എത്തിക്കും. ഇതായിരിക്കും ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണ ഘട്ടം എന്നാണ് ഐ എസ് ആര്‍ ഒ കരുതുന്നത്. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലാഗ്രാന്‍ജ് പോയന്റ് 1 ലാണ് ആദിത്യ എല്‍-1 സ്ഥാനമുറപ്പിക്കുക. സൂര്യന്റെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താനും കൃത്യതയോടെ നിരീക്ഷിക്കാനും ഈ പോയന്റില്‍ നിന്ന് കൊണ്ട് സാധിക്കും.
1500 കിഗ്രാം ഭാരമുള്ള ആദിത്യ എല്‍-1 ല്‍ ഏഴ് പേലോഡുകള്‍ ആണ് അടങ്ങിയിരിക്കുന്നത്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ്, സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ്, ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്‌നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്സ്റേ സ്പെക്ട്രോമീറ്റര്‍ എന്നിവയാണ് ഏഴ് പേലോഡുകള്‍.
ഐഎസ്ആര്‍ഒ, പൂനെയിലെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, മറ്റ് സംഘടനകള്‍ എന്നിവയിലെ ശാസ്ത്രജ്ഞരുടെ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ആദിത്യ-എല്‍1 ദൗത്യം.
സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യവുമാണ് ഇന്ത്യ. സുപ്രധാനമായ ദൗത്യങ്ങളിലൂടെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുകയാണ് നമ്മുടെ ഭാരതം. ചാന്ദ്രയാന്‍ ദൗത്യംപോലെ ആദിത്യ-എല്‍1 ദൗത്യത്തിലൂടെ വീണ്ടും നേട്ടം കൈവരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ശാസ്ത്രലോകവും.
വിവാഹത്തിന് നിർബന്ധിച്ചതിന് ലിവിങ് ടുഗെതർ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊന്നു
ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ച് വിവാഹിതനായ യുവാവ് പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊന്നു. ദുർഗ ധൃത്ലഹരെ എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ വേദമതി വർമ (46) എന്ന യുവതി തന്റെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഈ വിഷയത്തിൽ ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നു. ഈ ദേഷ്യത്തിലാണ് യുവതിയെ കൊല്ലാൻ തീരുമാനിച്ചത്. നൈലോൺ കയർ കഴുത്തിൽ മുറുക്കിയ നിലയിലാണ് വേദമതി വർമയെ വീട്ടിൽ കണ്ടെത്തിയത്.
വേദമതി വിവാഹമോചിതയാണെന്നും മക്കൾ വിവാഹിതരാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടക്കത്തിൽ, ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി ജമുലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അതേ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരിയായ ദുർഗ ധൃത്‌ലഹരെയുമായി വേദമതിക്ക് ബന്ധമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിവാഹിതയായ ദുർഗ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേദമതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദുർഗയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊലപാതകം സമ്മതിച്ചു.
‘മന്ത്രിമാർ നൽകിയത് മാന്യമായ മറുപടി’ : ജയസൂര്യയുടെ വിഷയത്തിൽ മന്ത്രി എം ബി രാജേഷ്
കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച പ്രസ്താവനയായിരുന്നു നെൽകർഷകരുടെ ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞുകൊണ്ടുള്ള നടൻ ജയസൂര്യയുടെ പരാമർശം. ഈ വിവാദ പരാമർശത്തിനെതിരെയും അനുകൂലിച്ചും നിരവധിയാളുകൾ രംഗത്തുവന്നിരുന്നു. ജയസൂര്യയുടെ പ്രസ്താവനയിൽ മന്ത്രിമാർ നൽകിയത് മാന്യമായ മറുപടിയാണെന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി എം ബി രാജേഷ് ഇപ്പോൾ.
താരം നടത്തിയ ഇരട്ടതാപ്പ് തുറന്നു കാണിക്കുകയാണ് ചെയ്തതെന്നും, ഒരിക്കലും ഒരാളുടെയും രാഷ്ട്രീയ നിലപാട് നോക്കിയല്ല ആരെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നടൻ ജോജു ജോർജിനോട് കോൺഗ്രസ് പ്രതികരിച്ചത് എങ്ങനെയാണെന്ന് കേരളം കണ്ടതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇടതുപക്ഷം രാഷ്ട്രിയപരമായാണ് വിഷയത്തിന് മറുപടി നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിനെകുറിച്ചും മന്ത്രി സംസാരിക്കുകയുണ്ടായി. പുതുപ്പള്ളിയിൽ പ്രചരണങ്ങൾക്ക് വികസനം ചർച്ചയാക്കിയപ്പോൾ യുഡിഎഫ് പ്രതിരോധത്തിലായെന്നും, തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നടൻ ജയസൂര്യയുടേത് വ്യക്തമായ ബിജെപി അജണ്ടയാണെന്നാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.നടന്റെ പരാമർശം മുഴുവൻ പച്ചക്കള്ളമാണെന്നും ബോധപൂർവം കേരളത്തിലെ കൃഷിവകുപ്പിനെയും ഗവണ്മെന്റിനെയും കരി വാരി തേക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പ്രസംഗമാണ് ജയസൂര്യയുടേതെന്നും അരുൺ പറഞ്ഞിരുന്നു.
നടൻ ജയസൂര്യയുടെ വിവാദ പ്രസംഗത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ രംഗത്തുവന്നിരുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട നടന്റെ പരാമർശങ്ങൾ, വസ്തുതകൾ കൃത്യമായി മനസ്സിലാക്കാതെയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ജയസൂര്യയുടെ പരാമർസത്തിന് വിമർശനവുമായി മന്ത്രിമാർ ഉൾപ്പെടെ നിരവധിയാളുകൾ രംഗത്ത് എത്തിയിരുന്നു.വിമർശനങ്ങൾ ഉയരുമ്പോഴും ഈ വിഷയത്തിൽ നടൻ ഇതുവരെ ഔദ്യോഗികമായി ഒരിടത്തും മറുപടി പറഞ്ഞിട്ടില്ല. എന്നാൽ താരം പറഞ്ഞ കാര്യത്തിൽ ഉച്ചുനിൽക്കുന്നെന്ന് ചില വാർത്തകൾ വന്നിരുന്നു. ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് തുടർ പ്രതികരണങ്ങൾ നടത്താത്തതെന്നാണ് വിവരങ്ങൾ.
കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള നടൻ ജയസൂര്യയുടെ പ്രസംഗം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇതിനോടകം നേരിട്ട് കൊണ്ടിരിക്കുന്നത്. കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് ജയസൂര്യ പ്രസംഗത്തിനിടെ ഉയർത്തിയ പ്രധാന വാദം. കളമശ്ശേരിയില്‍വെച്ചുനടന്ന കാര്‍ഷികോത്സവ വേദിയില്‍ നെല്‍ കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്ത വിഷയമുയർത്തിക്കാട്ടി സര്‍ക്കാരിനെ ജയസൂര്യ വിമർശിച്ചിരുന്നു. മന്ത്രി പി രാജീവിനേയും കൃഷിമന്ത്രി പി പ്രസാദിനേയും വേദിയിലിരുത്തി കൊണ്ടായിരുന്നു നടന്‍റെ വിമർശനം.