വാർത്തകൾ ഒറ്റനോട്ടത്തിൽ : ചരിത്രം സൃഷ്ടിക്കുമോ? മിനിറ്റുകൾ ബാക്കിനിൽക്കെ, ലോകം ഉറ്റുനോക്കുന്നു ചന്ദ്രയാൻ മൂന്നിലേക്ക്

ചരിത്രം സൃഷ്ടിക്കുമോ? ലോകം ഉറ്റുനോക്കുന്നു ചന്ദ്രയാൻ മൂന്നിലേക്ക്

ഇന്ത്യയുടെ പേര് ചരിത്രത്തിൽ കുറിക്കാൻ കെൽപ്പുള്ള ദൗത്യമാണ് ചന്ദ്രയാൻ മൂന്ന്. വിജയത്തിന്റെ തൊട്ടരികിൽ നിൽക്കുമ്പോൾ ലോകം ഉറ്റുനോക്കുകയാണ് ചന്ദ്രയാൻ മൂന്നിനെ. ചന്ദ്രയാൻ 2ന്റെ പരാജയത്തിൽ നിന്നുൾക്കൊണ്ട ഊർജമാണ് ചന്ദ്രയാൻ മുന്ന് ദൗത്യത്തിന്റെ കരുത്ത്. ഇന്ന് പേടകം ചന്ദ്രനിലിറങ്ങുന്നതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ പുതിയ ചരിത്രമാണ് ഇന്ത്യ കുറിക്കുക. റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്നതിനാൽ ഇന്ത്യയുടെ ദൗത്യത്തിലാണ് ലോകത്തിന്റെ പ്രതീക്ഷ. ചന്ദ്രയാൻ മൂന്നിന് ഇനി വിജയത്തിലേക്കുള്ളത് മിനിറ്റുകൾ മാത്രമാണ്.

 

ഇന്ന് വൈകിട്ട് 6.04 ന് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. നിലവിൽ 25 കിലോമീറ്റർ വരെ കുറ‍ഞ്ഞ ദൂരം വരുന്ന ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് പേടകം ചന്ദ്രനെ വലം വെക്കുന്നത്. തകർന്നു പോയ ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ചന്ദയാൻ 3 ന് ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇതുവഴിയായിരിക്കും സന്ദേശങ്ങൾ അയയ്ക്കുക. കാരണം ചന്ദ്രയാൻ 3ന് സ്വന്തമായി ഓർബിറ്ററില്ല.

ഒപ്റ്റിക്കൽ ലേസർ ഡോപ്ലർ മീറ്ററും ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ക്യാമറയും ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പകർത്തും. ഇതാണ് ലാൻഡറിലെ സോഫ്റ്റ് വെയർ വിശകലനം ചെയ്ത് ഇറങ്ങേണ്ട സ്ഥലം തീരുമാനിക്കുക. 30 സെന്റീമീറ്ററിൽ അധികം വലുപ്പമുള്ള പാറകളോ ഗർത്തങ്ങളോ ഉപരിതലത്തിൽ ഉണ്ടെങ്കിൽ മറ്റൊരിടത്ത് ഇറങ്ങാൻ വേണ്ടി അധിക ഇന്ധനവും പേടകത്തിൽ കരുതിയിട്ടുണ്ട്. ചന്ദ്രയാൻ രണ്ടിന് ഇറങ്ങാനായി തിരഞ്ഞെടുത്തതിനേക്കാൾ വിശാലമായ സ്ഥലമാണ് ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത്.

