വാർത്തകൾ ഒറ്റനോട്ടത്തിൽ ; പുതുപ്പള്ളിയുടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു

ഇനി ഇവരുടെ പോരാട്ടം ; ദിവസങ്ങൾ ബാക്കിനിൽക്കെ പുതുപ്പള്ളിയുടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു

കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന പുതുപ്പള്ളിയുടെ മണ്ണിൽ തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ അടുക്കുംതോറും ആവേശം കൂടികൂടിവരികയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ പുതുപ്പള്ളി നേരിടുന്ന ഈ തെരഞ്ഞെടുപ്പിന് പലരുടെയും രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവുകൾ സൃഷ്ടിക്കാൻ കെൽപ്പുണ്ട്. കൊട്ടും കുരവയും വാ​ഗ്ദാനങ്ങളുമായി സമർപ്പിച്ച നാമനിർദ്ദേശപത്രികകളുടെ കാര്യത്തിൽ തീരുമാനങ്ങൾ അന്ത്യത്തോടടുക്കുമ്പോൾ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചിത്രം ഏകദേശം തെളിഞ്ഞിരിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പത്ത് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് കമ്മീഷന്‌ മുമ്പാകെ ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ എന്നീ പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ ആം ആദ് മി പാര്‍ട്ടിയുടെയും സ്വതന്ത്രന്മാരുടെയും പത്രികകളാണ് വരണാധികാരിക്ക് മുന്‍പിലെത്തിയിരുന്നത്.

ഇപ്പോൾ ഉപതിരഞ്ഞെടുപ്പിനായി വെറും കുറച്ചുദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാമനിർദ്ദേശപത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായിരിക്കുകയാണ്. ആകെ 10 നാമനിർദ്ദേശപത്രികകള്‍ ഉണ്ടായിരുന്നതിൽ 7 പത്രികകള്‍ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. സിപിഐഎമ്മിന്റെ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന റെജി സഖറിയയും കൂടാതെ ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ മഞ്ജു എസ് നായരും പത്രിക സ്വയം പിന്‍വലിക്കുകയായിരുന്നു. കേരളത്തില്‍ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോ. കെ പദ്മരാജന്റെ നാമനിര്‍ദേശ പത്രിക വരണാധികാരി തളളുകയും ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. ചാണ്ടി ഉമ്മൻ, ജി. ലിജിൻലാൽ, മഞ്ജു എസ്. നായർ, ലൂക്ക് തോമസ് എന്നിവർ ഉപവരണാധികാരിയായ പാമ്പാടി ബി.ഡി.ഒ ഇ. ദിൽഷാദ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചിരുന്നത്. റെജി സഖറിയ, ഷാജി, പി.കെ. ദേവദാസ്, ജെയ്ക് സി തോമസ് എന്നിവർ വരണാധികാരിയായ ആർ.ഡി.ഒ. മുമ്പാകെയും.

സൂഷ്മ പരിശോധന പൂർത്തിയായതോടെ പുതുപ്പള്ളിയിലെ ചിത്രം ഏകദേശം തെളിഞ്ഞ മട്ടാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൽ നിന്ന് ചാണ്ടി ഉമ്മന്‍, സിപിഐമ്മിൽ നിന്ന് ജെയ്ക്ക് സി തോമസ്, ഭാരതീയ ജനതാ പാര്‍ട്ടിയിൽനിന്ന് ജി ലിജിന്‍ലാല്‍, ആം ആദ്മി പാര്‍ട്ടിയിൽനിന്ന് ലൂക്ക് തോമസ് കൂടാതെ സ്വതന്ത്രരായി ഷാജി, സന്തോഷ് ജോസഫ്, പി. കെ ദേവദാസ് എന്നിവരാണ് പുതുപ്പള്ളിയിലെ ആവേശമുണർത്തുന്ന മത്സര രംഗത്തുണ്ടാവുക.


ഇത്തവണ പത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോൾ സ്ഥാനാർത്ഥികളിൽ ഒരൊറ്റയാളുടെപോലും അപരന്മാരില്ല എന്നത് ഒരു പ്രത്യേകതയായിരുന്നു. അപരന്മാരില്ലാത്ത തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ സ്ഥാനാർഥികൾക്ക് ആശ്വാസത്തോടെ അങ്കത്തട്ടിലേക്കിറങ്ങാം. കാരണം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ഏറ്റവും ഭയക്കുന്ന ഒന്നാണ് അപരന്മാരുടെ സാന്നിധ്യം. ഒട്ടനവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾപ്പോലും അടിപതറിപ്പോയത് ഇവരുടെ മുന്നിലാണ്. ഇപ്പോൾ സ്ഥാനാർത്ഥിചിത്രം തെളിഞ്ഞ സാഹചര്യത്തിൽ മത്സരാർത്ഥികൾക്ക് കൃത്യമായ വീക്ഷണത്തോടെ എതിരാളികളെ മനസിലാക്കി പ്രചരണം നടത്താം. എന്നാൽ പത്രിക പിന്‍വലിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ ഇനി സംഭവിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം.

