അരുണാചൽ പ്രദേശ് ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം പുറത്തിറക്കി ചൈന
ജി-20 ഉച്ചകോടി ഡൽഹിയിൽവെച്ച് നടക്കാനിരിക്കെ പുതിയ ഭൂപടം പുറത്തിറക്കി ചൈന. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് ചെെന പുറത്തിറക്കിയത്. പ്രകോപനപരമായ ചെെനയുടെ ഈ മുന്നേറ്റത്തിനെതിരെ ഇന്ത്യ രംഗത്ത് വന്നിട്ടുണ്ട്. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമായി നിലനിൽക്കും എന്നാണ് വിഷയത്തിൽ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്.
അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈന ഉയർത്തുന്ന അവകാശം. ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് ദക്ഷിണ ടിബറ്റ് എന്ന് ചൈന പറയുന്ന അരുണാചൽ പ്രദേശും ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിംഗ് ആന്റ് മാപ്പിംഗ് പബ്ലിസിറ്റി ഡേയുടെയും നാഷണൽ മാപ്പിംഗ് അവയർനസ് പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷ സമയത്താണ് ചെെന ഭൂപടം പുറത്തിറക്കിയതെന്ന് ചൈനയിലെ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചെെന ഭൂപടം ഇറക്കിയത്. ചെെനയുടെ പുതിയ ഭൂപടത്തിൽ ദക്ഷിണ ചൈന കടലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങൾ ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങൾക്കുമേൽ അവകാശവാദമുന്നയിക്കുന്നുണ്ട്.
ബ്രിക്സ് ഉച്ചകോടിയിലെ ചർച്ചാ വിവാദത്തിന് പിന്നാലെയാണ് ചെെനയുടെ ഈ പ്രകോപനം. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെെനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. അനൗപചാരികമായ ചർച്ചയാണ് തങ്ങൾ തമ്മിൽ നടന്നതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിൽ കിഴക്കൻ ലഡാക്കിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ചർച്ചയിലൂടെ ധാരണയായതായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞിരുന്നു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന നടപടികൾക്ക് വേഗത കൂട്ടാനും കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു.
ചർച്ചകൾക്കുശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പ് പുറത്തുവിട്ടിരുന്നു. ചർച്ച നടന്നത് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണെന്നാണ് പത്രകുറിപ്പിൽ ചൈന അവകാശപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും, പൊതുതാത്‌പര്യങ്ങൾ നിറവേറ്റുമെന്നും, അത് ലോകത്തിന്റെ പലമേഖലയുടെയും സമാധാനത്തിന് കാരണമാകുമെന്നും മോദിയുമായുള്ള സംഭാഷണത്തിൽ ഷി ജിൻ പിങ്ങ് പറഞ്ഞതായി പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ഇന്ത്യ- ചൈന ചർച്ചയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാരും രംഗത്തെത്തിയിരുന്നു. പത്രകുറിപ്പിൽ പറഞ്ഞപോലെ ചർച്ചക്കായി അഭ്യർത്ഥന നടത്തിയത് ഇന്ത്യയാണെന്ന ചൈനയുടെ വാദം നിഷേധിച്ചുകൊണ്ടാണ് ഇന്ത്യ രംഗത്തെത്തിയത്. ഉഭയകക്ഷി ചർച്ച നടത്താനായി ചൈനയുടെ അഭ്യർത്ഥന നേരത്തേ നിലവിലുണ്ടായിരുന്നെന്നാണ് ഇന്ത്യ മുന്നോട്ടുവെക്കുന്ന വാദം.
ചൈന പുതിയ ഭൂപടം പുറത്തിറക്കിയതിനുപിന്നാലെ പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുകയും ചെയ്തു. അതിനിടെ ശിവസേന നേതാവ് വെല്ലുവിളിക്കുകയും ചെയ്തു. ചൈനയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്നാണ് ശിവസേനയുടെ ഉദ്ദവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചത്. ലഡാക്കിലേക്ക് ചൈന അതിക്രമിച്ചു കയറിയെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ സത്യമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കൂടാതെ ചൈന അരുണാചൽ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.
അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുൻ ഇടത് നേതാവിനെതിരെ കേസെടുത്ത് പോലീസ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം, പൂജപ്പുര പൊലീസാണ് നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിനെതിരെ അച്ചു ഉമ്മൻ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അച്ചു ഉമ്മനോട് നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണമറിയിച്ചത്. അച്ചു ഉമ്മൻ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു നന്ദകുമാറിന്റെ ക്ഷമാപണം.