ലാൻഡിങ്ങിന് ശേഷം പ്രഗ്യാൻ റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ അശോകസ്തംഭവും ഇസ്റോ‌യുടെ ചിഹ്നവും വരയ്ക്കും. വെള്ളത്തിൻ്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. കൂടാതെ സോഫ്റ്റ്ലാൻഡിങ്ങിൻ്റെ ചരിത്ര നിമിഷങ്ങൾ ലൈവ് സ്ട്രീമിങ് നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്: അമിക്കസ്ക്യൂറി സ്ഥാനത്തുനിന്നും രഞ്ജിത് മാരാരെ മാറ്റും

നടിയെ ആക്രമിച്ച കേസിലെ അമിക്കസ്ക്യൂറി സ്ഥാനത്തുനിന്നും രഞ്ജിത് മാരാരെ മാറ്റും. കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽമാർ​ഗ നിർദേശം നൽകാനായിരുന്നു രഞ്ജിത് മാരാരെ അമിക്കസ്ക്യൂറിയായി നിയോ​ഗിച്ചത്. എന്നാൽ രഞ്ജിത് മാരാരുടെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്ന കാരണത്താൽ പ്രോസിക്യൂഷനും അതിജീവിതയും ഇതിന് എതിർപ്പ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് തന്നെ അമിക്കസ്ക്യൂറി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് മാരാരും അപേക്ഷ നൽകി. പ്രസ്തുത കേസുമായി സഹകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന കാരണമാണ് രഞ്ജിത് അപേക്ഷയിൽ മുന്നോട്ടുവെച്ചത്.

രഞ്ജിത്തും കേസിലെ എട്ടാം പ്രതി ദിലീപും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ദിലീപിനെ അനുകൂലിച്ച് രഞ്ജിത് മുൻപ് മാധ്യമ ചർച്ചയിൽ പങ്കെടുത്തുവെന്നുമാണ് പ്രോസിക്യൂഷനും അതിജീവിതയും കോടതിയിൽ വാദമുന്നയിച്ചത്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ കേസിലെ വാദം കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതിയിൽ നടന്നത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ദൃശ്യങ്ങൾ ചോർന്നതിൽ മാർഗ്ഗ നിർദേശം വേണമെന്ന അതിജീവിതയുടെ ആവശ്യവും ഹൈക്കോടതി അം​ഗീകരിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്നതിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് പങ്കുണ്ടോയെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.

മെമ്മറി കാർഡ് ചോർന്ന വിഷയത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഹൈക്കോടതി നിരാകരിക്കുകയായിരുന്നു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോ എന്നാണ് അന്ന് കോടതി ചോദിച്ചത്. ദിലീപിന് മാത്രമാണല്ലോ പരാതി എന്നും ചോദിച്ച കോടതി ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിനുള്ളിലെ പ്രധാനപ്പെട്ട എട്ട് ഫയലുകൾ ചോർന്നതിന് ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. സ്വകാര്യതയുടെ ലംഘനമാണ് അവിടെ സംഭവിച്ചിരിക്കുന്നത്.

വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണം; വെെദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി

ഇത്തവണ വളരെ കുറച്ച് മഴ മാത്രമേ കേരളത്തിൽ ലഭിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ ഡാമുകളിലെ ജലലഭ്യത കുറവാണ്. ഈ സാഹചര്യത്തിൽ വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വെെദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം ജനങ്ങളോട് പറഞ്ഞത്.

ഈ വർഷം 45 ശതമാനത്തിനടുത്ത് മഴ കുറവുണ്ടായ സാഹചര്യമായിരുന്നു കേരളത്തിൽ. അതിനാൽതന്നെ ഡാമുകളിൽ ജലത്തിന്റെ ലഭ്യത കുറവാണ്. ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം വളരെ പരിമിതമായ രീതിയിൽ മാത്രമേ നടക്കുന്നുള്ളെന്നും അതിനാൽതന്നെ കരുതലോടെ വേണം വൈദ്യുതി ഉപയോഗിക്കാനെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഉർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