‘രാഹുൽ ഗാന്ധി പോയെങ്കിൽ എന്തെ മോദിക്ക് പോകാൻ കഴിയുന്നില്ല’: മല്ലികാർജുൻ ഖാർഗെ

കത്തുന്നത് മണിപ്പൂർ ആയതുകൊണ്ടാണോ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിൽ തന്നെ തുടരുന്നത്. മണിപ്പൂർ കത്തുമ്പോൾ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലാണെന്നാണ് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറയുന്നത്. രാഹുൽ ഗാന്ധി പോയെങ്കിൽ എന്തെ മോദിക്ക് പോകാൻ കഴിയുന്നില്ല. മണിപ്പൂർ സ്ത്രീകൾക്ക് ബിജെപി എന്ത് സരംക്ഷണമാണ് നൽകുന്നത്. അവർ പലായനം ചെയ്യുകയാണ്. ഈ ചോദ്യങ്ങളിൽ പ്രസക്തിയില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? കത്തിയെരിഞ്ഞു തീരാനായിട്ടും മണിപ്പൂരിനെ സന്ദർശിക്കാൻ എന്തെ മോദി ഇനിയും വൈകുന്നു. ചോദിക്കാനും പ്രതികരിക്കാനും ഞങ്ങൾ അർഹരാണ് കാരണം ഞങ്ങളും മനുഷ്യരാണ്.

ജീവനേക്കാൾ വില ഭരണത്തിനുണ്ടോ? സംശയിക്കേണ്ടിയിരിക്കുന്നു. ഒരു രാത്രിയെങ്കിലും ഞങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങണം. ഞങ്ങളെ ഉപേക്ഷിച്ച് പോകല്ലേയെന്ന് കുക്കികൾ കേഴുന്നു. കൊന്നിട്ടും തിന്നിട്ടും പകയൊടുങ്ങുന്നില്ല. ഇതിനിടയിൽ സംസ്ഥാനത്തെ പത്ത് കുക്കി – സോമി എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയിരിക്കുകയാണ്. തങ്ങളുടെ ആശങ്കയാണ് ആ കത്തുകളിൽ എംഎൽഎമാർ പങ്കുവെച്ചത്. കത്തയച്ച എംഎൽഎമാരിൽ ഏഴ് പേരും ബിജെപി അംഗങ്ങളാണ്. കുക്കി ഗോത്ര വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് മണിപ്പൂരിലെ കുന്നിൻ മേഖലകളിലെ ജില്ലകൾ. എന്നാൽ തങ്ങൾക്ക് ഇവിടെ പ്രത്യേക ഭരണസംവിധാനം വേണമെന്നാണ് എംഎൽഎമാർ കത്തിൽ പറയുന്നത്. ചുരാചന്ദ്പൂര്‍, കാംഗ്പോപി, ചന്ദേല്‍, തെങ്നൗപല്‍, ഫെര്‍സാവല്‍ എന്നീ ജില്ലകളിൽ ചീഫ് സെക്രട്ടറി, ഡിജിപി, തസ്തികയ്ക്ക് തുല്യമായ പദവികൾ അനുവദിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.

നിലവിൽ കുക്കി – സോമി വിഭാഗക്കാരാണ് അവിടുത്തെ ഐഎഎസ്, ഐപിഎസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ. എന്നാൽ ഇവർക്കാർക്കും തന്നെ ഇവരുടെ ചുമതലകൾ നിറവേറ്റാൻ കഴിയുന്നില്ലെന്നാണ് നിയമസഭാ അംഗങ്ങൾ പറയുന്നത്. കുക്കി കലാപകാരികൾക്കെതിരെ തക്കതായ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് മുൻപേ തന്നെ മുപ്പത്തിരണ്ട് പേരുൾപ്പെടെ നാൽപ്പത് നിയമസഭാ അംഗങ്ങൾ കത്ത് അയച്ചിരുന്നു. കുക്കികൾക്ക് പ്രത്യേക ഭരണസംവിധാനം നൽകണമെന്ന ആവിശ്യം അംഗീകരിക്കരുതെന്നായിരുന്നു മെയ്തി വിഭാഗക്കാർ കത്തിലൂടെ അറിയിച്ച ആവിശ്യം. ഇതിന് പകരമെന്നോളമാണ് ഇപ്പോൾ കുക്കി നിയമസഭാ അംഗങ്ങളും കത്തെഴുതിയിരിക്കുന്നത്.