ജീവിച്ചിരിക്കുന്ന സമയത്ത് അച്ഛനെ വേട്ടയാടി, ഇപ്പോള്‍ മക്കളെ വേട്ടയാടുന്നുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തോട് അച്ചു ഉമ്മൻ പ്രതികരിച്ചത്. സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നുവെന്നും, പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇതുവരെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ലാത്ത തനിക്കെതിരെയാണ് അധിക്ഷേപങ്ങളുണ്ടാവുന്നതെന്നും, ഇത്തരം സൈബര്‍ പ്രചരണങ്ങള്‍ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ പറഞ്ഞിരുന്നു.
ഫാഷൻ, മോഡൽ, ലൈഫ്‌സ്റ്റൈൽ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്ന വാദമാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ആരോപണം .ആരോപണം ശക്തമായതോടെ ഭൂരിഭാഗം ആളുകളും അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കയറി ഇറങ്ങി. വില കൂടിയ വസ്ത്രങ്ങളും ജീവിതശൈലിയും കണ്ട ഒരുവിഭാഗം ആളുകൾ, പ്രചരിക്കുന്ന വാർത്ത സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പോസ്റ്റിനും വീഡിയോകൾക്കും താഴെ മോശം കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിതാവിന്റെ പേര് ഉപയോഗിച്ച് മുതലെടുക്കുകയായിരുന്നു, അച്ഛൻ സമ്പാദിച്ചത് മകൾ ചിലവാക്കുന്നു, തുടങ്ങി കമന്റുകൾ പരിധിവിട്ടിരുന്നു.
സമൂഹമാധ്യമങ്ങളും കടന്ന് തെരഞ്ഞെടുപ്പ് തട്ടകമായ പുതുപ്പള്ളിയിലും അപവാദങ്ങൾ തലയുയർത്തിയതോടെ അച്ചു ഉമ്മൻ നേരിട്ട് രംഗത്തെത്തി.യിരുന്നു കണ്ടന്റ് ക്രിയേഷന്‍ ഒരു പ്രഫഷനായി താൻ തിരഞ്ഞെടുത്തത് 2021 ലാണെന്നും ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ താൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയതുകൊണ്ടാണ് ജോലി തുടർന്നതെന്നും പിതാവിന്റെ പേരുപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നുമാണ് അച്ചു ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രധാനമായും ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ അപവാദങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ ചാണ്ടി ഉമ്മന്റെ വോട്ടുകൾ കുറക്കാനുള്ള തന്ത്രമാണിതെന്ന കാര്യം ചർച്ചയിൽ വരാൻ തുടങ്ങി .നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും, 25000 രൂപ മാത്രമാണ് മാസ ശമ്പളമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. അന്ന് മുതൽതന്നെ ചാണ്ടി ഉമ്മന്റെ കുടുംബത്തെ സമ്പാദ്യത്തിന്റെ പേരിൽ ഇടതുപക്ഷം വേട്ടയാടിയിരുന്നു. നിർവ്വാഹമില്ലാതായപ്പോൾ ചാണ്ടി ഉമ്മനെ മാറ്റിപ്പിടിച്ച് സഹോദരി അച്ചു ഉമ്മനെ കേന്ദ്രീകരിച്ചു എന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന വാദം.
അനിൽ കെ ആന്റണി ബിജെപി ദേശീയ വക്താവ്
എ കെ ആന്റണിയുടെ മകനും ബിജെപിയുടെ ദേശീയ സെക്രട്ടറിയുമായ അനിൽ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിനെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നത്. ബിജെപി ദേശീയ അധ്യക്ഷനായ ജെ പി നദ്ദയാണ് അനിലിന്റെ നിയമനം നടത്തിയത്. ഇനിമുതൽ ദേശീയ ചാനലുകളിൽ അടക്കം ബിജെപിയെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കാൻ അനിലിന് സാധിക്കും. കഴിഞ്ഞ ബിജെപി സ്ഥാപക ദിനത്തിലായിരുന്നു അനിൽ ആൻറണി ബിജെപിയിൽ അംഗത്വം സ്വീകരിച്ചിരുന്നത്.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായി പ്രവർത്തിക്കുകയായിരുന്നു അനിൽ ആന്റണി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ അനിൽ ആന്റണി വിവാദത്തിലായിരുന്നു. അതിനുശേഷം എല്ലാ പദവികളിൽനിന്നും അനിൽ രാജിവെച്ചിരുന്നു. പിന്നീടാണ്അ നിൽ ആന്റണി ബിജെപിയിൽ ചേരുന്നന്നത്.
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ തന്നെ തുടരേണ്ടി വരും
തോഷഖാന അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ശിക്ഷ വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. ഈ വിധി താത്കാലികമായി മരവിപ്പിച്ചുകൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി വിധി പറഞ്ഞെങ്കിലും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ തന്നെ തുടരേണ്ടി വരും. രഹസ്യനിയമം ലംഘിച്ചെന്ന കേസ് നിലനിൽക്കുന്നതുകൊണ്ടാണ് ജയിലിൽ തുടരേണ്ടി വരുന്നത്.