സാഹചര്യങ്ങൾ ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ഇനിയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകുന്നുണ്ട്. ചിലപ്പോൾ വൈദ്യുതി ചാർജ് കൂട്ടാൻ സാധ്യതയുണ്ടെന്ന് മന്ത്രി നേരത്തെതന്നെ പറഞ്ഞിരുന്നു. ഈ മാസവും വലിയ തോതിൽ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് സൂചന. കാരണംവലിയ വിയ കൊടുത്ത് പുറത്തുനിന്നാണ് ഇപ്പോൾ വെെദ്യുതി വാങ്ങുന്നതെന്നും, ഏകദേശം പത്ത് കോടിയോളം രൂപയുടെ നഷ്ടം കെ എസ് ഇ ബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത് . ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് തൽക്കാലം കടുത്ത തീരുമാനങ്ങളൊന്നും വരില്ലെന്നാണ് സൂചനകളിൽനിന്നും വ്യക്തമാകുന്നത്.

മിസോറാമിൽ നിർമ്മാമത്തിലിരിക്കുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ചു

മിസോറാം തലസ്ഥാനമായ ഐസ്വാളിന് സമീപം നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോമിച്ചുകൊണ്ടിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന ആശങ്കയിലാണ് രക്ഷാപ്രവർത്തകർ. ഐസ്വാൾ ജില്ലയിലെ സൈരാംഗിലാണ് പാലം തകർന്ന് അപകടമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മിസോറം മുഖ്യമന്ത്രി സോറംതംഗ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ സമൂഹമാധ്യമമായ എക്സിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, ദുരിതബാധിതർക്ക് നൽകാൻ കഴിയുന്ന എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കൂടാതെ ദുരന്തത്തിൽ പരിക്കേറ്റവർക്കും, മരണപ്പെട്ടവരുടെ കുടുംബത്തിനും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു നിശ്ചിത തുക നൽകും, എന്നാണ് പ്രധാനമന്ത്രിയുടെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ പറഞ്ഞിരിക്കുന്നത്.

മരണമടഞ്ഞ എല്ലാ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മിസോറം മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാനെത്തിയ ആളുകൾക്കുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

ഈ ദാരുണമായ സംഭവത്തെകുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും, ഇത് തങ്ങളുടെ മാൾഡ ജില്ലയിൽ നിന്നുള്ളവരുൾപ്പെടെ നിരവധി തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയെന്നുമാണ് മമതാ ബാനർജി തന്റെ ട്വിറ്ററിൽ കുറിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കായി മിസോറാം ഭരണകൂടവുമായി ഒരേസമയം ഏകോപിപ്പിക്കാൻ മമതാ ബാനർജിയുടെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള ടിക്കറ്റ് നിഷേധിച്ചതിൽ പ്രതികരിച്ച് രമേശ് ചെന്നിത്തലയും കെ മുരളീധരനും

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഇഞ്ചോടിച്ച് പോരാട്ടത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും. രണ്ട് പേരും പുതുപ്പള്ളിക്ക് ഏറെ പ്രിയപ്പെട്ടവർ ആകുമ്പോൾ വിജയം ആർക്കൊപ്പമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാൻ നാടിനും കഴിയുന്നില്ല. മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് ചർച്ചയാകുമ്പോൾ ശക്തമായ പ്രചരണവുമായി തന്നെ മുൻപിലുണ്ട് നമ്മുടെ സ്ഥാനാർത്ഥികളും. പപ്പയുടെ ഓർമ്മകൾക്കൊപ്പം, പകർന്നു നൽകിയ അറിവുകൾക്കൊപ്പമാണ് ചാണ്ടി ഉമ്മന്റെ പ്രചരണം നടക്കുന്നത്. രണ്ട് വട്ടം ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പം മത്സരിച്ച്, മൂന്നാം വട്ടം അദ്ദേഹത്തിന്റെ മകൻ ചാണ്ടിയ്‌ക്കൊപ്പം വികസനം പറഞ്ഞ് പ്രചരണം കൊഴുപ്പിക്കുകയാണ് ജയ്ക്.