 

എന്നാൽ മണിപ്പൂരിലെ മലയോര ജില്ലകള്‍ക്ക് പ്രത്യേക ഭരണം ആവിശ്യപ്പെട്ട് ആദിവാസി സ്ത്രീകളും പ്രതിഷേധം തുടങ്ങിയതോടെ ഇനി കലഹത്തിന്റെ മറ്റൊരു തലവും കാണാൻ കഴിയും. ഡല്‍ഹിയിലെ ജന്തര്‍മന്തറിലാണ് പ്രധിഷേധ പ്രകടനം നടക്കുന്നത്. മണിപ്പൂർ ആദിവാസി സ്ത്രീകളുടെ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും കുക്കി – സോമി സമുദായക്കാർക്കായി പ്രത്യേക ഭരണസംവിധാനം വേണമെന്നും ആവിശ്യപ്പെട്ടാണ് വനിതാ ഗോത്രവർഗ സംഘടന പ്രതിഷേധിക്കുന്നത്. കത്തിയും വടിവാളും സ്ഫോടന വസ്തുക്കളുമായി മണിപ്പൂർ യുദ്ധക്കളമാകുമ്പോൾ നീതിദേവതയ്ക്ക് ഇനിയും കൺകെട്ടിയിരിക്കാൻ കഴിയുന്നുവെങ്കിൽ, പ്രതികരിക്കാതെ സംരക്ഷിക്കേണ്ടവർ തന്നെ മാറി നിൽക്കുമ്പോൾ നിയമവും നീതിയും ഇനിയും നോക്കുകുത്തികളാകാൻ വേണ്ടി മാത്രമെന്ന് സംശയിക്കാതെ പറയാൻ കഴിയും.

അപരന്മാരില്ലാത്ത പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്

ആവേശകരമായ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾക്കെല്ലാം ഒന്ന് ആശ്വസിക്കാം. അപരഭയം ഇല്ലാതെ ഇക്കുറി പോരാട്ടത്തിനിറങ്ങാം എന്നതാണ് പ്രമുഖ സ്ഥാനാർഥികൾക്ക് ആശ്വാസം നൽകുന്ന പ്രധാന കാരണം.നേരിട്ടല്ലാതെ വളഞ്ഞ വഴിയിൽ എതിരാളികളെ വീഴ്ത്താനുള്ള തുറുപ്പു ചീട്ടാണ് സത്യത്തിൽ അപരന്മാർ. ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും മുന്നണികൾക്ക് തലവേദനയുണ്ടാക്കികൊണ്ടാണ് അവസാന നിമിഷം അപരന്മാർ കടന്നുവരാറുള്ളത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിക്കുന്നതുവരെയും ഈ തലവേദന തുടരാറുണ്ട്.മാത്രമല്ല തെരഞ്ഞെടുപ്പുകളിൽ പ്രമുഖരുടെയടക്കം തോൽവിക്ക് അപരൻമാരുടെ സാന്നിധ്യം കാരണമായിട്ടുണ്ടെന്ന ചരിത്രവും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്.

അപരന്റെ ശല്യം ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞ രാഷ്ട്രീയനേതാവാണ് വി എം സുധീരൻ. 2004 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റെ തിരഞ്ഞടുപ്പ് തോല്‍വിക്ക് കാരണക്കാരനായ കയർ ഫാക്ടറി തൊഴിലാളി സുധീരനെ കോൺഗ്രസ്സുകാർ മറന്നിട്ടില്ല.ആലപ്പുഴയിൽ വിജയങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്ന സുധീരനെ തളയ്ക്കാൻ ഇടതുപക്ഷം കണ്ടെത്തിയ വജ്രായുധമായിരുന്നു അപരൻ സുധീരൻ.ഇടതു മുന്നണി സ്ഥാനാ‍ർത്ഥി ഡോ. കെ എസ് മനോജ് വിജയിച്ചപ്പോൾ അതിൽ സുധീരന്‍റെ അപരൻ നേടിയ വോട്ടുകൾക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു.