ഇമ്രാൻ ഖാൻ ഉടൻ ജയിൽ മോചിതനായേക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. രഹസ്യനിയമം ലംഘിച്ചെന്ന കേസ് അദ്ദേഹത്തിന്റെ പേരിൽ നിലനിൽക്കുന്നതിനാലാണ് ജയിലിൽ തുടരേണ്ടി വരുന്നത് എന്നാണ് വിവരം. തോഷഖാനാ അഴിമതി കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി, മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നതുകൊണ്ട് , തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. കൂടാതെ ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇസ്ലാമാബാദിലെ വിചാരണ കോടതിയായിരുന്നു ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തത്.
പ്രധാനമന്ത്രി പദവിയിലിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരെ ഉണ്ടായിരുന്ന കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ അത് പുറത്ത് വെളിപ്പെടുത്തണമെന്നാണ് നിലവിലുള്ള നിയമം. ഒരു നിശ്ചിത തുകയില്‍ കുറവാണ് സമ്മാനങ്ങളുടെ മൂല്യമെങ്കില്‍ അവ സ്വന്തം കൈവശം വെക്കാം. എന്നാൽ അല്ലാത്തവ തോഷഖാന വകുപ്പിലേക്ക് പോകും. ലഭിക്കുന്ന ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാല്‍ ഇമ്രാന്‍ ഖാൻ അതിന്റെ വില 20 ശതമാനം വരെ കുറച്ച് വാങ്ങിക്കുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു ആരോപണമുണ്ടായിരുന്നത്.
2018 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ പാകിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രിയെന്ന നിലയിൽ നിരവധി സമ്മാനങ്ങൾ സ്വീകരിച്ച് മറിച്ച് വിറ്റുവെന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള കേസ്. 6,35,000 ഡോളർ വിലമതിക്കുന്ന സമ്മാനങ്ങൾ വാങ്ങുകയും മറിച്ച് വിൽക്കുകയും ചെയ്തുവെന്ന ആരോപണമുന്നയിച്ച് ലഭിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്.
2022 ഓഗസ്റ്റില്‍ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്താൻ സര്‍ക്കാരിലെ മറ്റു ചിലരും ചേര്‍ന്നാണ് ഇമ്രാൻ ഖാനെതിരെ ഈ വിഷയത്തിൽ കേസ് ഫയല്‍ ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് സമ്മാനമായിക്കിട്ടിയ മൂന്നു വാച്ച് വിറ്റുമാത്രം ഇമ്രാൻ മൂന്നര കോടി രൂപ നേടിയെന്നായിരുന്നു അന്ന് വന്ന റിപ്പോർട്ടുകൾ.
എൽപിജി സിലിണ്ടറിന്റെ വില കുറയ്ക്കും: ഉജ്ജ്വല യോജന പദ്ധതിയിൽ 75 ലക്ഷം പുതിയ കണക്ഷനുകൾ നൽകാൻ തീരുമാനം
എല്ലാവരും ഓണവും, രക്ഷാബന്ധനും ആഘോഷിക്കുന്ന സമയത്ത് എൽപിജി സിലിണ്ടറിന്റെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഒരു സിലിണ്ടറിന് 200 രൂപയാണ് കുറയ്ക്കുക. ഉജ്ജ്വല പദ്ധതിയുള്ളവർക്ക് നേരത്തെതന്നെ സിലിൻഡറിന് 200 രൂപ സബ്സിഡി നൽകിയിരുന്നു. പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോൾ ഉജ്ജ്വല പദ്ധതിക്കാർക്ക് 400 രൂപയാണ് സിലിൻഡറിന് കുറയുക. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ കണക്ഷൻ നൽകാനും തീരുമാനമായിട്ടുണ്ട്.
ഇപ്പോൾ നടത്തിയ ഈ പ്രഖ്യാപനത്തിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമാണെന്നും, അങ്ങനെ കണ്ടാൽ മതിയെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനും മന്ത്രി സഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ന് നടന്ന കേന്ദ്ര മന്തിസഭ മീറ്റിങിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്.
കേരളത്തിലെ 13 ജില്ലകളിൽ മഴ പെയ്യാൻ സാധ്യത
ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണമാഘോഷിക്കുകയാണ് ഇന്ന്. അതേസമയം വരും മണിക്കൂറുകളിൽ കേരളത്തിലെ 13 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന അറിയിപ്പ്. അഞ്ച് മണിയോടെയാണ് കാലാവസ്ഥ വകുപ്പ് മഴയുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. ഇതുപ്രകാരം വരും മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതിനിടെ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.