എന്നാൽ ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തക സമതിയിൽ ഉൾപ്പെടുത്താത്തതിൽ, കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു. പത്തൊൻപത് വര്ഷം മുൻപുള്ള പദവിയാണ് അദ്ദേഹത്തിന് ഇപ്പോഴും ലഭിച്ചിരിക്കുന്നത്. പ്രവർത്തക സമതിയിൽ സ്ഥിരം ക്ഷണിതാവാണ് ഇപ്പോഴും രമേശ് ചെന്നിത്തല. 2004-ൽ ചെന്നിത്തല പ്രവർത്തക സമിതിയിലുണ്ടായിരുന്നു. ഇത്തവണ എങ്കിലും പ്രവർത്തക സമിതിയിൽ ഉൾപ്പെടുമെന്ന് കരുതി പുതുപ്പള്ളി പ്രചാരണത്തിന് എത്തിയ രമേശ് ചെന്നിത്തല ഉടൻ തന്നെ തിരിച്ചു മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മുൻപത്തെ പ്രവർത്തകസമിതിയിൽ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നത് ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി എന്നിവരായിരുന്നു. ഇതിൽ ഉമ്മൻ ചാണ്ടിക്ക് പകരം ശശി തരൂരാണ് സമിതിയിലെത്തിയത്.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള ടിക്കറ്റ് നിഷേധിച്ചതിൽ രമേശ് ചെന്നിത്തല പ്രതികരിച്ചതിന് പിന്നാലെ കെ മുരളീധരനും രംഗത്ത് എത്തിയിരിക്കുകയാണ്. ലോക്സഭാ കാലാവധി കഴിഞ്ഞാൽ പൊതുപ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കെ മുരളീധരന്റെ വാക്കുകൾ ഇങ്ങനെ “പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞാനും ചിലത് പറയാം. കെ കരുണാകരന്റെ സ്മാരകത്തിന്റെ പണി ഇതുവരെയും തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ഈ ലോക സഭയുടെ കാലാവധി കഴിഞ്ഞതിന് ശേഷം ആ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അതുവരെയും പൊതുരംഗത്ത് നിന്നും മാറണം. വിശദമായുള്ള കാര്യം ആറാം തിയതിക്ക് ശേഷം ഞാനും പറയാം. എന്നാണ് അദ്ദേഹം പറഞ്ഞത്.

പരാതിയുണ്ടെങ്കിൽ നേതൃത്വത്തിനോട് സംസാരിച്ച് പരിഹരിക്കുമെന്ന നിലപാടിലാണ് സതീശൻ. ഇതിൽ ഒരു വിവാദത്തിന്റെയും പ്രശ്നം ഇല്ലെന്നാണ് അദ്ദേഹം പറയുന്നത് . പരാതിയോ പരിഭവമോ ഉണ്ടെങ്കിൽ തന്നെയും ദേശീയ നേതൃത്വം ഇടപെട്ട് അത് പരിഹരിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിൽ എല്ലാവരും ആവേശത്തോടെയും സജീവമായുമുണ്ട്. കോൺഗ്രസും യുഡിഎഫും ഒറ്റ ടീമായും ചിട്ടയോടെയുമാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ ആർക്കും എതിർപ്പുള്ളതായി തനിക്ക് അറിയില്ലെന്നാണ് കെ സുധാകരൻ പറയുന്നത്. അതെല്ലാം അവരോട് ചോദിച്ചാൽ മതിയെന്നും തന്നോട് ചോദിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനൊന്നും പ്രതികരിക്കാൻ താൻ ഇല്ല. ഒരു ഭദ്രമല്ലായ്മയും ഈ പാർട്ടികക്കത്ത് ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല വിശദീകരണവുമായി സഹതാരം

സിംബാബ്‌വെയുടെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്തകൾ‌ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ പൂർണമായും തെറ്റാണെന്ന വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സഹതാരം. സിംബാബ്‌വെ ടീമിൽ സ്ട്രീക്കിനൊപ്പം കളിച്ച ഹെൻറി ഒലോം​ഗയാണ് സമൂഹമാധ്യമമായ എക്സിലൂടെ സ്ട്രീക്കിന്റെ മരണ വാർത്ത നിഷേധിച്ചത്.

 എന്നാൽ സ്ട്രീക്ക് മരണപ്പെട്ടെന്ന വാർത്ത സമൂഹമാധ്യമമായ എക്സിലൂടെ മുൻപ് പുറത്തു വിട്ടതും ഹെൻറി ഒലോം​ഗ തന്നെയായിരുന്നു. ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാർത്ത തെറ്റാണെന്ന് താൻ സ്ഥിരീകരിക്കുന്നുവെന്നും, താൻ അൽപ്പം മുമ്പ് സ്ട്രീക്കുമായി സംസാരിച്ചിരുന്നു, അദ്ദേഹം ജീവിച്ച് ഇരിക്കുന്നതായും ഒലോം​ഗ എക്സിലൂടെ വ്യക്തമാക്കി.

 ഈ വർഷം മെയ് മാസത്തിൽ താരം അർബുദത്തിന് ചികിത്സ തേടിയിരുന്നു. ഇതിനു ശേഷമാണ് അന്തർ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ സ്ട്രീക്കിന്റെ മരണവാർത്ത പരക്കാൻ തുടങ്ങിയത്. 1990 കളിലും 2000 ങ്ങളിലും സിംബാബ്‌വെ ക്രിക്കറ്റ് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഹീത്ത് സ്ട്രീക്ക്. സ്റ്റാറ്റിസ്റ്റിക്കൽ റെക്കോർഡ് പ്രകാരം, സിംബാബ്‌വെ ടീമിനായി കളിച്ച ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. സിംബാബ്‌വെയ്ക്ക് വേണ്ടി കൂടുതൽ അന്താരാഷ്ട്ര വിക്കറ്റ് നേടിയ താരവും സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിലെ താരവുമാണ് ഹീത്ത് സ്ട്രീക്ക്.

2003 ലോകകപ്പ് മത്സരത്തിൽ സ്ട്രീക്ക് ആയിരുന്നു സിംബാബ്‌വെയെ നയിച്ചത്. എന്നാൽ ക്രിക്കറ്റ് ബോർഡിലുള്ള സിംബാബ്‌വെ സർക്കാരിന്റെ ഇടപെടൽ കാരണം 2004 ൽ സ്ട്രീക്ക് നായക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടിരുന്നു. സിംബാബ്‌വെ ക്രിക്കറ്റിൽ നിന്ന് താരം വിരമിച്ചത് 2005 ലാണ്. അതിനുപിന്നാലെ സ്ട്രീക്ക് പരിശിലകനായി മാറി.

ചൂട് കൂടുന്നു ; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്തു വീണ്ടും ചൂട് കൂടുന്നു. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും നാളെയുമായി 36 ഡി​ഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. സാധാരണ ഉയരുന്നതിനെക്കാൾ 3 മുതൽ 5 ഡി​ഗ്രി വരെ കൂടുതലാണിത്.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 5 വരെ കൂടുതലാണിത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡി​ഗ്രി വരെ ഉയർന്ന താപനിലയ്ക്കാണ് സാധ്യത. ഇത് സാധാരണയെക്കാൾ 3 – 4 ഡി​ഗ്രി കൂടുതലാണ്. ആദ്യമായാണ് മൺസൂൺ സീസണിൽ ഇത്തരമൊരു താപനില മുന്നറിയിപ്പ് വരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Day of Birth Numerology: Unlocking Your Future

Have you ever wondered about the significance of your...

Finding Numerology Name by Date of Birth

Numerology is the research of numbers and their mystical...

Opening the Secrets of Psychic Checking Out

Psychic reading has long been a mystical and intriguing...

The Advantages of Free Tarot Analysis

Are you curious concerning what the future holds? Do...