VM Sudheeran Resigns From Political Affairs Committee | Kerala | Deshabhimani | Saturday Sep 25, 2021

ഒരുപക്ഷെ അപരനായി എത്തിയ സുധീരന്‍ ഇല്ലായിരുന്നെങ്കില്‍ അന്ന് ഡോ.കെ.എസ്.മനോജിന് ഇടതുസ്ഥാനാര്‍ഥിയായി ജയിക്കാന്‍ കഴിയില്ലായിരുന്നു എന്നും പരക്കെ പറച്ചിലുകൾ ഉണ്ട്. അപരന്മാർ ഒരുക്കിയ കെണിയിൽ പെട്ടുപോയ മറ്റൊരു കോൺഗ്രസ് നേതാവാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ .കണ്ണൂരിൽ കെ. സുധാകരൻ സ്ഥാനാർഥിയാണെങ്കിൽ ഒന്നിൽ കൂടുതൽ അപരന്മാർ ഉറപ്പാണ് .അതേസമയം പല അപരന്മാരെയും കടത്തി വെട്ടി സുധാകരൻ ജയിച്ച ചരിത്രവുമുണ്ട്. എന്തായാലും അത്തരമൊരു അപാരസാന്നിധ്യം ഭയപ്പെടാതെ സ്ഥാനാർഥികൾക്ക് അങ്കത്തട്ടിൽ ഇറങ്ങാം എന്നതാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത.നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചപ്പോൾ പത്ത് പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. അതിൽ പ്രമുഖരുടെ പേരിനോട് സാമ്യമുള്ള ഒരാൾ പോലുമില്ലെന്നതാണ് യാഥാർത്ഥ്യം. ആറ് സ്വതന്ത്രരടക്കമുള്ള 10 പേരാണ് പുതുപ്പള്ളിയിൽ ഇതിനോടകം പത്രിക നൽകിയിട്ടുള്ളത്. ഈ മാസം 21 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്.അതിന് ശേഷമാണ് പുതുപ്പള്ളിയുടെ യഥാർത്ഥ ചിത്രം തെളിയുക.

യു ഡി എഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് കളത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയോട് പൊരുതിതോറ്റ മുൻ എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനും ഡി വൈ എഫ് ഐ നേതാവുമായ ജെയ്ക്ക് സി തോമസാണ് ഇടതു പക്ഷത്തിനായി ഇക്കുറിയും കളത്തിലിറങ്ങുന്നത് . ബി ജെ പി നേതാവ് ലിജിൻ ലാലാണ് എൻ ഡി എ സ്ഥാനാർഥി. ലൂക്ക് തോമസാണ് ആം ആദ്മി പാർട്ടിക്കായി മത്സരിക്കുന്നത് . ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയ പത്രിക നൽകിയിരുന്നെങ്കിലും പിൻവലിക്കുകയാണ് ഉണ്ടായത്. എന്തായാലും അപാരസാന്നിധ്യം ഇല്ലാതെ ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് പുതുപ്പള്ളി.അത് എത്രമാത്രം ഫലപ്രദമാകും എന്ന് ഇനി കണ്ടറിയാം

ആനക്കൊമ്പ് കേസ് ; നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന നിർദ്ദേശം നൽകി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി.കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് നിർദ്ദേശിച്ചത്.
കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്.2011 ൽ എറണാകുളം തേവരയിലെ മോഹൻലാലിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്.ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് നടൻ മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് ആദായനികുതി വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.തുടർന്ന് വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാൻ കാരണമായി സർക്കാരും മോഹൻലാലും കോടതിയിൽ പ്രധാനമായും ഉന്നയിച്ച വാദം.അതേസമയം പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ”മലൈക്കോട്ടൈ വാലിബൻ ” .സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ഒക്ടോബർ 25നായിരുന്നു.ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിലാണ് നടന്നത്.ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാണം. മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിളിലും ചിത്രം റിലീസാകും. ‘ആമേന്’ ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ക്യാമറമാനാകുന്ന ചിത്രമാണിത്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും ചിത്രത്തിൽ നിർവഹിക്കുന്നു.മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ജയിലർ. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ മാറ്റിമറിക്കുകയായിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് കനത്ത മഴ: തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ട്, 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലേർട്ട് സംസ്ഥാനത്ത് ഇന്നും മഴ തുടരും. മൂന്നു...

ആശങ്കയുണർത്തി ഡെങ്കിപ്പനി: റിപ്പോർട്ട് ചെയ്തത് 6,146 കേസുകൾ

6,146 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും...

എറണാകുളം ഉൾപ്പെടെ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ...